Tuesday, September 15, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച ) സ്വർഗ്ഗീയ നദികൾ

  വാജിബാത്ത് മാല-141


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

 بسم الله الرحمن الرحيم 

 ""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")


അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )

സ്വർഗ്ഗീയ നദികൾ

അല്ലാഹു പറഞ്ഞു: ""നിറം, മണം, രുചി ഇവകൾ വ്യത്യാസം വരാത്ത ശുദ്ധജലമുള്ള നദികളും രുചി മാറാത്ത പാൽ നദികളും രസകരമായ കള്ള് നദികളും തെളിഞ്ഞ തേൻ നദികളും സ്വർഗ്ഗത്തിലുണ്ട്'' (മുഹമ്മദ്  15)

അബൂ ഹുറൈറ (റ) യിൽ നിന്നുദ്ധരണം : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗീയ നദികൾ കസ്തൂരി പർവ്വതത്തിൽ നിന്നുത്ഭവിക്കുന്നു''. അനസ് (റ) ൽ നിന്ന് നിവേദനം: ""തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗീയ നദികൾ ഭൂമിയിലുള്ള ചാലുകളാണെന്ന് നിങ്ങൾ ധരിച്ചേക്കാം. അങ്ങനെയല്ല, അല്ലാഹുവാണേ സത്യം, നിശ്ചയം അവ ഭൂമുഖത്ത് കൂടി സഞ്ചരിക്കുന്നവയാണ് (ചാലുകളില്ലാതെ). അവയുടെ രണ്ട് അരികുകൾ മുത്തുകളാലാണ്. അവയുടെ മണ്ണ് സംശുദ്ധമായ കസ്തൂരിയുമാണ്''. ഇബ്നു അബ്ബാസ് (റ) ൽ നിന്ന് റിപ്പോർട്ട്: ""സ്വർഗ്ഗത്തിലുള്ള ഒരു നദിയാണ് കൗസർ. അതിന്റെ ആഴം എഴുപതിനായിരം ഫർസഖും വെള്ളം പാലിനേക്കാൾ വെണ്മയേറിയതും തേനിനേക്കാൾ മാധുര്യമുള്ളതുമാണ്. അതിന്റെ രണ്ട് തീരങ്ങൾ മുത്തും ഗോമേദകവും മാണിക്യവുമാണ്. മറ്റു പ്രവാചകർക്ക് മുമ്പ് ഈ കൗസർ തിരുനബി (സ്വ) ക്ക് അല്ലാഹു പ്രത്യേകമാക്കി''. മുആവിയ ഇബ്നു ഹൈദ (റ) യിൽ നിന്ന് : റസൂലുല്ലാഹി (സ്വ) പറഞ്ഞു: നിശ്ചയം, സ്വർഗ്ഗത്തിൽ ജലസമുദ്രവും തേൻ സാഗരവും പാൽക്കടലും കള്ള് കടലുമുണ്ട്. പിന്നെ അവകളിൽ നിന്ന് നദികൾ ഉത്ഭവിക്കുന്നതാണ്''. കഅ്ബ് (റ) ൽ നിന്ന്: ""നീൽ നദി സ്വർഗ്ഗത്തിലുള്ള തേൻ പുഴയാണ്, ദജ്ല നദി സ്വർഗ്ഗത്തിലുള്ള പാൽ പുഴയാണ്. ഫുറാത് സ്വർഗ്ഗത്തിലുള്ള കള്ള് പുഴയാണ്, സൈഹാൻ നദി സ്വർഗ്ഗത്തിലുള്ള വെള്ളത്തിന്റെ പുഴയാണ്''. ഇവ സ്വർഗ്ഗീയ നദികളാണെന്നത് സംബന്ധിച്ച പ്രബലമായ വ്യാഖ്യാനം ഇവകൾക്ക് സ്വർഗ്ഗവുമായി ബന്ധമുണ്ടെന്ന് തന്നെയാണ്. ഇങ്ങനെധാരാളമുണ്ട് സ്വർഗ്ഗീയ നദികൾ സംബന്ധമായ ഹദീസുകൾ.

