Monday, August 17, 2020

ഖബ്റിലെ ചോദ്യവും ശിക്ഷയും

 

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

✦•┈•✦•┈•✦•┈•✦•┈•✦•┈•✦

 വാജിബാത്ത് മാല -112

⊱⋅─────⊱◈◈◈⊰─────⋅⊰ 

""പറഞ്ഞെ പോൽ ഉറപ്പിത്ത് നടന്നോളീൻ കലിമന്റെ

ഫർള്വിൽ നിന്ന് എനി നാലാവദയ് കവലാം

ഖാതിം മഹ്മൂദ് അന്നബി ഖൗലയ് സ്വിദ്ഖാക്കലാം

ദരിശിപ്പീൻ ഇതിന്നും പത്ത് അസ്വ് ൽ ഉണ്ട് ആയതിൽ ഒണ്ട്

ശലിപ്പിക്കും ബർസഖിൽ സുആൽ ഹഖ്ഖാം

രണ്ട് ശഖീകൾക്ക് അത്തലത്തുണ്ട് അദാബും മിക്കാ"")

നാലാം ഫർള്വ് 

മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ

അസ്വ് ല് ഒന്ന്, രണ്ട് 

ഖബ്റിലെ ചോദ്യവും ശിക്ഷയും

പറഞ്ഞതുപോലെ ഉറപ്പിച്ചു നടക്കുക. കലിമയുടെ ഫർള്വിൽ നാലാമത്തേത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകൾ വാസ്തവമാക്കലാണ്. നോക്കുക, ഇതിനും പത്ത് അസ്വ് ലുണ്ട്. അതിലൊന്ന് ഭയപ്പെടുത്തുന്ന ഖബ്റിലെ ചോദ്യം സത്യമാണെന്നും രണ്ടാമത്തേത് പരാജിതർക്ക് അവിടെ അധികവും ശിക്ഷയുണ്ടെന്നതുമാണ്.

 

വിശുദ്ധ കലിമയുടെ മൂന്ന് ഫർള്വുകളും അവയുടെ അസ്വ് ലുകളും വിശദീകരിച്ച് അവയെല്ലാം ഉറപ്പിച്ച് നടക്കുക എന്ന് പറഞ്ഞ ശേഷം നാലാം ഫർള്വും അതിന്റെ അസ്വ് ലുകളും പറയുകയാണ് വന്ദ്യരായ പിതാവ് (റ). നാലാം ഫർള്വ് അന്ത്യപ്രവാചകനായ മഹ്മൂദ് നബി (സ്വ) തങ്ങളുടെ വാക്കുകൾ വാസ്തവമാക്കലാകുന്നു. ഈ ഫർള്വിനും പത്ത് അസ്വ് ലുകളുണ്ട്. അതിൽ ഒന്ന് , ഭയമുളവാക്കുന്ന ബർസഖിൽ ചോദ്യം ചെയ്യൽ സത്യമാണെന്നും രണ്ട് പരാജിതർക്ക് ഖബ്ർ ശിക്ഷയുണ്ടെന്നുമാണ്.

നബി (സ്വ) യെ വാസ്തവമാക്കൽ

വിശുദ്ധ കലിമയുടെ നാലാമത്തെ ഫർള്വ് തിരുനബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കലാണ്. പണ്ഡിതശ്രേഷ്ഠർ വ്യക്തമാക്കുന്നു: ""തിരുനബി (സ്വ) അറിയിച്ച കാര്യങ്ങളിൽ നബി (സ്വ) യെ വാസ്തവമാക്കൽ നിർബന്ധമാണ്. വിശദമായി അറിയപ്പെടുന്ന കാര്യങ്ങളിൽ വിശദമായ നിലക്ക് വിശ്വസിക്കണം. വിശദമായി അറിയപ്പെടുന്നതല്ലെങ്കിൽ അത് സംബന്ധമായി മൊത്തത്തിൽ വിശ്വസിക്കുകയും അതിന്റെ വ്യാഖ്യാനം അല്ലാഹുവിലേക്കും റസൂലിലേക്കും അല്ലാഹു അറിയിച്ചു കൊടുക്കുന്നവരിലേക്കും മടക്കുകയും വേണം''.

 തിരുനബി (സ്വ) അല്ലാഹുവിങ്കൽ നിന്നു കൊണ്ടുവന്ന എല്ലാ കാര്യങ്ങളും വാസ്തവമാക്കലാണ് ഈമാൻ. അപ്പോൾ തിരുനബി (സ്വ) യുടെ വാക്കുകൾ അംഗീകരിക്കാത്തവൻ വിശ്വാസിയാവുകയില്ല. ഈ വാസ്തവമാക്കൽ ഒഴിവാക്കാൻ യാതൊരു സാധ്യതയുമില്ലാത്തതാണ്.

 ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: ""തൗഹീദ് സാക്ഷ്യം വഹിക്കലോട് മുഹമ്മദ് നബി (സ്വ) തങ്ങൾ അല്ലാഹുവിന്റെ ദൂതനാണെന്ന സാക്ഷ്യം അന്വരിക്കുമ്പോഴേ വിശ്വാസം പൂർണ്ണമാവുകയുള്ളൂ.  തിരുനബി (സ്വ) അറിയിച്ച, ഭൗതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും നബി (സ്വ) യെ വാസ്തവമാക്കൽ അല്ലാഹു എല്ലാവർക്കും നിർബന്ധമാക്കി. തിരുനബി (സ്വ) അറിയിച്ച മരണശേഷമുള്ള കാര്യങ്ങളിൽ വിശ്വസിക്കാത്തവന്റെ ഈമാൻ അല്ലാഹു സ്വീകരിക്കുകയില്ല''.

(തുടരും.)


No comments:

Post a Comment