Showing posts with label സ്വൂഫി ധാര. Show all posts
Showing posts with label സ്വൂഫി ധാര. Show all posts

Friday, September 25, 2020

കേവല മജ്ദൂബ്

‎‎        സ്വൂഫി ധാര -16
കേവല മജ്ദൂബ്

മഹാനായ അഹ് മദുൽ കംശഖാനവിന്നഖ്ശബന്ദി (റ) പറയുന്നു:*

 *നീ അറിയുക !അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും നിരോധനങ്ങൾ വെടിഞ്ഞും ചൊവ്വായ വഴിയിലുള്ള സുലൂക്ക് കൂടാതെ വെറും ജദ്ബ് കൊണ്ട് തർബിയത്ത് ചെയ്യാൻ കഴിയില്ല.*
 
*മഹാനായ അബുൽഹസൻ അലിയ്യ് ബ്നു മൈമൂൻ അൽ ഗിമാരി (റ) പറയുന്നു:*

 *അല്ലാഹു അവനിലേക്ക് വലിച്ച് അടുപ്പിക്കുകയും നഫ്സിൽ നിന്നും ഇന്ദ്രിയ ബോധത്തിൽ നിന്നും മുക്തമാക്കി അല്ലാഹുവിൻ്റെ അരികിൽ ഹാജറാക്കുകയും അല്ലാഹു മുന്നിടുകയും ചെയ്തവനാണ് കേവല മജ്ദൂബ്. ഉന്നത  ദാത്തിനോട് ചേർന്ന വിശേഷണങ്ങളാകുന്ന നക്ഷത്രങ്ങളുടെ ശക്തമായ 'പ്രകാശ പ്രവാഹങ്ങൾ ദർശിച്ചതിനാൽ അവൻ അമ്പരന്നു ചില സമയം സന്തോഷത്തിലാണെങ്കിൽ ചിലപ്പോൾ സന്താപത്തിലായിരിക്കും. കാരണം ജലാലിയ്യത്ത്, ജമാലിയ്യത്ത് (ശാന്ത സ്വഭാവം , ഗാംഭീര്യ സ്വഭാവം )എന്നീ രണ്ട് വിശേഷണങ്ങൾ പ്രകടമാകുന്നതിൽ നിന്നും ഉത്ഭൂതമാകുന്ന പ്രത്യക്ഷത കളാണ് ഈ മജ്ദൂബ് അഭിമുഖീകരിക്കുന്നത്.അതായത് അവന് വെളിവാകുന്ന പ്രത്യക്ഷതകളുടെ നിലക്കനുസൃതമായിട്ടാണ് അവനിൽ വെളിപ്പെടുന്നത്.*

*വിഷാദം, പ്രസാദം, എളുപ്പം ,പ്രയാസം, സന്തോഷം, സന്താപം, എന്നിങ്ങനെ പോകും അവനിൽ പ്രകടമാകുന്ന കാര്യങ്ങൾ. ഇയാൾ സുലൂക്കില്ലാത്ത തനിച്ച മജ്ദൂബാണ്. അതിനാൽ മറ്റുള്ളവരെ തർബിയത്ത് ചെയ്യാൻ ഇയാൾ അർഹനല്ല കാരണം ഇയാളുടെ വാക്കുകളോ പ്രവർത്തികളോ അവസ്ഥകളോ തുടരപ്പെടുകയില്ല*
*(അത് അദ്ദേഹം മോശക്കാരനായത് കൊണ്ടല്ല )*

*അവകളൊന്നും സാധാരണ ബുദ്ധിയുടെ അവസ്ഥയിലല്ല സംഭവിക്കുന്നത് എന്നതാണതിന് നിമിത്തം . ഇങ്ങനെയുള്ളവർ ഭ്രാന്തന്മാരെന്നോ മാനസിക രോഗിയെന്നോ തെറ്റിദ്ധരിക്കരുത്.അവർക്ക് സൃഷ്ടികളുമായോ സ്വന്തമായോ ഒരു ബന്ധവും ഇല്ലന്നതിനാലും അല്ലാഹു വിൻ്റെ അടുപ്പത്തിലുണ്ടായ ആകസ്മികമായ മാറ്റത്താലും അമ്പരപ്പ് കാരണം മറ്റുള്ളവരെ കുറിച്ച് ശ്രദ്ധയുണ്ടാവുകയില്ലെന്നേയുള്ളൂ.*

 *മുമ്പ് പറഞ്ഞത് പോലെ ശൈഖ് ള്വിയാഉദ്ദീൻ അഹ് മദ് (റ) ഈ മജ്ദൂബിനുദാഹരണം പറഞ്ഞത് കാണുക .ഈ മജ്ദൂബ് കണ്ണ് കെട്ടപ്പെട്ട നിലയിൽ ഒരുവഴിയിൽ പ്രവേശിച്ചവനെ പോലെയാണ് ഇയാൾ തൻ്റെ കാൽപാദം ചവിട്ടുന്നയിടം കാണുന്നില്ല. ഇയാൾ കുറെ ദൂരം സഞ്ചരിച്ച് തൻ്റെ ലക്ഷ്യം പ്രാപിച്ച ശേഷം സഞ്ചരിച്ച വഴിയിലുള്ള താവളങ്ങൾ സംബന്ധമായി ചോദിക്കപ്പെട്ടാൽ അയാൾക്ക് അത് സംബന്ധമായി ഒരു വിധ അറിവോ ബോധമോ 'ഉണ്ടാവുകയില്ല ഈ മനുഷ്യനെ ഒരു വഴികാട്ടിയാക്കാൻ പറ്റുകയില്ലല്ലോ? അത് പോലെയാണ് കേവല മജ് ദൂബ്. ആത്മീയ പാതയിൽ വഴികാട്ടിയാകാൻ പറ്റുകയില്ല" മഹാനവർകളുടെ ഈ ഉദാഹരണം വളരെ പ്രസക്തവും പ്രധാനവുമാണ്. മജ്ദൂബിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം നമുക്ക് നൽകുന്നു.*

*യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....*
*ആമീൻ...*

【തുടരും....】

തയ്യാറാക്കിയത് : *ഹസൻ ഇർഫാനി* എടക്കുളം

Friday, September 18, 2020

സ്വൂഫികളുടെ ജദ്ബ്

സ്വൂഫി ധാര


സ്വൂഫികളിൽ പെട്ട ഒരു വിഭാഗമാണ് മജ്ദൂബുകൾ. എന്താണ് ജദ്ബ് ?. ആരാണ് മജ്ദൂബ് ? അവരുടെ നിലയെന്ത് ? മറ്റുള്ളവരെ പരിപാലിക്കാൻ അവർക്ക് സാധിക്കുമോ ? നമുക്ക് പഠന വിധേയമാക്കാം....

സൃഷ്ടികളുടെ അവസ്ഥകൾ അറിയുന്നതിനെ തൊട്ട് ഹൃദയം മറയുകയും ഉന്നത ലോകത്തോട് ചേരുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ്.

ശൈഖ് അബ്ദുൽ കരീം അൽ ജീലിയ്യ് (റ ) പറയുന്നു: 

ജദ്ബെന്നാൽ നാമാവശേഷമാകലാണ് (താൻ , താനല്ലാത്തത് എന്ന ബോധം വേരറ്റ് പോകൽ )

ഇമാം കമാലുദ്ധീനുൽ ഖാശാ നി (റ) പറയുന്നു:

ഇലാഹിയ്യായ പ്രത്യേക പരിഗണനയിലൂടെ അടിമയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അദ്ധ്വാനവും കൂടാതെ അവനെ അല്ലാഹുവിലേക്കടുപ്പിക്കലാണ്. 

ഇമാം യാഫിഇ (റ) പറയുന്നു:

സ്വന്തത്തെ തൊട്ട് തിരിച്ച് കളയുകയും ബുദ്ധിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്ന ആത്മീയ കാര്യങ്ങൾ പൊടുന്നനെ ഉണ്ടാകലാണ് ജദ്ബ് കൊണ്ടുദ്ദേശിക്കുന്നത്.

ഇമാം ഇബ്നു അജീബ (റ) പറയ്യന്നു :

സ്നേഹാനുരാഗങ്ങളുടെ പ്രഭകൾ തുടർച്ചയായി വരുന്നതിനാൽ സ്വബോധം പൂർണമായി മറയലാണ് ജദ്ബ്.


ഇബ്നു അജീബ (റ) മറ്റൊരു സ്ഥലത്ത് ജദ്ബ് എന്നതിന്റെ ആശയം ഇങ്ങനെ വ്യക്തമാക്കുന്നു:

സൃഷ്ടികളെ കാണുന്നതിൽ നിന്ന് സ്രഷ്ടാവിനെ ദർശിക്കുന്നതിലേക്ക് ആത്മാവിനെ തട്ടിയെടുക്കലാണ് ജദ്ബ്.

ശൈഖ് മുഹമ്മദ് മുറാദ് അന്നഖ്ശബന്ദിയ്യ് (റ) പറയ്യുന്നു:

ജദ്ബ് രണ്ടിനമാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതാണ് ഒന്ന്. അത് പ്രത്യക്ഷമാണ്. ഇതിന് തൗഫീഖ് എന്ന് പറയും. രണ്ടാമത്തത് അടിമയുടെ ഭാഗത്ത് നിന്നുള്ളതാണ്. അത് പരോക്ഷമാണ്. അതിന് ആകർഷണം, പ്രേമം , അനുരാഗം എന്നൊക്കെ പറയപ്പെടും.

ജദ്ബും ഭ്രാന്തും 

ജദ്ബ് ഹൃദയത്തോട് ബന്ധിച്ച അവസ്ഥയും ഭ്രാന്ത് തലച്ചോറിനോട് ബന്ധിച്ച അവസ്ഥയുമാണന്നാണ് ജദ്ബും ഭ്രാന്തും തമ്മിലുള്ള അന്തരമായി പണ്ഡിതർ രേഖപ്പെടുത്തിയത്. അനുഭവ അനുഭൂതികളിലൂടെയുള്ള ആത്മീയ സഞ്ചാരമോ പ്രവേശനമോ ആണ് ജദ് ബത്തുൽ ഇലാഹിയ്യ (റബ്ബിന്റെ ഭാഗത്ത് നിന്ന് ആത്മാവിനെ റാഞ്ചിയെടുക്കൽ ) എന്ന് ഇമാം നാബുലുസി (റ) പറഞ്ഞതായി കാണാം.

മജ്ദൂബ്  

ജദ്ബിനെ വ്യത്യസ്ത നിലയിൽ വിശദീകരിച്ചത് പോലെ മജ്ദൂബിനെയും വിവിധ രൂപങ്ങളിൽ മഹാൻമാർ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ സ്വൂഫി സാങ്കേതികമായ നിർവ്വചനം ഇങ്ങനെയാണ്.

من جذبه الحق إلي حضرته وأولاه ما شاء من المواهب بلا كلفة ولا مجاهدة ولا رياضة

അല്ലാഹു അവന്റെ സന്നിധിയിലേക്ക് പിടിച്ച് വലിക്കുകയും പരിശീലന പരിശ്രമങ്ങളും പ്രയാസങ്ങളും കൂടാതെ അല്ലാഹു ഉദ്ദേശിച്ച ഔദാര്യങ്ങൾ നൽകുകയും ചെയ്തവനാണ് മജ്ദൂബ്.

