Thursday, September 17, 2020

സ്വർഗ്ഗവും നരകവും* ( തുടർച്ച )*സന്താനം*


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :*
വാജിബാത്ത് മാല* 1

 *بسم الله الرحمن الرحيم* 
 
*""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ*

*തരത്താൽ വെളിവാക്കി പറയുന്നുണ്ടേ*

*ഉന്നൂൽ സുവർഗ്ഗവും നരകവുമേ*

*ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ""

*അസ്വ് ല് ആറ്:*  

*സ്വർഗ്ഗവും നരകവും* ( തുടർച്ച )

*സന്താനം*

അല്ലാമാ തുർമുദി (റ) അബൂ സഈദിൽ ഖുദ് രി (റ) ൽ നിന്ന് ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി സ്വർഗ്ഗത്തിൽ വെച്ച് തനിക്കൊരു സന്താനമുണ്ടാകാൻ ആശിച്ചാൽ ഗർഭധാരണവും പ്രസവവും ഒറ്റ നിമിഷത്തിലായിരിക്കും. അവൻ ആശിക്കുന്നത് പോലെ''. ഈ വിഷയത്തിലുള്ള പണ്ഡിതരുടെ അഭിപ്രായ വ്യത്യാസം തുർമുദി (റ) ഉദ്ധരിക്കുന്നു. താഊസ് (റ), നഖഈ(റ), മുജാഹിദ് (റ) എന്നിവരിൽ നിന്ന് അദ്ദേഹം ഉദ്ധരിച്ചു: ""നിശ്ചയം സ്വർഗ്ഗത്തിൽ സംയോഗമുണ്ട്. സന്താനമില്ല''. ഇവരുടെ അഭിപ്രായം സ്വർഗ്ഗത്തിൽ സന്താനോൽപാദനം ഇല്ലെന്നാണ്.

മറ്റൊരു വിഭാഗം പണ്ഡിതർ പറഞ്ഞു: അവൻ ആശിച്ചാൽ സ്വർഗ്ഗത്തിൽ സന്താനമുണ്ടാകുമെന്നാണ്. ഈ അഭിപ്രായത്തെ ഉസ്താദ് അബൂ സഹ് ലുസ്സ്വുഅ്ലൂക്കി (റ) പ്രബലമാക്കി. ഈ അഭിപ്രായത്തിന് ശക്തി നൽകുന്നതാണ് ഹന്നാദി (റ) ന്റെ ഹദീസിന്റെ ആദ്യഭാഗം: ""ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, സന്താനം പൂർണ്ണ സന്തോഷവും കൺകുളിർമയും നൽകുന്നതാണല്ലോ? സ്വർഗ്ഗവാസികൾക്ക് സന്താനമുണ്ടാകുമോ? അവിടുന്ന് പറഞ്ഞു: ആശിച്ചാൽ ഉണ്ടാകും.
 
സ്വർഗ്ഗത്തിൽ സന്താനോൽപാദനമില്ലെന്നത് കൊണ്ട് ഉദ്ദേശ്യം സാധാരണ ദുൻയാവിലേത് പോലെ സംയോഗം മുഖേനഇല്ലെന്നും സ്വർഗ്ഗത്തിൽ ഒരു സമയത്തും കൃഷിയില്ലാതിരിക്കെ ആഗ്രഹിക്കുമ്പോൾ കൃഷിയുണ്ടാകുന്നത് പോലെ ആഗ്രഹിക്കുമ്പോൾ സന്താനമുണ്ടാകുമെന്നാണ് സന്താനമുണ്ടാകുമെന്നതിന്റെ ഉദ്ദേശ്യം എന്ന് വ്യാഖ്യാനിച്ച് ഈ രണ്ട് അഭിപ്രായങ്ങളെ സമന്വയിപ്പിക്കാവുന്നതാണ്.
 
