Tuesday, September 22, 2020

ഇമാമുകൾ

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
 വാജിബാത്ത് മാല -148

 بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ*
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")

അസ്വ് ല് ഏഴ് 

ഇമാമുകൾ

പിന്നെ ഏഴാമത്തെ അസ്വ് ൽ  പറയുന്നു: പറയുന്നത് ശ്രവിച്ച്  മനസ്സിലാക്കുക. തിരുനബി (സ്വ) ക്ക് ശേഷം ഇമാമുകൾ (ഖലീഫമാർ) ബഹു. അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), എന്നിവരാണ്. തിരുനബി (സ്വ) യുടെ മരുമകൻ അലിയാർ തങ്ങളും ഇമാമായി വന്നു. ഈ ഖിലാഫത്ത് നബി (സ്വ) യുടെ തീരുമാനമാണ്. അതുപോലെ വിശ്വസിക്കൽ നമുക്ക് ഗുണമാണ്.

വിശുദ്ധ കലിമയുടെ നാലാം ഫർള്വായ തിരുനബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കൽ എന്നതിന്റെ ഏഴാമത്തെ അസ്വ് ലാണ് ഇവിടെ പ്രതിപാദ്യം. തിരുനബി (സ്വ) യുടെ വിയോഗശേഷം വന്ന ഖലീഫമാരും അവരുടെ ക്രമവുമാണ് ഇതിൽ പറയുന്നത്. അതായത് ഒന്നാമത് അബൂബക്കർ (റ), പിന്നെ ഉമർ (റ), പിന്നെ ഉസ്മാൻ (റ), പിന്നെ അലി (റ) എന്നിവരാണ് തിരുനബി (സ്വ) ക്ക് ശേഷം അവിടുത്തെ ഖലീഫമാരായി നേതൃത്വം വഹിച്ചവർ. ഈ ഖിലാഫത്ത് തിരുനബി (സ്വ) യുടെ തീരുമാനമാണ്. അതുകൊണ്ട് ഇതേ രീതിയിൽ ഉറപ്പിക്കൽ നമുക്ക് ഗുണമാണ്.

ഇമാം

നേതാവ്, തുടരപ്പെടുന്നയാൾ എന്നൊക്കെയാണ് "ഇമാം' എന്ന വാക്കിന്റെ മലയാളം. തിരുനബി (സ്വ) യുടെ പ്രതിനിധിയായി (പകരക്കാരനായി) മതഭൗതിക കാര്യങ്ങളിൽ പൊതുവായ നേതൃത്വമുള്ളയാൾ എന്നതാണ് ഇമാം എന്നത് കൊണ്ട് ഇവിടെ വിവക്ഷ. അഥവാ തിരുനബി (സ്വ)ക്ക് ശേഷം അവിടുത്തെ പ്രതിനിധിയായി നേതൃത്വം വഹിച്ചവരാണ് ഖലീഫമാർ, ഇമാമുകൾ. അവരെ ക്രമമായി പറയുകയാണ് ഈ ഏഴാം അസ്വ് ലിൽ.
 
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: തിരുനബി (സ്വ) ക്ക് ശേഷമുള്ള യഥാർത്ഥ ഇമാം അബൂബക്കർ (റ) ആണ്. പിന്നെ ഉമർ (റ), പിന്നെ ഉസ്മാൻ (റ), പിന്നെ അലിയ്യ് (റ) എന്നിവരാണ്. മഹത്തുക്കൾ പറയുന്നു: ""അബൂബക്കർ (റ) നെ സ്വഹാബത്ത് ഒന്നടങ്കം അംഗീകരിച്ച് ബൈഅത്ത് ചെയ്തു. ഒന്നാം ഖലീഫയായി അബൂബക്കർ (റ) നെ തിരഞ്ഞെടുത്തതിൽ ആർക്കും എതിർപ്പില്ലായിരുന്നു. അബൂബക്കർ (റ) ഖലീഫയായി നിശ്ചയിച്ചത് കൊണ്ട് ഉമർ (റ) ഉം ശേഷം ഇമാമായി. സ്വഹാബത്തിലെ ആലോചനാ സമിതിയുടെ യോജിച്ച തീരുമാനപ്രകാരം ഉസ്മാൻ (റ) ഉം പിന്നെ കൈകാര്യ കർത്താക്കളുടെ ഉടമ്പടി കൊണ്ട് അലിയ്യ് (റ) ഉം ഖലീഫയായി.
 
