Saturday, August 22, 2020

മഹ്ശർ, വിചാരണ, കിതാബ് ( തുടർച്ച )

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :

  വാജിബാത്ത് മാല-117

*بسم الله الرحمن الرحيم* 
 
*""ഉരുകുന്നെ കൊടും ചൂടാൽ മികപ്പിത്ത് ജനർകളാ*

*ഒരുമിത്ത് ഹിസാബിന്നായ് മഹ്ശർ എന്നേ അർള്വിൽ*

*ഉറാത്തോട് ഹുഫാത്തായി നിറുത്തും പിന്നേ*

*പരത്തും നന്മയും തിന്മാ എളുതിയ കിതാബിനെ*

*ബലം കയ്യിൽ സഈദിന്നും ശഖിയായോർക്ക് ശിമാൽ*

*വശത്തിലും കൊടുത്തിടും ഇതുകൾ ഹഖ്"")*

*അസ്വ് ല് മൂന്ന്:*  

*മഹ്ശർ, വിചാരണ, കിതാബ്* ( തുടർച്ച )

*വീക്ഷണങ്ങൾ*

മരിച്ചവരെ പുനർ ജീവിപ്പിച്ച് വിചാരണക്കായി മഹ്ശറയിൽ ഒരുമിച്ചു കൂട്ടുന്നത് എങ്ങനെയെന്നതിൽ രണ്ട് വീക്ഷണങ്ങൾ കാണാം. അതിലൊന്ന് നശിപ്പിച്ച ശേഷം മടക്കലാണ്. അഥവാ ഇല്ലാതാക്കിയ ശേഷം പടക്കലാണ്. ഇസ് ലാമിക പണ്ഡിത നിപുണരിലധികവും അവരല്ലാത്ത ബുദ്ധിമാന്മാരും ഈ അഭിപ്രായക്കാരാണ്. വേർപിരിഞ്ഞ ശരീര ഭാഗങ്ങളെ ഒന്നിപ്പിക്കലാണെന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഏത് വീക്ഷണ പ്രകാരമായാലും മരിച്ചു പോയവരെ പുനർജീവിപ്പിക്കലും ഒരുമിച്ചു കൂട്ടലും അല്ലാഹുവിന് സാധിക്കുന്ന കാര്യമാണ്. ഇല്ലാതിരുന്നതിനെ പടക്കൽ അവന് സാധ്യമായത് പോലെ. ""നുരുമ്പിയ എല്ലുകളെ ആദ്യം സൃഷ്ടിച്ചവൻ തന്നെയാണ് അവയെ വീണ്ടും ജീവിപ്പിക്കുന്നത്'' എന്ന് നിഷേധികളോട് പറയുവാൻ തിരുനബി (സ്വ) യോട് അല്ലാഹു കൽപിച്ചത് ഇവിടെ പ്രസക്തമാണ്. ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ തുടക്കത്തിലേ സൃഷ്ടിക്കുവാൻ കഴിയുന്നവന് മരിച്ചവരെ രണ്ടാമത് ജീവിപ്പിക്കാൻ സാധിക്കുമെന്നത് സുവ്യക്തമാണല്ലോ? അല്ലാഹു പറഞ്ഞു: ""അവൻ സൃഷ്ടിപ്പ് ആരംഭിക്കുന്നവനും പിന്നെ അതിനെ മടക്കുന്നവനുമാണ്. അത് (മടക്കൽ) അവന് എളുപ്പമാണ്'' (റൂം 27).

അല്ലാഹുവിന്റെ ഖുദ്റത്ത് അനാദിയാണല്ലോ? അവന് സാധ്യമാകുന്ന കാര്യങ്ങളിൽ ആ ഖുദ്റത്തിന് ഏറ്റവ്യത്യാസം വരികയില്ലല്ലോ? പിന്നെ എന്താണ് മടക്കൽ എളുപ്പമാണെന്ന് പറഞ്ഞതിന്റെ താൽപര്യം? എന്ന സംശയത്തിന് മറുപടിയായി മഹത്തുക്കൾ പറഞ്ഞു: ഒരു വസ്തുവിനെ മടക്കൽ ആദ്യം സൃഷ്ടിക്കുന്നതിനേക്കാൾ എളുപ്പമാണെന്ന സൃഷ്ടികളുടെ കാഴ്ചപ്പാടിലേക്ക് നോക്കിയാണ് മടക്കൽ എളുപ്പമാണെന്ന് പറഞ്ഞത്. അല്ലാതെ അല്ലാഹുവിൽ ഏറ്റവ്യത്യാസമുള്ളതിനാലല്ല. അല്ലാഹുവിന് തുടങ്ങലും മടക്കലും ഒരു പോലെയാണ്. വ്യത്യാസമില്ല.

 *മടക്കൽ (പുനരുത്ഥാനം)*

മഹ്ശർ എന്താണെന്നും അതിന്റെ ആധാരങ്ങളും നാം ഗ്രഹിച്ചു. ഇനി മഹ്ശറിൽ ഒരുമിച്ചു കൂട്ടുന്നതിന് വേണ്ടി മരിച്ചവരെ മടക്കൽ (പുനരുത്ഥാനം) സംബന്ധിച്ച് അൽപം മനസ്സിലാക്കാം.
 
