Friday, September 18, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച ) കൃഷി

  വാജിബാത്ത് മാല -144


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

بسم الله الرحمن الرحيم 

 ""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")


സ്വർഗ്ഗവും നരകവും ( തുടർച്ച )

കൃഷി

ഇമാം ബുഖാരി (റ) അബൂഹുറൈറ (റ) യിൽ നിന്ന് : നിശ്ചയം നബി (സ്വ) തങ്ങൾ പറഞ്ഞു: സ്വർഗ്ഗവാസികളിൽ പെട്ട ഒരാൾ കൃഷി ചെയ്യാൻ അല്ലാഹുവിനോട് അനുമതി ചോദിക്കും. അപ്പോൾ നിന്റെ ഉദ്ദേശാനുസരണം കാര്യങ്ങൾ ആകുന്നില്ലേ? എന്ന് അല്ലാഹു അയാളോട് ചോദിക്കുമ്പോൾ അതെ, എങ്കിലും ഞാൻ കൃഷി ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറയും. അപ്പോൾ അല്ലാഹു വിത്ത് വിതയ്ക്കാൻ പറയുകയും അയാൾ വിത്ത് വിതക്കുകയും ചെയ്യും. പെട്ടെന്ന് തന്നെ അത് മുളയ്ക്കുകയും വളരുകയും പർവ്വത സമാനങ്ങളായ വിളകൾ ലഭിക്കുകയും ചെയ്യും. അപ്പോൾ അല്ലാഹു അവനോട് പറയും: ""മനുഷ്യാ, അത് മുഴുവനും നീ എടുക്കൂ. കാരണം നിന്നെ ഒന്നും വയറ് നിറയ്ക്കുകയില്ല'' (എത്ര കിട്ടിയാലും മതിയാകില്ലല്ലോ?). ത്വബ്റാനി (റ) യും അബുശൈ്ശഖും (റ) അബൂ ഹുറൈറ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിൽ കടന്നാൽ ഒരാൾ എഴുന്നേറ്റ് പറയും. രക്ഷിതാവേ! കൃഷി ചെയ്യാൻ എനിക്ക് അനുവാദം നൽകൂ. അദ്ദേഹത്തിന് അല്ലാഹു അനുമതി നൽകും. അപ്പോൾ അദ്ദേഹം വിത്ത് വിതച്ച് തിരിയുമ്പോഴേക്കും ഓരോ കുലയുടെയും നീളം പന്ത്രണ്ട് മുഴമെത്തിയിരിക്കും. അവിടം വിടുന്നതിന് മുമ്പ് അവ പർവ്വത സമാനങ്ങളായ കൂമ്പാരങ്ങളായി മാറും.

കുതിര

അബ്ദുർറഹ്മാന് ബ്നു സാഇദയിൽ നിന്ന് : അദ്ദേഹം പറഞ്ഞു: എനിക്ക് കുതിര ഇഷ്ടമായിരുന്നു. അതിനാൽ സ്വർഗ്ഗത്തിൽ കുതിരയുണ്ടോ? എന്ന് ഞാൻ തിരുനബി (സ്വ) യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: ""നിന്നെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചാൽ മാണിക്യത്താലുള്ള ഒരു കുതിര സ്വർഗ്ഗത്തിൽ നിനക്കുണ്ടായിരിക്കുന്നതാണ്. അതിന് രണ്ട് ചിറകുകളുണ്ട്. നീ ഉദ്ദേശിക്കുന്നിടത്തെല്ലാം അത് നിന്നെയും കൊണ്ട് അതിവേഗം സഞ്ചരിക്കുന്നതാണ്''. തുർമുദി (റ) യും ബൈഹഖി (റ) യും ബുറൈദയിൽ നിന്ന് : "തിരുനബി (സ്വ) യോട് ഒരാൾ ചോദിച്ചു: സ്വർഗ്ഗത്തിൽ കുതിരയുണ്ടോ? തിരുനബി (സ്വ) പറഞ്ഞു: നീ ഉദ്ദേശിക്കുന്നിടത്ത് സ്വർഗ്ഗത്തിൽ നിന്നെയും കൊണ്ട് അതിവേഗം സഞ്ചരിക്കുന്ന, ചുവന്ന മാണിക്യത്താലുള്ള കുതിര വാഹനമായിട്ടുണ്ടാകും. സ്വർഗ്ഗത്തിൽ ഒട്ടകമുണ്ടോ? എന്ന് മറ്റൊരാൾ ചോദിച്ചു. ആദ്യത്തെയാൾക്ക് നൽകിയ മറുപടിയല്ല നബി നൽകിയത്. നബി (സ്വ) പറഞ്ഞു: അല്ലാഹു നിന്നെ സ്വർഗ്ഗത്തിൽ കടത്തിയാൽ നിന്റെ മനസ്സ് ആശിക്കുന്നതും നേത്രം രസിക്കുന്നതുമായ കാര്യങ്ങൾ സ്വർഗ്ഗത്തിൽ നിനക്കുണ്ടാകും.

 പക്ഷി

ബൈഹഖി (റ) ഹുദൈഫ (റ) യിൽ നിന്ന് : അദ്ദേഹം പറഞ്ഞു: നിശ്ചയം സ്വർഗ്ഗത്തിൽ ഒട്ടകസമാനമായ പക്ഷിയുണ്ട്. അബൂബക്കർ (റ) ചോദിച്ചു: നബിയേ, അവ സുഖലോലുപയാണോ? അവിടുന്ന് പറഞ്ഞു: അത് ഭക്ഷിക്കുന്നവൻ അവയേക്കാൾ സുഖലോലുപനാണ്. അബൂബക്കർ അത് ഭക്ഷിക്കുന്നവരിൽ പെട്ടയാളാണ്''. ഹന്നാദ് (റ) ഹസൻ ബസ്വരി (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം ഒട്ടകത്തെ പോലെയുള്ള പക്ഷി സ്വർഗ്ഗത്തിലുണ്ട്. അത് സ്വർഗ്ഗവാസിയുടെ അരികിൽ വരികയും അയാൾ അതിൽ നിന്നെടുക്കുകയും ഒന്നും ചുരുങ്ങാത്തത് പോലെ അത് പോകുകയും ചെയ്യും''.

ആട്

ഇബ്നു മാജ (റ) ഇബ്നു ഉമറി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""ആട് സ്വർഗ്ഗ ജീവികളിൽ പെട്ടതാണ്''. അബൂ ഹുറൈറ (റ) യിൽ നിന്ന് ബസ്സാർ (റ) : ""കോലാടിന് നിങ്ങൾ ഗുണം ചെയ്യുകയും അതിന്റെ ബുദ്ധിമുട്ട് നീക്കുകയും ചെയ്യുക. കാരണം അത് സ്വർഗ്ഗ ജീവികളിൽ പെട്ടതാണ്''. ഇബ്നു ഉമർ (റ) ൽ നിന്ന് : ""നിങ്ങൾ ആടുകളെ സംരക്ഷിക്കുക. കാരണം അത് സ്വർഗ്ഗീയ ജീവികളിൽ പെട്ടതാണ്''.

(തുടരും.)

No comments:

Post a Comment