Saturday, September 26, 2020

അബൂബക്കർ (റ) ( തുടർച്ച )അറിവും ബുദ്ധിയും

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ 
 
വാജിബാത്ത് മാല_152

 بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ*
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")*


അസ്വ് ല് ഏഴ്*   

അബൂബക്കർ (റ) ( തുടർച്ച )

അറിവും ബുദ്ധിയും

ഇമാം നവവി (റ) യിൽ നിന്ന് ഇമാം സുയൂഥി (റ) ഉദ്ധരിക്കുന്നു: ""അല്ലാഹുവാണെ സത്യം! നിസ്കാരവും സകാത്തും തമ്മിൽ അന്തരപ്പെടുത്തുന്നവരോട് നിശ്ചയം ഞാൻ യുദ്ധം ചെയ്യും. അല്ലാഹുവാണെ സത്യം! തിരുനബി (സ്വ) ക്ക് നൽകിയിരുന്ന സകാത്ത് അവർ എനിക്ക് നൽകാതിരുന്നാൽ അവരോട് ഞാൻ യുദ്ധം ചെയ്യും''. എന്ന അബൂബക്കറി (റ) ന്റെ വാചകം അദ്ദേഹത്തിന്റെ അത്യുന്നത അറിവിന് നമ്മുടെ പണ്ഡിതർ തെളിവാക്കിയിരിക്കുന്നു. ഇമാം ബുഖാരി (റ) യും മുസ് ലി (റ) മും ഉദ്ധരിച്ച ഹദീസിലുള്ളതാണീ വാചകം. അബൂബക്കർ (റ) സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും അധികം അറിവുള്ളയാളാണെന്നതിന് ഇതു കൊണ്ടും മറ്റും ശൈഖ് അബൂ ഇസ്ഹാഖ് തെളിവ് പിടിച്ചു. കാരണം ഈ വിഷയത്തിലെ വിധി മനസ്സിലാക്കുന്നതിൽ അബൂബക്കർ (റ) മറ്റ് സ്വഹാബികളേക്കാൾ മുന്നിലായിരുന്നു. പിന്നെ അബൂബക്കർ (റ) അവരുമായി ചർച്ച ചെയ്ത് മനസ്സിലാക്കി കൊടുത്തപ്പോൾ അബൂബക്കർ (റ) പറഞ്ഞത് ശരിയാണെന്ന് അവർക്ക് ബോധ്യമാവുകയും അദ്ദേഹത്തിന്റെ അഭിപ്രായത്തിലേക്ക് അവർ മടങ്ങുകയും ചെയ്തു. ഇബ്നു ഉമർ (റ) ൽ നിന്ന് : ""തിരുനബി (സ്വ) യുടെ കാലത്ത് ജനങ്ങൾക്ക് ഫത് വ  കൊടുത്തിരുന്നത് ആരാണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അബൂബക്കറും (റ) ഉമറും (റ) ആയിരുന്നു. അവരെയല്ലാതെ ഞാനറിയില്ല''.