അല്ലാമാ സഅ്ദുദ്ദീൻ തഫ്താസാനി (റ) പറയുന്നു: ""മരിച്ചുപോയവരെ മടക്കുന്നതിൽ ജനങ്ങൾ ഭിന്നാഭിപ്രായക്കാരാണ്. പ്രകൃതിവാദികൾ ഈ മടക്കലിനെ നിഷേധിക്കുന്നു. ഗാലൻ (ജാലിനൂസ്) ഇതിൽ നിഷേധമോ അംഗീകാരമോ വ്യക്തമാക്കിയിട്ടില്ല. തത്വചിന്തകരും മതവിശ്വാസികളും ഇത് സ്ഥിരപ്പെടുത്തി. എങ്കിലും തത്വചിന്തകരുടെ വീക്ഷണത്തിൽ ഇത് ആത്മീയമായ മടക്കൽ മാത്രമാണെന്നും മറ്റു ചിലരുടെ അഭിപ്രായം ശാരീരികം മാത്രമാണെന്നുമാണ്. ഇമാം ഗസ്സാലി, കഅ്ബി, ഹലീമി, റാഗിബ്, ഖാള്വീ അബൂ സൈദ് അദ്ദബ്ബൂസി തുടങ്ങിയവരടങ്ങുന്ന അധിക ഇസ് ലാമിക പണ്ഡിതരുടെ പക്ഷം ഈ മടക്കൽ ആത്മീയവും ശാരീരികവുമാണെന്നാണ്. ഇതേ അഭിപ്രായം തന്നെയാണ് അധിക സ്വൂഫിയാക്കളുടെയും ശിയാക്കളുടെയും കർറാമിയ്യത്തിന്റെയും. പുനർജ്ജന്മവാദികളും ഈ പക്ഷത്ത് നിൽക്കുന്നു''.
 
മുസ് ലിംകളും പുനർജന്മവാദികളും തമ്മിൽ ഈ വിഷയത്തിലുള്ള അന്തരം ഇമാം റാസി (റ) വ്യക്തമാക്കുന്നു: ""ആത്മാക്കൾ ഹാദിസാണെന്നും അവകളെ പരലോകത്ത് സ്വശരീരങ്ങളിലേക്ക് മടക്കുമെന്നും മുസ് ലിംകൾ പറയുന്നു. ആത്മാക്കൾ അനാദിയാണെന്നും ഈ ലോകത്ത് തന്നെ അവകളെ ഏതെങ്കിലും ശരീരങ്ങളിലേക്ക് മടക്കുന്നുവെന്നും പുനർജന്മക്കാർ വാദിക്കുന്നു. പുനർജന്മവാദമനുസരിച്ച് ഖിയാമനാൾ, സ്വർഗ്ഗം, നരകം ഇതിനെയൊക്കെ നിഷേധിക്കൽ വരുന്നു''. അത് സത്യവിരുദ്ധവും ഇസ് ലാമിനന്യവുമാണ്. പരലോകവും സ്വർഗ്ഗനരകങ്ങളുമെല്ലാം വിശുദ്ധ ഇസ് ലാമിന്റെ പ്രമാണങ്ങൾ വ്യക്തമാക്കിയതാണ്.

(തുടരും.)

ആശൂറാ നോമ്പ്

ഹദീസുകളിലൂടെ ഇന്ന്-127
  ആശൂറാ നോമ്പ്

حَدَّثَنَا الْحَسَنُ بْنُ عَلِيٍّ الْحُلْوَانِيُّ حَدَّثَنَا ابْنُ أَبِي مَرْيَمَ حَدَّثَنَا يَحْيَى بْنُ أَيُّوبَ حَدَّثَنِي إِسْمَاعِيلُ بْنُ أُمَيَّةَ أَنَّهُ سَمِعَ أَبَا غَطَفَانَ بْنَ طَرِيفٍ الْمُرِّيَّ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ عَبَّاسٍ- رَضِيَ اللَّهُ عَنْهُمَا- يَقُولُ حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((فَإِذَا كَانَ الْعَامُ الْمُقْبِلُ- إِنْ شَاءَ اللَّهُ- صُمْنَا الْيَوْمَ التَّاسِعَ)). قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
(صحيح مسلم)

അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) പറയുന്നു: ആശൂറാ ദിനത്തിൽ (മുഹർറം 10) നബി (സ) നോമ്പെടുക്കുകയും നോമ്പെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ... ഈ ദിനം യഹൂദികളും നസാറാക്കളും ബഹുമാനിക്കുന്ന ദിനമാണല്ലോ?

