Friday, September 25, 2020

കേവല മജ്ദൂബ്

‎‎        സ്വൂഫി ധാര -16
കേവല മജ്ദൂബ്

മഹാനായ അഹ് മദുൽ കംശഖാനവിന്നഖ്ശബന്ദി (റ) പറയുന്നു:*

 *നീ അറിയുക !അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും നിരോധനങ്ങൾ വെടിഞ്ഞും ചൊവ്വായ വഴിയിലുള്ള സുലൂക്ക് കൂടാതെ വെറും ജദ്ബ് കൊണ്ട് തർബിയത്ത് ചെയ്യാൻ കഴിയില്ല.*
 
*മഹാനായ അബുൽഹസൻ അലിയ്യ് ബ്നു മൈമൂൻ അൽ ഗിമാരി (റ) പറയുന്നു:*

 *അല്ലാഹു അവനിലേക്ക് വലിച്ച് അടുപ്പിക്കുകയും നഫ്സിൽ നിന്നും ഇന്ദ്രിയ ബോധത്തിൽ നിന്നും മുക്തമാക്കി അല്ലാഹുവിൻ്റെ അരികിൽ ഹാജറാക്കുകയും അല്ലാഹു മുന്നിടുകയും ചെയ്തവനാണ് കേവല മജ്ദൂബ്. ഉന്നത  ദാത്തിനോട് ചേർന്ന വിശേഷണങ്ങളാകുന്ന നക്ഷത്രങ്ങളുടെ ശക്തമായ 'പ്രകാശ പ്രവാഹങ്ങൾ ദർശിച്ചതിനാൽ അവൻ അമ്പരന്നു ചില സമയം സന്തോഷത്തിലാണെങ്കിൽ ചിലപ്പോൾ സന്താപത്തിലായിരിക്കും. കാരണം ജലാലിയ്യത്ത്, ജമാലിയ്യത്ത് (ശാന്ത സ്വഭാവം , ഗാംഭീര്യ സ്വഭാവം )എന്നീ രണ്ട് വിശേഷണങ്ങൾ പ്രകടമാകുന്നതിൽ നിന്നും ഉത്ഭൂതമാകുന്ന പ്രത്യക്ഷത കളാണ് ഈ മജ്ദൂബ് അഭിമുഖീകരിക്കുന്നത്.അതായത് അവന് വെളിവാകുന്ന പ്രത്യക്ഷതകളുടെ നിലക്കനുസൃതമായിട്ടാണ് അവനിൽ വെളിപ്പെടുന്നത്.*

*വിഷാദം, പ്രസാദം, എളുപ്പം ,പ്രയാസം, സന്തോഷം, സന്താപം, എന്നിങ്ങനെ പോകും അവനിൽ പ്രകടമാകുന്ന കാര്യങ്ങൾ. ഇയാൾ സുലൂക്കില്ലാത്ത തനിച്ച മജ്ദൂബാണ്. അതിനാൽ മറ്റുള്ളവരെ തർബിയത്ത് ചെയ്യാൻ ഇയാൾ അർഹനല്ല കാരണം ഇയാളുടെ വാക്കുകളോ പ്രവർത്തികളോ അവസ്ഥകളോ തുടരപ്പെടുകയില്ല*
*(അത് അദ്ദേഹം മോശക്കാരനായത് കൊണ്ടല്ല )*

*അവകളൊന്നും സാധാരണ ബുദ്ധിയുടെ അവസ്ഥയിലല്ല സംഭവിക്കുന്നത് എന്നതാണതിന് നിമിത്തം . ഇങ്ങനെയുള്ളവർ ഭ്രാന്തന്മാരെന്നോ മാനസിക രോഗിയെന്നോ തെറ്റിദ്ധരിക്കരുത്.അവർക്ക് സൃഷ്ടികളുമായോ സ്വന്തമായോ ഒരു ബന്ധവും ഇല്ലന്നതിനാലും അല്ലാഹു വിൻ്റെ അടുപ്പത്തിലുണ്ടായ ആകസ്മികമായ മാറ്റത്താലും അമ്പരപ്പ് കാരണം മറ്റുള്ളവരെ കുറിച്ച് ശ്രദ്ധയുണ്ടാവുകയില്ലെന്നേയുള്ളൂ.*

 *മുമ്പ് പറഞ്ഞത് പോലെ ശൈഖ് ള്വിയാഉദ്ദീൻ അഹ് മദ് (റ) ഈ മജ്ദൂബിനുദാഹരണം പറഞ്ഞത് കാണുക .ഈ മജ്ദൂബ് കണ്ണ് കെട്ടപ്പെട്ട നിലയിൽ ഒരുവഴിയിൽ പ്രവേശിച്ചവനെ പോലെയാണ് ഇയാൾ തൻ്റെ കാൽപാദം ചവിട്ടുന്നയിടം കാണുന്നില്ല. ഇയാൾ കുറെ ദൂരം സഞ്ചരിച്ച് തൻ്റെ ലക്ഷ്യം പ്രാപിച്ച ശേഷം സഞ്ചരിച്ച വഴിയിലുള്ള താവളങ്ങൾ സംബന്ധമായി ചോദിക്കപ്പെട്ടാൽ അയാൾക്ക് അത് സംബന്ധമായി ഒരു വിധ അറിവോ ബോധമോ 'ഉണ്ടാവുകയില്ല ഈ മനുഷ്യനെ ഒരു വഴികാട്ടിയാക്കാൻ പറ്റുകയില്ലല്ലോ? അത് പോലെയാണ് കേവല മജ് ദൂബ്. ആത്മീയ പാതയിൽ വഴികാട്ടിയാകാൻ പറ്റുകയില്ല" മഹാനവർകളുടെ ഈ ഉദാഹരണം വളരെ പ്രസക്തവും പ്രധാനവുമാണ്. മജ്ദൂബിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം നമുക്ക് നൽകുന്നു.*

*യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....*
*ആമീൻ...*

【തുടരും....】

തയ്യാറാക്കിയത് : *ഹസൻ ഇർഫാനി* എടക്കുളം

No comments:

Post a Comment