Tuesday, August 11, 2020

പ്രവാചകന്മാരെ നിയോഗിക്കൽ


 
അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
  വാജിബാത്ത് മാല -106
⊱⋅─────⊱◈◈◈⊰─────⋅⊰

بسم الله الرحمن الرحيم 
 
*""ചരാചരം സകലത്തിൽ വ്യാപിത്ത് സദാകാലം*

*സ്വമദെന്നെ ഇസ്മോടെ നിലക്കുന്നോനാം ദീർഘ*

*ദർശികൾ അടങ്കലയ് അയക്കുന്നോനാം"")*


 അസ്വ് ല് ഒമ്പത്:

പ്രവാചകന്മാരെ നിയോഗിക്കൽ

സകല സൃഷ്ടികളിലും എല്ലാ കാലവും സ്വമദെന്ന നാമത്തോടെ വ്യാപിച്ച് നിലകൊള്ളുന്നവനും പ്രവാചകന്മാരെ മുഴുവനും അയക്കുന്നവനുമാണ്.
 
വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഒമ്പതാമത്തെ അസ്വ് ലാണ് ഇവിടെ പറയുന്നത്. മുഴുവൻ സൃഷ്ടികളും സർവ്വകാര്യങ്ങളിലും അല്ലാഹുവിനെ ആശ്രയിക്കുന്നുവെന്നും അവനിലേക്കുള്ള ആശ്രയം എല്ലാ സൃഷ്ടികളിലും എക്കാലവും വ്യാപകമാണെന്നും അവൻ പ്രവാചകന്മാരെ മുഴുവനും നിയോഗിക്കുന്നവനാണെന്നും അറിയലാണ് ഒമ്പതാം അസ്വ് ല്.

*സ്വമദ്*

സൃഷ്ടികളുടെ സർവ്വ ആവശ്യങ്ങളിലും ഉദ്ദേശിക്കപ്പെടുന്നവൻ എന്നാണ് സ്വമദ് എന്ന നാമത്തിന് ജലാലൈനിയിൽ പറഞ്ഞ വ്യാഖ്യാനം. സ്വമദിന്റെ അർത്ഥത്തിലുള്ള വിവിധ വീക്ഷണങ്ങളിലൊന്നാണ് ഈ അർത്ഥമെന്നും പ്രസിദ്ധമായത് ഈ അർത്ഥമാണെന്നും അല്ലാമാ സ്വാവി (റ) രേഖപ്പെടുത്തിയിരിക്കുന്നു. ഉള്ളില്ലാത്തവൻ, സൃഷ്ടികൾ നശിച്ചതിന് ശേഷവും നിത്യമായി ശേഷിക്കുന്നവൻ, മേലെ യാതൊരുവനും ഇല്ലാത്തവൻ മുതലായ അർത്ഥങ്ങളും സ്വമദിന് പറയപ്പെട്ടിട്ടുണ്ട്.
 
അല്ലാമാ മുഹമ്മദ് ബ്നു മുഹമ്മദുൽ ഹുസൈനി (റ) പറഞ്ഞു: സ്വമദ് എന്നതിൽ മൂന്ന് അഭിപ്രായങ്ങൾ പറയപ്പെട്ടിരിക്കുന്നു. അതിലൊന്ന് ആഹരിക്കാത്തവൻ എന്നാണ്. ഇത് അഅ്മഷി (റ) നെ തൊട്ട് ഉദ്ധരിക്കപ്പെട്ടതാണ്. ""അവൻ ഭക്ഷിപ്പിക്കും, അവൻ ഭക്ഷിപ്പിക്കപ്പെടുകയില്ല'' (അൻആം 14) എന്ന ആയത്താണ് അദ്ദേഹം ഇതിന് തെളിവാക്കിയത്. ഈസാനബി (അ) ഇലാഹാണെന്ന ചില നസ്വാറാക്കളുടെ വാദത്തെ ഈ അർത്ഥം നിഷ്ഫലമാക്കുന്നു. ഈസാ നബി (അ) യെയും മാതാവിനെയും സംബന്ധിച്ച് അവർ രണ്ടുപേരും ഭക്ഷിക്കുന്നവരാണെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. അപ്പോൾ ആഹരിക്കുകയും പാനം നടത്തുകയും ചെയ്യുന്നവൻ ഇലാഹാകുകയില്ല എന്ന് ഇത് വ്യക്തമാക്കുന്നു. മറ്റൊന്നിലേക്ക് ആവശ്യമാകുന്നതൊന്നും ഇലാഹാകുകയില്ല എന്നും ഇത് അറിയിക്കുന്നു. അവനല്ലാത്ത സർവ്വതിൽ നിന്നും ആവശ്യം തീർന്നവനാണ് ഇലാഹ്. രണ്ടാമത്തേത് ഉള്ളില്ലാത്തവൻ എന്നാണ്. ഇത് അല്ലാമാ സുദ്ദീ പറഞ്ഞതാണ്. തങ്ങളുടെ ആരാധ്യൻ ഉള്ള് പൊള്ളയാക്കപ്പെട്ട രൂപമാണെന്ന് വാദിക്കുന്ന ചില ജൂതന്മാരുടെയും ഹിഷാമിയ്യത്തിന്റെയും വാദത്തെ പൊളിക്കുന്നു ഈ അർത്ഥം. പരമാധികാരിയും കാര്യങ്ങളിൽ ഉദ്ദേശിക്കപ്പെടുന്നവനുമാണ് സ്വമദ് എന്ന മൂന്നാമത്തെ വീക്ഷണം ഭാഷാപണ്ഡിതരുടേതാണ്. സകല വസ്തുക്കളും കരുതുന്ന നേതാവാണെന്നും പറയപ്പെട്ടിരിക്കുന്നു. അനാദ്യനും ഏകനുമായ സ്രഷ്ടാവ് അല്ലാഹുവാണെന്ന് മുഴുവൻ സൃഷ്ടികളും അറിയിക്കുന്നുവെന്നാണ് സകല വസ്തുക്കളും അവനെ ഉദ്ദേശിക്കുക എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
 