നബി (സ) പറഞ്ഞു: അടുത്ത വർഷം ആയാൽ ഇൻശാ അല്ലാഹ് ഒമ്പതിന്റെ ദിനത്തിലും ഞാൻ നോമ്പെടുക്കും. അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) പറയുന്നു: അടുത്ത വർഷം നബി (സ) ഉണ്ടായിരുന്നില്ല.  അവിടുന്ന് വഫാത്തായി.
*(മുസ്‌ലിം)*

 ഗുണപാഠം

മുഹർറം മാസം മുഴുവൻ നോമ്പെടുക്കൽ സുന്നത്താണെന്ന് മഹാന്മാർ രേഖപ്പെടുത്തുന്നുണ്ട്. ഒന്നു മുതൽ പത്ത് വരെ ദിവസങ്ങളിൽ പ്രത്യേക സുന്നത്താണ്. അതിന് സാധ്യമല്ലെങ്കിൽ മുഹർറം 9, 10, 11 എന്നീ ദിവസങ്ങളിൽ അല്ലെങ്കിൽ 9, 10 ദിവസങ്ങളിൽ നോമ്പെടുക്കണം. 9 നു സാധിച്ചില്ലെങ്കിൽ 10, 11 ദിവസങ്ങളിൽ നോമ്പെടുക്കാം.

യഹൂദികളോട് ആരാധനാ കർമ്മത്തിൽ എതിരാവുക എന്നതാണ് ഇതിലുള്ള ന്യായം. സത്യ ദീനിന്റെ വക്താക്കളായി ജീവിച്ച് മരിക്കാൻ നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ...


✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

വിട്ടുവീഴ്ച്ചയുടെ പ്രാധാന്യം തിരിച്ചറിയാൻ സാധിക്കട്ടെ...

ഉണർത്തുപെട്ടി

         ⏰23/08/2020
                  SUNDAY
       04 Muharram 1442

 ഏറ്റവും പ്രിയപ്പെട്ട ചിലരുടെ പെട്ടെന്നുള്ള പിൻവലിയലുകൾ നമുക്ക് വീർപ്പുമുട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയേക്കാം..

 പരസ്പരം തിരിച്ചറിഞവരാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുന്നത്. നമ്മുടെ വാക്കുകളുടെയും പ്രവർത്തനതിന്റെയും ശൈലിയും മനസിലാക്കുന്നവരാണ് അവർ. 

മനസു കൊണ്ട് അകലം ഉണ്ടാകാതെ ഇരിക്കാനായി ശ്രദ്ധിക്കേണ്ടവരാണ് അവർ. പരസ്പരം തിരുത്താൻ സന്നദ്ധരാകേണ്ടവരാണ് അവർ....

 പരസ്പരം അസ്വസ്ഥതകൾ ഉണ്ടായാൽ കാരണങ്ങൾ യഥാസമയം കണ്ടെത്താനും അല്പം പോലും സമയം പാഴാകാതെ പരസ്പരം സംസാരിച്ചു തിരികെ വരാനും ഉള്ള മനസ്സ് രൂപപ്പെടട്ടെ. 

വിട്ടുവീഴ്ച്ചയുടെ പ്രാധാന്യം തിരിച്ചറിയാൻ സാധിക്കട്ടെ... റബ്ബിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ....


Friday, August 21, 2020

പരിഹാരമില്ലാത്ത പ്രശ്നങ്ങൾ

ഉണർത്തുപെട്ടി

         ⏰22/08/2020
               SATURDAY 
        03 Muharram 1442

 പരിഹാരമില്ലാത്ത പ്രശ്‌നങ്ങളിൽ അവയോട് മല്ലിട്ട് സ്വന്തം മാനസിക ഊര്‍ജ്ജം കളഞ്ഞിട്ട് ഫലമില്ല...

 വന്നുപോയ സത്യത്തെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും നമ്മുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ നമുക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക...

 നമ്മുടെ എല്ലാവിധ ജീവിതസാഹചര്യങ്ങളോട് നാം സമരസപ്പെടേണ്ടിയിരിക്കുന്നു. എന്നിട്ട് നമുക്കാവുന്നരീതിയില്‍ സന്തോഷത്തിനായും ജീവിതവിജയത്തിനായും പ്രത്യാശയോടെ നാം അധ്വാനിക്കുക... നാഥൻ അനുഗ്രഹിക്കട്ടെ......

മഹ്ശർ, വിചാരണ, കിതാബ്

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന്
  വാജിബാത്ത് മാല -116


بسم الله الرحمن الرحيم
 
*""ഉരുകുന്നെ കൊടും ചൂടാൽ മികപ്പിത്ത് ജനർകളാ*

*ഒരുമിത്ത് ഹിസാബിന്നായ് മഹ്ശർ എന്നേ അർള്വിൽ*

*ഉറാത്തോട് ഹുഫാത്തായി നിറുത്തും പിന്നേ*

*പരത്തും നന്മയും തിന്മാ എളുതിയ കിതാബിനെ*

*ബലം കയ്യിൽ സഈദിന്നും ശഖിയായോർക്ക് ശിമാൽ*

*വശത്തിലും കൊടുത്തിടും ഇതുകൾ ഹഖ്"")*

*അസ്വ് ല് മൂന്ന്:*  

മഹ്ശർ, വിചാരണ, കിതാബ്

അതിശക്ത ചൂടിൽ വിചാരണക്ക് വേണ്ടി ജനങ്ങളെ മഹ്ശറിൽ വിവസ്ത്രരും നഗ്നപാദരുമായി ഒരുമിച്ചു കൂട്ടുന്നതാണ്. പിന്നെ നന്മ തിന്മകൾ രേഖപ്പെടുത്തിയ കിതാബ് തുറക്കപ്പെട്ട് വിജയികൾക്ക് വലതുകയ്യിലും പരാജിതർക്ക് ഇടത് കയ്യിലും നൽകും. ഇവകൾ സത്യമാണ്.
 
