Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച )

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


 വാജിബാത്ത് മാല -137


بسم الله الرحمن الرحيم 

 

""പെരികെ കൂർമ്മയും നേർമ്മ മികത്തുള്ളാ സ്വിറാത്വ് എന്ന്


പേര് ഉന്നും ജിസ്റിനാ ജഹന്നം എന്നേ നരക


മേൽ നാട്ടും ഇത് അഞ്ചാം അസ്വ് ല് തന്നേ"")

അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )


കുട്ടികൾ

ചെറുപ്രായത്തിൽ മരിച്ചു പോകുന്ന കുട്ടികൾ സ്വർഗ്ഗത്തിലാണോ അല്ലയോ എന്നത് പണ്ഡിതർക്കിടയിൽ അഭിപ്രായാന്തരമുള്ള വിഷയമാണ്. ഇത് സംബന്ധമായി അല്ലാമാ ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നത് കാണുക: മുസ്ലിംകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണെന്നത് ഖണ്ഡിതമാണ്. എന്നല്ല അതിൽ പണ്ഡിത ഏകോപനവുമുണ്ട്. എതിരഭിപ്രായം ഒറ്റപ്പെട്ടതും അബദ്ധവുമാണ്. അവിശ്വാസികളുടെ കുട്ടികളെ സംബന്ധിച്ച് നാല് അഭിപ്രായങ്ങളുണ്ട്. അതിലൊന്ന് അവർ സ്വർഗ്ഗത്തിലാണെന്നതാണ്. അഗ്രഗണ്യരുടെ അഭിപ്രായം ഇതാണ്. ""നാം ദൂതനെഅയക്കുന്നത് വരെ നാം ശിക്ഷിക്കുകയില്ല'' ""ഒരാളുടെ തെറ്റ് മറ്റൊരാളും വഹിക്കുകയില്ല'' എന്നീ ആയത്തുകളും മുസ്ലിംകളുടെയും അവിശ്വാസികളുടെയും കുട്ടികളെ സ്വർഗ്ഗത്തിൽ ഇബ്റാഹിം നബി (അ) ക്ക് ചുറ്റും തിരുനബി (സ്വ) സ്വപ്നത്തിൽ കണ്ടു (അമ്പിയാക്കളുടെ സ്വപ്നം വഹ്യാണെന്ന് പണ്ഡിത ഏകോപനമുണ്ട്) എന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസും ഇവർ സ്വർഗ്ഗത്തിലാണെന്ന് വ്യക്തമാക്കുന്ന മറ്റ് നിരവധി ഹദീസുകളും ഇതിന് ആധാരങ്ങളാണ്.


രണ്ട് : പിതാക്കന്മാരോടൊപ്പം അവർ നരകത്തിലാണ്. ഇമാം നവവി (റ) ഈ അഭിപ്രായത്തെ അധികരിച്ചവരിലേക്ക് ചേർത്തുവെങ്കിലും അത് എതിർക്കപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായത്തിന് തെളിവായി പറയുന്ന ഹദീസിതാണ്: തിരുനബി (സ്വ) യോട് ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ മാതാവ് പ്രായപൂർത്തിയാകാത്ത ഞങ്ങളുടെ ഒരു സഹോദരിയെ കുഴിച്ചു മൂടി. അപ്പോൾ തിരുനബി (സ്വ) പറഞ്ഞു: കുഴിച്ചു മൂടിയവളും മൂടപ്പെട്ടവളും നരകത്തിലാണ്. കുഴിച്ച് മൂടിയവൾ ഇസ്ലാം സ്വീകരിച്ച് അല്ലാഹു പൊറുത്തു കൊടുത്താലൊഴികെ''. അവിശ്വാസികളുടെ കുട്ടികൾ നരകത്തിലാണെന്ന് ഇത് അറിയിക്കുന്നു. അവർ സ്വർഗ്ഗത്തിലാണെന്ന് നബി (സ്വ) അറിയുന്നതിന് മുമ്പ് പറഞ്ഞതാകാം ഇതെന്നാണ് ആദ്യഅഭിപ്രായക്കാരുടെ മറുപടി.


മൂന്നാമത്തെ അഭിപ്രായം നിഷ്പക്ഷതയാണ്. അഥവാ സ്വർഗ്ഗത്തിലെന്നോ നരകത്തിലെന്നോ പറഞ്ഞിട്ടില്ല. നാലാമത്തെ അഭിപ്രായം ഖിയാമം നാളിൽ അവരെ ഒരുമിച്ചു കൂട്ടുകയും അവർക്ക് വേണ്ടി നരകം കത്തിക്കപ്പെടുകയും അതിൽ പ്രവേശിക്കാൻ അവരോട് പറയപ്പെടുകയും ചെയ്യും. പരാജിതനെന്ന് അല്ലാഹുവിന്റെ അറിവിലുള്ളവൻ അതിൽ പ്രവേശിക്കുകയും വിജയിയാണെന്ന് അല്ലാഹുവിന്റെ അറിവിലുള്ളവൻ ആ നരകത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്യും. ഈ പറഞ്ഞതിന് ഹദീസ് സ്ഥിരപ്പെട്ടിട്ടില്ലെന്നും മറ്റുമുള്ള ന്യായങ്ങൾ കൊണ്ട് ഇമാം ഹലീമീ ഈ  നാലാം അഭിപ്രായത്തെ ഖണ്ഡിച്ചു.

