Friday, September 18, 2020

സ്വൂഫികളുടെ ജദ്ബ്

സ്വൂഫി ധാര


സ്വൂഫികളിൽ പെട്ട ഒരു വിഭാഗമാണ് മജ്ദൂബുകൾ. എന്താണ് ജദ്ബ് ?. ആരാണ് മജ്ദൂബ് ? അവരുടെ നിലയെന്ത് ? മറ്റുള്ളവരെ പരിപാലിക്കാൻ അവർക്ക് സാധിക്കുമോ ? നമുക്ക് പഠന വിധേയമാക്കാം....

സൃഷ്ടികളുടെ അവസ്ഥകൾ അറിയുന്നതിനെ തൊട്ട് ഹൃദയം മറയുകയും ഉന്നത ലോകത്തോട് ചേരുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ്.

ശൈഖ് അബ്ദുൽ കരീം അൽ ജീലിയ്യ് (റ ) പറയുന്നു: 

ജദ്ബെന്നാൽ നാമാവശേഷമാകലാണ് (താൻ , താനല്ലാത്തത് എന്ന ബോധം വേരറ്റ് പോകൽ )

ഇമാം കമാലുദ്ധീനുൽ ഖാശാ നി (റ) പറയുന്നു:

ഇലാഹിയ്യായ പ്രത്യേക പരിഗണനയിലൂടെ അടിമയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അദ്ധ്വാനവും കൂടാതെ അവനെ അല്ലാഹുവിലേക്കടുപ്പിക്കലാണ്. 

ഇമാം യാഫിഇ (റ) പറയുന്നു:

സ്വന്തത്തെ തൊട്ട് തിരിച്ച് കളയുകയും ബുദ്ധിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്ന ആത്മീയ കാര്യങ്ങൾ പൊടുന്നനെ ഉണ്ടാകലാണ് ജദ്ബ് കൊണ്ടുദ്ദേശിക്കുന്നത്.

ഇമാം ഇബ്നു അജീബ (റ) പറയ്യന്നു :

സ്നേഹാനുരാഗങ്ങളുടെ പ്രഭകൾ തുടർച്ചയായി വരുന്നതിനാൽ സ്വബോധം പൂർണമായി മറയലാണ് ജദ്ബ്.


ഇബ്നു അജീബ (റ) മറ്റൊരു സ്ഥലത്ത് ജദ്ബ് എന്നതിന്റെ ആശയം ഇങ്ങനെ വ്യക്തമാക്കുന്നു:

സൃഷ്ടികളെ കാണുന്നതിൽ നിന്ന് സ്രഷ്ടാവിനെ ദർശിക്കുന്നതിലേക്ക് ആത്മാവിനെ തട്ടിയെടുക്കലാണ് ജദ്ബ്.

ശൈഖ് മുഹമ്മദ് മുറാദ് അന്നഖ്ശബന്ദിയ്യ് (റ) പറയ്യുന്നു:

ജദ്ബ് രണ്ടിനമാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതാണ് ഒന്ന്. അത് പ്രത്യക്ഷമാണ്. ഇതിന് തൗഫീഖ് എന്ന് പറയും. രണ്ടാമത്തത് അടിമയുടെ ഭാഗത്ത് നിന്നുള്ളതാണ്. അത് പരോക്ഷമാണ്. അതിന് ആകർഷണം, പ്രേമം , അനുരാഗം എന്നൊക്കെ പറയപ്പെടും.

ജദ്ബും ഭ്രാന്തും 

ജദ്ബ് ഹൃദയത്തോട് ബന്ധിച്ച അവസ്ഥയും ഭ്രാന്ത് തലച്ചോറിനോട് ബന്ധിച്ച അവസ്ഥയുമാണന്നാണ് ജദ്ബും ഭ്രാന്തും തമ്മിലുള്ള അന്തരമായി പണ്ഡിതർ രേഖപ്പെടുത്തിയത്. അനുഭവ അനുഭൂതികളിലൂടെയുള്ള ആത്മീയ സഞ്ചാരമോ പ്രവേശനമോ ആണ് ജദ് ബത്തുൽ ഇലാഹിയ്യ (റബ്ബിന്റെ ഭാഗത്ത് നിന്ന് ആത്മാവിനെ റാഞ്ചിയെടുക്കൽ ) എന്ന് ഇമാം നാബുലുസി (റ) പറഞ്ഞതായി കാണാം.

