Friday, September 18, 2020

വീട്ടിൽഖുർആൻ ഓതണം

ഹദീസുകളിലൂടെ ഇന്ന്-154
വീട്ടിൽഖുർആൻ ഓതണം

عَنْ عَبْدِ الرَّحْمَنِ بْنِ سَابِطٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " الْبَيْتُ الَّذِي يُقْرَأُ فِيهِ الْقُرْآنُ يَكْثُرُ خَيْرُهُ ، وَيُوَسَّعُ عَلَى أَهْلِهِ ، وَيَحْضُرُهُ الْمَلائِكَةُ ، وَيَهْجُرُهُ الشَّيَاطِينُ ، وَإِنَّ الْبَيْتَ الَّذِي لا يُقْرَأُ فِيهِ يُضَيَّقُ عَلَى أَهْلِهِ ، وَيَقِلُّ خَيْرُهُ ، وَيَهْجُرُهُ الْمَلائِكَةُ ، وَيَحْضُرُهُ الشَّيَاطِينُ ، الخ ".*
(مصنف عبد الرزاق)
അബ്ദുർറഹ്മാനിബ്നു സാബിത് (റ) നിവേദനം ചെയ്യുന്നു: മുത്ത് നബിﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നന്മ വര്‍ധിക്കുകയും, വീട്ടുകാര്‍ക്ക് (ഭക്ഷണം) വിശാലമാകുകയും, അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും, പിശാചുക്കള്‍ പുറത്ത് പോവുകയും ചെയ്യും.*

 ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീട്ടിൽ  വസിക്കുന്നയാളുകൾക്ക് സങ്കീര്‍ണമാക്കപ്പെടുകയും നന്മ കുറഞ്ഞുപോവുകയും ചെയ്യും. മലക്കുകള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിശാചുക്കള്‍ അവിടെ ആഗതരാവുകയും ചെയ്യും.*
  (മുസ്വന്നഫു അബ്ദുറസാഖ്)
  ♥️ഗുണ പാഠം♥️

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണല്ലോ? അത് പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം... അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഖുര്‍ആനുമായി നിത്യസമ്പര്‍ക്കമില്ലാത്തവന്റെ വിശ്വാസം ലഘുവായ പരീക്ഷണങ്ങളുടെ മുമ്പില്‍ പോലും പതറിപ്പോവും.*

ഖുര്‍ആന്‍ പഠനത്തെ പോലെ പാരായണത്തിനും വലിയ പ്രതിഫലമുണ്ട്. വിശ്വാസത്തിന്റെ പരിമളമാണത്. റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി ഓറഞ്ച് പോലെയാണ്. അതിന് നല്ല സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി കാരക്കപോലെയാണ്. രുചി ആസ്വാദ്യകരമാണെങ്കിലും അതിന് പരിമളമില്ല (ബുഖാരി).*

ഖുര്‍ആന്‍ പാരായണം അല്ലാഹു കല്‍പിച്ച പുണ്യകര്‍മമാണ്. പാരായണക്കാരെ അവന്‍ ഏറെ പുകഴ്ത്തുന്നതു കാണാം. ഖുര്‍ആന്‍ പറയുന്നു: താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ട നാഥന്റെ ഗ്രന്ഥം പാരായണം ചെയ്യുക (18/27).*

നിശ്ചയമായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നഷ്ടം സംഭവിക്കാത്ത പ്രതിഫലമാണ് കാംക്ഷിക്കുന്നത്. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ണമായും നല്‍കുവാനും അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനും വേണ്ടി (35/29,30). അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ...

അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


No comments:

Post a Comment