അരുവികൾ

അല്ലാഹു പറഞ്ഞു:”""സൽസബീൽ എന്ന് പറയപ്പെടുന്ന ഒരു അരുവി സ്വർഗ്ഗത്തിലുണ്ട്'' (ഇൻസാൻ 18). ശക്തമായ ഒഴുക്കുള്ളവയെന്നാണ് മുജാഹിദ് (റ) ഇതിനെവ്യാഖ്യാനിച്ചത്. സഈദ് ബ്നു മൻസ്വൂർ (റ), ഹന്നാദ് (റ), ബൈഹഖി (റ) എന്നിവർ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ""കള്ള് കലർത്തപ്പെടുന്ന അരുവിയുടെ പേരാണ് "തസ്നീം'' എന്ന് അതാഅ് (റ) പറഞ്ഞതായി ബൈഹഖി (റ) ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞു: ""ആ രണ്ട് സ്വർഗ്ഗങ്ങളിൽ ഒലിക്കുന്ന രണ്ട് അരുവികൾ ഉണ്ട്'' (റഹ്മാൻ 50). ""ശക്തമായി ജലം ഒഴുകുന്ന രണ്ടരുവികൾ ആ സ്വർഗ്ഗത്തിലുണ്ട്'' (റഹ്മാൻ 66).

ഹസൻ (റ) വിൽ നിന്നുദ്ധരണം: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗത്തിൽ നാല് അരുവികളുണ്ട്. രണ്ടെണ്ണം അർശിന്റെ താഴ്ഭാഗത്ത് നിന്ന് ഒഴുകുന്നു. അതിലൊന്ന് "അല്ലാഹുവിന്റെ അടിമകൾ പാനം ചെയ്യുന്ന ഒരു അരുവി' (ഇൻസാൻ 6)  എന്ന് അല്ലാഹു പറഞ്ഞതാണ്. മറ്റേത് സഞ്ചബീൽ ആണ്. രണ്ട് നദികൾ അർശിന്റെ മേൽഭാഗത്ത് നിന്ന് ഒഴുകുന്നു. സൽസബീലെന്നും തസ്നീമെന്നും അല്ലാഹു പറഞ്ഞ രണ്ടരുവികളാണ്''.

വസ്ത്രങ്ങൾ

സ്വർഗ്ഗവാസികളുടെ വസ്ത്രങ്ങളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ""സ്വർഗ്ഗത്തിൽ അവരുടെ വസ്ത്രം പട്ടാണ്''. ""നേരിയതും കട്ടിയുള്ളതുമായ പച്ച പട്ടു വസ്ത്രങ്ങൾ അവർ ധരിക്കുന്നതാണ്'' (കഹ്ഫ് 31). ഇത് സംബന്ധമായി വേറെയും ആയത്തുകൾ കാണാവുന്നതാണ്. 

അബുൽ ഖൈറി (റ) ൽ നിന്ന്: ""സ്വർഗ്ഗത്തിൽ സുൻദുസ് (ഒരിനം പട്ട്) മുളപ്പിക്കുന്ന വൃക്ഷമുണ്ട്. സ്വർഗ്ഗവാസികളുടെ വസ്ത്രങ്ങൾ അതിൽ നിന്നാണ്''. അനസ് (റ) ൽ നിന്ന്: തിരുനബി (സ്വ) ക്ക് പട്ടിനാലുള്ള ഒരു ജുബ്ബ ഹദ്യ നൽകപ്പെട്ടു. പട്ട് ധരിക്കൽ നബി (സ്വ) തടഞ്ഞിരുന്നു. ഇതിന്റെ ഭംഗി കണ്ട് ജനങ്ങൾ അത്ഭുതപ്പെട്ടു. അപ്പോൾ തിരുനബി (സ്വ) പറഞ്ഞു. അല്ലാഹുവാണേ സത്യം, നിശ്ചയം സ്വർഗ്ഗത്തിൽ സഅ്ദ് ബ്നു മുആദിന്റെ തൂവാലകൾ ഇതിനേക്കാൾ അഴകേറിയതാണ്''. ഇബ്നു ഉമർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""ദുൻയാവിൽ പട്ട് ധരിക്കുന്നവൻ ആഖിറത്തിൽ അത് ധരിക്കുകയില്ല''. 

വിരിപ്പുകൾ

 അല്ലാഹു പറഞ്ഞു: ""അവർ ഉയർന്ന വിരിപ്പുകളിലാണ്'' (വാഖിഅഃ 34). "" കട്ടിയുള്ള പട്ടിനാൽ ഉൾവശം നിർമ്മിക്കപ്പെട്ട വിരിപ്പുകളിൽ വിശ്രമിക്കുന്നവരാണവർ'' (റഹ്മാൻ 54).

