Friday, August 21, 2020

സ്വൂഫികളുടെ നിസ്ക്കാരം

‎‎         സ്വൂഫി ധാര -11
സ്വൂഫികളുടെ നിസ്ക്കാരം
 
സദാ സമയങ്ങളിലും  ഇബാദത്തിലായി മാത്രം സമയം ചിലവഴിക്കുന്നവരാണ് മഹാൻമാരായ സൂഫിയാക്കൾ. നിസ്ക്കാരം അടക്കമുള്ള ആരാധനകളുടെ എല്ലാ നിബന്ധനകളും മേളിച്ച പൂർണ്ണമായ രൂപം അവരുടെ ജീവിതത്തിലാണ് നമുക്ക് കാണാൻ കഴിയുക.

മഹാനായ ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി (ഖ: സി) തങ്ങൾ പറയുന്നു

ഇസ്കന്തറിലെ കർമ്മ ശാസ്ത്ര പണ്ഡിതരും  ഖാളിയും ഒരിക്കൽ അഖ്ത്വാബുകളിൽ പ്രധാനിയായിരുന്ന അബുൽഹസനുശ്ശാദുലി (ഖ: സി) തങ്ങളെ പരീക്ഷിക്കാൻ വേണ്ടി ശൈഖവറുകളുടെ സമീപത്ത് വന്നു. പരീക്ഷിക്കാനാണ് അവർ വന്നത് എന്നറിഞ്ഞ ശൈഖവർകൾ അവരോട് ചോദിച്ചു. 'നിങ്ങൾ എപ്പോഴെങ്കിലും നിസ്ക്കരിച്ചിട്ടുണ്ടോ?'  ആ ചോദ്യം അവർക്ക് തീരേ പിടിച്ചില്ല. അതു കൊണ്ട് തന്നെ അവർ ശൈഖവറുകളോട് തിരിച്ചു ചോദിച്ചു. 'നിങ്ങൾ എന്താണീ ചോദിക്കുന്നത്?ഞങ്ങൾ എപ്പോഴെങ്കിലും നിസ്ക്കാരം ഒഴിവാക്കിയിട്ടുണ്ടോ?' ഉടനെ ശൈഖവർകൾ യഥാർത്ഥ നിസ്ക്കാരക്കാരെ കുറിച്ച് പറയുന്ന വിശുദ്ധ ഖുർആനിന്റെ ആയത്തുകൾ അവർക്ക് ഓതി കേൾപ്പിച്ചു..

('തീർച്ചയായും ക്ഷമ കുറഞ്ഞവനും ദുരാഗ്രഹങ്ങൾ കൂടിയവനുമായിട്ടാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്. വല്ല തിന്മയും പ്രയാസവും വന്നാൽ അവൻ അങ്ങേയറ്റം വിഷമം പ്രകടിപ്പിക്കുന്നവനും,  നന്മയും സന്തോഷവും എത്തിയാൽ അവൻ പിശുക്കനാവുന്നവനും ജനങ്ങളെ തൊട്ട് അത് തടയുന്നവനുമാണ് - നിത്യമാവുന്ന യഥാർത്ഥ നിസ്കാരം നിർവഹിക്കുന്നവർ ഒഴികെ.) 

ഈ ആയത്ത് ഓതിയിട്ട് ശൈഖവർകൾ അവരോട് ചോദിച്ചു. 'നിങ്ങൾക്ക് ഒരു പ്രയാസവും പ്രതിസന്ധിയും വന്നാൽ നിങ്ങൾ അതിൽ വിശമം പ്രകടിപ്പിക്കാത്തവർ ആണോ? നന്മ എത്തിച്ചാൽ നിങ്ങളത് ജനങ്ങൾക്ക് നൽകുന്നവരും അവരെ തൊട്ട് അത് തടയാത്തവരും ആണോ?

യഥാർത്ഥ നിസ്ക്കാരക്കാരാണെങ്കിൽ ഇങ്ങിനെ ആവണം!. പരീക്ഷിക്കാൻ വേണ്ടി വന്ന ഖാളിക്കും പണ്ഡിതർക്കും ഒന്നും പറയാനുണ്ടായില്ല. അവർ മൗനം പാലിച്ചു. മറുപടിയില്ലാത്ത അവരോട് ശൈഖവർകൾ പറഞ്ഞു. 'അപ്പോൾ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും നിസ്ക്കരിക്കാത്തവർ ആണ്!' (താജുൽ അറൂസ്).

ഏതല്ലാം പ്രതിസന്ധികൾ വന്നാലും ചിന്തയിൽ പോലും ഒരു വിശമവും വരാത്തവരാവണം നിസ്ക്കരിക്കുന്നവർ എന്ന് ഈ ആയത്തിൽ അല്ലാഹു പറയുന്നു. ആ സ്വാഭാവ ഗുണം സ്വൂഫികളിൽ മാത്രമാണ് പൂർണ്ണമായി ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ നിസ്ക്കരിക്കുന്നവർ എന്ന് പറയന്നുന്നത് ഈ സ്വഭാവം സിദ്ധിച്ച അല്ലാഹുവിന്റെ  സ്വൂഫികൾക്ക് മാത്രമാണ് എന്നാണ് അബുൽ ഹസനു ശാദുലി (ഖ: സി) തങ്ങൾ ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

ഈ രൂപത്തിലുള്ള നിസ്ക്കാരം അവർ ചെറുപ്പകാലം തൊട്ട് വളരെ  സൂക്ഷ്മതയോടെ നിർവഹിച്ചു പോരുന്നവരാണ്. മറ്റുള്ളവരുടെ നിസ്ക്കാരങ്ങൾ എല്ലാം ജീവനില്ലാത്ത രൂപങ്ങൾ മാത്രമാണ്.

قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ

തീർച്ചയായും നിസ്ക്കാരത്തിൽ ഭയഭക്തി യുള്ള മുഅമിനീങ്ങൾ വിജയിച്ചിരിക്കുന്നു' (സൂറതുൽ മുഅമിനൂൻ).

വിശുദ്ധ ഖുർആൻ വിജയിച്ചവരായി പ്രഖ്യാപിച്ച നിസ്ക്കാരം നിർവഹിക്കുകയും സമൂഹത്തെ അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മഹാൻമാരായ സൂഫികൾ. ഭയഭക്തിയില്ലാത്ത നിസ്ക്കാരത്തെ ശരിയായ നിസ്ക്കാരമായി തന്നെ കാണാത്തവരാണ് അവർ. ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) ഇർശാദുൽ ഇബാദിൽ രേഖപ്പെടുത്തുന്നു:

നിസ്ക്കാരത്തിൽ അശ്രദ്ധ വരുന്ന മനുഷ്യാ... നീ ആരുടെ മുമ്പിലാണ് നിൽക്കുന്നത്? ആരോടാണ് നീ സംഭാഷണം നടത്തുന്നത്? ശരീരത്തിന്റെ ദുശിച്ച ആഗ്രഹങ്ങളും പിശാച് തോന്നിപ്പിച്ചു തരുന്ന ദുൻയാവിന്റെ ചിന്തകളും നിറക്കപ്പെട്ട ഹൃദയവുമായി അശ്രദ്ധയോടെ നിസ്ക്കരിക്കാൻ നീ ലജ്ജിക്കുന്നില്ലേ?

ശൈഖവറുകൾ തുടരുന്നു:

അല്ലാഹു നിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത് എന്നും നിന്റെ രഹസ്യങ്ങൾ അവന് അറിയുമെന്നതും നിനക്ക് അറിയില്ലേ.? നിന്റെ താഴ്മയുടേയും  വിനയത്തിന്റെയും  ഭയഭക്തിയുടെയും കണക്കനുസരിച്ചാണ് നിന്റെ നിസ്ക്കാരം അവൻ സ്വീകരിക്കുന്നത്. അതിനാൽ അവനെ കാണുന്നത് പോലെ നിന്റെ നിസ്ക്കാരത്തിൽ അവനെ ആരാധിക്കുക. കാരണം നീ അവനെ കാണുന്നില്ലങ്കിലും അവൻ നിന്നെ കാണുന്നുണ്ട്'. ഭയഭക്തി ഇല്ലാത്ത നിസ്ക്കാരങ്ങളെ കൊണ്ട് ശിക്ഷയാണ് ലഭിക്കുക എന്നും ശൈഖവറുകൾ നമ്മെ ഓർമ്മ പ്പെടുത്തുന്നു.

ഭയഭക്തി ഇല്ലാതെ അശ്രദ്ധയിലായി നീ നിസ്ക്കരിച്ച  നിസ്ക്കാരങ്ങൾ പ്രത്യക്ഷത്തിൽ ശരിയാണ് എന്ന് വിധിക്കപ്പെട്ടാൽ തന്നെയും അത്തരം നിസ്ക്കാരങ്ങൾ നിസ്ക്കരിച്ചതിനാൽ നീ റബ്ബിനോട് പൊറുക്കലിനെ തേടേണ്ടതുണ്ട്. കാരണം ശിക്ഷ ലഭിക്കാനാണ് അവ കാരണമാവുന്നത്.( ഇർശാദുൽ ഇബാദ് - സൈനുദ്ധീൻ മഖ്ദൂം)


ഹൃദയത്തിന്റെ രോഗങ്ങളായ അഹങ്കാരം, അസൂയ, തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിച്ചവർക്ക് മാത്രമേ നിഷ്കളങ്ക മനസ്സോടെ ഭയഭക്തിയിൽ നിസ്ക്കിക്കരിക്കാൻ കഴിയൂ. നാല് അഖ്ത്വാബുകളിൽ പ്രമുഖരായ താജുൽ ആരിഫീൻ അശൈഖ് ഇബ്റാഹീമുദ്ധസൂഖി(റ) പറയുന്നു:

നിസ്ക്കാരത്തിൽ വരുന്ന ബാഹ്യമായ തെറ്റുകൾ കാരണം നിസ്ക്കാരം അസാധുവാകുമെന്ന് ശരീഅത്തിന്റെ പ്രത്യക്ഷമായ നിയമം പറയുന്നവർ വിധിക്കുന്നത് പോലെ ചീത്ത സ്വാഭാവങ്ങൾ കൊണ്ട് നിസ്ക്കാരം ബാത്വിലാവുമെന്ന് പറയുന്നവരാണ് സൂഫികളായ മഹാൻമാർ. അതു കൊണ്ടു തന്നെ ഒരാളുടെ ഹൃദയത്തിൽ അഹങ്കാരം, അസൂയ, പോര്, ദേശ്യം, ചതി, മുസ്ലിമീങ്ങളെ ക്കുറിച്ചുള്ള തെറ്റായ ധാരണ തുടങ്ങിയ ദു:സ്വഭാവങ്ങൾ  വെച്ചുള്ള നിസ്ക്കാരം അവരുടെ അടുക്കൽ അസാധുവാണ്. (ത്വബഖാതുൽ വുസ്ത്വാ - ഇമാം ശഅറാനി)

യഥാർത്ഥ നിസ്ക്കാരക്കാരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....
ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

No comments:

Post a Comment