വിശുദ്ധ കലിമയുടെ നാലാം ഫർള്വായ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കൽ എന്നതിന്റെ മൂന്നാം അസ്വ് ലാണ് ഇവിടെ പ്രതിപാദ്യം. ബർസഖീ ജീവിതത്തിന് ശേഷം അന്തിമ വിധി നിർണ്ണയത്തിനായി മനുഷ്യ സമൂഹത്തെയാകമാനം പുനർജീവിപ്പിച്ച് വിവസ്ത്രരും നഗ്നപാദരുമായി മഹ്ശറിൽ വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടുമെന്നതും ഓരോരുത്തരുടെയും നന്മ തിന്മകളുടെ റിക്കാർഡ് തുറക്കപ്പെട്ട് വിജയികൾക്ക് വലതുകയ്യിലും പരാജിതർക്ക് ഇടതു കയ്യിലും നൽകുമെന്നതും സത്യമാണെന്നറിയലാണ് മൂന്നാമത്തെ അസ്വ് ല്.
 
*മഹ്ശർ*

ഒരുമിച്ചു കൂട്ടപ്പെടുന്ന സ്ഥലം എന്നാണ് മഹ്ശർ എന്ന വാക്കിനർത്ഥം. സാധാരണയിൽ മഹ്ശറ എന്ന് പ്രയോഗിക്കപ്പെടുന്നത് ഇതിനാണ്. അന്ത്യനാളിൽ സകല മനുഷ്യരെയും പുനരുജ്ജീവിപ്പിച്ച് വിചാരണക്ക് വേണ്ടി ജഗന്നിയന്താവ്  ഒരുമിച്ചു കൂട്ടുന്ന സ്ഥലമെന്നാണ് മഹ്ശർ കൊണ്ട് വിവക്ഷ.
 
അല്ലാമാ താജുദ്ദീനുസ്സുബ്ക്കി (റ) യും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു: ""സൃഷ്ടികളുടെ നാശ ശേഷം അവരെ ജീവിപ്പിക്കലും വിചാരണക്ക് വേണ്ടി ഒരുമിച്ച് കൂട്ടലും സത്യമാണ്. വിവസ്ത്രരും നഗ്ന പാദരും നടക്കുന്നവരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി ജനങ്ങളെ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്'' തുടങ്ങി സ്വഹീഹായ തിരുവചനങ്ങൾ അതിന് ആധാരമാണ്.
 
ഇമാം ഗസ്സാലി (റ) മുതലായ പണ്ഡിതശ്രേഷ്ഠർ വ്യക്തമാക്കുന്നു: സൃഷ്ടികളെ മരണശേഷം ജീവിപ്പിക്കലും അവരെ വിചാരണ സ്ഥലത്തേക്കും പിന്നെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ കൊണ്ടുപോകലും ശറഅ് വ്യക്തമാക്കിയതാണ്. ഖുർആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതും തെളിവുകളുടെ ആവശ്യമില്ലാതെ തന്നെ ദീനിൽ അറിയപ്പെട്ടതുമാണ്. നിരവധി പ്രമാണങ്ങളാൽ സ്ഥിരപ്പെട്ട ഈ ഒരുമിച്ചു കൂട്ടലിനെ അംഗീകരിക്കൽ നിർബന്ധമാണ്. തന്നെയുമല്ല, ബുദ്ധിപരമായി നോക്കിയാൽ ഇത് സാധ്യമായ കാര്യവുമാണ്. കാരണം ഇതിനാൽ യാതൊരു നിലയിലും അസംഭവ്യത അനിവാര്യമാകുന്നില്ല. അസംഭവ്യത അനിവാര്യമാകാത്തത് സാധ്യമായതാണ്. അതുകൊണ്ട് ഈ ഒരുമിച്ചു കൂട്ടൽ സാധ്യമായതാണ്.

 *ഖുർആൻ*

""അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. പിന്നെ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു'' (റൂം 40). ""നിശ്ചയം ഖിയാമനാളിൽ നിങ്ങളെ യാത്രയാക്കപ്പെടുന്നതാണ്'' (മുഅ്മിനൂൻ 16). "" അവൻ ചോദിച്ചു: നുരുമ്പിയ എല്ലുകളെ ജീവിപ്പിക്കുന്നതാരാണ്? നബിയേ തങ്ങൾ പറയുക, ആദ്യം സൃഷ്ടിച്ച അല്ലാഹുവാണ് അവയെ വീണ്ടും ജീവിപ്പിക്കുന്നത്'' (യാസീൻ 78,79). ഇങ്ങനെ നിരവധി ഖുർആനിക വചനങ്ങൾ മരണശേഷമുള്ള പുനർജീവിതത്തെയും ഒരുമിച്ചു കൂട്ടലിനെയും വ്യക്തമാക്കുന്നുണ്ട്.
 