ഇതേ ആശയം വിവിധ വാചകങ്ങളിലൂടെ നിരവധി പണ്ഡിതർ വ്യക്തമാക്കുന്നുണ്ട്. അവരിൽ പ്രധാനികളാണ് ഇമാം ജൂർ ജാനി (റ) , ഇമാം അഹ്മദ് ളിയാഉദ്ദീനുൽ കം ശഖാനി അന്നഖ്ശബന്ദി ,അൽ ഖുത്വ് ബുശ്ശഅറാനി (റ), ഇമാം ഹകീമുത്തുർമുദി (റ) , ശൈഖ് ഇസ്മാഈലുൽ ഹഖി അൽ ബറൂസവി (റ) , അബ്ദുൽ ഗനിയ്യു ന്നാബുലസി (റ) , ശൈഖ് ഇബ്നു അജീബ (റ) എന്നിവർ

മഹാനായജൂർ ജാനി (റ) മജ്ദൂബിനെ നിർവച്ചിച്ചത് ഇങ്ങനെ വായിക്കാം....

المجذوب: من اصطفاه الحق لنفسه، واصطفاه بحضرة أنسه، وأطلعه بجناب قدسه، ففاز بجميع المقامات والمراتب بلا كلفة المكاسب والمتاعب

كتاب التعريفات للشريف الجرجاني

അല്ലാഹു അവന് വേണ്ടി അവന്റെ സന്നിധി കൊള്ളെ തിരഞ്ഞടുക്കുകയും അവന്റെ പരിശുദ്ധി വേണ്ട വിധം വെളിവാക്കിക്കൊടുക്കുകയും തൻമൂലം അദ്ധ്വാനങ്ങളുടെയും പ്രയത്നങ്ങളുടെയും പ്രയാസം പേറാതെ എല്ലാ സ്ഥാനങ്ങളും പദവികളും കൊണ്ട് അവൻ വിജയിക്കുകയും ചെയ്തവനാണ് മജ്ദൂബ്.

മാധ്യമമായ ഒരു വഴികാട്ടിയില്ലാതെ അല്ലാഹു നേരിട്ട് അവനിലേക്ക് അടുപ്പിക്കുന്നവരാണ് മജ്ദൂബുകൾ എന്നാണ് മേൽ പറഞ്ഞതിന്റെ അർത്ഥം.

മഹാനായ ശൈഖ് അഹ്മദ് ളിയാഉദ്ധീനുൽ  കംശഖാനവിന്നഖ്ശബന്ദി (റ) പറഞ്ഞു:

ومعنی الولي علی وجهين . الاول : من ثبت له تصرف ولاية علی مصلحة دينية. والثانی : من ليس له ولاية التصرف بالفعل بل ثبت له ولاية التصرف بالقوة

فان قيل : کيف يکون وليا وليس له ولاية التصرف ?

الجواب : يجوز ان يکون وليا علی معنی ان الله تعالی قد تولی وتصرف فی جميع اموره , وهذا الولي ولي بالحق , إن سمع فبالحق يسمع وان ابصر فبالحق يبصر فهو فی عالم الحبوبية، والی هذا اشار بقوله تعالی  ”کنت له سمعا وبصرا“     (  جامع الاصول فی الاولياء )

വലിയ്യ് എന്നതിന്റെ ആശയം രണ്ട് വിധത്തിലാണ് : മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ക്രയവിക്രയാധികാരമുള്ളയാളാണ് വലിയ്യ് എന്നതാണ് ഒന്ന്.

രണ്ടാമത്തേത് കൈകര്യാധികാരം നിലവിലില്ലങ്കിലും ഫലത്തിൽ കൈകാര്യാധികാരം ഉള്ളയാളാണ് 

ഇയാൾ ഫലത്തിൽ വലിയ്യ് തന്നെയാണ്. "എന്തങ്കിലും കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ  ചെയ്യുന്നുവെങ്കിൽ അതല്ലാം അല്ലാഹുവിനെ കൊണ്ടാണ്.

ഇദ്ദേഹം അല്ലാഹുവിന്റെ ഇഷ്ടദാസരായ പ്രണയികളുടെ ലോകത്താണ് . "ഞാൻ അവന് കേൾവിയും കാഴ്ചയുമാകും " എന്ന അല്ലാഹുവിന്റെ വചനം സൂചിപ്പിക്കുന്നത് അതാണ്.

وهذا الولي لا يصلح ان يکون مربيا للخلق لانه فی قبضته تعالی مسلوب الاختيار عن نفسه ،  واذا کان مسلوب الاختيار عن نفسه فلا يصلح ان يکون مربيا للغير لان التصرف فی غيره يستدعی ولاية التصرف فی نفسه ، وهذا الولي مجذوب فی نفسه مسلوب التصرف فی نفسه فکان مسلوب التصرف فی غيره                        ( جامع الاصول فی الاولياء )

ഇങ്ങനെയുള്ള വലിയ്യ് സൃഷ്ടികളെ തർബിയ്യത്ത് ചെയ്യാൻ യോഗ്യനല്ല.കാരണം അവൻ സ്വന്തമായി നിയന്ത്രണം ഊരിയെടുക്കപ്പെട്ട് അല്ലാഹുവിന്റെ നിയന്ത്രണത്തിലും പിടിത്തത്തിലുമായിരിക്കും. സ്വന്തം കാര്യത്തിൽ സ്വയേഷ്ട പ്രവൃത്തി നീക്കം ചെയ്യപ്പെട്ടയാൾക്ക് മറ്റുള്ളവരെ പരിപാലിക്കാൻ പറ്റില്ലല്ലോ? ഈ വലിയ്യ് മജ്ദൂബും സ്വന്തമായി തന്നിലുള്ള സ്വയേഷ്ട പ്രവർത്തനം നീക്കപ്പെട്ടവനാകുന്നു. സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചയ്യുവാനുള്ള അധികാരം നീക്കപ്പെട്ടവന് മറ്റുള്ളവരിലുള്ള കൈകാര്യങ്ങളും ചെയ്യാൻ കഴിയില്ല എന്നുറപ്പാണല്ലോ.? അത് കൊണ്ട് തന്നെ ഈ മജ്ദൂബായ വലിയ്യിന് മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യുവാനും സാധിക്കുന്നതല്ല ...    

അൽപം വാചകങ്ങൾക്കപ്പുറം ഇമാം അഹ്മദ് ളിയാഉദ്ദീനുന്നഖ്ഷബന്ധി (റ) തുടർന്ന് പറയുന്നു:

المجذوب فی قبضته تعالی بمنزلة الصبي الرضيع تتصرف فيه يدُ القدرة کتصرف الوالدة فی ولدها، فهو فی حجر تربية المحبوبية يرضع بلبن کرم الربوبية

അല്ലാഹുവിന്റെ കരവലയത്തിലുള്ള ഈ മജ്ദൂബ് മുല കുടിക്കുന്ന കുട്ടിയുടെ സ്ഥാനത്താണ് . ഒരു മാതാവ് അവളുടെ കുട്ടിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പോലെ ഈ മജ്ദൂബിൽ അല്ലാഹുവിന്റെ നേരിട്ടുള്ള ഖുദ്റത്താണ് ( കഴിവ്) കൈകാര്യം നടത്തുന്നത്. ഈ മജ്ദൂബ് മഹ്ബൂബിയത്താകുന്ന തർ ബിയ്യത്തിന്റെ മടിത്തട്ടിലാണ്. റുബൂബിയ്യത്തിന്റെ ഔദാര്യമാകുന്ന പാൽ കുടിക്കുകയും ചെയ്യുന്നു. 

ويقول فيهم قد يربون فی حجر تربية ارادتنا    ويرضعون بلبن کرمنا 

അവരെ സംബന്ധിച്ച് അവൻ പറയും :

നമ്മുടെ ഇറാദത്താകുന്നതർബിയ്യത്തി (ഉദ്ദേശമാകുന്ന പരിപാലനം)ന്റെ മടിത്തട്ടിൽ അവർ വളരുകയും നമ്മുടെ ഉദാരത എന്ന പാൽ അവർ കുടിക്കുകയും ചെയ്യും

ചില നവയുഗ പണ്ഡിതർ ധരിച്ചു വെച്ചത്‌പോലെ മജ്ദൂബുകൾ തരം താഴ്ന്നവരല്ല. മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യാൻ പറ്റാത്ത ചിലർ സ്വൂഫികളിലുണ്ടങ്കിലും അല്ലാഹുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും പിടുത്തത്തിലുമായി ഉന്നത സ്ഥാനങ്ങൾ എത്തിച്ചവരാണന്ന് കഴിഞ്ഞ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. അവരുടെ വചനങ്ങൾ അല്ലാഹുവിന്റെതാണ്. കാഴ്ചയും കേൾവിയുമെല്ലാം അപ്രകാരമാണ്. ആ ഒരു ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണല്ലോ സുന്നികളായ നാം അത്തരം സ്വൂഫികളെ സമീപിച്ച് ആവലാതികൾ പറഞ്ഞ് പരിഹാരം തേടുന്നതും നേടുന്നതും.

മജ്ദൂബിന്റെ വെളിപാടുകൾ  

ശൈഖ് ഇബ്നു അജീബ (റ) പറയുന്നു:

فارباب الجذب يکشف لهم اولا من غير مجاهدة عن شهود الذات فيسکر بشهود نورها فينکر الواسطة اصلا وينکر الشرائع إلا انه مغلوب ثم يرد من شهود الذات الی شهود الصفات فلا يری الا صفات الحق تکثفت وظهرت وينکر الاثر ، ثم اذا شهد الصفات تعلق بالاسماء اللازمة لها، ثم يرجع الی شهود آثار، فيقوم باحکام عبوديته ( ايقاظ الهمم  )

 ജദ്ബിന്റെ ആളുകൾക്ക് അദ്ധ്വാനം കൂടാതെ ആദ്യം ദിവ്യ ദാത്തിന്റെ ദർശനം ലഭിക്കുന്നു. ദാത്തിന്റെ പ്രഭ കാരണമായി അവന് മത്ത് പിടിക്കുന്നു. തദനന്തരം എല്ലാ മാധ്യമവും ബാഹ്യ നിയമങ്ങളും അവൻ പാടേ നിഷേധിക്കുന്നു. എങ്കിലും ഈ അവസ്ഥ അവനിൽ അനിയന്ത്രിതമായതിനാൽ വിടുതിയുള്ളവനാണ് . സ്വയേഷ്ടപ്രകാരം ചെയ്യുന്നതല്ലാത്തതിനാൽ അവൻ ആക്ഷേപാർഹനുമല്ല. പിന്നെ ദാത്തിന്റെ ദർശനത്തിൽ നിന്ന്  അല്ലാഹുവിന്റെ വിശേഷണങ്ങൾ ദർശിക്കുന്നതിലേക്ക് അവനെ മടക്കപ്പെടും. അപ്പോൾ അവൻ അല്ലാഹുവിന്റെ വിശേഷണങ്ങൾ മാത്രമേ കാണുകയൊള്ളൂ. അതിന്റെ ശേഷിപ്പുകൾ കാണുന്നതല്ല.

പിന്നെ ഈ വിശേഷണങ്ങൾക്ക് അനിവാര്യമായ നാമങ്ങളോട് വിശേഷണങ്ങൾ ബന്ധിക്കുന്നതായി അവൻ ദർശിക്കും. പിന്നെ അവൻ അല്ലാഹുവിന്റെ സൃഷ്ടികളെ കാണുന്നതിലേക്ക് മടങ്ങുകയും അടിമത്വത്തിന്റെ നിയമങ്ങൾക്ക് വിധേയമായി നിലകൊള്ളുകയും ചെയ്യും.