 

ഔദാര്യം


സ്വർഗ്ഗപ്രവേശനം അല്ലാഹുവിന്റെ ഔദാര്യമാണ്. ജാബിറി (റ) ൽ നിന്നുദ്ധരണം: അദ്ദേഹം പറഞ്ഞു: നബി (സ്വ) തങ്ങൾ പറഞ്ഞതായി ഞാൻ കേട്ടു ""നിങ്ങളിൽ നിന്ന് ആരെയും എന്നെയും തന്റെ കർമ്മങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയോ നരകത്തിൽ നിന്ന് കാക്കുകയോ ഇല്ല. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടല്ലാതെ'' (മുസ്ലിം)

 

ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: പ്രതിഫലവും ശിക്ഷയും ബുദ്ധി കൊണ്ട് സ്ഥിരപ്പെടുകയില്ല. ശറഅ് കൊണ്ട് മാത്രമേ സ്ഥിരപ്പെടൂവെന്നാണ് അഹ് ലുസ്സുന്നയുടെ പക്ഷം. അല്ലാഹുവിന് യാതൊന്നും നിർബന്ധമില്ല. ലോകം മുഴുവനും ഇഹവും പരവുമെല്ലാം അവന്റെ ആധിപത്യത്തിലും അധികാരത്തിലുമാണ്. അവയിൽ അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കും. സദ്വൃത്തരെ അവൻ ശിക്ഷിക്കുകയോ നരകത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്താൽ അതവന്റെ നീതിയാണ്. ഇനി അവർക്ക് സന്തോഷം നൽകുകയോ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്താൽ അതവന്റെ ഔദാര്യമാണ്. അവിശ്വാസികളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാനും അവനധികാരമുണ്ട്. എങ്കിലും അത് ചെയ്യുകയില്ലെന്ന് അവൻ അറിയിച്ചിട്ടുണ്ട്. അവൻ അറിയിച്ചത് സത്യവുമാണ്. എന്നാൽ അവൻ വിശ്വാസികൾക്ക് പൊറുത്തു കൊടുക്കുകയും അവന്റെ റഹ്മത്ത് കൊണ്ട് സ്വർഗ്ഗപ്രവേശനം നൽകുകയും ചെയ്യും. കപടവിശ്വാസികളെ ശിക്ഷിക്കുകയും നരകത്തിൽ ശാശ്വതമാക്കുകയും ചെയ്യും. ഇതവന്റെ നീതിയാണ്. ഉദ്ദൃത ഹദീസുകൾ പോലുള്ളവയുടെ ബാഹ്യം തന്റെ കർമ്മം കൊണ്ട് പ്രതിഫലത്തിനും സ്വർഗ്ഗത്തിനും ആരും അർഹരാകുകയില്ലെന്ന സത്യവാഹകരുടെ (അഹ് ലുസ്സുന്നയുടെ) വീക്ഷണത്തിന് തെളിവാണ്. ""നിങ്ങൾ പ്രവർത്തിച്ചത് കൊണ്ട് നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ'' എന്നിങ്ങനെകർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗപ്രവേശനം ലഭിക്കുമെന്ന് അറിയിക്കുന്ന ഖുർആനിക വചനങ്ങൾ മേൽ ആശയം വരുന്ന ഹദീസുകളോട് എതിരാകുന്നില്ല. പ്രത്യുത ആയത്തുകളുടെ ആശയം സ്വർഗ്ഗപ്രവേശനത്തിന് കർമ്മങ്ങൾ കാരണമാകുമെന്നാണ്. കർമ്മങ്ങൾ ചെയ്യുന്നതിനുള്ള ഉദവിയും നിഷ്കാമ കർമ്മങ്ങളിലേക്കുള്ള നേർവഴിയും അവയെ സ്വീകരിക്കലും അല്ലാഹുവിന്റെ ഔദാര്യവും കരുണയും കൊണ്ടാണ്. കേവലം കർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗപ്രവേശനമില്ല എന്നത് അപ്പോൾ ശരിയാകുന്നു. അതാണ് "കർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗത്തിൽ കടക്കുകയില്ല' എന്നാശയം വരുന്ന ഹദീസുകളുടെ ഉദ്ദേശ്യം. എന്നാൽ കർമ്മങ്ങൾ കാരണം സ്വർഗ്ഗപ്രവേശം ലഭിക്കുമെന്നത് ശരിയാണ്. അവയാണെങ്കിൽ അവന്റെ കാരുണ്യത്താലാണ് താനും. കർമ്മങ്ങൾ കാരണമായാലും അല്ലെങ്കിലും സ്വർഗ്ഗലഭ്യത അല്ലാഹുവിന്റെ ഔദാര്യമാണെന്ന് സാരം.


(തുടരും.)

No comments:

Post a Comment