ഹദീസ്

മഹാനായ ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഇമാം ബുഖാരി (റ) യും ഇമാം മുസ്ലിം (റ) ഉം ഉദ്ധരിച്ച ഹദീസിൽ പറയുന്നു: ""നിശ്ചയം നിങ്ങൾ അല്ലാഹുവിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്''. അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ഞങ്ങളോടുള്ള പ്രഭാഷണത്തിൽ തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം നഗ്നപാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായ നിലയിൽ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു: അവരെ ആദ്യം സൃഷ്ടിച്ചതു പോലെ നാം അവരെ മടക്കുന്നതാണ്''. മഹതി ആഇശാ ബീവി (റ) യിൽ നിന്നും ഉദ്ധരണം : തിരുനബി (സ്വ) പറഞ്ഞു: ""നഗ്ന പാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്'' മുതലായ അനവധി നബിവചനങ്ങളും മരണശേഷമുള്ള പുനർജീവിതത്തിനും ഒരുമിച്ചു കൂട്ടലിനും തെളിവുകളാണ്.

(തുടരും.)

സ്വൂഫികളുടെ നിസ്ക്കാരം

‎‎         സ്വൂഫി ധാര -11
സ്വൂഫികളുടെ നിസ്ക്കാരം
 
സദാ സമയങ്ങളിലും  ഇബാദത്തിലായി മാത്രം സമയം ചിലവഴിക്കുന്നവരാണ് മഹാൻമാരായ സൂഫിയാക്കൾ. നിസ്ക്കാരം അടക്കമുള്ള ആരാധനകളുടെ എല്ലാ നിബന്ധനകളും മേളിച്ച പൂർണ്ണമായ രൂപം അവരുടെ ജീവിതത്തിലാണ് നമുക്ക് കാണാൻ കഴിയുക.

മഹാനായ ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി (ഖ: സി) തങ്ങൾ പറയുന്നു

ഇസ്കന്തറിലെ കർമ്മ ശാസ്ത്ര പണ്ഡിതരും  ഖാളിയും ഒരിക്കൽ അഖ്ത്വാബുകളിൽ പ്രധാനിയായിരുന്ന അബുൽഹസനുശ്ശാദുലി (ഖ: സി) തങ്ങളെ പരീക്ഷിക്കാൻ വേണ്ടി ശൈഖവറുകളുടെ സമീപത്ത് വന്നു. പരീക്ഷിക്കാനാണ് അവർ വന്നത് എന്നറിഞ്ഞ ശൈഖവർകൾ അവരോട് ചോദിച്ചു. 'നിങ്ങൾ എപ്പോഴെങ്കിലും നിസ്ക്കരിച്ചിട്ടുണ്ടോ?'  ആ ചോദ്യം അവർക്ക് തീരേ പിടിച്ചില്ല. അതു കൊണ്ട് തന്നെ അവർ ശൈഖവറുകളോട് തിരിച്ചു ചോദിച്ചു. 'നിങ്ങൾ എന്താണീ ചോദിക്കുന്നത്?ഞങ്ങൾ എപ്പോഴെങ്കിലും നിസ്ക്കാരം ഒഴിവാക്കിയിട്ടുണ്ടോ?' ഉടനെ ശൈഖവർകൾ യഥാർത്ഥ നിസ്ക്കാരക്കാരെ കുറിച്ച് പറയുന്ന വിശുദ്ധ ഖുർആനിന്റെ ആയത്തുകൾ അവർക്ക് ഓതി കേൾപ്പിച്ചു..

('തീർച്ചയായും ക്ഷമ കുറഞ്ഞവനും ദുരാഗ്രഹങ്ങൾ കൂടിയവനുമായിട്ടാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്. വല്ല തിന്മയും പ്രയാസവും വന്നാൽ അവൻ അങ്ങേയറ്റം വിഷമം പ്രകടിപ്പിക്കുന്നവനും,  നന്മയും സന്തോഷവും എത്തിയാൽ അവൻ പിശുക്കനാവുന്നവനും ജനങ്ങളെ തൊട്ട് അത് തടയുന്നവനുമാണ് - നിത്യമാവുന്ന യഥാർത്ഥ നിസ്കാരം നിർവഹിക്കുന്നവർ ഒഴികെ.) 

ഈ ആയത്ത് ഓതിയിട്ട് ശൈഖവർകൾ അവരോട് ചോദിച്ചു. 'നിങ്ങൾക്ക് ഒരു പ്രയാസവും പ്രതിസന്ധിയും വന്നാൽ നിങ്ങൾ അതിൽ വിശമം പ്രകടിപ്പിക്കാത്തവർ ആണോ? നന്മ എത്തിച്ചാൽ നിങ്ങളത് ജനങ്ങൾക്ക് നൽകുന്നവരും അവരെ തൊട്ട് അത് തടയാത്തവരും ആണോ?

