Saturday, August 15, 2020

സർവ്വലോകദൂതൻ


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
*✦•┈•✦•┈•✦•┈•✦•┈•✦•┈•✦*
 *🌹 വാജിബാത്ത് മാല -110🌹
*⊱⋅─────⊱◈◈◈⊰─────⋅⊰* 

 
*""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം*

*അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ*

*തമ്മേ    അവസാന നബിയായിട്ട് അയക്കയ് ആമ്മായ്*

*ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്*

*ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്*

*ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")*

*അസ്വ് ല് പത്ത്:* [ തുടർച്ച ]

സർവ്വലോകദൂതൻ

മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഈ അസ്വ് ലിൽ ഇനി മനസ്സിലാക്കാനുള്ളത് അല്ലാഹു തിരുനബി (സ്വ) യെ സകല സൃഷ്ടികളിലേക്കും പ്രവാചകനായി നിയോഗിച്ചുവെന്നതും (സർവ്വലോകദൂതനാണെന്നതും) തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള പ്രവാചകന്മാരുടെ ശരീഅത്തുകളെ ദുർബലപ്പെടുത്തിയെന്നതുമാണ്.

ഇമാം ശഅ്റാനി (റ) പറയുന്നു: സ്വഹീഹ് മുസ് ലിമിലും മറ്റും വന്നിരിക്കുന്നു:തിരുനബി (സ്വ) പറഞ്ഞു: ""ഞാൻ സകല സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നു''.സകല സൃഷ്ടികൾ എന്നതിനെ മനുഷ്യഭൂത വർഗ്ഗങ്ങൾ എന്ന് പണ്ഡിതർ വിശദീകരിച്ചു. ""ഈ ഖുർആൻ എനിക്ക് ദിവ്യബോധനം നൽകപ്പെട്ടത്, നിങ്ങൾക്കും ഖുർആൻ എത്തിയവർക്കും ഞാൻ മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ്'' (അൻആം 19). ഈ ആയത്തിൽ പറഞ്ഞ ഖുർആൻ എത്തിയവർ എന്നാൽ മനുഷ്യനും ജിന്നുകളുമാണെന്ന് മുഫസ്സിറുകൾ വിശദീകരിച്ചു. അതുപോലെ ""ലോകർക്ക് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടി അല്ലാഹു തന്റെ ദാസന് (നബി (സ്വ) ക്ക്) ഫുർഖാൻ (ഖുർആൻ) അവതരിപ്പിച്ചു'' (ഫുർഖാൻ 1) എന്ന ആയത്തിലെ ലോകർ എന്നതിന് മനുഷ്യ ഭൂത വിഭാഗങ്ങൾ എന്നാണ് ജലാലുദ്ദീനുൽ മഹല്ലി (റ) നൽകിയ വിശദീകരണം. എല്ലാ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ മനുഷ്യനിലേക്കും ജിന്നുകളിലേക്കും അയക്കപ്പെട്ടു എന്നതാണ് സാരം. മലക്കുകളിലേക്കും മറ്റു സൃഷ്ടികളിലേക്കും നിയോഗിച്ചിട്ടുണ്ടോ എന്നതിൽ പണ്ഡിതർക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങൾ കാണാം.
 
