Wednesday, August 12, 2020

വെറുതെ കാലം കളയരുത്, സൂക്ഷിക്കുക!

ഹദീസുകളിലൂടെ ഇന്ന്-118

വെറുതെ കാലം കളയരുത്, സൂക്ഷിക്കുക!

✒️ *حَدَّثَنَا أَبُو مُصْعَبٍ الْمَدَنِيُّ، عَنْ مُحَرَّرِ بْنِ هَارُونَ، عَنْ عَبْدِ الرَّحْمَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ بَادِرُوا بِالأَعْمَالِ سَبْعًا هَلْ تَنْظُرُونَ إِلاَّ فَقْرًا مُنْسِيًا أَوْ غِنًى مُطْغِيًا أَوْ مَرَضًا مُفْسِدًا أَوْ هَرَمًا مُفَنِّدًا أَوْ مَوْتًا مُجْهِزًا أَوِ الدَّجَّالَ فَشَرُّ غَائِبٍ يُنْتَظَرُ أَوِ السَّاعَةَ فَالسَّاعَةُ أَدْهَى وَأَمَرُّ ‏"



അബൂഹുറൈറ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ഏഴുകാര്യങ്ങള്‍ക്ക് മുമ്പായി നിങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ധൃതി കാണിക്കുക. (ആരാധനകളെ) മറപ്പിച്ചു കളയുന്ന ദാരിദ്ര്യമോ അതല്ലെങ്കില്‍ അതിരു വിട്ട സമ്പന്നതയോ, ക്ഷയിപ്പിച്ചു കളയുന്ന രോഗമോ, അവശനാക്കി തീര്‍ക്കുന്ന വാര്‍ദ്ധക്യമോ, പെട്ടന്നുളള മരണമോ അതല്ലെങ്കിൽ ദജ്ജാലിനേയോ ആണോ നിങ്ങൾ കാത്തിരിക്കുന്നത്? എങ്കില്‍ അത് വളരെ മോശമായ കാത്തിരിപ്പുതന്നെയാണ്. അന്ത്യദിനത്തെ കാത്തിരിക്കുന്നുവെങ്കില്‍ അത് ഭയാനകവും കഠിനവുമാണ്.*
   【തിര്‍മിദി】


  ♥️ഗുണ പാഠം♥️


കഠിനമായ ദാരിദ്ര്യവും അമിതമായ സമ്പത്തും സ്രഷ്ടാവിനെ തന്നെ മറക്കാൻ കാരണമായേക്കാവുന്ന പരീക്ഷണങ്ങളാണ്. ശരീരത്തെയും ആരോഗ്യത്തെയും തളർത്തിക്കളയുന്ന രോഗവും പഞ്ചേന്ദ്രിയങ്ങളെ നിഷ്ഫലമാക്കുന്ന വാർദ്ധക്യവും അങ്ങനെ തന്നെ. ഈ അവസ്ഥകളിലേക്ക് എത്തുന്നതിന് മുമ്പ് ആരോഗ്യവും ബുദ്ധിയും മനസ്സെത്തുന്നിടത്ത് ശരീരം എത്തിക്കാൻ സാധിക്കുന്ന പ്രാപ്തിയും ഉള്ളപ്പോൾ സ്രഷ്ടാവായ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ സാധിക്കണം. പിന്നീടാവട്ടെ എന്ന് കരുതി കാത്തിരുന്നാൽ ചിലപ്പോൾ പെട്ടെന്നുള്ള മരണമോ നിനച്ചിരിക്കാതെയുള്ള രോഗമോ പിടിപെട്ടാൽ നമ്മുടെ ജീവിതം പരാജയവും നമുക്ക് തന്നെ ദോഷവുമായി ഭവിക്കും.  അല്ലാഹു കാക്കട്ടെ, ആമീൻ...


✍️ : അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

No comments:

Post a Comment