Wednesday, September 30, 2020

അറിയാത്തതിനെക്കുറിച്ച് അറിയില്ല എന്ന് തന്നെ പറയണം....

ഹദീസുകളിലൂടെ ഇന്ന് -166

അറിയാത്തതിനെക്കുറിച്ച്  അറിയില്ല എന്ന് തന്നെ പറയണം....

عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.

ജുബൈർ ബിൻ മുത്ഇം -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് അവിടുത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ...! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി -ﷺ- പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്‌രീൽ (അ) വന്നപ്പോൾ നബി -ﷺ- ഇക്കാര്യം ചോദിച്ചു… ജിബ്‌രീൽ പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.”  … (അങ്ങനെ ജിബ്‌രീൽ (അ) അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി -ﷺ- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടി(ചന്ത)കളാണ്.” (അഹ്മദ്: 16744)*
 ♥️ഗുണ പാഠം♥️

മനുഷ്യരിൽ ഏറ്റവും ഉത്തമനായ റസൂൽ -ﷺ- യും മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ  -عَلَيْهِ السَّلَامُ- ഉം അറിയാത്ത ഒരു കാര്യത്തേക്കുറിച്ച് ചോദ്യം വന്നപ്പോൾ ഒരു മടിയുമില്ലാതെ അറിയില്ലെന്ന് പറഞ്ഞതു നോക്കൂ.... അപ്പോൾ എന്താണ് നമ്മെ ഈ മഹത്തരമായ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്?! അറിവില്ലെങ്കിൽ അറിയില്ലെന്ന് പറയുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മാത്രമല്ല, എല്ലാത്തിനും മറുപടി പറയുന്നതും, അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുന്നതുമാണ് യഥാർത്ഥത്തിൽ തനിച്ച വിഡ്ഢിത്തവും ബുദ്ധിശൂന്യതയും.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “അല്ലാഹു സത്യം! ജനങ്ങൾ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നവൻ തന്നെയാകുന്നു തനിച്ച ഭ്രാന്തൻ!” (ഇബ്ത്വാലുൽ ഹിയൽ)

ഇബ്‌നു മസ്ഊദ് വിശേഷിപ്പിച്ച ഈ ഭ്രാന്തിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കട്ടെ. ദീനിന് ഉപകാരം ചെയ്യുന്നവരായി അല്ലാഹു നമ്മെ മാറ്റട്ടെ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ദീനിന് ഉപദ്രവമുണ്ടാക്കുന്നവരായി അല്ലാഹു നമ്മെ മാറ്റാതിരിക്കട്ടെ,  ആമീൻ....

No comments:

Post a Comment