Monday, August 10, 2020

ബൈഅത്തും ഇനങ്ങളും

‎‎         ☪️ സ്വൂഫി ധാര-05 ☪️

ബൈഅത്ത് എന്നാൽ ഉടമ്പടി എന്നാണതിൻ്റെ ഭാഷാർത്ഥം. ഉടമ്പടി എന്ന് പറയുന്നത് രണ്ട് കക്ഷികൾ തമ്മിൽ ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് പരസ്പര സമ്മതത്തോടെ ചെയ്യുന്ന പ്രതിജ്ഞയാണ്.

തൻ്റെ ആത്മീയ പുരോഗതിക്ക് തടസ്സമാകുന്ന കാര്യങ്ങളെയും നഫ്സിൻ്റെ ആപത്തുകളെയും കാണിച്ചുതരുന്ന ഒരു ആത്മീയ ഗുരുവിനെ വിധികർത്താവാക്കലാണ് സ്വൂഫികളുടെ അടുക്കൽ ബൈഅത്ത്.അന്ത്യനാൾ വരെ ഒഴിയുകയില്ലെന്ന വ്യവസ്ഥയാൽ സുശക്തമായ പാശവുമായുള്ള ബന്ധമാണ് ബൈഅത്ത്.

അഹ്ദ് (عهد) സുലൂക്, ത്വരീഖത്ത്, തൽഖീനുദ്ദിക്ർ, തൗബ എന്നിങ്ങനെ വ്യത്യസ്ത പേരുകൾ ബൈഅത്തിന് സ്വൂഫിലോകം പ്രയോഗിച്ചിട്ടുണ്ട്.

ഒരു വ്യക്തി ഒരു ശൈഖിനെ ബൈഅത്ത് ചെയ്യുമ്പോൾ അദ്ദേഹവുമായുള്ള സഹവാസത്തിന് വഴി ഒരുങ്ങുന്നു. ചാരിയാൽ ചാരിയത് മണക്കുമെന്നല്ലേ ചൊല്ല്? സഹവസിക്കപ്പെടുന്നവൻ്റെ സ്വഭാവം സഹവസിക്കുന്നവനിലേക്ക് പകരും. അതു കൊണ്ട് തന്നെ മഹാരഥൻമാർ പഠിപ്പിക്കുന്നു: "വിജയിച്ചവരോടുള്ള സഹവാസം കൊണ്ട് മാത്രമേ വിജയം കണ്ടവർ വിജയിച്ചിട്ടുള്ളൂ"

പുണ്യ നബി(സ) തങ്ങൾ പറയുന്നു: "നിങ്ങൾ വീട് വാങ്ങുന്നതിന് മുമ്പ് അയൽവാസിയെ കുറിച്ച് അന്വോഷിക്കുക. വഴിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരനെ അന്വേഷിക്കുക"

ഈ ഹദീസിൽ വഴിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരനെ അന്വേഷിക്കുക എന്നത് കൊണ്ട് ഉദ്ദേശം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു ശൈഖിനെ തേടണം എന്നാണന്ന് സ്വൂഫികൾ അഭിപ്രായപ്പെട്ടതായി ഇമാം മുനാവി(റ) വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ അല്ലാഹുവിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവന് ബൈഅത്തും സഹവാസവും നിർബന്ധമാണ്.

ഇനങ്ങൾ

ബഹുമാനപ്പെട്ട ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ് ലവി (റ) അദ്ദേഹത്തിൻ്റെ ഖൗലുൽ ജമീൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: സ്വൂഫികളുടെ ഇടയിലുള്ള ബൈഅത്ത് പല രൂപങ്ങളിലാണ്.

1- പാപങ്ങളിൽ നിന്നും തൗബ കൊണ്ടുള്ള ഉടമ്പടി..

2-സ്വാലിഹീങ്ങളുടെ പരമ്പരയിൽ കടക്കുന്നതിൻ്റെ ബറകത്ത് ലഭിക്കുവാൻ വേണ്ടി ചെയ്യുന്ന ബൈഅത്ത്. ഇത് ഹദീസ് ഉദ്ദരിക്കുന്നതിനുള്ള പരമ്പരയുടെ സ്ഥാനത്താണ്. അപ്പോൾ തീർച്ചയായും അതിൽ ബറകത്ത് ഉള്ളത് തന്നെ...

3-ബാഹ്യവും ആന്തരീകവുമായി അല്ലാഹുവിൻ്റെ വിധി വിലക്കുകൾ അനുസരിക്കുന്നതിന് വേണ്ടി ഹൃദയം അല്ലാഹുവുമായി ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഉറപ്പിക്കുവാനും വേണ്ടി നടത്തുന്ന ഉടമ്പടിയാകുന്നു. അതാണ് ബൈഅത്തിൻ്റെ അടിസ്ഥാനം...

ചെറിയവർ, വലിയവർ, പുരുഷൻമാർ, സ്ത്രീകൾ, എന്നിങ്ങനെ എല്ലാവരിൽ നിന്നും മുത്ത് നബി(സ) ബൈഅത്ത് സ്വീകരിച്ചിരുന്നു. ഈ പാത തന്നെയാണ് മഹത്തുക്കളായ സ്വൂഫികളും അനുവർത്തിച്ചു പോരുന്നത്.

ഈ ബൈഅത്തിന് ദീനിൻ്റെ പിൻബലമുണ്ടോ എന്ന് ചോദിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. കാരണം ഖുർആൻ, ഹദീസ്, പണ്ഡിത വചനങ്ങൾ നിരവധി കാണാം... നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

No comments:

Post a Comment