Wednesday, August 12, 2020

പ്രവാചകന്മാരെ നിയോഗിക്കൽ, വാജിബാത്ത് മാല വിശദീകരണം -107


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :

 വാജിബാത്ത് മാല-107 



 
""ചരാചരം സകലത്തിൽ വ്യാപിത്ത് സദാകാലം

സ്വമദെന്നെ ഇസ്മോടെ നിലക്കുന്നോനാം ദീർഘ

ദർശികൾ അടങ്കലയ് അയക്കുന്നോനാം"")

അസ്വ് ല് ഒമ്പത്:

പ്രവാചകന്മാരെ നിയോഗിക്കൽ [ തുടർച്ച ]

അല്ലാഹു അമ്പിയാക്കളെ നിയോഗിക്കുന്നത് സംബന്ധിച്ച് വിഭിന്ന വീക്ഷണങ്ങളുണ്ട്. തെറ്റായ വീക്ഷണങ്ങളെ തള്ളുകയാണ് ഈ അസ്വ് ല് വിവരിക്കുന്നതിലൂടെ. അമ്പിയാക്കളെ അയക്കൽ അല്ലാഹുവിന് അനുവദനീയമാണെന്നും അയച്ചിട്ടുണ്ടെന്നും വിശ്വസിക്കലാണ് ശരിയായ വീക്ഷണം. ഇതിനെതിരായി പ്രധാനമായും രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. ഒന്ന് മുഅ്തസിലത്തിന്റെയും ഫലാസിഫത്തിന്റെയും വാദമാണ്. അവരുടെ വാദം മുർസലുകളെ നിയോഗിക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്നാണ്. നിർബന്ധമാണെന്നതിൽ രണ്ട് വിഭാഗവും യോജിക്കുന്നുവെങ്കിലും ഫലാസിഫത്ത് ഒരുപടി കൂടി കടന്ന് അല്ലാഹുവിന് ഒഴിവാക്കാൻ പറ്റാത്ത നിർബന്ധമെന്ന് വാദിച്ചു. അവർ പറയുന്നു: അല്ലാഹുവിന്റെ വുജൂദിനാൽ ലോകം ഉണ്ടാകൽ നിർബന്ധമാകുന്നു. ലോകം ഉണ്ടാകുന്നതിനാൽ അതിനെ നന്നാക്കുന്നവർ ഉണ്ടാകൽ നിർബന്ധമാകുന്നു. അതിന് മുർസലുകളെ അയക്കൽ അല്ലാഹുവിന് നിർബന്ധമായിത്തീർന്നു. ഇത് ശരിയായ വാദമല്ലെന്ന് വളരെ വ്യക്തമാണ്. കാരണം അല്ലാഹു സ്വയേഷ്ടം പ്രവർത്തിക്കുന്നവനാണ്. നിർബന്ധിതമായി പ്രവർത്തിക്കുന്നവനല്ല.
 
മനുഷ്യർക്ക് ഉത്തമമായത് ചെയ്യൽ അല്ലാഹുവിന് നിർബന്ധമാണെന്ന തത്വപ്രകാരമാണ് മുഅ്തസിലത്തിന്റെ വാദം വരുന്നത്. ഭൗതിക പാരത്രിക വിഷയങ്ങളിൽ സകല മനുഷ്യവിഭാഗത്തെയും നന്മയിലേക്ക് ചേർക്കുന്ന സംവിധാനം മുർസലുകളെ നിയോഗിക്കൽ കൊണ്ടേ പൂർത്തിയാകൂ. അതിനാൽ മുർസലുകളെ അയക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണ്. ഈ വാദവും ശരിയല്ല. കാരണം അല്ലാഹുവിന് നിർബന്ധമായി യാതൊന്നുമില്ല. ഈ വാദത്തിന്റെ നിരർത്ഥകത ഏഴാം അസ്വ് ലിൽ മുമ്പ് സമർത്ഥിച്ചിട്ടുണ്ട്.
 