മജ്ദൂബ്  

ജദ്ബിനെ വ്യത്യസ്ത നിലയിൽ വിശദീകരിച്ചത് പോലെ മജ്ദൂബിനെയും വിവിധ രൂപങ്ങളിൽ മഹാൻമാർ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ സ്വൂഫി സാങ്കേതികമായ നിർവ്വചനം ഇങ്ങനെയാണ്.

من جذبه الحق إلي حضرته وأولاه ما شاء من المواهب بلا كلفة ولا مجاهدة ولا رياضة

അല്ലാഹു അവന്റെ സന്നിധിയിലേക്ക് പിടിച്ച് വലിക്കുകയും പരിശീലന പരിശ്രമങ്ങളും പ്രയാസങ്ങളും കൂടാതെ അല്ലാഹു ഉദ്ദേശിച്ച ഔദാര്യങ്ങൾ നൽകുകയും ചെയ്തവനാണ് മജ്ദൂബ്.

ഇതേ ആശയം വിവിധ വാചകങ്ങളിലൂടെ നിരവധി പണ്ഡിതർ വ്യക്തമാക്കുന്നുണ്ട്. അവരിൽ പ്രധാനികളാണ് ഇമാം ജൂർ ജാനി (റ) , ഇമാം അഹ്മദ് ളിയാഉദ്ദീനുൽ കം ശഖാനി അന്നഖ്ശബന്ദി ,അൽ ഖുത്വ് ബുശ്ശഅറാനി (റ), ഇമാം ഹകീമുത്തുർമുദി (റ) , ശൈഖ് ഇസ്മാഈലുൽ ഹഖി അൽ ബറൂസവി (റ) , അബ്ദുൽ ഗനിയ്യു ന്നാബുലസി (റ) , ശൈഖ് ഇബ്നു അജീബ (റ) എന്നിവർ

മഹാനായജൂർ ജാനി (റ) മജ്ദൂബിനെ നിർവച്ചിച്ചത് ഇങ്ങനെ വായിക്കാം....

المجذوب: من اصطفاه الحق لنفسه، واصطفاه بحضرة أنسه، وأطلعه بجناب قدسه، ففاز بجميع المقامات والمراتب بلا كلفة المكاسب والمتاعب

كتاب التعريفات للشريف الجرجاني

അല്ലാഹു അവന് വേണ്ടി അവന്റെ സന്നിധി കൊള്ളെ തിരഞ്ഞടുക്കുകയും അവന്റെ പരിശുദ്ധി വേണ്ട വിധം വെളിവാക്കിക്കൊടുക്കുകയും തൻമൂലം അദ്ധ്വാനങ്ങളുടെയും പ്രയത്നങ്ങളുടെയും പ്രയാസം പേറാതെ എല്ലാ സ്ഥാനങ്ങളും പദവികളും കൊണ്ട് അവൻ വിജയിക്കുകയും ചെയ്തവനാണ് മജ്ദൂബ്.

മാധ്യമമായ ഒരു വഴികാട്ടിയില്ലാതെ അല്ലാഹു നേരിട്ട് അവനിലേക്ക് അടുപ്പിക്കുന്നവരാണ് മജ്ദൂബുകൾ എന്നാണ് മേൽ പറഞ്ഞതിന്റെ അർത്ഥം.

മഹാനായ ശൈഖ് അഹ്മദ് ളിയാഉദ്ധീനുൽ  കംശഖാനവിന്നഖ്ശബന്ദി (റ) പറഞ്ഞു:

ومعنی الولي علی وجهين . الاول : من ثبت له تصرف ولاية علی مصلحة دينية. والثانی : من ليس له ولاية التصرف بالفعل بل ثبت له ولاية التصرف بالقوة

فان قيل : کيف يکون وليا وليس له ولاية التصرف ?