തിരഞ്ഞെടുപ്പ്

വിശുദ്ധ ഇസ്ലാമിന്റെ പ്രഥമ ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ആണെന്ന് മനസ്സിലായല്ലോ? തിരുനബി (സ്വ) യുടെ വിയോഗ ശേഷം സ്വഹാബത്ത് എല്ലാവരും ചേർന്ന് ഏകോപിതരായി അബൂബക്കർ (റ) നെ ഖലീഫയായി തിരഞ്ഞെടുത്തതാണ്. സ്വയം അവരോധിതനായതോ തിരുനബി (സ്വ) വ്യക്തമായ പരസ്യപ്രസ്താവന നടത്തിയതോ അല്ല.

പണ്ഡിത ശ്രേഷ്ഠർ വ്യക്തമാക്കുന്നു: തിരുനബി (സ്വ) ക്ക് ശേഷമുള്ള ഇമാമിലേക്ക് സൂചനകളേ നൽകിയിട്ടുള്ളൂ എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അബൂബക്കർ (റ) ന്റെ ഇമാമത്തിന്മേൽ വ്യക്തമായ പരാമർശം നടത്തിയിട്ടുണ്ടെന്ന് ചില ഹദീസ് പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിസ്കാരത്തിന് ഇമാമായി മുന്തിച്ചതിൽ നിന്ന് അബൂബക്കർ (റ) ന്റെ ഇമാമത്തിന്മേൽ പരോക്ഷ പരാമർശം വന്നിട്ടുണ്ടെന്ന ഒരഭിപ്രായം ഹസൻ ബസ്വരി (റ) യിലേക്ക് ചേർത്ത് പറയുന്നുണ്ട്. തിരുനബി (സ്വ) ക്ക് ശേഷം അലിയ്യ് (റ) ആണ് ഇമാം എന്നതിൽ തിരുനബി (സ്വ) പ്രത്യക്ഷ പരാമർശം നടത്തിയെന്ന് ശിയാക്കൾ വാദിക്കുന്നു. ഈ വിഷയത്തിൽ ഇങ്ങനെയുള്ള ചില വാദങ്ങളല്ലാതെ തനിക്ക് ശേഷം ഇമാം ഇന്നയാളാണെന്ന് തിരുനബി (സ്വ) വ്യക്തമായി പറഞ്ഞിട്ടില്ല. അതിന് പ്രമാണങ്ങളില്ല താനും. അല്ലാഹുവിന്റെ അറിയിപ്പ് കൊണ്ട് തനിക്ക് ശേഷമുള്ള ഇമാം ആരാണെന്ന് തിരുനബി (സ്വ) അറിഞ്ഞിരുന്നുവെങ്കിലും ആ നിർണ്ണിത ഇമാമിനെ ഉമ്മത്തിന് വ്യക്തമായി എത്തിച്ചു കൊടുക്കാൻ കൽപനയില്ലായിരുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ ചില സൂചനകൾ നൽകിയതല്ലാതെ തിരുനബി (സ്വ) വ്യക്തമായി പറഞ്ഞിട്ടില്ല.
 
വ്യക്തമായ പ്രസ്താവനയുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും അത് പരസ്യപ്പെടുമായിരുന്നു. ഓരോ നാടുകളിലും സൈന്യങ്ങളിലും ഗവർണർമാരേയും സേനാനായകന്മാരെയും നിശ്ചയിച്ചത് വരെ പരസ്യപ്പെട്ട നിലക്ക് പ്രത്യേകിച്ചും.
 
തിരുനബി (സ്വ) ക്ക് ശേഷം ഇമാമാരാണെന്നതിൽ വ്യക്തമായ പ്രസ്താവനയില്ലാതിരിക്കെ അവിടുന്നിന് ശേഷം അലിയ്യ് (റ) ആണ് ഖലീഫയെന്ന് വ്യക്തമായ പരാമർശമുണ്ടെന്ന ശിയാക്കളുടെ വാദം നിരർത്ഥകവും ബാലിശവുമാണ്. തങ്ങളുടെ വാദം സ്ഥിരപ്പെടുത്താൻ അവർ ഉദ്ധരിക്കന്ന സ്വയം നിർമ്മിത ഹദീസുകളും മറ്റും ഇതിനാൽ തള്ളപ്പെടൽ അനിവാര്യമായി. ഇവരുടെ ദുർബല ന്യായങ്ങളും ബലഹീനതെളിവുകളും പണ്ഡിതർ സലക്ഷ്യം ഖണ്ഡിച്ചിട്ടുണ്ട്.