*രാഗവും ശ്രവണവും*

അല്ലാഹു പറയുന്നു: ""സത്യവിശ്വാസികളും സൽക്കർമ്മികളുമായവർ സ്വർഗ്ഗത്തിൽ സന്തോഷിപ്പിക്കപ്പെടുന്നവരാണ്'' (റൂം 15). അതായത് അവർ ആദരിക്കപ്പെടുകയും അവരുടെ മനസ്സുകൾ ആഗ്രഹിക്കുകയും നേത്രങ്ങൾ രസിക്കുകയും ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് അവർക്ക് ആനന്ദം നൽകപ്പെടുകയും ചെയ്യുന്നതാണ്. ""നിശ്ചയം സ്വർഗ്ഗത്തിൽ വെള്ളി മണികളുള്ള ചില വൃക്ഷങ്ങളുണ്ട്. സ്വർഗ്ഗവാസികൾ ആനന്ദകരമായ ശ്രവണം ഉദ്ദേശിക്കുമ്പോൾ അർശിന്റെ താഴെ നിന്ന് അല്ലാഹു ഒരു കാറ്റ് അയക്കുകയും ആ കാറ്റ് വൃക്ഷങ്ങളിൽ തട്ടുമ്പോൾ സുഖാനന്ദകരമായ ശബ്ദങ്ങളോടെ ആ മണികൾ ചലിക്കുകയും ചെയ്യുന്നതാണ്. ദുൻയാവിലെ ആളുകളെങ്ങാനും ആ ശബ്ദങ്ങൾ ശ്രവിച്ചാൽ അത്യാനന്ദത്താൽ അവർ മരിച്ചു പോകുന്നതാണ്'' എന്ന് ഈ ആയത്തിന്റെ വിശദീകരണത്തിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
 
ഉദ്ദൃത ആയത്തിന്റെ വിശദീകരണത്തിൽ യഹ്‌യ ബ്നു കസീറിൽ നിന്ന് ബൈഹഖി (റ) ഉദ്ധരിക്കുന്നു: ""അവരുടെ സന്തോഷം രാഗശ്രവണമാണ്''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസിയായ അടിമയുടെ തലഭാഗത്തും കാൽഭാഗത്തും രണ്ട് സ്വർഗ്ഗസുന്ദരികൾ ഇരിക്കുകയും മനുഷ്യഭൂത വർഗ്ഗങ്ങൾ കേട്ടതിൽ വെച്ചേറ്റവും മനോഹര ശബ്ദത്തിൽ രാഗം ആലപിക്കുകയും ചെയ്യുന്നതാണ്. അത് പിശാചുക്കളുടെ കുഴലൂത്തല്ല. മറിച്ച് അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും പരിശുദ്ധി വാഴ്ത്തലുകളുമാണ്. അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""ഞങ്ങൾ ആദരണീയ ഭർത്താക്കന്മാർക്ക് നൽകപ്പെട്ട സ്വർഗ്ഗസുന്ദരികളാണെന്ന'' ഗാനം സ്വർഗ്ഗീയസുന്ദരികൾ ആലപിക്കുന്നതാണ്''. ഈ വിഷയ സംബന്ധമായി ഇങ്ങനെനിരവധി ഹദീസുകൾ കാണാവുന്നതാണ്.

*സ്വർഗ്ഗീയ പാത്രങ്ങൾ*

അല്ലാഹു പറയുന്നു: വെള്ളിയാലുള്ള പാത്രങ്ങളും വെള്ളിയാലുള്ള (പളുങ്ക് പോലെ പുറമെ നിന്ന് ഉള്ള് കാണപ്പെടുന്ന) പാനപാത്രങ്ങളും കൊണ്ട് സ്വർഗ്ഗത്തിൽ അവർ പ്രദക്ഷിണം ചെയ്യപ്പെടുന്നതാണ്. (ഇൻസാൻ 15).  ""പാനപാത്രങ്ങൾ കൊണ്ടും സ്വർണ്ണത്താലുള്ള വലിയ തളികകൾ കൊണ്ടും സ്വർഗ്ഗത്തിൽ അവർ പ്രദക്ഷിണം ചെയ്യപ്പെടുന്നതാണ്'' (സുഖ്റുഫ് 71). ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നു ഉമർ (റ) ൽ നിന്ന് ബൈഹഖി (റ) ഉദ്ധരിക്കുന്നു. വ്യത്യസ്ത നിറങ്ങളുള്ള സ്വർണ്ണത്താലുള്ള എഴുപത് തളികകൾ കൊണ്ട് അവർപ്രദക്ഷിണം ചെയ്യപ്പെടുന്നതാണ്.
 
*സുഗന്ധ ചെടി*

ഇബ്നു ഉമർ (റ) ൽ നിന്ന് ഇബ്നു മുബാറക് (റ) ഉദ്ധരിച്ചു: ""സ്വർഗ്ഗീയ സുഗന്ധ ചെടികളുടെ നേതാവാണ് മൈലാഞ്ചി''

*(തുടരും.)*

*

No comments:

Post a Comment