الجواب : يجوز ان يکون وليا علی معنی ان الله تعالی قد تولی وتصرف فی جميع اموره , وهذا الولي ولي بالحق , إن سمع فبالحق يسمع وان ابصر فبالحق يبصر فهو فی عالم الحبوبية، والی هذا اشار بقوله تعالی  ”کنت له سمعا وبصرا“     (  جامع الاصول فی الاولياء )

വലിയ്യ് എന്നതിന്റെ ആശയം രണ്ട് വിധത്തിലാണ് : മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ക്രയവിക്രയാധികാരമുള്ളയാളാണ് വലിയ്യ് എന്നതാണ് ഒന്ന്.

രണ്ടാമത്തേത് കൈകര്യാധികാരം നിലവിലില്ലങ്കിലും ഫലത്തിൽ കൈകാര്യാധികാരം ഉള്ളയാളാണ് 

ഇയാൾ ഫലത്തിൽ വലിയ്യ് തന്നെയാണ്. "എന്തങ്കിലും കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ  ചെയ്യുന്നുവെങ്കിൽ അതല്ലാം അല്ലാഹുവിനെ കൊണ്ടാണ്.

ഇദ്ദേഹം അല്ലാഹുവിന്റെ ഇഷ്ടദാസരായ പ്രണയികളുടെ ലോകത്താണ് . "ഞാൻ അവന് കേൾവിയും കാഴ്ചയുമാകും " എന്ന അല്ലാഹുവിന്റെ വചനം സൂചിപ്പിക്കുന്നത് അതാണ്.

وهذا الولي لا يصلح ان يکون مربيا للخلق لانه فی قبضته تعالی مسلوب الاختيار عن نفسه ،  واذا کان مسلوب الاختيار عن نفسه فلا يصلح ان يکون مربيا للغير لان التصرف فی غيره يستدعی ولاية التصرف فی نفسه ، وهذا الولي مجذوب فی نفسه مسلوب التصرف فی نفسه فکان مسلوب التصرف فی غيره                        ( جامع الاصول فی الاولياء )

ഇങ്ങനെയുള്ള വലിയ്യ് സൃഷ്ടികളെ തർബിയ്യത്ത് ചെയ്യാൻ യോഗ്യനല്ല.കാരണം അവൻ സ്വന്തമായി നിയന്ത്രണം ഊരിയെടുക്കപ്പെട്ട് അല്ലാഹുവിന്റെ നിയന്ത്രണത്തിലും പിടിത്തത്തിലുമായിരിക്കും. സ്വന്തം കാര്യത്തിൽ സ്വയേഷ്ട പ്രവൃത്തി നീക്കം ചെയ്യപ്പെട്ടയാൾക്ക് മറ്റുള്ളവരെ പരിപാലിക്കാൻ പറ്റില്ലല്ലോ? ഈ വലിയ്യ് മജ്ദൂബും സ്വന്തമായി തന്നിലുള്ള സ്വയേഷ്ട പ്രവർത്തനം നീക്കപ്പെട്ടവനാകുന്നു. സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചയ്യുവാനുള്ള അധികാരം നീക്കപ്പെട്ടവന് മറ്റുള്ളവരിലുള്ള കൈകാര്യങ്ങളും ചെയ്യാൻ കഴിയില്ല എന്നുറപ്പാണല്ലോ.? അത് കൊണ്ട് തന്നെ ഈ മജ്ദൂബായ വലിയ്യിന് മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യുവാനും സാധിക്കുന്നതല്ല ...    

