Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച )

 വാജിബാത്ത് മാല -139

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


بسم الله الرحمن الرحيم 

 

""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )

പിടിവള്ളി ??

തിരുനബിയുടെ മാതാപിതാക്കൾ നരകത്തിലല്ലെന്ന് നിരവധി തെളിവുകളിലൂടെ വ്യക്തമാക്കിയ ശേഷം ജലാലുദ്ദീൻ സുയൂഥി (റ) പറയുന്നു: എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചയാളോട് ""എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ്''എന്ന് അനസ് (റ) ൽ നിന്ന് മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഉള്ളത് സംബന്ധിച്ച് ചോദിച്ചാൽ അതിന്റെ മറുപടി : ""എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ്' എന്ന വാചകം പറയുന്നതിൽ ഹദീസ് നിവേദകർ യോജിച്ചിട്ടില്ല. അത് പറഞ്ഞത് ഹമ്മാദ് ബ്നു സലമ മാത്രമാണ്. അദ്ദേഹം സാബിതിൽ നിന്നും സാബിത് അനസിൽ നിന്നും നിവേദനം ചെയ്ത ഈ പരമ്പരയിലൂടെയാണ് മുസ്ലിം ഉദ്ധരിച്ചത്. ഹമ്മാദ് ഉദ്ധരിച്ച സാബിതിൽ നിന്ന് തന്നെ മഅ്മർ ഉദ്ധരിച്ചത് ഇതിൽ നിന്ന് വ്യത്യസ്തമാണ്. മഅ്മറിന്റെ നിവേദനത്തിൽ ആ വാചകം ഇല്ല. അതിലുള്ളത് ചോദിച്ചയാളോട് തിരുനബി (സ്വ) പറഞ്ഞു: ""ഒരു കാഫിറിന്റെ ഖബ്റിനരികിലൂടെ നീ നടന്നാൽ നീ അവന് നരകം കൊണ്ട് സന്തോഷ വാർത്ത അറിയിക്കൂ എന്നാണ്. ഇതിൽ എവിടെയും നബിയുടെ പിതാവിന്റെ പരാമർശമില്ല. നിവേദനത്തിന്റെ നിലക്ക് ഹമ്മാദിനേക്കാൾ വിശ്വസ്തൻ മഅ്മറാണ്. അതുകൊണ്ട് ഈ പദമാണ് ഉറപ്പുള്ളത്. കാരണം ഹമ്മാദ് ആക്ഷേപാർഹനായ ആളാണ്. അദ്ദേഹത്തിന്റെ ഹദീസുകളിൽ ഒരുപാട്  അസ്വീകാര്യത സംഭവിച്ചിട്ടുണ്ട്. പണ്ഡിതർ ഇത് വിശദീകരിച്ചിട്ടുണ്ട്. ഇമാം ബുഖാരി (റ) ഇദ്ദേഹത്തിൽ നിന്നും ഒന്നും ഉദ്ധരിച്ചിട്ടില്ല. ഹമ്മാദിന്റെ സാബിതിൽ നിന്നുള്ള നിവേദനം മാത്രമല്ലാതെ ഉസ്വൂലിൽ മുസ്ലിമും ഉദ്ധരിച്ചിട്ടില്ല. അതേ സമയം മഅ്മർ ആക്ഷേപരഹിതനും അദ്ദേഹത്തിന്റെ ഹദീസുകളിൽ അസ്വീകാര്യമായത് ഇല്ലാത്തതുമാണ്. ഇമാം ബുഖാരി (റ) യും മുസ്ലിമും അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യുന്നതിന്മേൽ ഏകോപിച്ചിരിക്കുന്നു. അതിനാൽ മഅ്മറിന്റെ വാചകമാണ് സുദൃഢമായത്. മഅ്മറിന്റേതിന് സദൃശമായ നിവേദനം സഅ്ദ് ബ്നു അബീ വഖാസിൽ നിന്ന് വന്നിട്ടുണ്ട്. ഇതിന്റെ പരമ്പര ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനപ്രകാരമുള്ളതാണ്. അതിനാൽ ഈ വാചകത്തെ (കാഫിറിന്റെ ഖബ്റിനരികിലൂടെ പോയാൽ അവന് നരകം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുക) അവലംബിക്കലും മറ്റുള്ളതിനേക്കാൾ ഇതിനെ മുന്തിക്കലും നിജമായി. ഇതാണ് ഈ ഹദീസ് പിടിവള്ളിയാക്കുന്നവർക്ക് മഹാരഥന്മാർ നൽകിയ മറുപടികളിൽ ഒന്ന്. ഈ ഖണ്ഡനവും മുൻവിശദീകരണവും അഹ് ലുസ്സുന്നയുടെ വിശ്വാസത്തിന് ബലവും സ്ഥിരതയും നൽകുന്നുവെന്ന് മാത്രമല്ല എതിർപക്ഷത്തിന് ശക്തമായ താക്കീതും ഖണ്ഡനവുമാണ്. ചുരുക്കത്തിൽ തിരുനബി (സ്വ) യുടെ മാതാപിതാക്കൾ നരകത്തിലാണെന്നത് അംഗീകരിക്കാവതല്ല. ആ വാദം അബദ്ധവും തള്ളപ്പെടേണ്ടതുമാണ്.