ഇങ്ങനെയാണ് മജ് ദുബുകൾക്കുണ്ടാക്കുന്ന ദിവ്യബോധനങ്ങൾ (വെളിപാടുകൾ )

ജദ്ബും സുലൂക്കും 

ഔലിയാക്കളുടെ വിഭാഗങ്ങൾ വിശദീകരിച്ച പണ്ഡിത മഹത്തുക്കൾ തർബിയത്തിന് യോഗ്യരും അയോഗ്യരുമായ മഹാൻമാരെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. 

واعلم ان الناس فی الجملة علی اربعة اقسام : سالکون فقط ، مجذوبون فقط ، سالکون ثم جذوبون ، مجذوبون ثم سالکون

കേവല മജ്ദൂബ്, കേവല സാലിക്ക്,മജ്ദൂബായ സാലിക്ക്, സാലിക്കായ മജ്ദൂബ് എന്നിങ്ങനെ നാലായി വിഭജിച്ചതായി കാണാം. ജദ്ബും സുലൂക്കും അടിസ്ഥാനമാക്കിയാണ് ഈ നാല് വിഭാഗം തിരിയുന്നത്.

والسالکون علی عکس هذا فيستدلون بوجود آثاره علی وجود اسمائه وبوجود اسمائه علی وجود صفاته علی وجود ذاته کما تقدم. فنهاية السالکين وهي شهود الذات وهي بداية المجذوبين. ونهاية المجذوبين، وهي شهود الأثر بداية السالکين ولکن ليس بمعنی واحد  

ജദ്ബിന്റെ വഴി ആദ്യം ദാത്ത് ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും പിന്നെ ഹിക്മത്ത് ദർശിക്കലുമാണ്.

സുലൂക്കിന്റെ വഴി ആദ്യം അല്ലാഹുവിന്റെ നാമങ്ങൾ ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും അതിൽ നിന്ന് ദാത്ത് ദർശിക്കലുമാണ്.

സുലൂക്കിലൂടെ താഴെ നിന്ന് മുകളിലേക്ക് ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് പോകുകയും അതിന്റെ പൂർണ്ണത നേടിയ ശേഷം മറ്റൊരുരീതിയിൽ (ആദ്യമേ ഉണ്ടായിരുന്നതല്ലാത്ത )മുകളിൽ നിന്ന് താഴേക്ക് മടക്കപ്പെടും. ജദ്ബിൽ സുലൂക്കിലുള്ള തിന് വ്യത്യസ്ഥമായി ഒറ്റയടിക്ക് ആദ്യം തന്നെ ദാത്ത് ദർശിക്കുകയെന്ന ഉന്നതാവസ്ഥ പ്രാപിക്കുകയാണ്. പിന്നെ താഴേക്ക് വരികയാണ്. സാലിക്കുകളുടെ അവസാനംമജ്ദൂബകളുടെ ആരംഭവും മജ്ദൂബുകളുടെ അവസാനം സാലിക്കുകളുടെ ആരംഭവുമാണന്ന് സാരം. എന്നാൽ രണ്ടും ഒരേ നിലക്കല്ല താനും...

【തുടരും....】

                                                            തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം




Friday, August 21, 2020

സ്വൂഫികളുടെ നിസ്ക്കാരം

‎‎         സ്വൂഫി ധാര -11
സ്വൂഫികളുടെ നിസ്ക്കാരം
 
സദാ സമയങ്ങളിലും  ഇബാദത്തിലായി മാത്രം സമയം ചിലവഴിക്കുന്നവരാണ് മഹാൻമാരായ സൂഫിയാക്കൾ. നിസ്ക്കാരം അടക്കമുള്ള ആരാധനകളുടെ എല്ലാ നിബന്ധനകളും മേളിച്ച പൂർണ്ണമായ രൂപം അവരുടെ ജീവിതത്തിലാണ് നമുക്ക് കാണാൻ കഴിയുക.

മഹാനായ ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി (ഖ: സി) തങ്ങൾ പറയുന്നു

ഇസ്കന്തറിലെ കർമ്മ ശാസ്ത്ര പണ്ഡിതരും  ഖാളിയും ഒരിക്കൽ അഖ്ത്വാബുകളിൽ പ്രധാനിയായിരുന്ന അബുൽഹസനുശ്ശാദുലി (ഖ: സി) തങ്ങളെ പരീക്ഷിക്കാൻ വേണ്ടി ശൈഖവറുകളുടെ സമീപത്ത് വന്നു. പരീക്ഷിക്കാനാണ് അവർ വന്നത് എന്നറിഞ്ഞ ശൈഖവർകൾ അവരോട് ചോദിച്ചു. 'നിങ്ങൾ എപ്പോഴെങ്കിലും നിസ്ക്കരിച്ചിട്ടുണ്ടോ?'  ആ ചോദ്യം അവർക്ക് തീരേ പിടിച്ചില്ല. അതു കൊണ്ട് തന്നെ അവർ ശൈഖവറുകളോട് തിരിച്ചു ചോദിച്ചു. 'നിങ്ങൾ എന്താണീ ചോദിക്കുന്നത്?ഞങ്ങൾ എപ്പോഴെങ്കിലും നിസ്ക്കാരം ഒഴിവാക്കിയിട്ടുണ്ടോ?' ഉടനെ ശൈഖവർകൾ യഥാർത്ഥ നിസ്ക്കാരക്കാരെ കുറിച്ച് പറയുന്ന വിശുദ്ധ ഖുർആനിന്റെ ആയത്തുകൾ അവർക്ക് ഓതി കേൾപ്പിച്ചു..

('തീർച്ചയായും ക്ഷമ കുറഞ്ഞവനും ദുരാഗ്രഹങ്ങൾ കൂടിയവനുമായിട്ടാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്. വല്ല തിന്മയും പ്രയാസവും വന്നാൽ അവൻ അങ്ങേയറ്റം വിഷമം പ്രകടിപ്പിക്കുന്നവനും,  നന്മയും സന്തോഷവും എത്തിയാൽ അവൻ പിശുക്കനാവുന്നവനും ജനങ്ങളെ തൊട്ട് അത് തടയുന്നവനുമാണ് - നിത്യമാവുന്ന യഥാർത്ഥ നിസ്കാരം നിർവഹിക്കുന്നവർ ഒഴികെ.) 

ഈ ആയത്ത് ഓതിയിട്ട് ശൈഖവർകൾ അവരോട് ചോദിച്ചു. 'നിങ്ങൾക്ക് ഒരു പ്രയാസവും പ്രതിസന്ധിയും വന്നാൽ നിങ്ങൾ അതിൽ വിശമം പ്രകടിപ്പിക്കാത്തവർ ആണോ? നന്മ എത്തിച്ചാൽ നിങ്ങളത് ജനങ്ങൾക്ക് നൽകുന്നവരും അവരെ തൊട്ട് അത് തടയാത്തവരും ആണോ?

യഥാർത്ഥ നിസ്ക്കാരക്കാരാണെങ്കിൽ ഇങ്ങിനെ ആവണം!. പരീക്ഷിക്കാൻ വേണ്ടി വന്ന ഖാളിക്കും പണ്ഡിതർക്കും ഒന്നും പറയാനുണ്ടായില്ല. അവർ മൗനം പാലിച്ചു. മറുപടിയില്ലാത്ത അവരോട് ശൈഖവർകൾ പറഞ്ഞു. 'അപ്പോൾ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും നിസ്ക്കരിക്കാത്തവർ ആണ്!' (താജുൽ അറൂസ്).

ഏതല്ലാം പ്രതിസന്ധികൾ വന്നാലും ചിന്തയിൽ പോലും ഒരു വിശമവും വരാത്തവരാവണം നിസ്ക്കരിക്കുന്നവർ എന്ന് ഈ ആയത്തിൽ അല്ലാഹു പറയുന്നു. ആ സ്വാഭാവ ഗുണം സ്വൂഫികളിൽ മാത്രമാണ് പൂർണ്ണമായി ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ നിസ്ക്കരിക്കുന്നവർ എന്ന് പറയന്നുന്നത് ഈ സ്വഭാവം സിദ്ധിച്ച അല്ലാഹുവിന്റെ  സ്വൂഫികൾക്ക് മാത്രമാണ് എന്നാണ് അബുൽ ഹസനു ശാദുലി (ഖ: സി) തങ്ങൾ ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

ഈ രൂപത്തിലുള്ള നിസ്ക്കാരം അവർ ചെറുപ്പകാലം തൊട്ട് വളരെ  സൂക്ഷ്മതയോടെ നിർവഹിച്ചു പോരുന്നവരാണ്. മറ്റുള്ളവരുടെ നിസ്ക്കാരങ്ങൾ എല്ലാം ജീവനില്ലാത്ത രൂപങ്ങൾ മാത്രമാണ്.

قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ

തീർച്ചയായും നിസ്ക്കാരത്തിൽ ഭയഭക്തി യുള്ള മുഅമിനീങ്ങൾ വിജയിച്ചിരിക്കുന്നു' (സൂറതുൽ മുഅമിനൂൻ).

വിശുദ്ധ ഖുർആൻ വിജയിച്ചവരായി പ്രഖ്യാപിച്ച നിസ്ക്കാരം നിർവഹിക്കുകയും സമൂഹത്തെ അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മഹാൻമാരായ സൂഫികൾ. ഭയഭക്തിയില്ലാത്ത നിസ്ക്കാരത്തെ ശരിയായ നിസ്ക്കാരമായി തന്നെ കാണാത്തവരാണ് അവർ. ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) ഇർശാദുൽ ഇബാദിൽ രേഖപ്പെടുത്തുന്നു:

നിസ്ക്കാരത്തിൽ അശ്രദ്ധ വരുന്ന മനുഷ്യാ... നീ ആരുടെ മുമ്പിലാണ് നിൽക്കുന്നത്? ആരോടാണ് നീ സംഭാഷണം നടത്തുന്നത്? ശരീരത്തിന്റെ ദുശിച്ച ആഗ്രഹങ്ങളും പിശാച് തോന്നിപ്പിച്ചു തരുന്ന ദുൻയാവിന്റെ ചിന്തകളും നിറക്കപ്പെട്ട ഹൃദയവുമായി അശ്രദ്ധയോടെ നിസ്ക്കരിക്കാൻ നീ ലജ്ജിക്കുന്നില്ലേ?

ശൈഖവറുകൾ തുടരുന്നു:

അല്ലാഹു നിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത് എന്നും നിന്റെ രഹസ്യങ്ങൾ അവന് അറിയുമെന്നതും നിനക്ക് അറിയില്ലേ.? നിന്റെ താഴ്മയുടേയും  വിനയത്തിന്റെയും  ഭയഭക്തിയുടെയും കണക്കനുസരിച്ചാണ് നിന്റെ നിസ്ക്കാരം അവൻ സ്വീകരിക്കുന്നത്. അതിനാൽ അവനെ കാണുന്നത് പോലെ നിന്റെ നിസ്ക്കാരത്തിൽ അവനെ ആരാധിക്കുക. കാരണം നീ അവനെ കാണുന്നില്ലങ്കിലും അവൻ നിന്നെ കാണുന്നുണ്ട്'. ഭയഭക്തി ഇല്ലാത്ത നിസ്ക്കാരങ്ങളെ കൊണ്ട് ശിക്ഷയാണ് ലഭിക്കുക എന്നും ശൈഖവറുകൾ നമ്മെ ഓർമ്മ പ്പെടുത്തുന്നു.

