Thursday, August 13, 2020

അന്ത്യപ്രവാചകൻ

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
  വാജിബാത്ത് മാല -108
⊱⋅─────⊱◈◈◈⊰─────⋅⊰
 
""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം

അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ

തമ്മേ    അവസാന നബിയായിട്ട് അയക്കയ് ആമ്മായ്

ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്

ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്

ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")

അസ്വ് ല് പത്ത്:

അന്ത്യപ്രവാചകൻ

അറിയുക, ഇക്കുറിച്ചത് ഒമ്പതാം അസ്വ് ലാണ്. ഇനി പത്താം അസ്വ് ൽ കേൾക്കുക. തിരുത്വാഹാ മുഹമ്മദ് (സ്വ) തങ്ങളെ എല്ലാ സൃഷ്ടികളിലേക്കുംഅവസാന നബിയായി അല്ലാഹു അയച്ചിരിക്കുന്നു. മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബലപ്പെടുത്തി ഇസ് ലാം ദീനിനെ പുതുതാക്കി അല്ലാഹു വെളിപ്പെടുത്തുകയും ഏറ്റവും മഹത്വത്തോടെ തൗഹീദിന്റെ തിരി തെളിക്കുകയും ചെയ്തു.
 
വിശുദ്ധകലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഒമ്പതാം അസ്വ് ൽ പറഞ്ഞതിന് ശേഷം പത്താമത്തെ അസ്വ് ൽ പ്രതിപാദിക്കുകയാണിവിടെ. ശഫീഉൽ ഉമ്മഃ തിരുത്വാഹാ മുഹമ്മദ് (സ്വ) തങ്ങളെ അന്ത്യപ്രവാചകനായി സകല സൃഷ്ടികളിലേക്കും അല്ലാഹു അയച്ചുവെന്നും തൗഹീദിന്റെ പ്രോജ്ജ്വല പ്രഭയോടെ പുതുക്കിവെളിപ്പെടുത്തിയ ഇസ് ലാം മതം മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബ്ബലപ്പെടുത്തിയെന്നും അറിയലാണ് പത്താം അസ്വ് ല്.
 
തിരുനബി (സ്വ) : കുടുംബപരമ്പര

അബ്ദുല്ല, അബ്ദുൽമുത്ത്വലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുർറത്ത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ർ, മാലിക്, നള്വ്ർ, കിനാന, ഖുസൈമ, മുദ്രിക, ഇൽയാസ്, മുള്വർ, നിസാർ, മുഅദ്ദ്, അദ്നാൻ. ഇതാണ് പിതൃപരമ്പര. ഇസ്മാഈൽ നബിയുടെ സന്താന പരമ്പരയിൽ പെട്ടതാണ് അദ്നാൻ. മാതാവിന്റെ പരമ്പര ഇങ്ങനെ: ആമിന, വഹബ്, അബ്ദുമനാഫ്, സഹ്റ, കിലാബ്. കുടുംബപരമ്പരയിൽ മാതാവും പിതാവും കിലാബിൽ ഒരുമിക്കുന്നു.
 
തിരുനബി (സ്വ): ജനനം, വഫാത്ത്

ആനക്കലഹം നടന്ന് ഒരു മാസം കഴിഞ്ഞ് റബീഉൽ അവ്വൽ മാസം 12 തിങ്കളാഴ്ച ദിവസം മക്കയിലെ ശിഅ്ബ് അബീത്വാലിബിൽ ലോകാനുഗ്രഹി മുഹമ്മദ് മുസ്ഥഫാ (സ്വ) തങ്ങൾ ഭൂജാതരായി. പിതാവ് അബ്ദുല്ല (റ) നബി (സ്വ) തങ്ങളുടെ ഗർഭാവസ്ഥയിലും നബി (സ്വ) തങ്ങൾക്ക് ഏഴ് വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മാതാവ് ആമിന  ബീവി (റ) അബവാഅ് എന്ന സ്ഥലത്ത് വെച്ചും  ഇഹലോകവാസം വെടിഞ്ഞു. ശേഷം ഉപ്പാപ്പ അബ്ദുൽമുത്ത്വലിബിന്റെ സംരക്ഷണയിലും അദ്ദേഹത്തിന്റെ വിയോഗശേഷം പിതൃസഹോദരൻ അബൂത്വാലിബിന്റെ തണലിലുമാണ് തിരുദൂതർ വളർന്നത്. നാൽപതാം വയസ്സിൽ പ്രവാചകനായി നിയോഗിക്കപ്പെട്ട തിരുനബി (സ്വ) മക്കയിൽ 13 വർഷം ദൗത്യജീവിതം നയിച്ചു. ശേഷം മദീനയിലേക്ക് ഹിജ്റ പോകുകയും അവിടെ പത്ത് വർഷം താമസിക്കുകയും ചെയ്തു. 63-ാം വയസ്സിൽ ആഇശ ബീവി (റ) യുടെ വസതിയിൽ വെച്ച് അവിടുന്ന് വഫാത്തായി. അത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായിരുന്നു. ബുധനാഴ്ച മറവ് ചെയ്യപ്പെട്ടു.
 
