Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച ) എവിടെ?

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

വാജിബാത്ത് മാല -134

بسم الله الرحمن الرحيم 

 

""പെരികെ കൂർമ്മയും നേർമ്മ മികത്തുള്ളാ സ്വിറാത്വ് എന്ന്


പേര് ഉന്നും ജിസ്റിനാ ജഹന്നം എന്നേ നരക


മേൽ നാട്ടും ഇത് അഞ്ചാം അസ്വ് ല് തന്നേ"")


അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )


എവിടെ?


സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും ഇടം നിർണ്ണയിച്ച് വ്യക്തമായ പരാമർശം വന്നിട്ടില്ല. സ്വർഗ്ഗം അർശിന് താഴെ ഏഴാകാശങ്ങൾക്ക് മീതെയും നരകം ഏഴ് ഭൂമികൾക്ക് കീഴെയുമാണെന്ന് അധിക പണ്ഡിതരും വീക്ഷിക്കുന്നു. അത് സംബന്ധമായ അറിവ് അല്ലാഹുവിന് ഏൽപിക്കലാണ് -സ്വർഗ്ഗവും നരകവും എവിടെയാണെന്നത് അല്ലാഹുവിനേഅറിയൂ എന്ന നിലപാട് സ്വീകരിക്കലാണ് - അഭികാമ്യവും സത്യവുമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.

 

 തട്ടുകൾ


പണ്ഡിതർ രേഖപ്പെടുത്തുന്നു: നരകത്തിന് ഏഴ് തട്ടുകളാണ്. അവയിലേറ്റവും മേലെയുള്ളത് ജഹന്നമാണ്. ജഹന്നമിന്റെ താഴെയുള്ളത് ലളാ (لظى), ഹുഥമ (حطمة), സഈർ (سعير), സഖർ (سقر), ജഹീം (جحيم), ഹാവിയ (هاويه) എന്നിങ്ങനെയാണ്.


നരകതീയും വിറകും


ഇബ്നുൽ അറബി (റ) പറഞ്ഞു: ദുൻയാവിലുള്ള ഈ തീയിനെജഹന്നമിൽ നിന്ന് എടുത്ത് രണ്ട് പ്രാവശ്യം സമുദ്രത്തിൽ മുക്കിയ ശേഷമാണ് ജനങ്ങളിലേക്ക് അല്ലാഹു പുറപ്പെടുവിച്ചത്. അങ്ങനെയല്ലായിരുന്നുവെങ്കിൽ അതിന്റെ ചൂട് ആർക്കും പ്രയോജനപ്പെടുകയില്ലായിരുന്നു. താക്കീത് നൽകാനും ഭയപ്പെടുത്താനും ഈ തീ തന്നെ മതി. നരകത്തിൽ നിന്ന് ദുൻയാവിലേക്കുള്ള തീ എടുത്ത ശേഷം നരക തീ വെളുപ്പാകുന്നത് വരെ ആയിരം വർഷവും പിന്നെ അത് ചുമപ്പാകുന്നത് വരെ ആയിരം വർഷവും അത് കറുപ്പാകുന്നത് വരെ ആയിരം വർഷവും കത്തിച്ചു. അങ്ങനെ നരകതീ ഇരുൾമുറ്റിയ കറുപ്പ് നിറമുള്ളതായി. അതിന്റെ ചൂട് അതികഠിനമാണ്. അതിലുള്ള തീക്കനലുകൾ മനുഷ്യരും അല്ലാഹുവിനെ കൂടാതെ ഇലാഹുകളാക്കപ്പെട്ട കല്ലുകളുമാണ്. അല്ലാഹു പറഞ്ഞു: ""ഓ സത്യവിശ്വാസികളേ, നിങ്ങളെയും കുടുംബത്തെയും നരകത്തെ തൊട്ട് നിങ്ങൾ സൂക്ഷിക്കുക. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാണ്'' (തഹ്രീം 6).


ജന്നത്ത് (സ്വർഗ്ഗം)


പണ്ഡിത മഹത്തുക്കൾ വ്യക്തമാക്കുന്നു: മറയ്ക്കൽ എന്നർത്ഥമുള്ള "ജന്ന്' എന്ന പദത്തിൽ നിന്നാണ് ‘ജന്നത്ത്’ എന്ന പദം എടുക്കപ്പെട്ടത്. മറക്കൽ എന്നർത്ഥമുള്ളതു കൊണ്ടാണ് തോട്ടത്തിന് ജന്നത്ത് എന്ന് പറയപ്പെടുന്നത്. കാരണം തോട്ടത്തിൽ പ്രവേശിക്കുന്നയാളെ അത് വൃക്ഷങ്ങൾ കൊണ്ട് മറയ്ക്കുന്നു. സ്വർഗ്ഗത്തിന്റെ വിശേഷണങ്ങൾക്കനുസൃതമായി സ്വർഗ്ഗത്തിന് നിരവധി പേരുകളുണ്ട്. ജന്നത്ത് എന്നത് സ്വർഗ്ഗങ്ങളുടെ പൊതുവായ പേരാണ്. സ്വർഗ്ഗങ്ങളുടെ എണ്ണവും അതിലുള്ള വ്യത്യസ്ത വീക്ഷണങ്ങളും നമുക്ക് മനസ്സിലാക്കാം.

