Saturday, August 22, 2020

മഹ്ശർ, വിചാരണ, കിതാബ് ( തുടർച്ച )

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :

  വാജിബാത്ത് മാല-117

*بسم الله الرحمن الرحيم* 
 
*""ഉരുകുന്നെ കൊടും ചൂടാൽ മികപ്പിത്ത് ജനർകളാ*

*ഒരുമിത്ത് ഹിസാബിന്നായ് മഹ്ശർ എന്നേ അർള്വിൽ*

*ഉറാത്തോട് ഹുഫാത്തായി നിറുത്തും പിന്നേ*

*പരത്തും നന്മയും തിന്മാ എളുതിയ കിതാബിനെ*

*ബലം കയ്യിൽ സഈദിന്നും ശഖിയായോർക്ക് ശിമാൽ*

*വശത്തിലും കൊടുത്തിടും ഇതുകൾ ഹഖ്"")*

*അസ്വ് ല് മൂന്ന്:*  

*മഹ്ശർ, വിചാരണ, കിതാബ്* ( തുടർച്ച )

*വീക്ഷണങ്ങൾ*

മരിച്ചവരെ പുനർ ജീവിപ്പിച്ച് വിചാരണക്കായി മഹ്ശറയിൽ ഒരുമിച്ചു കൂട്ടുന്നത് എങ്ങനെയെന്നതിൽ രണ്ട് വീക്ഷണങ്ങൾ കാണാം. അതിലൊന്ന് നശിപ്പിച്ച ശേഷം മടക്കലാണ്. അഥവാ ഇല്ലാതാക്കിയ ശേഷം പടക്കലാണ്. ഇസ് ലാമിക പണ്ഡിത നിപുണരിലധികവും അവരല്ലാത്ത ബുദ്ധിമാന്മാരും ഈ അഭിപ്രായക്കാരാണ്. വേർപിരിഞ്ഞ ശരീര ഭാഗങ്ങളെ ഒന്നിപ്പിക്കലാണെന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഏത് വീക്ഷണ പ്രകാരമായാലും മരിച്ചു പോയവരെ പുനർജീവിപ്പിക്കലും ഒരുമിച്ചു കൂട്ടലും അല്ലാഹുവിന് സാധിക്കുന്ന കാര്യമാണ്. ഇല്ലാതിരുന്നതിനെ പടക്കൽ അവന് സാധ്യമായത് പോലെ. ""നുരുമ്പിയ എല്ലുകളെ ആദ്യം സൃഷ്ടിച്ചവൻ തന്നെയാണ് അവയെ വീണ്ടും ജീവിപ്പിക്കുന്നത്'' എന്ന് നിഷേധികളോട് പറയുവാൻ തിരുനബി (സ്വ) യോട് അല്ലാഹു കൽപിച്ചത് ഇവിടെ പ്രസക്തമാണ്. ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ തുടക്കത്തിലേ സൃഷ്ടിക്കുവാൻ കഴിയുന്നവന് മരിച്ചവരെ രണ്ടാമത് ജീവിപ്പിക്കാൻ സാധിക്കുമെന്നത് സുവ്യക്തമാണല്ലോ? അല്ലാഹു പറഞ്ഞു: ""അവൻ സൃഷ്ടിപ്പ് ആരംഭിക്കുന്നവനും പിന്നെ അതിനെ മടക്കുന്നവനുമാണ്. അത് (മടക്കൽ) അവന് എളുപ്പമാണ്'' (റൂം 27).

അല്ലാഹുവിന്റെ ഖുദ്റത്ത് അനാദിയാണല്ലോ? അവന് സാധ്യമാകുന്ന കാര്യങ്ങളിൽ ആ ഖുദ്റത്തിന് ഏറ്റവ്യത്യാസം വരികയില്ലല്ലോ? പിന്നെ എന്താണ് മടക്കൽ എളുപ്പമാണെന്ന് പറഞ്ഞതിന്റെ താൽപര്യം? എന്ന സംശയത്തിന് മറുപടിയായി മഹത്തുക്കൾ പറഞ്ഞു: ഒരു വസ്തുവിനെ മടക്കൽ ആദ്യം സൃഷ്ടിക്കുന്നതിനേക്കാൾ എളുപ്പമാണെന്ന സൃഷ്ടികളുടെ കാഴ്ചപ്പാടിലേക്ക് നോക്കിയാണ് മടക്കൽ എളുപ്പമാണെന്ന് പറഞ്ഞത്. അല്ലാതെ അല്ലാഹുവിൽ ഏറ്റവ്യത്യാസമുള്ളതിനാലല്ല. അല്ലാഹുവിന് തുടങ്ങലും മടക്കലും ഒരു പോലെയാണ്. വ്യത്യാസമില്ല.