ഭയഭക്തി ഇല്ലാതെ അശ്രദ്ധയിലായി നീ നിസ്ക്കരിച്ച  നിസ്ക്കാരങ്ങൾ പ്രത്യക്ഷത്തിൽ ശരിയാണ് എന്ന് വിധിക്കപ്പെട്ടാൽ തന്നെയും അത്തരം നിസ്ക്കാരങ്ങൾ നിസ്ക്കരിച്ചതിനാൽ നീ റബ്ബിനോട് പൊറുക്കലിനെ തേടേണ്ടതുണ്ട്. കാരണം ശിക്ഷ ലഭിക്കാനാണ് അവ കാരണമാവുന്നത്.( ഇർശാദുൽ ഇബാദ് - സൈനുദ്ധീൻ മഖ്ദൂം)


ഹൃദയത്തിന്റെ രോഗങ്ങളായ അഹങ്കാരം, അസൂയ, തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിച്ചവർക്ക് മാത്രമേ നിഷ്കളങ്ക മനസ്സോടെ ഭയഭക്തിയിൽ നിസ്ക്കിക്കരിക്കാൻ കഴിയൂ. നാല് അഖ്ത്വാബുകളിൽ പ്രമുഖരായ താജുൽ ആരിഫീൻ അശൈഖ് ഇബ്റാഹീമുദ്ധസൂഖി(റ) പറയുന്നു:

നിസ്ക്കാരത്തിൽ വരുന്ന ബാഹ്യമായ തെറ്റുകൾ കാരണം നിസ്ക്കാരം അസാധുവാകുമെന്ന് ശരീഅത്തിന്റെ പ്രത്യക്ഷമായ നിയമം പറയുന്നവർ വിധിക്കുന്നത് പോലെ ചീത്ത സ്വാഭാവങ്ങൾ കൊണ്ട് നിസ്ക്കാരം ബാത്വിലാവുമെന്ന് പറയുന്നവരാണ് സൂഫികളായ മഹാൻമാർ. അതു കൊണ്ടു തന്നെ ഒരാളുടെ ഹൃദയത്തിൽ അഹങ്കാരം, അസൂയ, പോര്, ദേശ്യം, ചതി, മുസ്ലിമീങ്ങളെ ക്കുറിച്ചുള്ള തെറ്റായ ധാരണ തുടങ്ങിയ ദു:സ്വഭാവങ്ങൾ  വെച്ചുള്ള നിസ്ക്കാരം അവരുടെ അടുക്കൽ അസാധുവാണ്. (ത്വബഖാതുൽ വുസ്ത്വാ - ഇമാം ശഅറാനി)

യഥാർത്ഥ നിസ്ക്കാരക്കാരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....
ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

Friday, August 14, 2020

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ

 ‎‎       

 ☪️ സ്വൂഫി ധാര-110 ☪️

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ


സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും. 

സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി,

 ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍. 

താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 

താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്.

 സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു. 

ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിആയ ഹസൻ ബസ്വരി (റ) ആയിരുന്നു.

അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം. 

ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്. 

ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്. 

അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്. 


മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.

 

തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് (റ) ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമി(റ)യാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല". 

 റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്. 

കുരിശുയുദ്ധവും താര്‍ത്താരികളും

കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).

നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു. 

കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം. 

ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്.

ഇന്ത്യയിലെ പ്രശസ്ത കവിയായ അല്ലാമാ ഇഖ്ബാൽ സ്വൂഫികളെ സംബന്ധിച്ച് പറയുന്നത് : സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യാ രാജ്യം ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.

ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമിൽ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതിൽ ഒട്ടും പിറകിലല്ല .തന്റെ ഫതാവയുടെ 10, 11 വാള്യങ്ങളിൽ പേരടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്.

ഇബ്നുൽ ഖയ്യിമിൽ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ വിഭാഗം യഥാർത്ഥ സ്വൂഫികളാണന്നും കർമശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചർച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണന്നും പറഞ്ഞിട്ടുണ്ട്.

സ്വൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍......

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

Monday, August 10, 2020

സ്വൂഫിസത്തിൻ്റെ അനിവാര്യത

‎‎         ☪️ സ്വൂഫി ധാര-   007 ☪️

        അടിമകളോടുള്ള അല്ലാഹുവിന്റെ വിധിവിലക്കുകൾ രണ്ടു തലത്തിലാണുള്ളത് . ഒന്നു ശാരീരികവും മറ്റേത് മാനസികവും. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയസംബന്ധിയായ വിധി വിലക്കുകളാണ് . കാരണം  എല്ലാറ്റിന്റെയും ഉത്ഭവം ഹൃദയമാണല്ലോ?. ഹൃദയം നന്നായാൽ എല്ലാം നന്നായി. നബി (ﷺ) പറഞ്ഞു. “നിശ്ചയം ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അതു മോശമായാൽ ശരീരം മുഴുവൻ മോശമായി, അറിയുക അതത്രെ ഹൃദയം, ( ബുഖാരി ).*

        ഇതുകൊണ്ടാണ് തിരു നബി (ﷺ) പ്രാരംഭ ദശയിൽ അനുയായികളുടെ ഹൃദയ ശുദ്ധീകരണത്തിൽ സജീവ ശ്രദ്ധ പതിപ്പിച്ചത്. അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണെന്നും ബാഹ്യരൂപഭാവങ്ങളിലേക്കല്ലെന്നും തിരു നബി(ﷺ) ഉത്ബോധിപ്പിച്ചു . ബാഹ്യകർമ്മങ്ങളുടെ ഉത്ഭവ കേന്ദ്രമായ ഹൃദയത്തിന്റെ നന്മയിലധിഷ്ഠിതമാണ് അടിമയുടെ ആത്യന്തിക വിജയമെന്ന് മനസ്സിലാക്കുമ്പോൾ ആ ഹൃദയത്തിന്റെ സംസ്കരണത്തിന് കഠിനാദ്ധ്വാനം ചെയ്യൽ അനിവാര്യമായിത്തീരുന്നു .

        അല്ലാഹു നിരോധിച്ച ദുഷിച്ച വിശേഷണങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുകയും ഉത്തമ വിശേഷണങ്ങളാൽ ഹൃദയത്തെ അലങ്കരിക്കുകയും ചെയ്തവൻ വിജയിച്ചു . അല്ലാഹു പറയുന്നു “സുരക്ഷിത ഹൃദയവുമായി അല്ലാഹുവിന്റെടുത്ത് ചെന്നവനൊഴികെ സന്താനങ്ങളോ സമ്പത്തോ യാതൊരു വിധത്തിലും ഉപകാരപ്പെടാത്ത ദിവസം"

*ഇമാം ജലാലുദ്ദീൻ സുയൂഥി ( റ ) പറയുന്നു “ ഹൃദയാവസ്ഥകളെക്കുറിച്ചുള്ള വിജ്ഞാനവും, അസൂയ, അഹന്ത, ലോകമാന്യത തുടങ്ങി അതിന്റെ രോഗങ്ങളെ സംബന്ധിച്ചുള്ള അറിവും ഫർള് ഐൻ ( വ്യക്തിഗത ബാധ്യത ) ആണെന്നാണ് ഇമാം ഗസ്സാലി ( റ ) പറഞ്ഞിട്ടുള്ളത് (അൽ അശ് ബാഹു വന്നളാഇർ )*

*ഇമാം ഗസ്സാലി ( റ ) തന്റെ വിശ്വവിഖ്യാതമായ ഇഹ്യാ ഉലൂമിദ്ദീനിലെ റുബ്ഉൽ മുഹ് ലികാത്ത് ( മനുഷ്യനെ നശിപ്പിച്ചുകളയുന്ന കാര്യങ്ങൾ ) എന്ന ഭാഗത്ത് ഹൃദയത്തെ നശിപ്പിക്കുന്ന രോഗങ്ങളെ പരാമർശിച്ചതിന് ശേഷം പറയുന്നു . ഇത്യാദി ദുസ്സ്വഭാവങ്ങളിൽ നിന്ന് ഒരു മനുഷ്യനും ഒഴിവാകുന്നതല്ല . അതിനാൽ, തന്നെ സംബന്ധിച്ച് ആവശ്യമുള്ളതെന്തോ അത് പഠിക്കൽ അവന് നിർബന്ധമായിത്തീരും . ഈ മോശമായ വിശേഷണങ്ങൾ ഹൃദയത്തിൽ നിന്ന് നിർമ്മാർജനം ചെയ്യൽ വ്യക്തിഗത ബാധ്യതയാകുന്നു.*

 *ഓരോന്നിന്റെയും നിർവ്വചനങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ചികിത്സ എന്നിവ ഗ്രഹിക്കുക വഴി മാത്രമേ അത് സാധ്യമാകൂ. കാരണം തിൻമ എന്താണെന്നറിയാത്തവൻ അതിൽ അതപതിച്ചു പോകുന്നതാണ് "*

*ചിലപ്പോൾ ഒരാൾക്ക് താൻ രോഗബാധിതനാണെന്ന തിരിച്ചറിവ് ലഭിക്കാതെ പോയേക്കാം. അപ്പോൾ താൻ ആരോഗ്യവാനാണെന്ന മിഥ്യാധാരണയിലായിരിക്കും അയാൾ ജീവിക്കുക . യഥാർത്ഥത്തിൽ മാരകമായ രോഗങ്ങളുടെ പിടിയിലായിരിക്കും അയാൾ.*

 ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ തന്റെ രോഗങ്ങളെക്കുറിച്ച് ബോധവാനാകാനും അവയിൽ നിന്ന് മോചനം നേടി യഥാർത്ഥ ഹൃദയാരോഗ്യം കരസ്ഥമാക്കാനും എന്താണ് വഴി ?, അവിടെയാണ് തസ്വവുഫ് (സ്വൂഫിസം )പ്രസക്തമാകുന്നത്. ജിവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രകടമാകുന്ന മനസ്സിന്റെ മാലിന്യങ്ങളിലും മ്ലേച്ഛതകളിലും നിന്ന് മനുഷ്യന്റെ അന്തരംഗം തെളിയിച്ചെടുക്കാൻ തസ്വവ്വുഫ് കൂടിയേ തീരൂ. മനസ്സിന്റെ മേച്ഛതകളിൽ നിന്ന് അന്തരംഗത്തെ സ്ഫുടം ചെയ്തെടുക്കുന്നത് എങ്ങനെ എന്ന് ഗ്രഹിക്കാനുതകുന്ന വിജ്ഞാന ശാഖയാണ് തസ്വവുഫ്.

     മനസ്സിന്റെ ന്യൂനതകളും ദുർവിശേഷണങ്ങളും നിരവധിയുണ്ട് . ആ ന്യൂനതകൾ എന്തെല്ലാമെന്നും അവയുടെ ചികിത്സയുടെ പ്രായോഗിക രീതി എങ്ങനെയെന്നും തസ്വവ്വുഫിലൂടെ അറിയാം. മാനസികമായ ന്യൂനതകളെ മറികടക്കാനും ദുർ വിചാരങ്ങളും ദുഷിച്ച വിശേഷണങ്ങളും വിപാടനം ചെയ്ത് ഹൃദയപരിശുദ്ധി നേടാനും ഈ വിജ്ഞാനശാഖ പ്രയോഗവൽക്കരിക്കുന്നതിലൂടെ സാധ്യമാകും.