അൽപം വാചകങ്ങൾക്കപ്പുറം ഇമാം അഹ്മദ് ളിയാഉദ്ദീനുന്നഖ്ഷബന്ധി (റ) തുടർന്ന് പറയുന്നു:

المجذوب فی قبضته تعالی بمنزلة الصبي الرضيع تتصرف فيه يدُ القدرة کتصرف الوالدة فی ولدها، فهو فی حجر تربية المحبوبية يرضع بلبن کرم الربوبية

അല്ലാഹുവിന്റെ കരവലയത്തിലുള്ള ഈ മജ്ദൂബ് മുല കുടിക്കുന്ന കുട്ടിയുടെ സ്ഥാനത്താണ് . ഒരു മാതാവ് അവളുടെ കുട്ടിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പോലെ ഈ മജ്ദൂബിൽ അല്ലാഹുവിന്റെ നേരിട്ടുള്ള ഖുദ്റത്താണ് ( കഴിവ്) കൈകാര്യം നടത്തുന്നത്. ഈ മജ്ദൂബ് മഹ്ബൂബിയത്താകുന്ന തർ ബിയ്യത്തിന്റെ മടിത്തട്ടിലാണ്. റുബൂബിയ്യത്തിന്റെ ഔദാര്യമാകുന്ന പാൽ കുടിക്കുകയും ചെയ്യുന്നു. 

ويقول فيهم قد يربون فی حجر تربية ارادتنا    ويرضعون بلبن کرمنا 

അവരെ സംബന്ധിച്ച് അവൻ പറയും :

നമ്മുടെ ഇറാദത്താകുന്നതർബിയ്യത്തി (ഉദ്ദേശമാകുന്ന പരിപാലനം)ന്റെ മടിത്തട്ടിൽ അവർ വളരുകയും നമ്മുടെ ഉദാരത എന്ന പാൽ അവർ കുടിക്കുകയും ചെയ്യും

ചില നവയുഗ പണ്ഡിതർ ധരിച്ചു വെച്ചത്‌പോലെ മജ്ദൂബുകൾ തരം താഴ്ന്നവരല്ല. മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യാൻ പറ്റാത്ത ചിലർ സ്വൂഫികളിലുണ്ടങ്കിലും അല്ലാഹുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും പിടുത്തത്തിലുമായി ഉന്നത സ്ഥാനങ്ങൾ എത്തിച്ചവരാണന്ന് കഴിഞ്ഞ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. അവരുടെ വചനങ്ങൾ അല്ലാഹുവിന്റെതാണ്. കാഴ്ചയും കേൾവിയുമെല്ലാം അപ്രകാരമാണ്. ആ ഒരു ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണല്ലോ സുന്നികളായ നാം അത്തരം സ്വൂഫികളെ സമീപിച്ച് ആവലാതികൾ പറഞ്ഞ് പരിഹാരം തേടുന്നതും നേടുന്നതും.

മജ്ദൂബിന്റെ വെളിപാടുകൾ  

ശൈഖ് ഇബ്നു അജീബ (റ) പറയുന്നു:

فارباب الجذب يکشف لهم اولا من غير مجاهدة عن شهود الذات فيسکر بشهود نورها فينکر الواسطة اصلا وينکر الشرائع إلا انه مغلوب ثم يرد من شهود الذات الی شهود الصفات فلا يری الا صفات الحق تکثفت وظهرت وينکر الاثر ، ثم اذا شهد الصفات تعلق بالاسماء اللازمة لها، ثم يرجع الی شهود آثار، فيقوم باحکام عبوديته ( ايقاظ الهمم  )

 ജദ്ബിന്റെ ആളുകൾക്ക് അദ്ധ്വാനം കൂടാതെ ആദ്യം ദിവ്യ ദാത്തിന്റെ ദർശനം ലഭിക്കുന്നു. ദാത്തിന്റെ പ്രഭ കാരണമായി അവന് മത്ത് പിടിക്കുന്നു. തദനന്തരം എല്ലാ മാധ്യമവും ബാഹ്യ നിയമങ്ങളും അവൻ പാടേ നിഷേധിക്കുന്നു. എങ്കിലും ഈ അവസ്ഥ അവനിൽ അനിയന്ത്രിതമായതിനാൽ വിടുതിയുള്ളവനാണ് . സ്വയേഷ്ടപ്രകാരം ചെയ്യുന്നതല്ലാത്തതിനാൽ അവൻ ആക്ഷേപാർഹനുമല്ല. പിന്നെ ദാത്തിന്റെ ദർശനത്തിൽ നിന്ന്  അല്ലാഹുവിന്റെ വിശേഷണങ്ങൾ ദർശിക്കുന്നതിലേക്ക് അവനെ മടക്കപ്പെടും. അപ്പോൾ അവൻ അല്ലാഹുവിന്റെ വിശേഷണങ്ങൾ മാത്രമേ കാണുകയൊള്ളൂ. അതിന്റെ ശേഷിപ്പുകൾ കാണുന്നതല്ല.