അല്ലാമാ ശൈഖുൽ അക്ബർ (റ) പറഞ്ഞു: ആവശ്യങ്ങളിൽ ആശ്രയിക്കപ്പെടുന്നവനും വിപത്തുകളിൽ അഭയം തേടപ്പെടുന്നവനുമാണ് സ്വമദ്. എല്ലാ വസ്തുക്കളുടെയും ഖജാന അല്ലാഹുവിന്റെ പക്കലാണെന്ന നിലയിലാണ് അല്ലാഹുവിന്റെ സ്വമദിയ്യത്ത്. സർവ്വതിന്റെയും ഖജാനകൾ അവന്റെയടുക്കലും അവയുടെ താക്കോലുകൾ അവന്റെ അധീനതയിലുമാണ്. അവനുദ്ദേശിച്ചാൽ ഉദ്ദേശിച്ചത് ഉദ്ദേശിച്ചവർക്ക് തുറന്ന് കൊടുക്കുന്നതാണ്. സൃഷ്ടികളിൽ നിന്ന് ഓരോന്നിലും അതിലൂടെ മാത്രം പ്രകടമാകുന്ന ചില ഗുണങ്ങളുണ്ട്. ആ വിഷയത്തിൽ മറ്റുള്ളവ അതിലേക്ക് ആവശ്യമായതും അത് മറ്റുള്ളതിൽ നിന്ന് ആവശ്യം തീർന്നതുമാണെന്ന നിലക്ക് ഓരോ സൃഷ്ടികളിലും സ്വമദിയ്യത്തിന്റെ അംശമുണ്ട്. ആവശ്യമാകലും ആവശ്യമാകാതിരിക്കലും സൃഷ്ടികളുടെ മേൽ ഓഹരിയാക്കപ്പെട്ടതാണ് അതിന് കാരണം. ഇമാം ഗസ്സാലി (റ) പറഞ്ഞു: മതപരവും ഭൗതികവുമായ മുഖ്യകാര്യങ്ങളിൽ ഒരുത്തനെ അല്ലാഹു അടിമകൾ ഉദ്ദേശിക്കുന്നവനാക്കുകയും അവന്റെ നാവിലൂടെയും കൈയിലൂടെയും സൃഷ്ടികളുടെ ആവശ്യങ്ങൾ അല്ലാഹു നിർവ്വഹിക്കുകയും ചെയ്താൽ സ്വമദെന്ന വിശേഷണത്തിന്റെ അർത്ഥത്തിൽ നിന്നൊരു വിഹിതം കൊണ്ട് അല്ലാഹു അവനെ അനുഗ്രഹിച്ചു. എങ്കിലും നിരുപാധികം  സകല വിഷയങ്ങളിലും ആശ്രയിക്കപ്പെടുന്നവൻ അല്ലാഹു മാത്രമാണ്. 
അപ്പോൾ അല്ലാഹുവിനെ ആശ്രയിക്കുന്നതിൽ നിന്ന് ഒരു കാലത്തും ഒരു സൃഷ്ടിയും ഒഴിവല്ല. അവനെ ആശ്രയിക്കുകയെന്നത് എല്ലാ കാലത്തും എല്ലാ ചരാചരങ്ങളിലും വ്യാപകമായി ഉള്ളതാണ്. അതാണ് ""ചരാചരം സകലത്തിൽ വ്യാപിത്ത് സദാകാലം സ്വമദെന്നെ ഇസ്മോടെ നിലക്കുന്നോനാം'' എന്ന് വന്ദ്യരായ പിതാവ് (റ) പറഞ്ഞതിന്റെ സാരം. കാരണം സകല സൃഷ്ടികളും അവയുടെ വുജൂദിലും നിലനിൽപിലും എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും എല്ലാ കാലത്തും അല്ലാഹുവിനെ ആശ്രയിക്കുന്നു അഥവാ കരുതുന്നു. അവന്റെ മേൽ എല്ലാ സൃഷ്ടികളും അറിയിക്കുകയും ചെയ്യുന്നു.


(തുടരും.)

No comments:

Post a Comment