Tuesday, September 15, 2020

ആത്മസംസ്കരണം


അല്ലാഹു തആലാ പറഞ്ഞു;  ,,

ٰٰ ؒ قد افلح من زكاها وقد خاب من دساها ٰٰٰٰ ٰ

ആത്മാവിനെ സംസ്കരിച്ചവൻ(തെളിച്ചെടുത്തവൻ) തീർച്ചയായും വിജയിച്ചു. അതിനെ സംസ്കരിക്കാത്തവൻ(തെളിച്ചെടുക്കാത്തവൻ) തീർച്ചയായും പരാജയപ്പെട്ടു.   (അശ്ശംസ്)

നബി(ﷺ) പറഞ്ഞു; ഇഹ്സാൻ എന്നാൽ അല്ലാഹു വിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലങ്കിലും അവൻ നിന്നെക്കാണുന്നുണ്ട്   (ബുഖാരി, മുസ്‌ലിം )

ഒരാൾ വിജയിക്കണമെങ്കിൽ ആത്മ സംസ്കരണം അനിവാര്യമാണെന്ന് പരിശുദ്ധ ഖുർആൻ അസന്നിക്തമായി പ്രഖ്യാപിക്കുന്നു. ആത്മസംസ്കരണം നടത്താത്തവൻ പരാജിതനാണെന്നും ഖുർആൻ തന്നെ പ്രഖ്യാപിക്കുന്നു.

അപ്പോൾ തസ്വവ്വുഫ്(ആത്മ സംസ്കരണം ) ഏതൊരു മനുഷ്യനും ആവശ്യമായ താണെന്നതിന് വേറെ തെളിവിൻ്റെ ആവശ്യമുണ്ടോ ?...

ഈമാൻ , ഇസ്ലാം, ഇഹ്സാൻ എന്നീ ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളിൽപ്പെട്ട ഇഹ്സാ നാണ് തസ്വവ്വുഫ്‌ എന്നതിൽ സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾക്കിടയിൽ പക്ഷാന്തരമില്ലല്ലോ.


എന്താണ് തസ്വവ്വുഫ്?..

ഇനി എന്താണ് തസ്വവ്വുഫ്(ആത്മ സംസ്കരണം ) എന്ന് നോക്കാം. ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു; തസ്വവ്വുഫെന്നാൽ ഹഖ്  സുബ്ഹാനഹു വതആലാ നിന്നെ ത്തൊട്ട് നിന്നെ മരിപ്പിക്കലും അവനെക്കൊണ്ട് അവൻ നിന്നെ ജീവിപ്പിക്കലുമാണ് . അപ്പോൾ നീ മറ്റ് യാതൊന്നിനോടും ബന്ധിക്കാത്ത വിധം അല്ലാഹു വിനോടൊപ്പമാകുന്നതാണ് .

(ഈഖാളു ൽഹിമം,   രിസാലത്തുൽ ഖുശൈരിയ്യ )

ഇത് വിശദീകരിച്ച് കൊണ്ട് ശൈഖുൽ ഇസ്ലാം സകരിയ്യ ൽ അൻസാരി (റ) പറയുന്നു: ഹഖ് തആലാ നിന്നെ ത്തൊട്ട് നിന്നെ മരിപ്പിക്കുകയെന്നാൽ , നീ നിന്നെക്കാണുന്ന തിനെത്തൊട്ട് , അവനെ ഓർക്കൽ കൊണ്ടും അവനുമായി കൂടിക്കാഴ്ച നടത്തൽ കൊണ്ടും അവനിൽ നിന്നുള്ള വാരിദാത്തുകളുമായി വ്യാപൃതനാകൽ കൊണ്ടും നീ നിന്നെക്കാണുന്നതിനെത്തൊട്ട് അവൻ നിന്നെ മരിപ്പിക്കുന്നതാണ് . ഇതാണ് തസ്വവ്വുഫിൻ്റെ ദറജ കളിൽ  വച്ചേറ്റവും പരിപൂർണ്ണ മായത്.

നീ അല്ലാഹു വിനോടൊപ്പമാവുക യെന്നാൽ  നിൻ്റെ പ്രവർത്തികളിലും , സ്വഭാവങ്ങളിലും , അവ സ്ഥാന്തരങ്ങളിലുമെല്ലാം അല്ലാഹുവല്ലാത്തവരോടുളള സ്നേഹമോ, അവനല്ലാത്തവരിൽ ആശ്വാസം കണ്ടെത്തലോ ഇല്ലാതെ നീ എന്തൊന്നിലൊക്കെയാണോ , അതൊക്കെയും നിൻ്റെ റബ്ബിൽ നിന്ന് നിനക്കുള്ള ഔദാര്യമായിട്ട് നീ കാണലാണ്.

അബൂ മുഹമ്മദുൽ ജരീരി (റ) പറയുന്നു; തസ്വവ്വുഫ് എന്നാൽ  എല്ലാ ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നീ കടക്കലും , അധമ സ്വഭാവങ്ങളിൽ നിന്നെല്ലാം നീ പുറപ്പെടലുമാണ്. അഥവാ സൂക്ഷ്മത , പരിത്യാഗം, ഉള്ളത് കൊണ്ട് തൃപ്തി പ്പെടൽ , അർപ്പണബോധം, തുടങ്ങിയ എല്ലാ ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നീ പ്രവേശിക്കലും , ലോകമാന്യം , പൊങ്ങച്ചം , അഹങ്കാരം , അസൂയ , ദുർവി ചാരം തുടങ്ങിയ അധമ സ്വഭാവങ്ങളിൽ നിന്നെല്ലാം നീ പുറപ്പെടലുമാണ് തസ്വവ്വുഫ് .  (ഈഖാളു ൽ ഹിമം ,  രിസാലതുൽ ഖുശൈരിയ്യ)


കാര്യങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

No comments:

Post a Comment