യഥാർത്ഥ നിസ്ക്കാരക്കാരാണെങ്കിൽ ഇങ്ങിനെ ആവണം!. പരീക്ഷിക്കാൻ വേണ്ടി വന്ന ഖാളിക്കും പണ്ഡിതർക്കും ഒന്നും പറയാനുണ്ടായില്ല. അവർ മൗനം പാലിച്ചു. മറുപടിയില്ലാത്ത അവരോട് ശൈഖവർകൾ പറഞ്ഞു. 'അപ്പോൾ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും നിസ്ക്കരിക്കാത്തവർ ആണ്!' (താജുൽ അറൂസ്).

ഏതല്ലാം പ്രതിസന്ധികൾ വന്നാലും ചിന്തയിൽ പോലും ഒരു വിശമവും വരാത്തവരാവണം നിസ്ക്കരിക്കുന്നവർ എന്ന് ഈ ആയത്തിൽ അല്ലാഹു പറയുന്നു. ആ സ്വാഭാവ ഗുണം സ്വൂഫികളിൽ മാത്രമാണ് പൂർണ്ണമായി ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ നിസ്ക്കരിക്കുന്നവർ എന്ന് പറയന്നുന്നത് ഈ സ്വഭാവം സിദ്ധിച്ച അല്ലാഹുവിന്റെ  സ്വൂഫികൾക്ക് മാത്രമാണ് എന്നാണ് അബുൽ ഹസനു ശാദുലി (ഖ: സി) തങ്ങൾ ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

ഈ രൂപത്തിലുള്ള നിസ്ക്കാരം അവർ ചെറുപ്പകാലം തൊട്ട് വളരെ  സൂക്ഷ്മതയോടെ നിർവഹിച്ചു പോരുന്നവരാണ്. മറ്റുള്ളവരുടെ നിസ്ക്കാരങ്ങൾ എല്ലാം ജീവനില്ലാത്ത രൂപങ്ങൾ മാത്രമാണ്.

قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ

തീർച്ചയായും നിസ്ക്കാരത്തിൽ ഭയഭക്തി യുള്ള മുഅമിനീങ്ങൾ വിജയിച്ചിരിക്കുന്നു' (സൂറതുൽ മുഅമിനൂൻ).

വിശുദ്ധ ഖുർആൻ വിജയിച്ചവരായി പ്രഖ്യാപിച്ച നിസ്ക്കാരം നിർവഹിക്കുകയും സമൂഹത്തെ അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മഹാൻമാരായ സൂഫികൾ. ഭയഭക്തിയില്ലാത്ത നിസ്ക്കാരത്തെ ശരിയായ നിസ്ക്കാരമായി തന്നെ കാണാത്തവരാണ് അവർ. ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) ഇർശാദുൽ ഇബാദിൽ രേഖപ്പെടുത്തുന്നു:

നിസ്ക്കാരത്തിൽ അശ്രദ്ധ വരുന്ന മനുഷ്യാ... നീ ആരുടെ മുമ്പിലാണ് നിൽക്കുന്നത്? ആരോടാണ് നീ സംഭാഷണം നടത്തുന്നത്? ശരീരത്തിന്റെ ദുശിച്ച ആഗ്രഹങ്ങളും പിശാച് തോന്നിപ്പിച്ചു തരുന്ന ദുൻയാവിന്റെ ചിന്തകളും നിറക്കപ്പെട്ട ഹൃദയവുമായി അശ്രദ്ധയോടെ നിസ്ക്കരിക്കാൻ നീ ലജ്ജിക്കുന്നില്ലേ?

ശൈഖവറുകൾ തുടരുന്നു:

അല്ലാഹു നിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത് എന്നും നിന്റെ രഹസ്യങ്ങൾ അവന് അറിയുമെന്നതും നിനക്ക് അറിയില്ലേ.? നിന്റെ താഴ്മയുടേയും  വിനയത്തിന്റെയും  ഭയഭക്തിയുടെയും കണക്കനുസരിച്ചാണ് നിന്റെ നിസ്ക്കാരം അവൻ സ്വീകരിക്കുന്നത്. അതിനാൽ അവനെ കാണുന്നത് പോലെ നിന്റെ നിസ്ക്കാരത്തിൽ അവനെ ആരാധിക്കുക. കാരണം നീ അവനെ കാണുന്നില്ലങ്കിലും അവൻ നിന്നെ കാണുന്നുണ്ട്'. ഭയഭക്തി ഇല്ലാത്ത നിസ്ക്കാരങ്ങളെ കൊണ്ട് ശിക്ഷയാണ് ലഭിക്കുക എന്നും ശൈഖവറുകൾ നമ്മെ ഓർമ്മ പ്പെടുത്തുന്നു.