        തസ്വവുഫിന്റെ അനിവാര്യത വ്യക്തമാക്കി  ഇമാം ഗസ്സാലി ( റ ) മുന്നറിയിപ്പ് നൽകുന്നു സ്വൂഫികളുമായി ബന്ധപ്പെടൽ ഫർള് ഐൻ ആകുന്നു...

   ഇമാം ശാദുലി ( റ ) പറയുന്നു . "നമ്മുടെ അധ്യാത്മിക വിജ്ഞാന ശാസ്ത്രത്തിൽ പ്രവേശിക്കാത്ത വൻ , താനറിയാത്തവിധം വൻദോഷങ്ങളിലകപ്പെട്ട് പോകുന്നതും അങ്ങനെ അവയിൽ ആപതിച്ച് പോകുന്നതുമായിരിക്കും...

 ശാരീരിക രോഗങ്ങൾക്ക് സ്വയം ചികിത്സ അപകടമാണെന്നിരിക്കെ, അതീവ സൂക്ഷ്മതയോടെ ചികിത്സിക്കേണ്ട ഹൃദയ രോഗങ്ങൾക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ? ആയതിനാൽ ഹൃദയ ചികിത്സാ ശാസ്ത്രത്തിൽ അഗ്രഗണ്യനായ ഒരു ഭിഷഗ്വരന് വിധേയപ്പെടലാണ് ആത്മ സംസ്കരണ രംഗത്തും ഫലപ്രദം. അവരാണ് സ്വൂഫി ഗുരുക്കൾ, അറിയുക, തസ്വവുഫ് കേവലം അധരവ്യായാമങ്ങളല്ല, മറിച്ച് അനുഭവങ്ങളും അവസ്ഥകളുമാണ്. സൂഫികൾ അവകാശവാദങ്ങളുടെ വക്താക്കളല്ല... പ്രായോഗിക മാർഗദർശകരാണ്...

നാഥൻ യഥാർത്ഥ സ്വൂഫിസം മനസ്സിലാക്കി ഗുരുവിൽ ലയിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം


സ്വൂഫിസത്തിൻ്റെ വളർച്ച

‎‎         ☪️ സ്വൂഫി ധാര-06 ☪️


    സ്വൂഫിസ (തസ്വവ്വുഫ്) ത്തിൻ്റെ ഒന്നാം കാലഘട്ടമായി ഗണിക്കപ്പെടുന്നത് നബി(സ്വ)യുടെയും ഖുലഫാഉ റാഷിദീങ്ങളുടെയും സ്വഹാബത്തിൻ്റെയും കാലഘട്ടമായ ഉത്തമ കാലഘട്ടത്തെ തന്നെയാണ്. സ്വൂഫിസത്തിൻ്റെ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രകടമായിരുന്നതും ഇവരുടെയും താബിഉകളുടെയും തബ ഉത്താബിഉകളുടെയും കാലത്തായിരുന്നു...

    ഉമവിയ്യ ഭരണ കാലമായപ്പോഴേക്കും രാഷ്ട്രീയമായി ഭിന്നിക്കുകയും 'ആഭ്യന്തര കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

 തത്സമയം ബിദഈ പ്രസ്ഥാനങ്ങളായ ഖവാരിജ്, ശിഅ, മുഅതസിലത്ത് മുതലായവ ഉടലെടുക്കുകയും ചെയ്തപ്പോൾ സമൂഹം ആത്മീയമായി തകരാൻ തുടങ്ങി....

ഈ സമയത്ത് കൂടുതലായി ആരാധനയിലും പ്രബഞ്ച ത്യാഗത്തിലും ഇഖ്ലാസിലും കഴിഞ്ഞുകൂടിയവർ "സ്വൂഫികൾ '' എന്ന് അറിയപ്പെടാൻ തുടങ്ങി... കാലഘട്ടത്തിൻ്റെ നിയോഗമെന്നോണം ഉമവിയ്യ ഭരണകാലത്ത് തസ്വവ്വുഫ് എന്ന ശാഖ വളർന്നു വികസിക്കുകയും അബ്ബാസിയ്യ ഭരണകാലത്ത് ഉന്നതിയിലേക്ക് എത്തുകയും ചെയ്തു...

ഹിജ്റ മൂന്നാം നൂറ്റിണ്ടിൻ്റെ മധ്യത്തോടെ അക്കാലത്തെ ആത്മീയച്യുതികൾക്കെതിരെ പോരാടി ജനങ്ങളിൽ ആത്മീയ ഉണർവ്വ് സൃഷ്ടിക്കുന്നതിന് തങ്ങളുടെ തായ പ്രത്യേക മുറകളും ശൈലികളും ആവിഷ്ക്കരിച്ചവരാണ് അബൂ യസീദുൽ ബിസ്ത്വാമി (റ) ജുനൈദുൽ ബഗ്ദാദി (റ) മഅറൂഫുൽഖർഖി (റ) ദുന്നൂ നുൽ മിസ്വ്രി (റ) മൻസൂർ ഹല്ലാജ് (റ), തുടങ്ങിയവർ...

ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി (റ) ഖുത്വുബുൽ അഖ്ത്വാബ് മുഹ് യിദ്ധീൻ ശൈഖ്(റ), ഇമാം രിഫാഈ, ശാദുലി (റ) തുടങ്ങിയവർ തസ്വവ്വുഫിൻ്റെ ക്രോഡീകരണത്തിനും വളർച്ചക്കും നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്...

സ്വൂഫിസത്തിന് വ്യവസ്ഥാപിതമായ രൂപവും ഭാവവും വന്നു... സ്വൂഫിസത്തിലേക്ക് ജനം കൂടുതൽ ആകൃഷ്ടരായി. ആത്മീയ ഗുരുക്കളെ തേടി ജനം നാനാഭാഗങ്ങളിലേക്കും യാത്രകൾ തുടങ്ങി. അറബ് മേഖലകളിൽ സ്വൂഫികൾ താവളം ഉറപ്പിച്ചിരുന്ന കേന്ദ്രങ്ങൾ  "രിബാത്ത്, ഖാൻ ഖാഹ്, മഹ്ളറ, തഖിയ്യ എന്ന പേരുകളിൽ അറിയപ്പെട്ടു...

ഇവിടെയെല്ലാം ഒരു ഗുരുവിൻ്റെ കീഴിൽ നിബന്ധനകൾക്ക് വിധേയനായി പരിശീലനം നേടുന്ന മുരീദൻമാരുടെ സംഘങ്ങൾ ഉണ്ടായി.

തലമുറകളായി കണ്ണിയറ്റു പോവാതെ ഒരു ഗുരു (ശൈഖ് ) വിൽ നിന്ന് മറ്റൊരു ഗുരുവിലേക്ക് സിൽസിലകളായി സ്വൂഫിസം ( ത്വരീഖത്ത്) വ്യവസ്ഥാപിതമായി തുടർന്നു പോന്നു. ത്വരീഖത്തുകൾ വ്യവസ്ഥാപിതമായതോടെ ശരീഅത്ത് ഭദ്രമാവുകയും ജനങ്ങൾ ആത്മീയമായി ഉണരുകയും ചെയ്തു.

സ്വൂഫിസത്തിലൂടെ വിവിധ ഘട്ടങ്ങൾ തരണം ചെയ്ത മാർഗദർശിയായ ഗുരുവിൻ്റെ നേതൃത്വം സ്വീകരിച്ച് അതേ മാർഗത്തിൽചലിക്കാനുള്ള തയ്യാറെടുപ്പുമായി മുരീദൻമാർ സഞ്ചരിച്ചു.അങ്ങനെ നഫ്സിൻ്റെ ദൂഷ്യങ്ങളിൽ നിന്നും മോചിതനായി സംശുദ്ധമായ ഹൃദയത്തോടെ'അല്ലാഹു വിൻ്റെ സാമീപ്യം കരസ്ഥമാക്കുന്നവരായി. ഗുരുവിൻ്റെ നേതൃത്വമില്ലാതെ ഈ പ്രത്യേക അനുഭൂതി കരസ്ഥമാക്കൽ ദുഷ്കരമാണന്നതിൽ സംശയമില്ല.മാത്രമല്ല പൈശാചികതയിലേക്ക് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്....

ഇന്ന് സ്വൂഫിസത്തെ സംഗീതത്തിലും പാട്ട് കച്ചേരികളികളിലും ഒതുക്കിയവർ നിരവധിയുണ്ട്.. അതിലൂടെയുള്ള ആനന്ദം മാത്രം സ്വൂഫിസത്തിൻ്റെ യഥാർത്ഥ ലക്ഷ്യമല്ല.. സ്വൂഫിസം ഒരു ഗുരുവിൻ്റെ മുന്നിൽ തന്നെത്തന്നെ മറന്ന് അവരിൽ ലയിക്കുമ്പോൾ ലഭിക്കുന്ന അനിർവചനീയ അനുഭൂതിയാണ്... ഗുരുവിലുള്ള ഫനാ ആണ് സ്വൂഫിസത്തിൻ്റെ ആദ്യഘട്ടം....

ആ ഫനാ നാവിട്ടടിക്കൽ കൊണ്ടോ കോലിട്ടടിക്കൽ കൊണ്ടോ കിട്ടുന്ന ഒന്നല്ല... കുറെ സാഹിത്യം നിറഞ്ഞ വാക്കുകൾ അല്ലാഹുവിലക്ക് ചേർത്ത് പറഞ് എന്തോ ഒരു വലിയ ആനക്കാര്യമായി അവതരിപ്പിക്കുന്നതുമല്ല സ്വൂഫിസം.....

തന്നെ മറന്ന് തൻ്റെ ആത്മീയ ഗുരുവിൻ്റെ യാഥാർഥ്യം മനസ്സിലാക്കുമ്പോൾ ഗുരുവിൽ വെളിവായി നിൽക്കുന്ന ദൈവരഹസ്യങ്ങൾ തൻ്റെ ഹൃദയത്തിലേക്ക് പാസ്സ് ചെയ്യുമ്പോഴുണ്ടാകുന്ന അനുഭൂതിയുടെ ലോകമാണ് സ്വൂഫിസം....

നാഥൻ യഥാർത്ഥ സ്വൂഫിസം മനസ്സിലാക്കി ഗുരുവിൽ ലയിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...

തയ്യാറാക്കിയത് :  ഹസൻ ഇർഫാനി എടക്കുളം



ബൈഅത്തും ഇനങ്ങളും

‎‎         ☪️ സ്വൂഫി ധാര-05 ☪️

ബൈഅത്ത് എന്നാൽ ഉടമ്പടി എന്നാണതിൻ്റെ ഭാഷാർത്ഥം. ഉടമ്പടി എന്ന് പറയുന്നത് രണ്ട് കക്ഷികൾ തമ്മിൽ ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് പരസ്പര സമ്മതത്തോടെ ചെയ്യുന്ന പ്രതിജ്ഞയാണ്.

തൻ്റെ ആത്മീയ പുരോഗതിക്ക് തടസ്സമാകുന്ന കാര്യങ്ങളെയും നഫ്സിൻ്റെ ആപത്തുകളെയും കാണിച്ചുതരുന്ന ഒരു ആത്മീയ ഗുരുവിനെ വിധികർത്താവാക്കലാണ് സ്വൂഫികളുടെ അടുക്കൽ ബൈഅത്ത്.അന്ത്യനാൾ വരെ ഒഴിയുകയില്ലെന്ന വ്യവസ്ഥയാൽ സുശക്തമായ പാശവുമായുള്ള ബന്ധമാണ് ബൈഅത്ത്.