അബൂ സഈദിൽ ഖുദ് രി (റ)യിൽ നിന്ന് : ജനങ്ങളോടുള്ള പ്രസംഗത്തിനിടെ തിരുനബി (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു ഒരടിമക്ക് ദുൻയാവോ അല്ലാഹുവിന്റെ പക്കലുള്ളതോ ഇവ രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകി. ആ അടിമ അല്ലാഹുവിന്റെയടുക്കലുള്ളത് തിരഞ്ഞെടുത്തു. ഇത് കേട്ട് അബൂബക്കർ (റ) കരഞ്ഞ് കൊണ്ട് പറഞ്ഞു: ഞങ്ങളുടെ മാതാപിതാക്കളെ അങ്ങേക്ക് ഞങ്ങൾ ദണ്ഡം നൽകുന്നു. ഏതോ ഒരടിമക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകിയതിന്റെ പേരിൽ അബൂബക്കർ (റ) കരയുന്നത് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. നബി (സ്വ) തങ്ങളായിരുന്നു തിരഞ്ഞെടുക്കാൻ അവസരം നൽകപ്പെട്ട ആ അടിമ. അത് ഞങ്ങൾക്ക് മനസ്സിലായില്ല. അത് മനസ്സിലാക്കിയത് അബൂബക്കർ (റ) ആയിരുന്നു. അബൂബക്കർ (റ) ഞങ്ങളിൽ ഏറ്റവും അറിവുള്ളയാളാണ്. തിരുനബി (സ്വ) പറഞ്ഞ തിരഞ്ഞെടുപ്പ് അവിടുന്നിന്റെ വഫാത്തിലേക്കുള്ള സൂചനയായിരുന്നു. അത് മനസ്സിലാക്കിയതിനാലാണ് തിരുനബി (സ്വ) യെ നിഴൽ പോലെ പിന്തുടർന്നിരുന്ന മഹാനവർകൾ അവിടുന്നിന്റെ വേർപാട് സഹിക്കവയ്യാതെ കരഞ്ഞത്. ഖുർആനും തിരുസുന്നത്തും എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും കൂടുതൽ അറിവുള്ളയാളായിരുന്നു അബൂബക്കർ (റ). പണ്ഡിതശ്രേഷ്ഠർ എല്ലാം പ്രമാണസഹിതം വിശദീകരിച്ചിട്ടുണ്ട്. ഒന്ന് കൂടി ഉദ്ധരിക്കാം: മൈമൂനു ബ്നു മിഹ്റാനിൽ നിന്ന്: അബൂബക്കർ (റ) ന്റെ അടുക്കൽ തർക്കവിഷയങ്ങൾ വന്നാൽ അദ്ദേഹം ഖുർആൻ നോക്കും. തർക്കക്കാർക്കിടയിൽ വിധിക്കാൻ പറ്റുന്നത് ഖുർആനിലെത്തിച്ചാൽ അത് കൊണ്ട് വിധിക്കും. ഖുർആനിലില്ലെങ്കിൽ തിരുനബി (സ്വ)യിൽ നിന്ന് അക്കാര്യത്തിൽ അദ്ദേഹം അറിഞ്ഞത് കൊണ്ട് വിധിക്കും. അതിലുമില്ലെങ്കിൽ ഈ വിഷയത്തിൽ തിരുനബി (സ്വ) യുടെ വിധി നിങ്ങൾക്കറിയുമോ എന്ന് മുസ് ലിംകളോട് അന്വേഷിക്കും. ചിലപ്പോൾ ധാരാളമാളുകൾ അദ്ദേഹത്തിനരികിൽ വന്ന് തിരുനബി (സ്വ) യുടെ വിധി പറഞ്ഞുകൊടുക്കും. നബി (സ്വ) യിൽ നിന്ന് മനഃപാഠമാക്കിയവരെ നമുക്ക് നൽകിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്ന് അദ്ദേഹം പറയും. തിരുനബി (സ്വ) യുടെ ചര്യയും ആ വിഷയത്തിലില്ലാതെ വന്നാൽ ജനങ്ങളിൽ ഉത്തമരെയും മുതിർന്നവരെയും വിളിച്ച് കൂട്ടി അവരുമായി ആലോചിക്കും. എന്നിട്ട് എല്ലാവരും യോജിക്കുന്ന അഭിപ്രായമനുസരിച്ച് വിധിക്കും.
 
അബൂബക്കർ (റ) എല്ലാറ്റിലുമെന്ന പോലെ സ്വപ്ന വ്യാഖ്യാനത്തിലും പ്രസംഗത്തിലും ഭാഷാ വൈഭവത്തിലും അഭിപ്രായ തികവിലും ബുദ്ധി മികവിലുമെല്ലാം മുൻപന്തിയിലായിരുന്നു. അംറ് ബ്നു ആസ്വി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിന് പിഴവ് സംഭവിക്കൽ നിശ്ചയം അല്ലാഹു വെറുക്കുന്നു''.

വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ആളും ഖുർആൻ സംബന്ധമായി കൂടുതൽ അറിയുന്ന ആളുമായിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ചുരുക്കത്തിൽ സ്വഹാബത്തിന്റെയിടയിൽ എല്ലാ വിഷയങ്ങളിലെന്ന പോലെ അറിവിലും ബുദ്ധിയിലും അബൂബക്കർ (റ) വളരെയധികം തികവിലും മികവിലുമായിരുന്നു.
 