 

സ്വർഗ്ഗീയ അറകൾ

ഇത് സംബന്ധമായി ധാരാളം ഹദീസുകൾ വ്യത്യസ്ത നിവേദനങ്ങളിലായി കാണാം. ഇമാം ത്വബ്റാനി (റ) ഔ സത്വിൽ ബുറൈദ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗത്തിൽ ചില അറകളുണ്ട്. അവയുടെ ഉൾവശം പുറത്ത് നിന്നും പുറംവശം ഉള്ളിൽ നിന്നും കാണപ്പെടും. അല്ലാഹുവിലായി പരസ്പരം സ്നേഹിക്കുകയും സന്ദർശിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു ആ അറകൾ തയ്യാറാക്കിയിരിക്കുന്നു''. ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഹദീസിൽ വന്നിരിക്കുന്നു: ""സ്വർഗ്ഗവാസികൾ ഈ അറകളുടയവരെ പ്രകാശിത നക്ഷത്രങ്ങളെ ദർശിക്കുന്നത് പോലെ കാണുന്നതാണ്''.

 

കൊട്ടാരങ്ങൾ

ഇബ്നു മുബാറക്, ത്വബ്റാനി (റ) തുടങ്ങിയവർ അബൂ ഹുറൈറ (റ), ഇംറാൻ ബ്നു ഹുസൈ്വൻ (റ) എന്നിവരിൽ നിന്നും നിവേദനം ചെയ്യുന്നു: ""സ്വർഗ്ഗത്തിലുള്ള പരിശുദ്ധ ഭവനങ്ങളിൽ അവൻ നിങ്ങളെ പ്രവേശിപ്പിക്കുന്നതാണ്'' (സ്വഫ്ഫ് 12) എന്ന ആയത്ത് (അതിൽ പറഞ്ഞ ഭവനങ്ങൾ) സംബന്ധമായി തിരുനബി (സ്വ) യോട് ചോദിക്കപ്പെട്ടു: അപ്പോൾ തിരുനബി (സ്വ) പറഞ്ഞു: അത് മുത്തിനാലുള്ള കൊട്ടാരമാണ്. ആ കൊട്ടാരത്തിൽ ചുവന്ന മാണിക്യത്താലുള്ള 70 വീടുകളുണ്ട്. ഓരോന്നിലും പച്ച മരതകത്താലുള്ള 70 മുറികളുണ്ട്. ഓരോ മുറിയിലും ഓരോ കട്ടിലും അതിലോരോന്നിലും വിവിധ വർണ്ണങ്ങളുള്ള 70 വിരിപ്പുകളും ഓരോ വിരിപ്പിലും ഓരോ ഹൂറുൽഈനുമുണ്ട്. എല്ലാ ഓരോ മുറിയിലും 70 സുപ്രകളും ഓരോ സുപ്രയിലും 70 ഇനം ഭക്ഷണവുമുണ്ട്. ഓരോ മുറിയിലും കുട്ടികളായ 70 ഭൃത്യന്മാരും ഭൃത്യകളുമുണ്ട്. എല്ലാ പ്രഭാതത്തിലും ഇവയെല്ലാം ആസ്വദിക്കാനുള്ള ശക്തി വിശ്വാസിക്ക് നൽകപ്പെടുന്നതാണ്.

(തുടരും.)

No comments:

Post a Comment