Monday, September 21, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 【തുടർച്ച....】

 തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 

【തുടർച്ച....】


പുത്തൻവാദികൾ  അഇമ്മത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ 'അഹ് ലുൽ അ ഹ് വാ ' ( താന്തോന്നികൾ ) ആണ്.മത വിധികളിൽ ഈ താന്തോന്നികൾ ഉണ്ടാക്കിത്തീർത്ത കുഴപ്പങ്ങൾ ചില്ലറയാണോ?!  

ضلوا فأضلوا 

(അവർ സ്വയം വഴിപിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും) എന്ന് ഹദീസിൽ വന്നിട്ടുള്ളത്പോലെ തഖ്ലീദ് വിരോധികളും തസ്വവ്വുഫ് നിഷേധികളും ദീനിൻ്റെ അഇമ്മത്തിനെ തള്ളിക്കളഞ്ഞ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട്  മതവിധികൾ കണ്ടെത്താനായി ഇജ്തിഹാദിൻ്റെ (ഗവേഷണത്തിൻ്റെ ) കവാടം തുറന്നിട്ടിരിക്കുകയാണ്. അവർക്കതിനർഹതയും യോഗ്യതയുമുണ്ടോയെന്ന് മുമ്പ് വിശദീകരിച്ചതിൽ  നിന്നും വ്യക്തമായിട്ടുണ്ടാകുമല്ലോ. മുഅമിനീങ്ങൾ ഖുർആൻ കൊണ്ടേ വിധിക്കാവൂ. ഖുർആൻ ശരീഫിൽ അല്ലാഹു തആലാ ഇറക്കിയ മതവിധികൾ അനുസരിച്ചേ സത്യവിശ്വാസികൾ വിധികൽപ്പിക്കാവൂ. ഖുർആനിൽ നിന്ന് നേരിട്ട് മത വിധികൾ കണ്ടെത്താൻ ഇന്ന് ആർക്കും കഴിയില്ലെന്ന് കാര്യകാരണസഹിതം മുമ്പ് വിവരിച്ചുവല്ലോ.

 വഹ്ഹാബി, മൗദൂദിയാദി പുത്തൻ വാദികൾ വളരേ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.തൻമൂലം വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹു വിൻ്റ വിധികൾ കണ്ടെത്താൻ കഴിയാതെ അവർ തോന്ന്യാസം വിധി പറയുകയും അങ്ങനെ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.ഇത് കുഫ് രിയ്യത്തിലേക്ക് വഴി തുറക്കുന്നതാണ്.

അല്ലാഹുവിൻ്റ വിധി വിലക്കുകൾ മനസ്സിലാക്കാതെ, ദീനിൻ്റെ നിയമങ്ങൾ അറിയാതെ തോന്ന്യാസം മതവിഷയങ്ങളിൽ വിധി പറഞ്ഞാൽ ഇസ് ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.

അല്ലാഹു തആലാ പറഞ്ഞു:  ومن لم يحكم بما انزل  الله فاولئك هم الكافرون

   (അല്ലാഹു ഇറക്കിയ കിത്താബ് (ഖുർആൻ) കൊണ്ട് വിധിക്കാത്തവരാരോ അക്കൂട്ടർ കാഫിറുകളാണ് )  

【അൽമാഇദ - 44】

ഇമാം സ്വാവി(റ) രേഖപ്പെടുത്തുന്നു; " (കർമ്മാനുഷ്ഠാനങ്ങളിൽ) 4 മദ്ഹബുകളുടെയും പുറത്തുള്ളവൻ (മദ്ഹബ് പിൻപറ്റാത്തവൻ) സ്വയം പിഴച്ചവും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. മിക്കവാറും അത് അവനെ കുഫ്റിലേക്ക് (സത്യനിഷേധത്തിലേക്ക്) എത്തിക്കുന്നതാണ്. എന്ത് കൊണ്ടെന്നാൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും ബാഹ്യാർത്ഥം പിടിക്കൽ കുഫ്റിൻ്റെ മൂലകാരണങ്ങളിൽപ്പെട്ടതാണ് ." 【സ്വാവി - 3, 10】

ഇത് വളരേ ഗൗരവമുള്ള വിഷയമാണ്. മദ്ഹബുകൾ തള്ളി, ഇമാമുകളെ തള്ളിക്കളഞ്ഞ്, പണ്ഡിതൻമാരെ അവഗണിച്ച് ഖുർആനും ഹദീസും മതി എന്ന്  ഗീർവാണം മുഴക്കുന്നവർ ഖുർആനിൻ്റെ തഫ്സീറുകളിൽ (വ്യാഖ്യാനങ്ങളിൽ) നിന്ന് സിംഹഭാഗവും നഷ്ടപ്പെടുകയും, പരിശുദ്ധ ഖുർആനിൻ്റെ വിവരണമാകുന്ന ഹദീസുകളിൽ നിന്ന് വളരേക്കുറഞ്ഞതൊഴികെ ബാക്കി മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികണ്ടെത്താനായി ഒരുമ്പെടുന്നവർ, ആനയെക്കാണാൻ പോയ അന്ധൻമാരെപ്പോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

 അതിനാൽ മത വിധികളറിയാൻ ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ സമ്പൂർണ്ണജ്ഞാനം നേടിയ പണ്ഡിതമഹത്തുക്കളായ മുൻഗാമികളെ - ഇമാമുകളെ - ആശ്രയിക്കാതെ അവരെ ആപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവില്ലാത്ത വഹ്ഹാബി മൗദൂദികളുടെ പിന്നാലെ കൂടിയാൽ ഉപരി സൂചിത ആയത്തിൻ്റെ അടിസ്ഥാനത്തിൽ കുഫ് രിയ്യത്തിൽ അകപ്പെടാനും ഈമാൻ നഷ്ടപ്പെടാനും സാധ്യത കളേറെയാണെന്ന മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. نعوذ بالله

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

No comments:

Post a Comment