അഹ്ദ് (عهد) സുലൂക്, ത്വരീഖത്ത്, തൽഖീനുദ്ദിക്ർ, തൗബ എന്നിങ്ങനെ വ്യത്യസ്ത പേരുകൾ ബൈഅത്തിന് സ്വൂഫിലോകം പ്രയോഗിച്ചിട്ടുണ്ട്.

ഒരു വ്യക്തി ഒരു ശൈഖിനെ ബൈഅത്ത് ചെയ്യുമ്പോൾ അദ്ദേഹവുമായുള്ള സഹവാസത്തിന് വഴി ഒരുങ്ങുന്നു. ചാരിയാൽ ചാരിയത് മണക്കുമെന്നല്ലേ ചൊല്ല്? സഹവസിക്കപ്പെടുന്നവൻ്റെ സ്വഭാവം സഹവസിക്കുന്നവനിലേക്ക് പകരും. അതു കൊണ്ട് തന്നെ മഹാരഥൻമാർ പഠിപ്പിക്കുന്നു: "വിജയിച്ചവരോടുള്ള സഹവാസം കൊണ്ട് മാത്രമേ വിജയം കണ്ടവർ വിജയിച്ചിട്ടുള്ളൂ"

പുണ്യ നബി(സ) തങ്ങൾ പറയുന്നു: "നിങ്ങൾ വീട് വാങ്ങുന്നതിന് മുമ്പ് അയൽവാസിയെ കുറിച്ച് അന്വോഷിക്കുക. വഴിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരനെ അന്വേഷിക്കുക"

ഈ ഹദീസിൽ വഴിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരനെ അന്വേഷിക്കുക എന്നത് കൊണ്ട് ഉദ്ദേശം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു ശൈഖിനെ തേടണം എന്നാണന്ന് സ്വൂഫികൾ അഭിപ്രായപ്പെട്ടതായി ഇമാം മുനാവി(റ) വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ അല്ലാഹുവിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവന് ബൈഅത്തും സഹവാസവും നിർബന്ധമാണ്.

ഇനങ്ങൾ

ബഹുമാനപ്പെട്ട ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ് ലവി (റ) അദ്ദേഹത്തിൻ്റെ ഖൗലുൽ ജമീൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: സ്വൂഫികളുടെ ഇടയിലുള്ള ബൈഅത്ത് പല രൂപങ്ങളിലാണ്.

1- പാപങ്ങളിൽ നിന്നും തൗബ കൊണ്ടുള്ള ഉടമ്പടി..

2-സ്വാലിഹീങ്ങളുടെ പരമ്പരയിൽ കടക്കുന്നതിൻ്റെ ബറകത്ത് ലഭിക്കുവാൻ വേണ്ടി ചെയ്യുന്ന ബൈഅത്ത്. ഇത് ഹദീസ് ഉദ്ദരിക്കുന്നതിനുള്ള പരമ്പരയുടെ സ്ഥാനത്താണ്. അപ്പോൾ തീർച്ചയായും അതിൽ ബറകത്ത് ഉള്ളത് തന്നെ...

3-ബാഹ്യവും ആന്തരീകവുമായി അല്ലാഹുവിൻ്റെ വിധി വിലക്കുകൾ അനുസരിക്കുന്നതിന് വേണ്ടി ഹൃദയം അല്ലാഹുവുമായി ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഉറപ്പിക്കുവാനും വേണ്ടി നടത്തുന്ന ഉടമ്പടിയാകുന്നു. അതാണ് ബൈഅത്തിൻ്റെ അടിസ്ഥാനം...

ചെറിയവർ, വലിയവർ, പുരുഷൻമാർ, സ്ത്രീകൾ, എന്നിങ്ങനെ എല്ലാവരിൽ നിന്നും മുത്ത് നബി(സ) ബൈഅത്ത് സ്വീകരിച്ചിരുന്നു. ഈ പാത തന്നെയാണ് മഹത്തുക്കളായ സ്വൂഫികളും അനുവർത്തിച്ചു പോരുന്നത്.

ഈ ബൈഅത്തിന് ദീനിൻ്റെ പിൻബലമുണ്ടോ എന്ന് ചോദിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. കാരണം ഖുർആൻ, ഹദീസ്, പണ്ഡിത വചനങ്ങൾ നിരവധി കാണാം... നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

സുൽത്വാനുൽ ഉലമയും ഹുജ്ജത്തുൽ ഇസ് ലാമും

‎‎         ☪️ സ്വൂഫി ധാര-04 ☪️

സുൽത്വാനുൽ ഉലമ (പണ്ഡിതചക്രവർത്തി )എന്ന അപരനാമത്തിൽ അറിയപ്പെട്ട മഹാനാണ് ഇബ്നു അബ്ദിസ്സലാം (റ).

കർമ്മ ശാസ്ത്രത്തിൽ നിസ്തുല പണ്ഡിതനായിരുന്നു മഹാനവർകൾ.അവസാനം ശൈഖ് അബുൽ ഹസനുശ്ശാദുലി (റ) യുമായി ബൈഅത്ത് ചെയ്ത് അദ്ധ്യാത്മമേഖലയിൽ അനുഭവജ്ഞാനം കരസ്ഥമാക്കി.

ത്വരീഖത്തിൽ കടക്കുന്നതിനു മുമ്പ് മഹാനവർകൾ പറയുമായിരുന്നു,'' അല്ലാഹുവിൻ്റെ സാമീപ്യം കരസ്ഥമാക്കാൻ നമ്മുടെ കൈവശമുള്ള ശരീഅത്തിൻ്റെ വിജ്ഞാനമല്ലാതെ മറ്റൊന്നില്ല''
ത്വരീഖത്തിൽ കടന്ന് ആത്മീയാനുഭൂതി കരസ്ഥമാക്കാൻ തുടങ്ങിയപ്പോൾ മഹാനവർകൾ പറഞ്ഞു:
''പരിപൂർണ്ണമായ ഇസ് ലാമിനെ ഞാൻ മനസ്സിലാക്കിയത് എൻ്റെ ശൈഖായ അബുൽ ഹസനുശ്ശാദുലി (റ) യുമായി ഒരുമിച്ചുകൂടിയതിന് ശേഷമാണ്''

ഇവിടെയാണ് പരിപൂർണ്ണ ദീനുൽ ഇസ്‌ലാമിനെ സ്വൂഫികളിൽ നിന്നേ മനസ്സിലാക്കാൻ സാധിക്കൂ എന്ന് ബോധ്യമാകുന്നത്.

ഹുജ്ജത്തുൽ ഇസ് ലാം (ഇസ്ലാമിൻ്റെ പ്രമാണം) എന്ന അപരനാമത്തിൽ അറിയപ്പെട്ട അബൂ ഹാമിദുൽ ഗസ്സാലി (റ) വൈജ്ഞാനിക ലോകത്തെ സ്വൂഫി പ്രതിഭയാണ്. മഹാനവർകൾ പറയുമായിരുന്നു:**''സ്വൂഫി മാർഗ്ഗത്തേക്കാൾ ഉന്നതമായ മറ്റൊരു സരണിയും ആത്മാന്വേഷണ വഴിത്താരയിൽ വേറെയില്ല''*

 ഇസ് ലാമിലെ ഏത് വിജ്ഞാന ശാഖകളിലും ഇമാം ഗസ്സാലി (റ) യുടെ തീക്ഷണമായ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ആദ്യകാലങ്ങളിൽ സ്വൂഫിസത്തെ എതിർത്തിരുന്ന മഹാനവർകൾ ശൈഖ് മുഹമ്മദുൽ ബദിഗാനി (റ)യെ ബൈഅത്ത് എടുക്കലോട് കൂടെ ആത്മജ്ഞാന ലോകത്തെ ഉന്നതാവസ്ഥയിലേക്ക് എത്തിച്ചേരാൻ മഹാനവർകൾക്ക് സാധിച്ചു.

ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കാത്ത നിഗൂഢമായ വിജ്ഞാനത്തിൻ്റെ മാധുര്യം ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയപ്പോൾ അറിയാതെ ഇമാം ഗസ്സാലി (റ) പറഞ്ഞു പോയി.*
''ഇത്രയും കാലം ഞാൻ എൻ്റെ ആയുസ്സ് അനാവശ്യമായി പാഴാക്കിക്കളഞ്ഞല്ലോ''*

ഈചരിത്രവും നമ്മെ പഠിപ്പിക്കുന്നത് എത്ര ബാഹ്യ ജ്ഞാനങ്ങൾ കരസ്ഥമാക്കിയാലും ഒരു സ്വൂഫിവര്യനിൽ നിന്ന് ഇൽമ് നുകർന്ന് ആനന്ദം കണ്ടില്ലെങ്കിൽ അവൻ്റെ ദീൻ പരിപൂർണ്ണമാകില്ല എന്നാണ്...*
ഈ രണ്ട് മഹാൻമാരുടെ ഈ ചരിത്രം ഉദ്ധരിച്ച് ഇമാം അൽ ഖുത്വ് ബുശ്ശ അറാനി (റ) തൻ്റെ മിനനുൽ കുബ്റയിൽ പറയുന്നു:
''ഈ രണ്ട് പണ്ഡിത പടുക്കളും ഒരു സ്വൂഫിവര്യനെ സമീപിച്ചിട്ടുണ്ടെങ്കിൽ നമ്മെ പോലോത്തവർ എന്തായാലും സമീപിക്കണമല്ലോ?

ദീനിൻ്റെ പരിപൂർണ്ണത എങ്ങനെ മനസ്സിലാക്കണം എന്ന മാർഗ്ഗരേഖ ഈ പണ്ഡിത മഹത്തുകൾ വരച്ച് കാണിക്കുകയാണിവിടെ.*.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് ദീനിനെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കേണ്ടത് സ്വൂഫികളിലൂടെയാണന്ന് മനസ്സിലായി.അത് കൊണ്ടാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) പറഞ്ഞത്:'
'' വിജ്ഞാനം സ്വീകരിക്കേണ്ടത് സ്വൂഫികളിൽ നിന്നാണ്''

ഗ്രന്ഥങ്ങളിലൂടെ വിജ്ഞാനം കരസ്ഥമാക്കിയാൽ ഇസ് ലാമിൻ്റെ വിശാല മുഖത്തെയും സുന്ദരമായ ശൈലിയെയും മനസ്സിലാക്കാൻ സാധിക്കുകയില്ല.അതു കൊണ്ടാണ് ഏതു കാലത്തും അഭിനവ ഫുഖഹാക്കൾ ( യഥാർത്ഥ ഫുഖഹാക്കളല്ല) സ്വൂഫികളെ എതിർക്കുന്നത്. ഇഹ്സാൻ(ത്വരീഖത്ത്) എന്താണന്ന് മനസ്സിലാക്കാതെ ഫിഖ്ഹിൻ്റെ പരിധിക്കുള്ളിൽ മാത്രം ദീനിനെ കെട്ടിയിട്ടവരാണവർ...