ഇമാം ശഅ്റാനി (റ) തുടരുന്നു: മുഹമ്മദ് നബി (സ്വ) തങ്ങൾ മലക്കുകളിലേക്ക് അയക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. നിദാനശാസ്ത്രപണ്ഡിതരുടെ ചർച്ച മലക്കുകളിലേക്കും നിയോഗിക്കപ്പെട്ടു അവരിലേക്ക് നിയോഗിക്കപ്പെട്ടിട്ടില്ല എന്നീ രണ്ട് അഭിപ്രായങ്ങളിലേക്ക് മടങ്ങുന്നു. സുബുക്കി ഇമാമും (റ) മറ്റും സ്വഹീഹാക്കി പറഞ്ഞത് മലക്കുകളിലേക്കും നിയോഗിക്കപ്പെട്ടുവെന്നാണ്. ഇമാം ബാരിസി (റ) പറഞ്ഞു: ""സർവ്വ ജീവികളിലേക്കും നിർജ്ജീവികളിലേക്കും കല്ലുകളിലേക്കും വൃക്ഷങ്ങളിലേക്കുമെല്ലാം തിരുനബി (സ്വ) യെ നിയോഗിച്ചു''. ജലാലുദ്ദീൻ സുയൂഥി (റ) ഇത് തന്റെ "ഖസ്വാഇസ്വ്' എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിൽ വീണ്ടും സുബുക്കിയെ തൊട്ട് ഉദ്ധരിക്കുന്നു. സുബുക്കി ഇമാം പറയുമായിരുന്നു: നിശ്ചയം മുഹമ്മദ് നബി (സ്വ) തങ്ങൾ അമ്പിയാക്കളുടെ നബിയാണ്. അപ്പോൾ നബി (സ്വ) തങ്ങൾ അത്യുന്നത ചക്രവർത്തിയെ പോലെയും മറ്റു മുഴുവൻ പ്രവാചകരും സേനാനായകരെ പോലെയുമാണ്. എല്ലാ നബിമാരും മുഹമ്മദ് നബി (സ്വ) തങ്ങളെ എത്തിച്ചിരുന്നെങ്കിൽ തിരുനബി (സ്വ) യെ പിൻപറ്റൽ അവർക്കെല്ലാം നിർബന്ധമാകുമായിരുന്നു. കാരണം ആദം നബി (അ) മുതൽ അവസാന നാൾ വരെയുള്ള എല്ലാ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടവരാണ് മുഹമ്മദ് നബി (സ്വ). തിരുശരീരത്തിന്റെ അസാന്നിദ്ധ്യ കാലത്ത് അമ്പിയാക്കളെല്ലാം അവിടുത്തെ പകരക്കാരാണ്. തിരുനബി (സ്വ) യുടെ ശറഇൽ നിന്നുള്ള ഒരു കൂട്ടം നിയമങ്ങൾ കൊണ്ട് ഓരോ നബിയും നിയോഗിക്കപ്പെട്ടിരുന്നു. സയ്യിദ് അലിയ്യുൽ ഖവാസ്സ്വ് (റ) പറയുമായിരുന്നു: ""ആദം നബി (അ) മുതൽ ഖിയാമത്ത് നാൾ വരെയുള്ള പദാർത്ഥിക ആത്മീയ ലോകങ്ങളിലുള്ള എല്ലാ സൃഷ്ടികളിലേക്കും നിയോഗിതരാണ് മുഹമ്മദ് നബി (സ്വ). ചുരുക്കത്തിൽ എല്ലാ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടവരാണ് തിരുനബി (സ്വ). ഇസ്മാഈൽ ഹഖി രേഖപ്പെടുത്തുന്നു: നബി (സ്വ) തങ്ങൾ അത്യുത്തമ സൃഷ്ടിയാണെന്നത് സർവ്വ സൃഷ്ടികളിലേക്കും അവിടുന്നിനെ നിയോഗിച്ചിരിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നു. അതിനാലാണ് ആകാശവാസികൾക്കും ഭൂനിവാസികൾക്കും തിരുനബി (സ്വ) യുടെ ജന്മം കൊണ്ട് സന്തോഷവാർത്ത അറിയിച്ചതും നിർജ്ജീവ വസ്തുക്കളടക്കം എല്ലാ സൃഷ്ടികളും തിരുനബി (സ്വ) യുടെ മേൽ സലാം ചൊല്ലിയതും. അതുകൊണ്ട് തിരുനബി (സ്വ) സർവ്വ ലോകർക്കും അനുഗ്രഹമാണ്. സകല സൃഷ്ടികളിലേക്കുമുള്ള ദൂതനുമാണ്''.
 
""സർവ്വ ലോകർക്കും അനുഗ്രഹമായിട്ടാണ് തങ്ങളെ നാം നിയോഗിച്ചത്'' (അമ്പിയാ 107) എന്ന ഖുർആൻ വാക്യം സൂചിപ്പിക്കുന്നത് അതാണ്. അത് തന്നെയാണ് ""അയക്കയ് ആമ്മായ്'' (എല്ലാവരിലേക്കും അയച്ചു) എന്ന് വന്ദ്യരായ പിതാവ് (റ) ഇവിടെ പറഞ്ഞതിന്റെ ആശയം.
(തുടരും.)

No comments:

Post a Comment