തിരുനബി (സ്വ) യുടെ പ്രവാചകത്വം

ശർഹുൽ അഖാഇദിൽ പറയുന്നു: മുഹമ്മദ് നബി (സ്വ) യുടെ നുബുവ്വത്ത് വളരെ വ്യക്തമായതും സ്ഥിരപ്പെട്ടതുമാണ്. കാരണം നബി (സ്വ) തങ്ങൾ നുബുവ്വത്ത് വാദിക്കുകയും മുഅ്ജിസത്ത് പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. നുബുവ്വത്ത് വാദം അനിഷേധ്യമായി അറിയപ്പെട്ടതാണ്. മുഅ്ജിസത്ത് പ്രകടമാക്കൽ രണ്ട് രീതിയിൽ തെളിയപ്പെട്ടതാണ്. അതിലൊന്ന് അല്ലാഹുവിന്റെ കലാമായ ഖുർആൻ വെളിവാക്കുകയും സാഹിത്യത്തിന്റെ പരമോന്നതി പ്രാപിച്ച ജനതയോട് ഖുർആൻ കൊണ്ട് വെല്ലുവിളിക്കുകയും ചെയ്തു. സാഹിത്യസാമ്രാട്ടുകളായ അവർക്ക് ഖുർആനിലെ ഏറ്റവും ചെറിയ ഒരു അദ്ധ്യായത്തോട് കിട പിടിക്കുന്നത് പോലും കൊണ്ടുവരാൻ കഴിഞ്ഞില്ല. അക്ഷരങ്ങൾ കൊണ്ട് നേരിടാൻ സാധിക്കാതെ വന്ന അവർ വാള് കൊണ്ട് ഏറ്റുമുട്ടാനാണ് തുനിഞ്ഞത്. ഉത്തരം മുട്ടുമ്പോഴുള്ള താഴ്ന്ന നടപടി! ഖുർആനിന് സമാനമായത് പോയിട്ട് അതിനോടടുക്കുന്നത് പോലും കൊണ്ടു വരാൻ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും അവർക്ക് സാധിച്ചില്ല. സാഹിത്യനിപുണരുടെ ഈ അശക്തി ഖുർആൻ അല്ലാഹുവിൽ നിന്നാണെന്ന് അറിയിക്കുകയും അതുവഴി നബിയുടെ പ്രവാചകത്വവാദം സത്യമാണെന്ന് അറിയപ്പെടുകയും ചെയ്തു. രണ്ട് : നബിയുടെ അസാധാരണതകൾ നിഷേധിക്കാൻ പറ്റാത്ത രീതിയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചരിത്രഗ്രന്ഥങ്ങളിലും മറ്റും അവ വിശാലമായി പ്രതിപാദിക്കുന്നുണ്ട്.
 
