Tuesday, September 22, 2020

ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...

 ഹദീസുകളിലൂടെ ഇന്ന്-158

ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...

 عن عبادة بن الصامت رضي الله عنه ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺮْﻓَﻌُﻪُ ﺇِﻟَﻰ اﻟﺮَّﺏِّ ﻋَﺰَّ ﻭَﺟَﻞَّ ﻗَﺎﻝَ: " ﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺤَﺎﺑِّﻴﻦَ ﻓِﻲَّ ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺰَاﻭِﺭِﻳﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺒَﺎﺫِﻟِﻴﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﻮَاﺻِﻠِﻴﻦَ ﻓِﻲَّ " (مسند أحمد)

 ഉബാദത്തിബ്നു സാമിത്ത്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ അല്ലാഹു ﷻ പറഞ്ഞതായി പറയുന്നു: "എന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്‍റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു...

  (മുസ്നദ് അഹ്‌മദ്)

  ♥️ഗുണ പാഠം♥️

സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്‍പിക്കല്‍ തിന്മ തടയല്‍ തുടങ്ങിയ കല്‍പനങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 


അല്ലാഹു പറയുന്നു: 'അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്‍.’ (അർറഅദ് : 21)


മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (ലുഖ്മാൻ : 17-19)


പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു കാക്കട്ടെ, ആമീൻ...


No comments:

Post a Comment