ചില സൂചനകൾ

അബൂബക്കർ (റ) ന്റെ ഇമാമത്തിലേക്ക് സൂചിപ്പിക്കുന്ന ചില ഹദീസുകൾ ശ്രദ്ധിക്കുക: മുസ്ലിം (റ) ആഇശ ബീവി (റ) യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""നിങ്ങൾ കടലാസും മഷിക്കുപ്പിയും എനിക്ക് കൊണ്ടുവരിക. ഞാൻ അബൂബക്കറിന് ഒരു കുറിപ്പെഴുതട്ടെ. അബൂബക്കറിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടാകരുത്. (കുറിപ്പെഴുതാൻ ഉദ്ദേശിച്ച നബി (സ്വ) ആ ശ്രമം ഉപേക്ഷിച്ച) ശേഷം അവിടുന്ന് പറഞ്ഞു: അല്ലാഹുവും മുസ്ലിംകളും അബൂബക്കറിനെയല്ലാതെ അംഗീകരിക്കുകയില്ല''. സമാനാശയമുള്ള ഹദീസ് ഇമാം ബുഖാരി (റ) യും ഉദ്ധരിക്കുന്നുണ്ട്. ഇതിൽ സൂചനയല്ലാതെ അബൂബക്കർ എനിക്ക് ശേഷം ഖലീഫയാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
 
നബി (സ്വ) ക്ക് പകരം നിസ്കാരത്തിൽ ഇമാമായി അബൂബക്കർ (റ) നെനിർത്തിയതും സൂചനയാണ്. ഇമാം തുർമുദി (റ) ആഇശ ബീവി (റ) യിൽ നിന്ന്: ""ഒരു ജനതയിൽ അബൂബക്കറുണ്ടായിരിക്കെ മറ്റൊരാളെ ഇമാമാക്കൽ അവർക്ക് അനുയോജ്യമല്ല''. ഇതെല്ലാം അബൂബക്കറി (റ) ലേക്കുള്ള സൂചനമാത്രമാണ്, വ്യക്തമാക്കൽ അല്ല. അബൂബക്കർ (റ) ന്റെ നേതൃത്വം തിരുനബി (സ്വ) വ്യക്തമായി പ്രസ്താവിച്ചില്ലെങ്കിലും സ്വഹാബത്തിന്റെ ഏകോപനം വളരെ മതിയായതും ശക്തവുമാണ്. അലിയ്യ് (റ), അബ്ബാസ് (റ), സുബൈർ (റ), മിഖ്ദാദ് (റ) എന്നിവർ തിരുനബി (സ്വ) യുടെ വഫാത്തിലുണ്ടായ വിഷമത്താൽ മൂന്നാം ദിവസമാണ് അബൂബക്കറി (റ) നോട് ഉടമ്പടി ചെയ്തത്. അതോടെ സ്വഹാബത്തിന്റെ ഏകോപനം പൂർണ്ണമായി.

മറ്റൊരാൾ?

