Friday, September 25, 2020

ദാനധർമ്മം: മാനവികതയുടെ ജീവനാടി....

ഹദീസുകളിലൂടെ ഇന്ന് -161


  ദാനധർമ്മം: മാനവികതയുടെ ജീവനാടി....
 *ﻋَﻦْ ﻋَﻠِﻲٍّ، ﻗَﺎﻝَ: ﺟَﺎءَ ﺛَﻼﺛَﺔُ ﻧَﻔَﺮٍ ﺇِﻟَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻘَﺎﻝَ ﺃَﺣَﺪُﻫُﻢْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻧَﺖْ ﻟِﻲ ﻣِﺎﺋَﺔُ ﺩِﻳﻨَﺎﺭٍ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﻌَﺸَﺮَﺓِ ﺩَﻧَﺎﻧِﻴﺮَ. ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻥَ ﻟِﻲ ﻋَﺸَﺮَﺓُ ﺩَﻧَﺎﻧِﻴﺮَ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﺪِﻳﻨَﺎﺭٍ، ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ  ﻛَﺎﻥَ ﻟِﻲ ﺩِﻳﻨَﺎﺭٌ، ﻓَﺘَﺼَﺪَّﻗْﺖُ ﺑِﻌُﺸْﺮِﻩِ. ﻗَﺎﻝَ: ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻛُﻠُّﻜُﻢْ ﻓِﻲ اﻷَْﺟْﺮِ ﺳَﻮَاءٌ، ﻛُﻠُّﻜُﻢْ ﺗَﺼَﺪَّﻕَ ﺑِﻌُﺸْﺮِ ﻣَﺎﻟِﻪِ"
*(مسند أحمد)


അലി(റ) ഉദ്ധരിക്കുന്നു: നബിﷺയുടെ അടുക്കൽ മൂന്നാളുകൾ വന്നു.*
ഒന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ നൂറ് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും പത്ത് ദീനാർ ഞാൻ സ്വദഖ ചെയ്തു.
രണ്ടാമൻ പറഞ്ഞു: എന്റെ അടുക്കൽ പത്ത് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു ദീനാർ ഞാൻ സ്വദഖ ചെയ്തു.
മൂന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ ഒരു ദീനാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പത്തിലൊന്ന് ഞാൻ സ്വദഖ ചെയ്തു.

ഇതുകേട്ട നബി ﷺ പറഞ്ഞു: നിങ്ങളിൽ ഓരോരുത്തരും ധർമ്മം ചെയ്തത് അവന്റെ സമ്പത്തിന്റെ പത്തിലൊന്നാണ്. അതിനാൽ പ്രതിഫലത്തിൽ നിങ്ങളെല്ലാം തുല്യരാണ്...
  (മുസ്നദ് അഹ്മദ്)

  ♥️ഗുണ പാഠം♥️


മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.*

സകാത്തിന്‍റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം,  ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി (സ) പ്രസ്താവിച്ചത്,. (തുര്‍മുദി).*

തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി  വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദരി (റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി (സ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും  യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (മുസ്‌ലിം) നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ....

അബ്ദുൽ റഹീം ഇർഫാനി,  കോതമംഗലം

No comments:

Post a Comment