ഭയഭക്തി ഇല്ലാതെ അശ്രദ്ധയിലായി നീ നിസ്ക്കരിച്ച  നിസ്ക്കാരങ്ങൾ പ്രത്യക്ഷത്തിൽ ശരിയാണ് എന്ന് വിധിക്കപ്പെട്ടാൽ തന്നെയും അത്തരം നിസ്ക്കാരങ്ങൾ നിസ്ക്കരിച്ചതിനാൽ നീ റബ്ബിനോട് പൊറുക്കലിനെ തേടേണ്ടതുണ്ട്. കാരണം ശിക്ഷ ലഭിക്കാനാണ് അവ കാരണമാവുന്നത്.( ഇർശാദുൽ ഇബാദ് - സൈനുദ്ധീൻ മഖ്ദൂം)


ഹൃദയത്തിന്റെ രോഗങ്ങളായ അഹങ്കാരം, അസൂയ, തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിച്ചവർക്ക് മാത്രമേ നിഷ്കളങ്ക മനസ്സോടെ ഭയഭക്തിയിൽ നിസ്ക്കിക്കരിക്കാൻ കഴിയൂ. നാല് അഖ്ത്വാബുകളിൽ പ്രമുഖരായ താജുൽ ആരിഫീൻ അശൈഖ് ഇബ്റാഹീമുദ്ധസൂഖി(റ) പറയുന്നു:

നിസ്ക്കാരത്തിൽ വരുന്ന ബാഹ്യമായ തെറ്റുകൾ കാരണം നിസ്ക്കാരം അസാധുവാകുമെന്ന് ശരീഅത്തിന്റെ പ്രത്യക്ഷമായ നിയമം പറയുന്നവർ വിധിക്കുന്നത് പോലെ ചീത്ത സ്വാഭാവങ്ങൾ കൊണ്ട് നിസ്ക്കാരം ബാത്വിലാവുമെന്ന് പറയുന്നവരാണ് സൂഫികളായ മഹാൻമാർ. അതു കൊണ്ടു തന്നെ ഒരാളുടെ ഹൃദയത്തിൽ അഹങ്കാരം, അസൂയ, പോര്, ദേശ്യം, ചതി, മുസ്ലിമീങ്ങളെ ക്കുറിച്ചുള്ള തെറ്റായ ധാരണ തുടങ്ങിയ ദു:സ്വഭാവങ്ങൾ  വെച്ചുള്ള നിസ്ക്കാരം അവരുടെ അടുക്കൽ അസാധുവാണ്. (ത്വബഖാതുൽ വുസ്ത്വാ - ഇമാം ശഅറാനി)

യഥാർത്ഥ നിസ്ക്കാരക്കാരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....
ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

ദേഷ്യം ശമിക്കാൻ ഒരു ഒറ്റമൂലി

ഹദീസുകളിലൂടെ ഇന്ന്-126
                
ദേഷ്യം ശമിക്കാൻ ഒരു ഒറ്റമൂലി

✒️ *حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا جَرِيرٌ، عَنِ الأَعْ، عَنْ عَدِيِّ بْنِ ثَابِتٍ، حَدَّثَنَا سُلَيْمَانُ بْنُ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم ‌‏ إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ‏"‌‌‏ فَقَالُوا لِلرَّجُلِ أَلاَ تَسْمَعُ مَا يَقُولُ النَّبِيُّ صلى الله عليه وسلم قَالَ إِنِّي لَسْتُ بِمَجْنُونٍ‌‏


🖋️ സുലൈമാന്‍ ബിന് സൂറദ് (റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ  നബി ﷺ യുടെ അടുത്തിരിക്കുമ്പോള്‍ രണ്ട്  വ്യക്തികള്‍ വഴക്കു കൂടുന്നത് കാണാൻ ഇടയായി. അവരിൽ ഒരാൾ ദേഷ്യം പിടിച്ചു കൊണ്ട് മറ്റെയാളെ ചീത്ത പറയുന്നു. അദ്ദേഹത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: എനിക്കൊരു വചനമറിയാം, ആ മനുഷ്യന്‍ അത്  പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്. 

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ

എന്നാകുന്നു അത്. ഉടനെ അവര്‍ അയാളോട് നബി ﷺ പറഞ്ഞത് നിങ്ങൾ കേട്ടില്ലയോ എന്ന് പറയുകയുണ്ടായി. അയാൾ പറഞ്ഞു: ഞാൻ ഭ്രാന്തനൊന്നുമല്ല.
   【ബുഖാരി,മുസ്‌ലിം】
  ♥️ഗുണ പാഠം♥️

*സൽക്കർമ്മങ്ങളെ നശിപ്പിക്കുന്ന ഒരു സ്വഭാവമാണ് ദേഷ്യം. കോപപരവശനായ വ്യക്തി അവന്റെ വാക്കുകളെയും പ്രവർത്തികളെയും നല്ലപോലെ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കുപിതനായി ചെയ്തുപോയതിന്റെ പേരിൽ പിന്നീട് ഖേദിക്കേണ്ടി വരും. നിൽക്കുന്ന അവസ്ഥയിൽ ദേഷ്യം വന്നാൽ അവൻ ഇരിക്കുകയും ഇരുന്നിട്ടും ദേഷ്യം അടങ്ങാത്തപക്ഷം കിടക്കുകയും ചെയ്യണമെന്ന് നബി (സ) നമ്മെ പഠിപ്പിക്കുന്നു.