 

സ്വർഗ്ഗങ്ങൾ


അല്ലാമാ ബാജൂരി (റ) പറയുന്നു: ""സ്വർഗ്ഗങ്ങളുടെ എണ്ണത്തിൽ വ്യത്യസ്ത വീക്ഷണങ്ങൾ കാണാം. സ്വർഗ്ഗങ്ങൾ  അടുത്തടുത്തായി ഏഴെണ്ണമെന്നാണ് ഒരു അഭിപ്രായം. അവയിൽ ഏറ്റവും ശ്രേഷ്ഠവും  അത്യുന്നതവുമായത് ഫിർദൗസ് ആണ്. ശ്രേഷ്ഠതയിൽ അതിനോട് അടുത്തത്  "ജന്നത്തു അദ്ൻ (جنة عدن)' ആണ്. പിന്നെ ജന്നത്തുൽ  ഖുൽദ്  (جنة الخلد),   ജന്നത്തുന്നഈം (جنة النعيم), ജന്നത്തുൽ മഅ്വാ ( جنة المأوى ), ദാറുസ്സലാം, ദാറുൽ ജലാൽ എന്നിങ്ങനെയാണ്. എല്ലാ സ്വർഗ്ഗങ്ങളും തിരുനബിയുടെ അതിമഹത്തര സ്ഥാനമായ "മഖാമുൽ വസീല' യോട് ചേർന്നിട്ടാണ്. തിരുനബി (സ്വ) അവിടെ നിന്ന് പ്രത്യക്ഷപ്പെടുമ്പോൾ തിരുനബിയെ കണ്ട് സ്വർഗ്ഗവാസികൾ സന്തോഷിക്കുന്നതിന് വേണ്ടിയാണിത്. ഭൂവാസികൾക്ക് സൂര്യൻ പ്രകാശിക്കുന്നത് പോലെ തിരുനബി (സ്വ) സ്വർഗ്ഗവാസികൾക്ക് പ്രകാശിക്കുന്നതാണ്. ഇത് മഹാനായ ഇബ്നു അബ്ബാസ് (റ) ന്റെ വീക്ഷണമാണ്. ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം സ്വർഗ്ഗം നാലെന്നാണ്. ""രക്ഷിതാവിന്റെ സ്ഥാനത്തെ ഭയക്കുന്നവർക്ക് രണ്ട് സ്വർഗ്ഗമുണ്ട്''  ""അവ കൂടാതെ രണ്ട് സ്വർഗ്ഗങ്ങളുമുണ്ട്'' (അർറഹ്മാൻ 46, 62) എന്നീ ആയത്തുകളാണ് ഇവർ അവലംബിക്കുന്നത്. ചില മുഫസ്സിറുകൾ പറഞ്ഞത് പോലെ ആദ്യത്തെ രണ്ട് സ്വർഗ്ഗങ്ങൾ ജന്നത്തുന്നഈമും ജന്നത്തുൽ മഅ്വയുമാണ്. രണ്ടാമത് പറഞ്ഞ രണ്ട് സ്വർഗ്ഗങ്ങൾ ജന്നത്തു അദ്നും, ജന്നത്തുൽ ഫിർദൗസുമാണ്. ഭൂരിഭാഗത്തിന്റെ അഭിപ്രായമിതാണ്. സ്വർഗ്ഗം ഒരെണ്ണമാണെന്നും ഉദ്ദൃത പേരുകളുടെ ആശയങ്ങൾ സ്വർഗ്ഗത്തിനുള്ളതിനാൽ ഈ ഒരു സ്വർഗ്ഗത്തിന് പറയുന്ന പേരുകളാണ് അവയെന്നുമാണ് മറ്റൊരു പക്ഷം. കാരണം താമസസ്ഥലമായതിനാൽ ജന്നത്തു അദ്ൻ എന്നും വിശ്വാസികളുടെ അഭയസ്ഥലമായതിനാൽ ജന്നത്തുൽ മഅ്വായെന്നും ശാശ്വതമായതിനാൽ ജന്നത്തുൽ ഖുൽദെന്നും സർവ്വ വ്യസനങ്ങളിൽ നിന്നും രക്ഷയുള്ളതിനാൽ ദാറുസ്സലാമെന്നും വിവിധങ്ങളായ സുഖാനുഭൂതികൾ നിറക്കപ്പെട്ടതായതിനാൽ ജന്നത്തുന്നഈമെന്നും തുടങ്ങി എല്ലാ പേരുകളും സ്വർഗ്ഗത്തിന് പറയാവുന്നതാണ്''.


ചുരുക്കത്തിൽ സ്വർഗ്ഗവും നരകവും സത്യമാണെന്നും അല്ലാഹു നേരത്തെ പടച്ച രണ്ട് പടപ്പുകളാണെന്നും അറിയലാണ് വിശുദ്ധ കലിമയുടെ നാലാം ഫർള്വിന്റെ ആറാമത്തെ അസ്വ് ല്. ഇത് വിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങൾ ബലപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്ത സത്യമാണ്. സ്വർഗ്ഗസംബന്ധമായി അല്പം കൂടി കുറിക്കാം.


(തുടരും.)

No comments:

Post a Comment