ഈ വിഷയത്തിലുള്ള രണ്ടാമത്തെ വാദം സുമനിയ്യ, ബറാഹിമത്ത് തുടങ്ങിയവരുടെതാണ് (ഇന്ത്യയിലെ സോമനാഥ് എന്ന ഗ്രാമത്തിലേക്ക് ചേർത്തിയാണ് സുമനിയ്യ എന്ന് പറയപ്പെടുന്നത്. സുമനിയ്യാക്കൾ വിഗ്രഹാരാധകരാണ്. ബറാഹിമത്തും ഇന്ത്യക്കാരിൽ പെട്ട അവിശ്വാസികളാണ്). ഇവരുടെ നേതാവ് ബർഹമൻ അല്ലെങ്കിൽ ബർഹാം എന്നതിലേക്ക് ചേർത്താണ് ബറാഹിമഃ എന്ന് പറയപ്പെടുന്നത്. അല്ലാഹു മുർസലുകളെ നിയോഗിക്കൽ അസംഭവ്യമാണെന്ന് ഇവർ വാദിക്കുന്നു. അവർ പറഞ്ഞു: ഹിക്മത്തുള്ളവനോട് യോജിച്ചതല്ല ഇത്. മുർസലുകളെ അയക്കൽ പാഴ്വേലയാണ്. കാരണം ബുദ്ധിയുള്ളപ്പോൾ മുർസലുകളുടെ ആവശ്യമില്ല. ബുദ്ധി ഒരു കാര്യം നല്ലതാണെന്ന് മനസ്സിലാക്കിയാൽ മുർസലുകൾ പറഞ്ഞില്ലെങ്കിലും അത് ചെയ്തിരിക്കും. ഇനി ഒരു കാര്യം ബുദ്ധിക്ക് മോശമായി തോന്നിയാൽ മുർസലുകൾ വിരോധിച്ചില്ലെങ്കിലും അത് ഒഴിവാക്കുകയും ചെയ്യും. ഇനി ഒരു കാര്യം ബുദ്ധിയുടെ അടുക്കൽ നല്ലതുമല്ല മോശവുമല്ലായെങ്കിൽ ആവശ്യം വന്നാൽ അത് പ്രവർത്തിക്കും, ആവശ്യമില്ലെങ്കിൽ ഒഴിവാക്കും. ചുരുക്കത്തിൽ ബുദ്ധിയുള്ളപ്പോൾ മുർസലുകളുടെ ആവശ്യമില്ല. അതിനാൽ മുർസലുകളെ അയക്കൽ മുഹാലാണെന്ന് ഇവർ വാദിക്കുന്നു. ഇവർക്ക് ഖണ്ഡനമായി ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി. അമ്പിയാക്കളെ നിയോഗിക്കൽ മുഹാലല്ല. കാരണം പാരത്രികത്തിൽ രക്ഷ നൽകുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ ബുദ്ധിക്ക് സാധ്യമല്ല. ആരോഗ്യം പ്രദാനം ചെയ്യുന്ന ഔഷധങ്ങൾ ബുദ്ധി എത്തിക്കാത്തത് പോലെ. അപ്പോൾ സൃഷ്ടികൾക്ക് വൈദ്യനെ കൊള്ളെയുള്ള ആവശ്യം പോലെയാണ് അവർക്ക് അമ്പിയാക്കളിലേക്കുള്ള ആവശ്യവും. എങ്കിലും വൈദ്യന്റെ സത്യസന്ധത ശരിയായ അനുഭവത്തിലൂടെ അറിയുമ്പോൾ അമ്പിയാക്കളുടെ സത്യസന്ധത അവരുടെ മുഅ്ജിസത്ത് കൊണ്ട് അറിയപ്പെടുന്നു. അമ്പിയാക്കളെ നിയോഗിക്കുന്നതിനാലുളള ഫലം മനസ്സിലാക്കാൻ ഈ വാചകങ്ങൾ ധാരാളം മതിയാകുന്നതാണ്.
ഹാജിബിയ്യായുടെ വ്യാഖ്യാനത്തിൽ കാണാം: അമ്പിയാക്കളെ നിയോഗിക്കൽ ബുദ്ധിപരമായി അനുവദനീയവും നിയോഗം സംഭവിച്ചുവെന്നത് ഖണ്ഡിതവുമാണെന്ന് അഹ് ലുസ്സുന്നത്ത് ഏകോപിച്ചിരിക്കുന്നു. മുർസലുകളെ നിയോഗിക്കൽ അല്ലാഹുവിന് നിർബന്ധമില്ല. അത് അവന്റെ തനിച്ച ഔദാര്യമാണ്. അവന്റെ മേൽ മുഹാലല്ല, അനുവദനീയമാണ്. അല്ലാഹു മുർസലുകളെ അയച്ചുവെന്ന് വിശ്വസിക്കൽ നിർബന്ധവുമാണ്. ഇതാണ് യഥാർത്ഥ വീക്ഷണവും വിശ്വാസവും. പ്രാമാണിക പിന്തുണ ഇതിനാണ്. അതാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വിന്റെ ഒമ്പതാം അസ്വ് ലിൽ വന്ദ്യരായ പിതാവ് (റ) നമ്മെ പഠിപ്പിക്കുന്നത്.


(തുടരും.)

No comments:

Post a Comment