Saturday, September 19, 2020

നമുക്ക് പരസ്പരം സ്നേഹിക്കാം, അല്ലാഹുവിനു വേണ്ടി....

ഹദീസുകളിലൂടെ ഇന്ന്-155

നമുക്ക് പരസ്പരം സ്നേഹിക്കാം,  അല്ലാഹുവിനു വേണ്ടി....

*ﻋَﻦْ ﺃَﺑِﻲ ﺯُﺭْﻋَﺔَ ﺑْﻦِ ﻋَﻤْﺮِﻭ ﺑْﻦِ ﺟَﺮِﻳﺮٍ، ﺃَﻥَّ ﻋُﻤَﺮَ ﺑْﻦَ اﻟْﺨَﻄَّﺎﺏِ، ﻗَﺎﻝَ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﻥَّ ﻣِﻦْ ﻋِﺒَﺎﺩِ اﻟﻠَّﻪِ ﻷَُﻧَﺎﺳًﺎ ﻣَﺎ ﻫُﻢْ ﺑِﺄَﻧْﺒِﻴَﺎءَ، ﻭَﻻَ ﺷُﻬَﺪَاءَ ﻳَﻐْﺒِﻄُﻬُﻢُ اﻷَْﻧْﺒِﻴَﺎءُ ﻭَاﻟﺸُّﻬَﺪَاءُ ﻳَﻮْﻡَ اﻟْﻘِﻴَﺎﻣَﺔِ، ﺑِﻤَﻜَﺎﻧِﻬِﻢْ ﻣِﻦَ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ» ﻗَﺎﻟُﻮا: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺗُﺨْﺒِﺮُﻧَﺎ ﻣَﻦْ ﻫُﻢْ، ﻗَﺎﻝَ: «ﻫُﻢْ ﻗَﻮْﻡٌ ﺗَﺤَﺎﺑُّﻮا ﺑِﺮُﻭﺡِ اﻟﻠَّﻪِ ﻋَﻠَﻰ ﻏَﻴْﺮِ ﺃَﺭْﺣَﺎﻡٍ ﺑَﻴْﻨَﻬُﻢْ، ﻭَﻻَ ﺃَﻣْﻮَاﻝٍ ﻳَﺘَﻌَﺎﻃَﻮْﻧَﻬَﺎ، ﻓَﻮَاﻟﻠَّﻪِ ﺇِﻥَّ ﻭُﺟُﻮﻫَﻬُﻢْ ﻟَﻨُﻮﺭٌ، ﻭَﺇِﻧَّﻬُﻢْ ﻋَﻠَﻰ ﻧُﻮﺭٍ ﻻَ ﻳَﺨَﺎﻓُﻮﻥَ ﺇِﺫَا ﺧَﺎﻑَ اﻟﻨَّﺎﺱُ، ﻭَﻻَ ﻳَﺤْﺰَﻧُﻮﻥَ ﺇِﺫَا ﺣَﺰِﻥَ اﻟﻨَّﺎﺱُ» ﻭَﻗَﺮَﺃَ ﻫَﺬِﻩِ اﻵْﻳَﺔَ {ﺃَﻻَ ﺇِﻥَّ ﺃَﻭْﻟِﻴَﺎءَ اﻟﻠَّﻪِ ﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ} [ ﻳﻮﻧﺲ: ٦٢] (سنن أبي داود )*

ഉമര്‍ ബ്നുല്‍ ഖത്വാബ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ അരുളി: അല്ലാഹുﷻവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അവര്‍ അമ്പിയാക്കളൊ ശുഹദാക്കളൊ അല്ല. എന്നാല്‍, അന്ത്യനാളില്‍ അല്ലാഹുﷻവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ കണ്ട് അമ്പിയാക്കളും ശുഹദാക്കളും അവരോട് താൽപര്യം കാണിക്കും.*

 സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്‍റെ ദൂതരേ, അവരെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞു തന്നാലും...*

 പ്രവാചകർ ﷺ പറഞ്ഞു: രക്തബന്ധമൊ, സാമ്പത്തിക താൽപര്യമോ ഇല്ലാതെത്തന്നെ, അല്ലാഹുﷻവിന്‍റെ കാരുണ്യത്താല്‍ പരസ്പരം സ്നേഹിച്ചവരാണ് ആ ആളുകള്‍. അല്ലാഹുﷻവാണെ അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. അവര്‍ പ്രകാശവലയത്തിലുമായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. ജനങ്ങള്‍ ദു:ഖിക്കുമ്പോഴും അവര്‍ ദു:ഖിക്കുകയില്ല. ശേഷം നബി ﷺ സൂറത്തു യൂനുസിലെ 62ാം സൂക്തമായ, ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുﷻവിന്‍റെ ഇഷ്ടദാസന്മാർക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ എന്നര്‍ത്ഥമുള്ള ആയത്ത് ഓതുകയുണ്ടായി...
  (അബൂദാവൂദ്)