*ശ്രേഷ്ഠത*

അമ്പിയാക്കൾക്ക് ശേഷം ജനങ്ങളിലേറ്റവും ശ്രേഷ്ഠൻ അബൂബക്കർ (റ) ആണെന്ന് അഹ് ലുസ്സുന്ന ഏകോപിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നീ ക്രമത്തിലാണ് ശ്രേഷ്ഠത. ഇബ്നു ഉമർ (റ) ൽ നിന്ന് : ""റസൂലുല്ലാഹി (സ്വ) തങ്ങൾ ഞങ്ങളിൽ ഉള്ളപ്പോൾ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലിയ്യ് (റ) എന്നിവരെ (ഈ ക്രമത്തിൽ) ഞങ്ങൾ ശ്രേഷ്ഠപ്പെടുത്തിയിരുന്നു''. അലിയ്യി (റ) ൽ നിന്ന്: അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) ക്ക് ശേഷം ഈ ഉമ്മത്തിൽ ഉത്തമർ അബൂബക്കർ (റ) ഉം ഉമർ (റ) ഉം ആണ്. അല്ലാമാ ദഹബി പറഞ്ഞു: ഇത് അലിയ്യി (റ) ൽ നിന്ന് അനിഷേധ്യമായി വന്ന നിവേദനമാണ്. അബൂബക്കറി (റ) നേക്കാൾ അലിയ്യി (റ) ന് ശ്രേഷ്ഠതയും മുൻഗണനയും നൽകുന്ന റാഫിള്വിയ്യാ എന്ന പിഴച്ച വിഭാഗത്തിന് ശക്തമായ പ്രഹരമാണ് അലിയ്യി (റ) ൽ നിന്നുള്ള ഈ റിപ്പോർട്ട്. ഉമർ ബ്നുൽ ഖത്വാബി (റ) ൽ നിന്ന്: അബൂബക്കർ (റ) ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഉത്തമനും തിരുനബി (സ്വ) ക്ക് ഞങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളയാളുമാണ്''. സുഹ് രി (റ) യിൽ നിന്ന് : നന്നായി പാടിയിരുന്ന ഹസ്സാൻ (റ) നോട് തിരുനബി (സ്വ) ചോദിച്ചു: അബൂബക്കറി (റ) നെ സംബന്ധിച്ച് നീ വല്ലതും പാടിയിട്ടുണ്ടോ? ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നീ ഒന്നു കൂടി അത് പാടൂ. ഞാൻ കേൾക്കട്ടെ. ശത്രുക്കൾ വളഞ്ഞപ്പോൾ ഹിറാ ഗുഹയിൽ തിരുനബി (സ്വ) യോടൊപ്പം ഉണ്ടായിരുന്നത് അദ്ദേഹമാണ്. തിരുനബി (സ്വ) യുടെ ഇഷ്ടതോഴനാണ്. സൃഷ്ടികളിൽ അദ്ദേഹത്തിന് തുല്യനില്ല എന്നീ ആശയങ്ങളുള്ള പദ്യങ്ങൾ പാടി അദ്ദേഹം പ്രശംസിച്ചു. അപ്പോൾ നബി (സ്വ)ചിരിച്ചു കൊണ്ട് പറഞ്ഞു: ഓ! ഹസ്സാൻ, നീ പറഞ്ഞത് വളരെ സത്യമാണ്!! മാല മൗലിദുകളിലൂടെയും മറ്റും മഹത്തുക്കളെ പ്രശംസിക്കുന്നതിനും പ്രകീർത്തിക്കുന്നതിനുമുള്ള വ്യക്തമായ തെളിവും എതിര് നിൽക്കുന്നവർക്കുള്ള ചുട്ട മറുപടിയുമാണ് ഈ സംഭവം. നിരവധി ഹദീസുകളും ആയത്തുകളും സ്വഹാബത്ത് അടക്കമുള്ള മഹത്തുക്കളുടെ വചനങ്ങളും അബൂബക്കർ (റ) ന്റെ ശ്രേഷ്ഠത സംബന്ധമായി കാണാവുന്നതാണ്.

(തുടരും.)

No comments:

Post a Comment