പിന്നെ ഈ വിശേഷണങ്ങൾക്ക് അനിവാര്യമായ നാമങ്ങളോട് വിശേഷണങ്ങൾ ബന്ധിക്കുന്നതായി അവൻ ദർശിക്കും. പിന്നെ അവൻ അല്ലാഹുവിന്റെ സൃഷ്ടികളെ കാണുന്നതിലേക്ക് മടങ്ങുകയും അടിമത്വത്തിന്റെ നിയമങ്ങൾക്ക് വിധേയമായി നിലകൊള്ളുകയും ചെയ്യും.

ഇങ്ങനെയാണ് മജ് ദുബുകൾക്കുണ്ടാക്കുന്ന ദിവ്യബോധനങ്ങൾ (വെളിപാടുകൾ )

ജദ്ബും സുലൂക്കും 

ഔലിയാക്കളുടെ വിഭാഗങ്ങൾ വിശദീകരിച്ച പണ്ഡിത മഹത്തുക്കൾ തർബിയത്തിന് യോഗ്യരും അയോഗ്യരുമായ മഹാൻമാരെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. 

واعلم ان الناس فی الجملة علی اربعة اقسام : سالکون فقط ، مجذوبون فقط ، سالکون ثم جذوبون ، مجذوبون ثم سالکون

കേവല മജ്ദൂബ്, കേവല സാലിക്ക്,മജ്ദൂബായ സാലിക്ക്, സാലിക്കായ മജ്ദൂബ് എന്നിങ്ങനെ നാലായി വിഭജിച്ചതായി കാണാം. ജദ്ബും സുലൂക്കും അടിസ്ഥാനമാക്കിയാണ് ഈ നാല് വിഭാഗം തിരിയുന്നത്.

والسالکون علی عکس هذا فيستدلون بوجود آثاره علی وجود اسمائه وبوجود اسمائه علی وجود صفاته علی وجود ذاته کما تقدم. فنهاية السالکين وهي شهود الذات وهي بداية المجذوبين. ونهاية المجذوبين، وهي شهود الأثر بداية السالکين ولکن ليس بمعنی واحد  

ജദ്ബിന്റെ വഴി ആദ്യം ദാത്ത് ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും പിന്നെ ഹിക്മത്ത് ദർശിക്കലുമാണ്.

സുലൂക്കിന്റെ വഴി ആദ്യം അല്ലാഹുവിന്റെ നാമങ്ങൾ ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും അതിൽ നിന്ന് ദാത്ത് ദർശിക്കലുമാണ്.

സുലൂക്കിലൂടെ താഴെ നിന്ന് മുകളിലേക്ക് ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് പോകുകയും അതിന്റെ പൂർണ്ണത നേടിയ ശേഷം മറ്റൊരുരീതിയിൽ (ആദ്യമേ ഉണ്ടായിരുന്നതല്ലാത്ത )മുകളിൽ നിന്ന് താഴേക്ക് മടക്കപ്പെടും. ജദ്ബിൽ സുലൂക്കിലുള്ള തിന് വ്യത്യസ്ഥമായി ഒറ്റയടിക്ക് ആദ്യം തന്നെ ദാത്ത് ദർശിക്കുകയെന്ന ഉന്നതാവസ്ഥ പ്രാപിക്കുകയാണ്. പിന്നെ താഴേക്ക് വരികയാണ്. സാലിക്കുകളുടെ അവസാനംമജ്ദൂബകളുടെ ആരംഭവും മജ്ദൂബുകളുടെ അവസാനം സാലിക്കുകളുടെ ആരംഭവുമാണന്ന് സാരം. എന്നാൽ രണ്ടും ഒരേ നിലക്കല്ല താനും...

【തുടരും....】

                                                            തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം




No comments:

Post a Comment