ഉൾക്കാഴ്ചയുള്ളവർ തിരുനബി (സ്വ) യുടെ പ്രവാചകത്വത്തിന് രണ്ട് നിലക്ക് തെളിവ് പിടിക്കാറുണ്ട്. ഒന്ന് : നുബുവ്വത്തിന് മുമ്പും പ്രബോധന കാലത്തുമുള്ള നബി (സ്വ) യുടെ അവസ്ഥകൾ, മഹത്തരമായ സ്വഭാവങ്ങൾ, തത്വാധിഷ്ഠിത തീരുമാനങ്ങളും നിയമങ്ങളും, മുഴുസമയങ്ങളിലും അല്ലാഹുവിന്റെ സംരക്ഷണം കൊണ്ടുള്ള ഉറപ്പ്, ധീരർ പിന്മാറുന്നിടത്ത് നബി (സ്വ) തങ്ങൾ മുന്നിടൽ; തുടങ്ങി അനിഷേധ്യമായി സ്ഥിരപ്പെട്ട ഇത്തരം ഉന്നതമായ കാര്യങ്ങൾ ഒരു നബിയിൽ നിന്നല്ലാതെ ഉണ്ടാകൽ ബുദ്ധി സമ്മതിക്കുകയില്ല. അല്ലാഹുവിന്റെ മേൽ കളവ് പറയുമെന്ന് അവൻ അറിയുന്ന ഒരാളിൽ ഇത്തരം പരിപൂർണ്ണതകൾ സമ്മേളിപ്പിക്കലും ഇരുപത്തിമൂന്ന് വർഷം നിലനിർത്തലും മറ്റു മതങ്ങളേക്കാൾ അദ്ദേഹത്തിന്റെ മതത്തെ ഉയർത്തലും ശത്രുക്കൾക്കെതിരെ അല്ലാഹു സഹായിക്കലും മരണശേഷം ഖിയാമത്ത് നാൾ വരെ അദ്ദേഹത്തിന്റെ ചര്യകൾ ജീവിപ്പിക്കലും അസംഭവ്യമാണ്. ചുരുക്കത്തിൽ അമ്പിയാക്കളിലുണ്ടാകേണ്ട പൂർണ്ണതകൾ തിരുനബിയിൽ സമ്മേളിച്ചിരിക്കുന്നതിനാൽ അവിടുന്ന് പ്രവാചകനാണ്.
 
രണ്ട് : ഗ്രന്ഥവും അറിവുമില്ലാത്ത ജനതക്ക് മുമ്പിൽ തിരുനബി പ്രവാചകത്വം വാദിക്കുകയും അറിവും ഖുർആനാകുന്ന ഗ്രന്ഥവും വ്യക്തമാക്കി കൊടുക്കുകയുംചെയ്തു. നബി (സ്വ) തങ്ങൾ അവർക്ക് ചട്ടങ്ങളും നിയമങ്ങളും പഠിപ്പിച്ചു. ഹലാലും ഹറാമും വാജിബും സുന്നത്തുമെല്ലാം മനസ്സിലാക്കിക്കൊടുത്തു. ധർമ്മം, ലജ്ജ, അതിഥി സൽക്കാരം, കുടുംബബന്ധം ചേർക്കൽ തുടങ്ങി സൽസ്വഭാവങ്ങൾ പൂർത്തീകരിച്ച് കൊടുത്തു. വൈജ്ഞാനികവും കർമ്മപരവുമായി അവിടുന്ന് ജനതയെ സംസ്കരിച്ചു. ഈമാനും സൽകർമ്മങ്ങളും കൊണ്ട് തിരുനബി (സ്വ) ലോകത്തെ പ്രശോഭിതമാക്കി. മറ്റെല്ലാ മതങ്ങളേക്കാളും തിരുനബി (സ്വ) പ്രബോധനം ചെയ്ത വിശുദ്ധ ഇസ് ലാമിനെ അല്ലാഹു വളർത്തി, ഉയർത്തി. അത് അവൻ വാഗ്ദാനം ചെയ്തതുമാണ്. ചുരുക്കിപ്പറഞ്ഞാൽ നബി (സ്വ) തങ്ങളുടെ സംസ്കരണ പ്രബോധന പ്രവർത്തനം അമ്പിയാക്കൾ ചെയ്യുന്ന പ്രവർത്തനമാണ്. അതിനാൽ അവിടുന്ന് പ്രവാചകനാണ്. തിരുനബി (സ്വ) യുടെ കലാമും തങ്ങളുടെ മേൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധകലാമും തിരുനബി (സ്വ) അന്ത്യപ്രവാചകനാണെന്ന് അറിയിച്ചിരിക്കുന്നു. അതിനാൽ തിരുനബി (സ്വ) അന്ത്യപ്രവാചകനാണെന്ന് സ്ഥിരപ്പെട്ടു.

(തുടരും.)

No comments:

Post a Comment