അതിനപ്പുറത്ത് ആര് ദീന് പറഞ്ഞാലും അതല്ലാം ഇസ് ലാമിനപ്പുറത്താണെന്ന് അവർ വിധി പറയുകയും ദീനിൽ സങ്കുചിതത്വം സൃഷ്ടിക്കുകയും ചെയ്തവരാണവർ...
മഹത്തുക്കൾ കാണിച്ചു തന്ന ഇസ് ലാമിൻ്റെ ഋജുവായ പാതയിലൂടെ ജീവിതം നയിച്ച് ദീനിൻ്റെ പരാപൂർണ്ണത ഉൾകൊണ്ട് ശാശ്വത വിജയം നേടാൻ നാഥൻ നമ്മെ തുണക്കട്ടെ.... ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനിഎടക്കുളം

സ്വൂഫികൾ: പ്രഗത്ഭമതികളുടെ വിലയിരുത്തൽ

‎‎         ☪️ സ്വൂഫി ധാര-03
സ്വൂഫികളുടെ നേതാവായ ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു:
സ്വൂഫി ഭൂമി പോലെയാണ്. ഭൂമിയിൽ എന്തും ഏതും വലിച്ചെറിയപ്പെടും.എന്നാൽ നല്ലതേ ഭൂമി മുളപ്പിക്കുകയൊള്ളൂ.. സദ് വൃത്തർക്കും ദുർവൃത്തർക്കും ചവിട്ടാം ഭൂമിയിൽ. സ്വൂഫി ആകാശം പോലെയാണ്. ഏവർക്കും അത് തണൽ വീഴ്ത്തുന്നു. സ്വൂഫി മഴ പോലെയാണ്. എല്ലാവർക്കും ജലം നൽകുന്നു.

ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) തൻ്റെ താഇയ്യത്തുൽ കുബ്റാ എന്ന കവിതാ സമാഹാരത്തിൽ പറയുന്നു: സ്വൂഫി വിഭാഗത്തിൻ്റെ പാത ആദ്യം മുതൽ അവസാനം വരെ പരിശോധിച്ചോളൂ, ഒരിടത്തും കിതാബ് സുന്നത്തിനെതിര് കാണാൻ സാധിക്കുകയില്ല. അവരെ കുറിച്ച് വേണ്ടാത്തത് പറയുന്നവരെ നീ ഒഴിവാക്കിയേക്ക്.നാശത്തിൽ നിന്നും ബിദ്അത്തിൽ നിന്നും ഫിത് നയിൽ നിന്നും രക്ഷ അവിടെ മാത്രമാണ്. ഖുർആൻ സുന്നത്ത് മുറുകെ പിടിച്ചവർ വിജയികളെത്രെ... അല്ലാഹുവിൻ്റെ പ്രീതി അവരിലുണ്ട്.. അതല്ലേ സുപ്രധാനം....

ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി (റ) പറയുന്നു: ഏത് യുഗത്തിലും നാം കാണുന്ന കാഴ്ച്ച ആപൽ ഘട്ടങ്ങളിൽ പണ്ഡിത വരേണ്യർ അതാതു കാലത്തെ സ്വൂഫി മാരോട് ദുആക്ക് ആവശ്യപ്പെടുന്നതാണ്. എന്നാൽ മറിച്ച് കാണുന്നില്ല. സ്വൂഫി മാർഗം അത്യുത്തമമാണന്നതിന് ഈ ഒരു തെളിവ് മാത്രം മതി....

ഇമാം ഹുജ്ജത്തുൽ ഇസ്‌ലാം അബൂ ഹാമിദുൽ ഗസ്സാലി (റ) പറയുന്നു: ''ദുൻയാവിലും ആഖിറത്തിലും ഒരിക്കലും ഇടിഞ്ഞു വീഴാത്ത ശരീഅത്തിൻ്റെ ഫൗണ്ടേഷനിൻ മേലാണ് സ്വൂഫികൾ കയറിയിരിക്കുന്നത്. മറ്റുള്ളവരാകട്ടെ അതിൻ്റെ ചാരത്തും.,''

അതു കൊണ്ട് സ്വൂഫിസം ഒരു വ്യത്യസ്ത അനുഭവമാണ്. അത് ലഭിക്കാത്തവരാണ് സ്വൂഫിസത്തേയും സ്വൂഫികളെയും വിമർശിക്കുന്നതായി കാണുന്നത്.ആകെ കൂടി തൻ്റെ വശത്തുള്ള മാനദണ്ഡം സ്വൂഫിസത്തെ കുറിച്ചുള്ള അനുഭവജ്ഞാനമില്ലായ്മയാണ്.ഈ മാനദണ്ഡം വച്ച് അളക്കുകയും വിധി പറയുകയും ചെയ്യുന്നു അവർ. സ്വൂഫിസം രുചിച്ചറിയാത്തവർ സ്വൂഫിസത്തെ കുറിച്ച് വിധി പറഞ്ഞ് മുസ് ലിം സമൂഹത്തെ നാശത്തിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുകയാണ്.

ചുരുക്കത്തിൽ സ്വൂഫികൾ കയറിച്ചെല്ലാത്ത മേഖലകളില്ല. ഇസ് ലാമിൻ്റെ സമ്പൂർണ്ണ നില നിൽപ്പിനാവശ്യമായ മുഴുവൻ കാര്യങ്ങളും പ്രയോഗവത്കരണത്തിൽ കൊണ്ടുവരുന്നവരാണവർ.ഇസ് ലാമിൻ്റെ വിശാലത മനസ്സിലാക്കേണ്ടത് സ്വൂഫികളിലൂടെയാണ്.ഇസ് ലാമിൻ്റെ അനിർവചനീയ പര്യായപദങ്ങളായി അവർ ഇന്നും ജീവിക്കുന്നു.

ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നും അവരെ ആശ്രയിക്കുന്നു. സമാധാനത്തിൻ്റെ ആശ്രയ കേന്ദ്രങ്ങളായി അവർ സ്വൂഫികളെ വിലയിരുത്തുന്നു. അതിനുള്ള മകുടോദാഹരണങ്ങളാണ് സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീനുൽ ചിശ്തി (റ), ഹസ്റത്ത് നിസാമുദ്ധീൻ ഔലിയ (റ), ഖുത്വുബുദ്ദീൻ ബഖ്തിയാർ കാക്കി (റ), ശാഹുൽ ഹമീദുന്നാഹൂരി (റ), ഇബ്റാഹീം ബാദുഷ ഏർവാടി (റ), മമ്പുറം തങ്ങൾ ( റ ), ബാനീ നൂറുൽ ഇർഫാൻ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരി എന്ന കുന്നത്തേരി തങ്ങൾ ( റ ) തുടങ്ങിയ സ്വൂഫിവര്യർ.....


നാഥൻ അവരുടെ മദദ് ലഭിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ... ആമീൻ

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം


സ്വൂഫികൾ: മദ്ഹബിൻ്റെ ഇമാമുകളുടെ വീക്ഷണത്തിൽ

‎‎         ☪️ സ്വൂഫി ധാര-02 ☪️

ഇമാം മാലിക് (റ)

ഇമാം തതാ ഈ (റ) തൻ്റെ ശർഹ് മുഖദ്ദിമത്തി ഇബ്നുറുശ്ദിൽ എടുത്തുദ്ധരിച്ചതും നിരവധി വഴികളിലൂടെ വന്നതുമായ മാലിക് (റ)വിൻ്റെ പ്രസ്ഥാവന ശ്രദ്ധിക്കുക: 
മഹാൻ പറഞ്ഞു: 
ഒരാൾ സ്വൂഫിയായി, ഫിഖ്ഹ് പഠിച്ചില്ല. എങ്കിൽ അവൻ നിരീശ്വരവാദിയായി.ഫിഖ്ഹ് പഠിച്ചു പക്ഷെ, സ്വൂഫിയായില്ല എങ്കിൽ അവൻ തെമ്മാടിയായി.രണ്ടും ഒരുമിച്ച് കൂട്ടിയവൻ യാഥാർത്ഥ്യം എത്തിച്ചവനായി

ഈ വചനം ഇമാം സറൂഖ് (റ) എടുത്തുദ്ധരിച്ചതിന് ശേഷം പറയുന്നു

ഇമാം മാലിക് (റ) ൻ്റെ ഈ വാക്യങ്ങളിൽ നിന്ന് മഹാൻ സ്വൂഫിയായിരുന്നു എന്ന് ബോധ്യമായി.കാരണം സ്വൂഫിയായിരുന്നില്ലെങ്കിൽ മഹാനവകളുടെ പ്രവർത്തനത്തിനെതിരെപ്രസ്താവന നടത്തിയതായി വരും.

ഇമാം അബൂഹനീഫ (റ)

ഇമാമുൽ അഅളം അബൂഹനീഫ (റ) സ്വൂഫികളെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. സ്വൂഫികളുടെ സദസ്സുകളിൽ സംഭവിക്കാനുള്ള പ്രകടനങ്ങളിൽ ചിലതിൻ്റെ ഇസ് ലാമികമാനം ചോദിച്ചപ്പോൾ മഹാൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു:

 അല്ലാഹുവിന് ചില ദാസൻമാരുണ്ട്. അവർ തങ്ങളുടെ ദഫ്ഫുകളെ കൊണ്ടും കുഴലുകളെ കൊണ്ടും സ്വർഗത്തിൽ കടക്കുന്നവരാണ്

 (തുഹ്ഫത്തു അഹ് ലിൽ ഫുതൂഹാത്തി വൽ അദ് വാഖ് )

അബൂഹനീഫ (റ) സ്വൂഫികളെ വിമർശിക്കാൻ തുനിഞ്ഞിരുന്നില്ലെന്നും അവരിൽ നിന്നുണ്ടാകുന്ന പ്രവർത്തനങ്ങളെ ഇസ് ലാമിക വിരുദ്ധമല്ലാത്ത രീതിയിൽ വ്യാഖ്യാനിക്കുന്നവരും മറ്റുള്ളവരെ വ്യാഖ്യാനിക്കണമെന്ന് പഠിപ്പിക്കുന്നവരുമായിരുന്നു എന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.

കർമ്മ ശാസ്ത്ര പണ്ഡിതനായി അറിയപ്പെട്ട അബൂഹനീഫ (റ) സ്വൂഫിവര്യനായ ഇമാം അത്വാഉ (റ)ൻ്റെ പിറകെ നടന്നത് കൗതുകമായി തോന്നേണ്ട കാര്യമില്ല. കാരണം സ്വൂഫികളോടുള്ള സാമീപ്യം അനന്തമായ ആത്മജ്ഞാനത്തിൻ്റെ നിദാനമാണ്. മാത്രമല്ല, അബൂഹനീഫ (റ) അവസാന വർഷങ്ങളിൽ ജഅഫറുസ്സ്വാദിഖ് (റ) എന്ന സയ്യിദായ മഹാനുമായി ബന്ധപ്പെട്ട് സ്വൂഫി മാർഗ്ഗത്തിൽ പ്രവേശിച്ചു

.രണ്ട് വർഷത്തെ ആ ജീവിതത്തെ കുറിച്ച് ഇമാം അവർകളുടെ പ്രസ്ഥാവന ആധുനിക പണ്ഡിതരുടെ കണ്ണ് തുറപ്പിച്ചിരുന്നുവെങ്കിൽ!
മഹാനവർകൾ പറഞ്ഞു: എൻ്റെ ആരണ്ട് വർഷം ഇല്ലായിരുന്നുവെങ്കിൽ അബൂഹനീഫ നശിച്ചുപോകുമായിരുന്നു.

