Saturday, September 26, 2020

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

ഹദീസുകളിലൂടെ ഇന്ന്-163

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

وعن مسروقٍ ، قال : دَخَلْنَا على عبدِ اللهِ بْنِ مَسعُودٍ فقال : يا أَيُّهَا النَّاسُ ، مَنْ عَلِمَ شَيْئاً فَلْيَقُلْ بِهِ ، وَمَنْ لَمْ يَعْلَمْ ، فَلْيَقُلْ : اللهُ أعْلَمُ ، فَإنَّ مِنَ العِلْمِ أَنْ يَقُولَ لِمَا لا يَعْلَمُ : اللهُ أعْلَمُ . قالَ اللهُ تَعَالَى لِنَبِيِّهِ : ﴿ قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ ﴾

മസ്‌റൂഖ്‌(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്‌(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ജനങ്ങളേ ആർക്കെങ്കിലും വല്ലതും അറിയുമെങ്കിൽ അവൻ അത് പറയട്ടെ. അറിയാത്ത പക്ഷം അല്ലാഹുﷻവാണ് അറിയുന്നവൻ എന്നവൻ പറഞ്ഞുകൊള്ളട്ടെ. വിവരമില്ലാത്തതിനെ പറ്റി അല്ലാഹുﷻവാണ് അറിയുന്നവൻ എന്ന് പറയുന്നത് വിവേകത്തിന്റെ ലക്ഷണമാണ്. നബിﷺയോട് അല്ലാഹു ﷻ പറഞ്ഞിരിക്കുന്നു, പറയുക പ്രബോധനത്തിന് ഞാൻ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാൻ കൃത്രിമത്വം കാണിക്കുന്നവനുമല്ല.*  
   【ബുഖാരി】

♥️ഗുണ പാഠം♥️


അല്ലാഹുവിന്‍റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപമാണ് എന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
 
*ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മതപ്രബോധകരായി സ്വയം അവകാ ശപ്പെടുന്ന ചിലയാളുകൾ 'ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം' എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു. മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്‍റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്‍റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.*

*വാസ്തവത്തിൽ, ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അല്ലാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷ്മമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അല്ലാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തത് അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. ‘അറിയാത്ത കാര്യങ്ങൾ അറിയില്ലാ’ എന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ച് അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്‍റെയും അടയാളമാണ്.*

*മതപരമായ കാര്യങ്ങളിൽ ഇൽമ് ഉള്ള ഒരാൾ, അതിന്‍റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.*

*അറിവിന്‍റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അല്ലാഹു  അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌. എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അല്ലാഹുവിന്‍റെ പേരിൽ കളവു പറയലാണ്. അല്ലാഹുവിന്‍റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. "നമ്മുടെ പേരിൽ അദ്ദേഹം (നബി [സ]) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ദേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ദേഹത്തിന്‍റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ദേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല."  [അൽഹാഖ 44-47]
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മഹത്തുക്കളെക്കുറിച്ച്  ദുരാരോപണങ്ങൾ ഉന്നയിച്ച് പ്രചരിപ്പിച്ചവർ വിശുദ്ധ ദീനിന്റെ പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഗൗരവം ഉണർത്താൻ ഈ അവസരം വിനിയോഗിക്കുന്നു. അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീന്‍.....

അബ്ദുൽ റഹീം ഇർഫാനി
കോതമംഗലം


No comments:

Post a Comment