അബൂബക്കർ സിദ്ദീഖ് (റ) അല്ലാത്ത മറ്റൊരാളാണ് ഖലീഫയെന്ന് തിരുനബി (സ്വ) തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് സങ്കൽപിച്ചാൽ രണ്ട് പ്രശ്നങ്ങൾക്ക് കാരണമാകും. ഒന്ന്: തിരുനബി (സ്വ) വ്യക്തമായി നിർദ്ദേശിച്ചയാളെ ഒഴിവാക്കി അബൂബക്കറി (റ) നെഖലീഫയായി സ്വഹാബികൾ തിരഞ്ഞെടുത്തതിലൂടെ എല്ലാ സ്വഹാബത്തും തിരുനബി (സ്വ) ക്ക് എതിര് ചെയ്തുവെന്ന് വരും. അത് തീർത്തും ശരിയല്ല. കാരണം മറ്റുള്ളവരേക്കാൾ അനുസരണയുള്ളവരും നിയമങ്ങൾ കൂടുതൽ ഉൾക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുമാണവർ. സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരും അവരിലുണ്ട്. അതിനാൽ സത്യം തിരിഞ്ഞിട്ട് അജ്ഞത നടിക്കുകയോ നിവേദനം സ്വീകരിക്കൽ നിർബന്ധമായ ഒരാൾ അവർക്ക് റിപ്പോർട്ട് ചെയ്തത് മതിയായ കാരണമില്ലാതെ അവർ ഒഴിവാക്കുകയോ ഇല്ല. ദീനീ കാര്യങ്ങളിൽ വഞ്ചനയും സത്യം മറച്ച് വെക്കലും അവരിൽ നിന്നുണ്ടാകുമായിരുന്നെങ്കിൽ അവർ നമുക്കെത്തിച്ചു തന്ന ഒരു കാര്യത്തിലും നിർഭയത്വവും വിശ്വസ്തതയും ഉണ്ടാകുമായിരുന്നില്ല. എന്ന് മാത്രമല്ല, ദീനിന്റെ ഒരു വിഷയത്തിലും യാതൊരു ഉറപ്പും ഉണ്ടാകുകയില്ല. കാരണം അവരാണ് ദീനീ നിയമങ്ങൾ നമ്മിലേക്ക് എത്തിയതിൽ മധ്യവർത്തികൾ. അതുകൊണ്ട് സ്വഹാബത്ത് ഒരു വിഷയത്തിലും തിരുനബി (സ്വ) ക്കെതിരാവുകയില്ല. പൂർണ്ണമായും വഴിപ്പെടുന്നവരാണ്. രണ്ട്: സ്വഹാബത്തിന്റെ ഏകോപനം ശരിയല്ലെന്ന് വരും. ഇതും ശരിയല്ല.
 
സ്വഹാബത്തിന്റെ ഏകോപനം ശരിയല്ലെന്ന വാദത്തിന് റവാഫിള്വല്ലാതെ ധൈര്യപ്പെടുകയില്ല. (ഒരു പ്രസിദ്ധ വിഭാഗമാണ് റവാഫിള്വ്. റാഫിള്വ് എന്നതിന്റെ ബഹുവചനമാണത്. റഫ്ള്വ് എന്നാൽ ഉപേക്ഷിക്കൽ എന്നാണ്. സ്വഹാബത്തിനെചീത്ത പറയുന്നത് തടഞ്ഞ സൈദ് ബ്നു അലിയ്യ് (റ) നെഇവർ ഒഴിവാക്കിയതിനാലാണ് ഇവർക്ക് റാഫിള്വ് എന്ന് പേര് വന്നത്. പിന്നീട് ഈ അഭിപ്രായത്തിൽ തീവ്രത പുലർത്തുന്നവർക്കൊക്കെ ഈ പേര് ചാർത്തപ്പെട്ടു. ഇവർ ധാരാളം വിഭാഗങ്ങളുണ്ട്. റാഫിള്വ് എന്ന പേര് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൂട്ടുന്നു. തിരുനബി (സ്വ) യുടെ വിയോഗാനന്തരം അബൂദർറ്, ബിലാൽ, അമ്മാർ തുടങ്ങി ഒരു സംഘം ഒഴികെയുള്ള എല്ലാ സ്വഹാബത്തും മുർതദ്ദായി എന്നത് ഇവരുടെ വിശ്വാസങ്ങളിൽ പെട്ടതാണ്. ഇവരുടെ ഈ വിശ്വാസങ്ങൾ സത്യവിരുദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ?) സ്വഹാബത്ത് മുഴുവനും സംശുദ്ധരും നീതിമാന്മാരുമാണെന്നും അവരെ ആക്ഷേപിക്കാൻ പാടില്ലെന്നുമാണ് അഹ് ലുസ്സുന്നത്തിന്റെ വിശ്വാസം. വിശുദ്ധ ഖുർആനും തിരുഹദീസുകളും അവരെ നിരവധി പ്രശംസിച്ചതാണ്. അതുകൊണ്ട് വിശുദ്ധ ഖുർആനും ഹദീസുകളും യഥാവിധി അംഗീകരിക്കുന്ന അഹ് ലുസ്സുന്നയും അവരെ പ്രശംസിക്കുന്നു.

(തുടരും.)

No comments:

Post a Comment