Monday, August 10, 2020

സ്വൂഫിസത്തിൻ്റെ വളർച്ച

‎‎         ☪️ സ്വൂഫി ധാര-06 ☪️


    സ്വൂഫിസ (തസ്വവ്വുഫ്) ത്തിൻ്റെ ഒന്നാം കാലഘട്ടമായി ഗണിക്കപ്പെടുന്നത് നബി(സ്വ)യുടെയും ഖുലഫാഉ റാഷിദീങ്ങളുടെയും സ്വഹാബത്തിൻ്റെയും കാലഘട്ടമായ ഉത്തമ കാലഘട്ടത്തെ തന്നെയാണ്. സ്വൂഫിസത്തിൻ്റെ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രകടമായിരുന്നതും ഇവരുടെയും താബിഉകളുടെയും തബ ഉത്താബിഉകളുടെയും കാലത്തായിരുന്നു...

    ഉമവിയ്യ ഭരണ കാലമായപ്പോഴേക്കും രാഷ്ട്രീയമായി ഭിന്നിക്കുകയും 'ആഭ്യന്തര കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

 തത്സമയം ബിദഈ പ്രസ്ഥാനങ്ങളായ ഖവാരിജ്, ശിഅ, മുഅതസിലത്ത് മുതലായവ ഉടലെടുക്കുകയും ചെയ്തപ്പോൾ സമൂഹം ആത്മീയമായി തകരാൻ തുടങ്ങി....

ഈ സമയത്ത് കൂടുതലായി ആരാധനയിലും പ്രബഞ്ച ത്യാഗത്തിലും ഇഖ്ലാസിലും കഴിഞ്ഞുകൂടിയവർ "സ്വൂഫികൾ '' എന്ന് അറിയപ്പെടാൻ തുടങ്ങി... കാലഘട്ടത്തിൻ്റെ നിയോഗമെന്നോണം ഉമവിയ്യ ഭരണകാലത്ത് തസ്വവ്വുഫ് എന്ന ശാഖ വളർന്നു വികസിക്കുകയും അബ്ബാസിയ്യ ഭരണകാലത്ത് ഉന്നതിയിലേക്ക് എത്തുകയും ചെയ്തു...

ഹിജ്റ മൂന്നാം നൂറ്റിണ്ടിൻ്റെ മധ്യത്തോടെ അക്കാലത്തെ ആത്മീയച്യുതികൾക്കെതിരെ പോരാടി ജനങ്ങളിൽ ആത്മീയ ഉണർവ്വ് സൃഷ്ടിക്കുന്നതിന് തങ്ങളുടെ തായ പ്രത്യേക മുറകളും ശൈലികളും ആവിഷ്ക്കരിച്ചവരാണ് അബൂ യസീദുൽ ബിസ്ത്വാമി (റ) ജുനൈദുൽ ബഗ്ദാദി (റ) മഅറൂഫുൽഖർഖി (റ) ദുന്നൂ നുൽ മിസ്വ്രി (റ) മൻസൂർ ഹല്ലാജ് (റ), തുടങ്ങിയവർ...

ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി (റ) ഖുത്വുബുൽ അഖ്ത്വാബ് മുഹ് യിദ്ധീൻ ശൈഖ്(റ), ഇമാം രിഫാഈ, ശാദുലി (റ) തുടങ്ങിയവർ തസ്വവ്വുഫിൻ്റെ ക്രോഡീകരണത്തിനും വളർച്ചക്കും നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്...

സ്വൂഫിസത്തിന് വ്യവസ്ഥാപിതമായ രൂപവും ഭാവവും വന്നു... സ്വൂഫിസത്തിലേക്ക് ജനം കൂടുതൽ ആകൃഷ്ടരായി. ആത്മീയ ഗുരുക്കളെ തേടി ജനം നാനാഭാഗങ്ങളിലേക്കും യാത്രകൾ തുടങ്ങി. അറബ് മേഖലകളിൽ സ്വൂഫികൾ താവളം ഉറപ്പിച്ചിരുന്ന കേന്ദ്രങ്ങൾ  "രിബാത്ത്, ഖാൻ ഖാഹ്, മഹ്ളറ, തഖിയ്യ എന്ന പേരുകളിൽ അറിയപ്പെട്ടു...