എത്ര വലിയ പണ്ഡിത കേസരികളാണങ്കിലും സ്വൂഫി സാന്നിദ്ധ്യം അനിവാര്യമാണന്ന് അടയാളപ്പെടുത്തുകയാണിവിടെ.....

ത്വരീഖത്ത് അവജ്ഞയോടെ കാണുന്ന ചില കർമ്മശാസ്ത്ര പണ്ഡിതരുള്ള ഈ കാലഘട്ടത്തിൽ ലോകപ്രശസ്ത കർമ്മശാസ്ത്ര പണ്ഡിതരായിരിക്കെ തന്നെ അബൂ ഹനീഫ (റ) സ്വൂഫികളുടെ ശൈഖ് കൂടിയായിരുന്നു എന്നത് അവിടുത്തെ ത്വരീഖത്തിൻ്റെ സിൽസില നോക്കിയാൽ കാണാം..

(ഹനഫി കർമ്മ ശാസ്ത്ര പണ്ഡിതൻ ഇമാം ഹസ്ഫഖി (റ) ആസിൽസില ഉദ്ധരിക്കുന്നുണ്ട് )

അതോടൊപ്പം ഒരു കർമ്മ ശാസ്ത്ര പണ്ഡിതൻ സ്വൂഫി കൂടിയായിരിക്കണം എന്ന ബോധ്യപ്പെടുത്തലും അവരിൽ നിന്ന് ദീൻ പഠിച്ചാലേ പരിപൂർണ്ണമാവുകയൊള്ളൂ എന്ന അടയാളപ്പെടുത്തലുമാണ് അബൂഹനീഫ (റ) പ്രവർത്തിപഥത്തിൽ കാണിച്ചു തരുന്നത്

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

[ തുടരും... ]

Friday, August 7, 2020

സ്വൂഫികളുടെ ദിക്റ്

സ്വൂഫികളുടെ ദിക്റ്


ഏറ്റവും ഉന്നതമായ ആരാധനകളിൽ ഒന്നാണ് ദിക്റ്. അല്ലാഹു വിൻ്റെ സ്മരണയിൽ അഥവാ അവന്റെ ദിക്റിൽ മുഴുകുന്ന ഒരു വ്യക്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടില്ലെങ്കിലും പ്രാർത്ഥിക്കുന്നവർക്ക് കൊടുക്കുന്നവയിൽ വെച്ച് ഏറ്റവും സ്രേഷ്ടമായത് അല്ലാഹു നൽകും.

അല്ലാഹുവിന്റെ ദിക്റിനെ സംബദ്ധിച്ച് ഇമാം ഗസ്സാലി (റ) പറയുന്നു. ദിക്റിന് മൂന്ന് തൊലികളും ഒരു കാമ്പുമാണു മുള്ളത്.
1- നാവ് കൊണ്ട് മാത്രമുള്ള ദിക്റ്
2- ഖൽബ് കൊണ്ടുള്ള ദിക്റ്
3 ഖൽബിൽ സ്ഥിരമാകുന്ന അവസ്ഥയിലുള്ള ദിക്റ്

നാം ശ്രമിക്കാതെ തന്നെ ഖൽബിൽ ദിക്റുള്ളത് നമുക്കറിയാൻ കഴിയും. അതായത് ആ ദിക്റ് പോകണമെങ്കിൽ നാം ശ്രമിക്കണം. അല്ലാഹ് എന്ന ദിക്റ് ഖൽബിൽ സ്ഥിരമായവരാണവർ.

മറ്റ് പ്രവർത്തനങ്ങളിലും സംസാരങ്ങളിലും മുഴുകുമ്പോഴും ഈ ദിക്റ് അവരുടെ ഹൃദയത്തിൽ നിന്ന് ഒഴിഞ്ഞ് പോവുകയില്ല. അവരെപ്പോഴും ദിക്റിൽ തന്നെയായിരിക്കും. കച്ചവടമോ മറ്റ് ക്രയവിക്രയമോ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് തിരിച്ച് വിടാത്ത മഹാൻമാരെ സംബന്ധിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്.

ഇതാണ് മൂന്നാമത്തെ അവസ്ഥയിലുള്ള ദിക്റ് . ഇതിന്റെയല്ലാം മുകളിലാണ് കാമ്പായി നിലകൊള്ളുന്ന നാലാമത്തെ അവസ്ഥ. ഈ ഉന്നതാവസ്ഥയിലുള്ളവർക്ക് ഓർക്കൽ ( ദിക്റ് ) ആവശ്യമില്ല .കാരണം മറന്നവനേയല്ലേ ഓർക്കേണ്ടിവരിക.

അത് കൊണ്ടാണ് സ്വൂഫിവര്യനായ അബൂ യസീദുൽ ബിസ്ത്വാമി (റ) പറഞ്ഞത്: "ഞാനെന്റെ റബ്ബിനെ സ്മരിച്ചു ഓർത്തു എന്ന് പറയുന്നതിനെ സംബദ്ധിച്ച് എനിക്ക് അത്ഭുതം തോന്നുകയാണ് അല്ലാഹുവിനെ എങ്ങനെ മറക്കാൻ കഴിയും. മറന്നാലല്ലേ ഓർത്തു എന്ന് പറയുക"
"പ്രേമത്തിന്റെ മദ്യ ചശകങ്ങൾ ഓരോന്നായി ഞാൻ കുടിച്ച് വറ്റിച്ചു. പക്ഷെ എന്റെ ദാഹം തീർന്നതുമില്ല പ്രേമസാഗരം വറ്റിയതുമില്ല"

ശൈഖ് സംനൂൻ (റ) പറയുന്നു:

 സ്മരിക്കപ്പെടുന്ന (മദ്കൂർ ) അല്ലാഹുവിൽ ലയിച്ചത് കാരണം എല്ലാ വസ്തുക്കളെയും മറക്കലാണ് യഥാർത്ഥ ദിക്റ് . അപ്പോൾ അവന്റെ എല്ലാ സമയവും ദിക്റായി മാറും....

ശൈഖ് ഇമാം വാസിത്വി (റ) പറയുന്നു : ദിക്റിനെ തന്നെ മറന്ന് ദിക്റിൽ നിന്ന് പിന്തിരിയലും ഓർക്കപ്പെടുന്ന അല്ലാഹുവിനെ കൊണ്ടു നിലനിന്ന് അവനിൽ ലയിക്കലുമാണ് യഥാർത്ഥ ദിക്റ്.

മദ്കൂറായ അല്ലാഹുവിൽ ലയിച്ച ഒരു സ്വൂഫി വര്യന് അല്ലാഹുവിനെ ഓർക്കേണ്ട ആവശ്യം വരുന്നില്ല. പിന്നെ അവൻ ദിക്റ് ചൊല്ലുന്നത് അവന്റെ സ്ഥാനം എത്താത്തവർക്ക് മാതൃകയാവാനും അവരെ പഠിപ്പിക്കാനുമാണ്.

ഇബ്നു അറബി (റ) അടക്കമുള്ള സ്വൂഫികൾ പറഞ്ഞതായി കാണാം..

"അല്ലാഹുവിനെ ഓർക്കൽ കാരണമായി ദോഷങ്ങൾ അധികരിക്കുകയും ഹൃദയങ്ങൾക്കും ഉൾക്കാഴ്ച്ചകൾക്കും മങ്ങലേൽക്കുകയും ചെയ്യും"

അല്ലാഹുവിനെ ഓർക്കൽ അത്ഭുതകരമായി കാണുന്ന സ്വൂഫികളെ സംബന്ധിച്ചാണ് ഈ വരികൾ ഉണർത്തുന്നത്. അല്ലാഹുവിൽ ലയിച്ച സ്വൂഫികൾ മുശാഹദ (അവനും അല്ലാഹുവും പരസ്പരം ദർശിക്കൽ)യിലായി കഴിയുന്ന അവസ്ഥയിൽ നിന്ന് അല്ലാഹുവിനെ ഓർക്കുക എന്ന താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങി വരൽ ഏറ്റവും വലിയി നഷ്ടമാണ് (സ്വൂഫികളുടെ കാഴ്ച്ചപ്പാടിൽ)*

ഇമാം അൽ ഖുത്വ് ബുശ്ശഅറാനി (റ) പറയുന്നു:*മുശാഹദ എന്ന അവസ്ഥ കരസ്ഥമാക്കിയാൽ ദിക്റിന്ന് പ്രസക്തിയില്ല.

ശേഷം മഹാനവർകൾ ഇതിനെ വിശദീകരിക്കുന്നു: അല്ലാഹുവിനോടൊപ്പം ഹൃദയത്തിൽ അവൻ്റെ സാന്നിദ്ധ്യം നിലനിർത്താനാണ് ദിക്റ് മത നിയമമാക്കപ്പെട്ടത്. ഒരു മുരീദ് ഈ പ്രബഞ്ചത്തിലെ ഏതങ്കിലും ഒരു വസ്തുവിൻ്റെ ചിന്തയിൽ ലയിച്ചവനാണങ്കിൽ അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിച്ചവനല്ല. അഥവാ അവൻ്റെ ഖൽബിൽ അല്ലാഹുവിന് പകരം ആ വസ്തുവും ചിന്തയുമാണ്.

അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിക്കുകയും അല്ലാഹുവിനോടൊപ്പം ഹൃദയ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്താൽ ദിക്റ് ഉരുവിടുന്നതിൽ പ്രസക്തിയില്ല. ഈ അവസ്ഥയിൽ അല്ലാഹുവിനെ ദിക്റ് ചൊല്ലണം എന്ന് ഉദ്ദേശിച്ചാൽപോലും അവനത് സാധിക്കുകയില്ല. അവൻ നിശബ്ദനായി പോകും.... അല്ലാഹുവിനോടൊപ്പം നിൽക്കുമ്പോഴുണ്ടാകുന്ന ഗംഭീര്യതയും ഗൗരവവുമാണതിന് കാരണം.

ഈ അവസ്ഥയിൽ അവൻ ദിക്റ് ചൊല്ലിയാൽ ദോശങ്ങൾ അധികരിക്കുകയും ഉൾക്കാഴ്ചകൾ നഷ്ടപ്പെട്ട് ഹൃദയങ്ങൾക്ക് മങ്ങലേൽക്കുന്നതുമാണ്.കാരണം മുശാഹ എന്ന ഉന്നതമായ അവസ്ഥ ലഭിച്ചതിന് ശേഷം ദിക്റിന് പ്രസക്തിയില്ല. അപ്പോൾ ഏതെങ്കിലും ഒരു ശൈഖ് ദിക്റ്  ചൊല്ലാതിരിക്കുന്നതായി കണ്ടാൽ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച് അവർ ചൊല്ലുന്നുണ്ടങ്കിൽ അത് മുരീദുകളെ പഠിപ്പിക്കാനും മാതൃക കാണിക്കാനും വേണ്ടിയാണന്ന് നാം മനസ്സിലാക്കണം....

അത് കൊണ്ടാണ് ദിക്റിൻ്റെ ഉന്നതമായ ഈ അവസ്ഥ ലഭിച്ച സ്വൂഫികൾ പറയുന്നത്: മുശാഹദ എന്ന അവസ്ഥ കൈവരിച്ചതിന് ശേഷം ദിക്റിന് പ്രസക്തിയില്ല.....

നാഥൻ അനുഗ്രഹിക്കട്ടെ....
ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി, എടക്കുളം