♥️ഗുണ പാഠം♥️

അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക് ഉറന്നൊഴുകണം എന്നതാണ് പ്രസ്തുത ദാനം നല്‍കിയ അല്ലാഹുവിന്‍റെ നിര്‍ദ്ദേശം. മനുഷ്യനെ മനുഷ്യനായി കാണാന്‍, മാനുഷിക ധര്‍മ്മങ്ങളെ പ്രതിഫലിപ്പിക്കാന്‍, പരിസരങ്ങളില്‍ സന്തോഷങ്ങളും സമാധാനങ്ങളും നിര്‍മ്മിക്കാന്‍, പകയും പോരുമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ ക്രിയാത്മകമായ പ്രയോഗത്തിലൂടെ സാധ്യമാകുന്നതാണ്.*
*വിശുദ്ധ ഇസ്ലാം പരസ്പര സ്നേഹത്തിന് അനിതരമായ പ്രേരണയാണ് നല്‍കുന്നത്. മനുഷ്യരഖിലം ഒരു മാതാവിന്‍റെയും പിതാവിന്‍റെയും മക്കളാണ് എന്ന സന്ദേശം ഉദ്ബോധിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സ്നേഹത്തെ സംബന്ധിച്ച ഇസ്ലാമിന്‍റെ അധ്യാപനം. സ്നേഹം ഫലദായകമാണ് എന്നതു പോലെത്തന്നെ പ്രതിഫലദായകവുമാണ്. പ്രപഞ്ച സ്രഷ്ടാവിന്‍റെ വിധികളെ മാനിച്ചു കൊണ്ടും അവന്‍റെ പ്രീതിയെ പ്രതീക്ഷിച്ചു കൊണ്ടും ആകുമ്പോഴാണ് അത് പ്രതിഫലദായകമാകുന്നത്.*
*അല്ലാഹുവിന്‍റെ പേരില്‍ പരസ്പരം സ്നേഹാദരവുകള്‍ കൈമാറി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന പദവി പോലും മറ്റുള്ളവര്‍ക്ക് താത്പര്യജനകമാണ്.*

*സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെ. സാധാരണ ജീവിതത്തിലെ ഇടപഴകലുകളില്‍ സംഭവിക്കാവുന്ന വൈയക്തിക പ്രശ്നങ്ങളെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ നിലയിലേക്ക് ഊഷ്മളമാക്കുവാനും നിഷ്കളങ്കമായ സ്നേഹവികാരം കൊണ്ടു മാത്രമേ സാധ്യമാകൂ. ആദര്‍ശ രംഗത്തെ സാഹോദര്യവും ആ വഴിയിലുള്ള സ്നേഹ പ്രകടനവും അല്ലാഹുവിന്ന് ഇഷ്ടമുള്ള സംഗതിയാണ്. ഒരു നബി വചനം വായിക്കുക:*
*അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) അരുളി:* *അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എന്‍റെ മഹത്വത്തിന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ച ആളുകളെവിടെ? എന്‍റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് എന്‍റെ തണലിട്ടു കൊടുക്കുന്നതാണ്.* *(മുസ്‌ലിം)*
*അമൂല്യമായ ഈ ഹൃദയ വികാരത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രകടനം അല്ലാഹുവിന്‍റെ സംപ്രീതിക്കും അന്ത്യദിനത്തിലെ അവന്‍റെ അനുഗ്രഹത്തിനും വഴിവെക്കുമെന്ന് സാരം. പരലോക ജീവിതത്തെ പ്രതീക്ഷിക്കുന്ന മുഅ്മിനുകള്‍ ശ്രദ്ധവെക്കേണ്ട സംഗതിയാണ് ഇക്കാര്യം. പടച്ചവന്‍റെ പ്രീതിയെ പ്രതി അന്യോന്യം സ്നേഹിക്കാനും, ആ സ്നേഹബന്ധം നിലനില്‍ക്കേ തന്നെ മരിച്ചു പോകാനും സാധ്യമാകുക എന്നത് മഹാഭാഗ്യമാണ്. അല്ലാഹു നമുക്ക് അതിന് ഭാഗ്യം നൽകട്ടെ, ആമീൻ...
        
                                        അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

No comments:

Post a Comment