Friday, September 18, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...-3

ത്വരീഖത്ത് തിരുത്തപ്പെടേണ്ട   തെറ്റിദ്ധാരണകൾ -3

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...

【തുടർച്ച....】

*ഇനി ഹദീസുകളുടെ കാര്യമെടുക്കാം. ഹിജ്റ മൂന്നാം നൂറ്റാണ്ട് വരെ പത്ത് ലക്ഷത്തിൽപ്പരം ഹദീസുകൾ മനഃപാഠമുള്ള ഹദീസ്‌ പണ്ഡിതൻമാരുണ്ടായിരുന്നു. അഹ്മദുബ്നു ഹൻബൽ (റ) അത്തരത്തിലുള്ള ഒരു മഹാനായിരുന്നു. അദ്ദേഹത്തിെൻ്റെ ഗുരുവര്യരായിരുന്ന ഇമാം ശാഫി ഇ (റ) യുടെ ഹദീസ് പാണ്ഡിത്യം പിന്നെ പറയേണ്ടതുണ്ടോ?! എന്നാൽ ആ മഹത്തുക്കൾ പഠിച്ചറിഞ്ഞ ദശലക്ഷത്തിൽപ്പരം ഹദീസുകളിൽ ഭൂരിഭാഗവും അവരോടൊപ്പം ഖബറിൽ പോയി. വളരേ ചെറിയ ഒരംശം മാത്രമേ ഭൂമഖത്ത് ഇന്നവശേഷിക്കുന്നുള്ളൂ. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ രണ്ട് ലക്ഷം ഹദീസുകളേ ഭൂമിക്ക് മുകളിൽ ബാഖിയായിരുന്നുള്ളൂവെന്ന് ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളിലാകട്ടെ; സ്വഹീഹാണെന്ന് വിധിയെഴുതപ്പെട്ട ഹദീസുകൾ ആവർത്തനം കഴിച്ച് ഏകദേശം പന്ത്രണ്ടായിരം മാത്രമേയുള്ളൂ......

നിലവിലുള്ള ഖുർആനിൻ്റെ പരിഭാഷയും, ഇത്രയും ഹദീസുകളും ( റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ഹദീസുകളുടെ 10%) വച്ച് നമ്മുടെ വിശ്വാസ കർമ്മ ആചാരാനുഷ്ടാനമേഖലകളിലെ മുഴുവൻ നിയമങ്ങളും ഗ്രഹിക്കാൻ കഴിയുമെന്നാണോ ഈ പമ്പരവിഡ്ഢികൾ ധരിച്ചു വച്ചിരിക്കുന്നത് ?! ഒരിക്കലുമില്ല......

*ഇവിടെയാണ് ഹിജ്റയുടെ രണ്ടും, മൂന്നും നൂറ്റാണ്ടുക ളിൽ മഹത്തുക്കളായ ഇമാമുകൾ ചെയ്ത തുല്യതയില്ലാത്ത സേവനങ്ങളുടെ വലുപ്പവും, മഹത്വവും ബോദ്ധ്യപ്പെടുക.*

ഖുർആനിൻ്റെ തഫ്സീറുകളും, ദശലക്ഷത്തിൽപ്പരം വരുന്ന ഹദീസുകളും ലഭ്യമായിരുന്ന കാലത്ത് തന്നെ വിശ്വാസപരമായും കർമ്മപരമായും, ആചാരാനുഷ്ടാനപരമായും ഖുർആൻ ഹദീസുകളിൽ നിന്ന് ലഭിക്കേണ്ട നിയമങ്ങളും, പാഠങ്ങളും കഠിനാധ്വാനം ചെയത് കണ്ടെത്തി ശാസ്ത്രീയമായി ക്രോഡീകരിച്ചു തന്ന മുൻഗാമികളായ ഇമാമുകളുടെ മഹത്തായ സേവനങ്ങൾ എത്രയോ വലുതാണ്.

فاسئلوااهل الذكر ان كنتم لا تعلمون

(നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ ഖുർആൻ പണ്ഡിതൻമാരോട് നിങ്ങൾ ചോദിക്കുവീൻ) ഖു. ശ. - അന്നഹ്ൽ - 43

''അപ്പോൾ ഖുർആനിക ജ്ഞാനങ്ങളും, ഖുർആനിൻ്റെ വ്യാഖ്യാനങ്ങളായ ഹദീസുകളും മുഴുവനും ലഭ്യമായിരുന്ന പ്രഥമ നൂറ്റാണ്ടുകളിലെ പണ്ഡിത മഹത്തുക്കളും, ഇമാമുകളും, ഖുർആൻ, ഹദീസുകളിൽ നിന്ന് കണ്ടെത്തി ക്രോഢീകരിച്ച നിയമങ്ങൾ, ആചാരാനുഷ്ടാനങ്ങൾ എന്നിവയാണ് നാല് കർമ്മ ശാസത്ര മദ്ഹബുകളും, അശ്അരീ, മാതുരീദി എന്നീ രണ്ട് വിശ്വാസസരണികളും, ആദ്ധ്യാത്മിക ശാസ്ത്രമാകുന്ന തസ്വവ്വുഫും....

ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളായ ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവ യഥാക്രമം വിവരിക്കുന്ന പ്രസ്തുത ശാസ്ത്ര ശാഖകളായ അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്‌ എന്നിവ ഒഴിച്ച് നിർത്തിക്കൊണ്ട് ഇസ്‌ലാം ദീനിനെ മനസ്സിലാക്കാൻ ഇന്നാർക്കും കഴിയില്ല. അത് കൊണ്ട് തന്നെ ഈ ശാസ്ത്രങ്ങൾ തള്ളിക്കളഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് പറയുന്നവരുടെ വങ്കത്തവും, അൽപ്പത്തവും, മൂഢത്തരവും, അപ്രായോഗികതയും സുതരാം വ്യക്തമാണ്.

ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ നിന്നും ഇന്ന് ലഭ്യമായ ഏകദേശം 10 % അറിവുകൾ മാത്രം കയ്യിൽ വച്ച് 100 % വും സ്വായത്തമാക്കിയ മുൻഗാമികളായ പണ്ഡിത മഹത്വുക്കളേയും ,അവർരേഖപ്പെടുത്തി വച്ച മതനിയമങ്ങളേയും, തള്ളിക്കളഞ്ഞ്, ഞങ്ങൾ പറയുന്നത് അംഗീകരിക്കണമെന്നും, ഞങ്ങൾക്കാണ് ഖുർആനും , ഹദീസും മൊത്തം തിരിഞ്ഞതെന്നും ഇന്നാരെങ്കിലും വാദിച്ചാൽ അവരുടെ പിന്നാലെ കൂടാനും, അവർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ബുദ്ധിയും, വിവേകവുമുള്ള ആരെയെങ്കിലും കിട്ടുമോ?!!..

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲*

【തുടരും....】

സംശയ നിവാരണം By : *അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി* മുളവൂർ 
 +91 97475 84167




No comments:

Post a Comment