അബൂ സഈദിൽ ഖുദ്രി (റ) ൽ നിന്ന് നിവേദനം: ""ഉയർന്ന വിരിപ്പുകൾ'' എന്നർത്ഥം കുറിക്കുന്ന ഖുർആനിക വാചകത്തെ സംബന്ധിച്ച് തിരുനബി (സ്വ) പറഞ്ഞു; ""രണ്ട് വിരിപ്പുകൾക്കിടയിൽ ആകാശ ഭൂമികൾക്കിടയിലുള്ളതു പോലെ വിശാലതയുണ്ട്''. ""കട്ടിയുള്ള പട്ടിനാൽ ഉൾവശം നിർമ്മിക്കപ്പെട്ട വിരിപ്പുകൾ'' എന്നതിന്റെ വ്യാഖ്യാനമായി തിരുനബി (സ്വ) തങ്ങൾ പറയുന്നു: അവയുടെ പ്രത്യക്ഷം മിന്നിപ്രകാശിക്കുന്നതാണ്. അല്ലാഹു പറഞ്ഞു: ""അവർ (സ്വർണ്ണം, മുത്ത് എന്നിവ കൊണ്ട്) അലങ്കരിക്കപ്പെട്ട കട്ടിലുകളിലാണ്'' (വാഖിഅ 15). ""അവർ ചാരു കട്ടിലിൽ സ്വർഗ്ഗത്തിൽ സുഖമനുഭവിക്കുന്നു'' (കഹ്ഫ് 31). മുജാഹിദ് (റ) വിൽ നിന്ന്: കട്ടിലുകൾ മുത്തിനാലും മാണിക്യത്തിനാലുമാണ്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: സ്വർഗ്ഗീയ കട്ടിലുകൾ സ്വർണ്ണങ്ങൾ കൊണ്ടും മുത്തുകൾ കൊണ്ടും നെയ്യപ്പെട്ടവയാണ്''. മുന്നൂറ് മുഴമാണ് കട്ടിലുകളുടെ നീളം. അതിൽ ഇരിക്കാൻ ഉദ്ദേശിക്കുമ്പോൾ താഴുകയും ആള് കയറി ശരിയായി ഇരുന്നാൽ ഉയരുകയും ചെയ്യും''. അത്യാനന്ദകരവും അത്ഭുതകരവുമാണ് സ്വർഗ്ഗത്തിലെ കട്ടിലുകൾ എന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനങ്ങളും ഹദീസുകളും വേറെയും കാണാവുന്നതാണ്.

തമ്പുകൾ

അല്ലാഹു പറഞ്ഞു: ""തമ്പുകളിൽ ഒതുങ്ങിക്കഴിയുന്ന സ്വർഗ്ഗീയ സുന്ദരികൾ സ്വർഗ്ഗത്തിലുണ്ട്'' (റഹ്മാൻ 72). ഇമാം ഖുശൈരി (റ) രേഖപ്പെടുത്തി: ""അവരുടെ ശരീരങ്ങളും ഹൃദയങ്ങളും കണ്ണുകളും ഭർത്താക്കന്മാരിൽ ചുരുക്കിയവരാണ്''. അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് : തിരുനബി (സ്വ) തങ്ങൾ പറഞ്ഞു: ""സ്വർഗ്ഗകുടിൽ ഉള്ള് പൊള്ളയായ ഒരു മുത്താണ്. അതിന്റെ ഉയരം 60 മൈൽ ദൈർഘ്യമാണ്. അതിൽ നിന്നുള്ള ഓരോ മൂലയിലും സത്യവിശ്വാസിക്ക് മറ്റുള്ളവർ കാണാത്ത ഭാര്യമാരുണ്ട്. വിശ്വാസി അവരെയെല്ലാവരെയും ഉപയോഗപ്പെടുത്തുന്നതാണ്''. അകം പൊള്ളയായ ഒറ്റമുത്താണ് സ്വർഗ്ഗകുടിൽ'' എന്നത് ഇബ്നു മസ് ഊദ് (റ), ഇബ്നു ഉമർ (റ), അംറ് ബ്നു മൈമൂൻ (റ) തുടങ്ങിയവരും ഉദ്ധരിച്ചിട്ടുണ്ട്. അബുദ്ദർദാഅ് (റ) ൽ നിന്ന് : ""മുത്തിനാലുള്ള എഴുപത് വാതിലുകളുള്ള ഒറ്റമുത്താണ് സ്വർഗ്ഗ കുടിൽ''.

(തുടരും.)

No comments:

Post a Comment