ഇവിടെയെല്ലാം ഒരു ഗുരുവിൻ്റെ കീഴിൽ നിബന്ധനകൾക്ക് വിധേയനായി പരിശീലനം നേടുന്ന മുരീദൻമാരുടെ സംഘങ്ങൾ ഉണ്ടായി.

തലമുറകളായി കണ്ണിയറ്റു പോവാതെ ഒരു ഗുരു (ശൈഖ് ) വിൽ നിന്ന് മറ്റൊരു ഗുരുവിലേക്ക് സിൽസിലകളായി സ്വൂഫിസം ( ത്വരീഖത്ത്) വ്യവസ്ഥാപിതമായി തുടർന്നു പോന്നു. ത്വരീഖത്തുകൾ വ്യവസ്ഥാപിതമായതോടെ ശരീഅത്ത് ഭദ്രമാവുകയും ജനങ്ങൾ ആത്മീയമായി ഉണരുകയും ചെയ്തു.

സ്വൂഫിസത്തിലൂടെ വിവിധ ഘട്ടങ്ങൾ തരണം ചെയ്ത മാർഗദർശിയായ ഗുരുവിൻ്റെ നേതൃത്വം സ്വീകരിച്ച് അതേ മാർഗത്തിൽചലിക്കാനുള്ള തയ്യാറെടുപ്പുമായി മുരീദൻമാർ സഞ്ചരിച്ചു.അങ്ങനെ നഫ്സിൻ്റെ ദൂഷ്യങ്ങളിൽ നിന്നും മോചിതനായി സംശുദ്ധമായ ഹൃദയത്തോടെ'അല്ലാഹു വിൻ്റെ സാമീപ്യം കരസ്ഥമാക്കുന്നവരായി. ഗുരുവിൻ്റെ നേതൃത്വമില്ലാതെ ഈ പ്രത്യേക അനുഭൂതി കരസ്ഥമാക്കൽ ദുഷ്കരമാണന്നതിൽ സംശയമില്ല.മാത്രമല്ല പൈശാചികതയിലേക്ക് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്....

ഇന്ന് സ്വൂഫിസത്തെ സംഗീതത്തിലും പാട്ട് കച്ചേരികളികളിലും ഒതുക്കിയവർ നിരവധിയുണ്ട്.. അതിലൂടെയുള്ള ആനന്ദം മാത്രം സ്വൂഫിസത്തിൻ്റെ യഥാർത്ഥ ലക്ഷ്യമല്ല.. സ്വൂഫിസം ഒരു ഗുരുവിൻ്റെ മുന്നിൽ തന്നെത്തന്നെ മറന്ന് അവരിൽ ലയിക്കുമ്പോൾ ലഭിക്കുന്ന അനിർവചനീയ അനുഭൂതിയാണ്... ഗുരുവിലുള്ള ഫനാ ആണ് സ്വൂഫിസത്തിൻ്റെ ആദ്യഘട്ടം....

ആ ഫനാ നാവിട്ടടിക്കൽ കൊണ്ടോ കോലിട്ടടിക്കൽ കൊണ്ടോ കിട്ടുന്ന ഒന്നല്ല... കുറെ സാഹിത്യം നിറഞ്ഞ വാക്കുകൾ അല്ലാഹുവിലക്ക് ചേർത്ത് പറഞ് എന്തോ ഒരു വലിയ ആനക്കാര്യമായി അവതരിപ്പിക്കുന്നതുമല്ല സ്വൂഫിസം.....

തന്നെ മറന്ന് തൻ്റെ ആത്മീയ ഗുരുവിൻ്റെ യാഥാർഥ്യം മനസ്സിലാക്കുമ്പോൾ ഗുരുവിൽ വെളിവായി നിൽക്കുന്ന ദൈവരഹസ്യങ്ങൾ തൻ്റെ ഹൃദയത്തിലേക്ക് പാസ്സ് ചെയ്യുമ്പോഴുണ്ടാകുന്ന അനുഭൂതിയുടെ ലോകമാണ് സ്വൂഫിസം....

നാഥൻ യഥാർത്ഥ സ്വൂഫിസം മനസ്സിലാക്കി ഗുരുവിൽ ലയിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...

തയ്യാറാക്കിയത് :  ഹസൻ ഇർഫാനി എടക്കുളം



No comments:

Post a Comment