 *മടക്കൽ (പുനരുത്ഥാനം)*

മഹ്ശർ എന്താണെന്നും അതിന്റെ ആധാരങ്ങളും നാം ഗ്രഹിച്ചു. ഇനി മഹ്ശറിൽ ഒരുമിച്ചു കൂട്ടുന്നതിന് വേണ്ടി മരിച്ചവരെ മടക്കൽ (പുനരുത്ഥാനം) സംബന്ധിച്ച് അൽപം മനസ്സിലാക്കാം.
 
അല്ലാമാ സഅ്ദുദ്ദീൻ തഫ്താസാനി (റ) പറയുന്നു: ""മരിച്ചുപോയവരെ മടക്കുന്നതിൽ ജനങ്ങൾ ഭിന്നാഭിപ്രായക്കാരാണ്. പ്രകൃതിവാദികൾ ഈ മടക്കലിനെ നിഷേധിക്കുന്നു. ഗാലൻ (ജാലിനൂസ്) ഇതിൽ നിഷേധമോ അംഗീകാരമോ വ്യക്തമാക്കിയിട്ടില്ല. തത്വചിന്തകരും മതവിശ്വാസികളും ഇത് സ്ഥിരപ്പെടുത്തി. എങ്കിലും തത്വചിന്തകരുടെ വീക്ഷണത്തിൽ ഇത് ആത്മീയമായ മടക്കൽ മാത്രമാണെന്നും മറ്റു ചിലരുടെ അഭിപ്രായം ശാരീരികം മാത്രമാണെന്നുമാണ്. ഇമാം ഗസ്സാലി, കഅ്ബി, ഹലീമി, റാഗിബ്, ഖാള്വീ അബൂ സൈദ് അദ്ദബ്ബൂസി തുടങ്ങിയവരടങ്ങുന്ന അധിക ഇസ് ലാമിക പണ്ഡിതരുടെ പക്ഷം ഈ മടക്കൽ ആത്മീയവും ശാരീരികവുമാണെന്നാണ്. ഇതേ അഭിപ്രായം തന്നെയാണ് അധിക സ്വൂഫിയാക്കളുടെയും ശിയാക്കളുടെയും കർറാമിയ്യത്തിന്റെയും. പുനർജ്ജന്മവാദികളും ഈ പക്ഷത്ത് നിൽക്കുന്നു''.
 
മുസ് ലിംകളും പുനർജന്മവാദികളും തമ്മിൽ ഈ വിഷയത്തിലുള്ള അന്തരം ഇമാം റാസി (റ) വ്യക്തമാക്കുന്നു: ""ആത്മാക്കൾ ഹാദിസാണെന്നും അവകളെ പരലോകത്ത് സ്വശരീരങ്ങളിലേക്ക് മടക്കുമെന്നും മുസ് ലിംകൾ പറയുന്നു. ആത്മാക്കൾ അനാദിയാണെന്നും ഈ ലോകത്ത് തന്നെ അവകളെ ഏതെങ്കിലും ശരീരങ്ങളിലേക്ക് മടക്കുന്നുവെന്നും പുനർജന്മക്കാർ വാദിക്കുന്നു. പുനർജന്മവാദമനുസരിച്ച് ഖിയാമനാൾ, സ്വർഗ്ഗം, നരകം ഇതിനെയൊക്കെ നിഷേധിക്കൽ വരുന്നു''. അത് സത്യവിരുദ്ധവും ഇസ് ലാമിനന്യവുമാണ്. പരലോകവും സ്വർഗ്ഗനരകങ്ങളുമെല്ലാം വിശുദ്ധ ഇസ് ലാമിന്റെ പ്രമാണങ്ങൾ വ്യക്തമാക്കിയതാണ്.

(തുടരും.)

No comments:

Post a Comment