عن أبي الدرداء رضي الله عنه قال: قلت: يا رسول الله، دلَّني على عمل يدخلني الجنَّة. قال: لا تغضب

അബുദ്ദർദാ (റ) നബി (സ) യോട് ചോദിച്ചു: റസൂലേ... എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു അമൽ പറഞ്ഞു തന്നാലും... നബി (സ) പറഞ്ഞു: നീ കോപിക്കരുത്.*

"തീ വിറക് തിന്നുന്നത് പോലെ ദേഷ്യം സൽക്കർമ്മങ്ങളെ തിന്നുന്നതാണ്." എന്ന തിരുവചനവും ദേഷ്യം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉണർത്തുന്നു. നമ്മുടെ ഈമാനിനെ മുഴുവൻ ഹൃദയരോഗങ്ങളിൽ നിന്നും നാഥൻ നമുക്ക് മോചനം നൽകട്ടെ, ആമീൻ....

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

Thursday, August 20, 2020

മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ


  അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
 വാജിബാത്ത് മാല -116
⊱⋅─────⊱◈◈◈⊰─────⋅⊰

 
""പറഞ്ഞെ പോൽ ഉറപ്പിത്ത് നടന്നോളീൻ കലിമന്റെ

ഫർള്വിൽ നിന്ന് എനി നാലാവദയ് കവലാം

ഖാതിം മഹ്മൂദ് അന്നബി ഖൗലയ് സ്വിദ്ഖാക്കലാം

ദരിശിപ്പീൻ ഇതിന്നും പത്ത് അസ്വ് ൽ ഉണ്ട് ആയതിൽ ഒണ്ട്*

ശലിപ്പിക്കും ബർസഖിൽ സുആൽ ഹഖ്ഖാം

രണ്ട് ശഖീകൾക്ക് അത്തലത്തുണ്ട് അദാബും മിക്കാ"")

നാലാം ഫർള്വ് [ തുടർച്ച ]

മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ


അസ്വ് ല് ഒന്ന്, രണ്ട്

ഖബ്റിലെ ചോദ്യവും ശിക്ഷയും  [ തുടർച്ച ]


പ്രമാണങ്ങൾ

ഖബ്റിലെ ശിക്ഷ ഖുർആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. നവീനാശയങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സമുദായ പണ്ഡിതർ ഖബ്ർ ശിക്ഷയുടെ മേൽ ഏകോപിച്ചതുമാണ്. ഫറോവയുടെ അനുയായികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ""പ്രഭാത പ്രദോഷങ്ങളിൽ അവരെ തീയുടെ മേൽ വെളിവാക്കപ്പെടുന്നതാണ്. ഖിയാമം നാളിൽ ഫറോവയുടെ അനുയായികളെ അതിശക്ത ശിക്ഷയിൽ പ്രവേശിപ്പിക്കൂ'' (എന്ന് മലക്കുകളോട് പറയും). (ഗാഫിർ 46)

തിരുനബിയും സലഫുസ്സ്വാലിഹും ഖബർ ശിക്ഷയിൽ നിന്ന് കാവൽ തേടിയത് പ്രസിദ്ധമാണ്. ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) ഇത് ആഇശാ ബീവി (റ) ൽ നിന്നും അബൂ ഹുറൈറ (റ) യിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ""നിശ്ചയം നിങ്ങൾ ഖബ്റുകളിൽ ശിക്ഷിക്കപ്പെടും, അല്ലെങ്കിൽ പരീക്ഷിക്കപ്പെടും'' എന്ന ഹദീസും അവർ ആഇശ ബീവി (റ) യിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. മുസ്ലിം (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: തിരുനബി (സ്വ) പറഞ്ഞു: ""ഖബ്ർ ശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് അഭയം തേടുക''. സലഫുസ്സ്വാലിഹിന്റെ അഭയം തേടൽ വളരെയധികമുണ്ട്. ഖബ്ർ ശിക്ഷ സാധ്യമായതാണ്. അതംഗീകരിക്കൽ നിർബന്ധമാണ്.
 
ഇസ്ലാമിക പ്രമാണങ്ങൾ സാക്ഷീകരിക്കുന്ന ഖബ്ർ ശിക്ഷയെ നിഷേധിക്കുന്ന ഒരു വിഭാഗം മുഅ്തസിലുകൾ, ള്വിറാറ് ബ്നു അംറ് തുടങ്ങിയവർക്ക് ഖണ്ഡനമായി ഇമാം ഗസ്സാലി (റ) യും മറ്റും രേഖപ്പെടുത്തി: ""വന്യമൃഗങ്ങളുടെ വയറുകളിലും പക്ഷികളുടെ അവശിഷ്ടങ്ങളിലുമായി മയ്യിത്തിന്റെ ഭാഗങ്ങൾ ഭിന്നിക്കൽ ഖബ്ർ ശിക്ഷയെ അംഗീകരിക്കുന്നതിന് തടസ്സമാകുന്നില്ല. ആഴക്കടലിലും വന്യജീവികളുടെ വയറിലുമായാലും ശരി ശിക്ഷയുടെ വേദന അറിയാൻ കഴിയുന്ന ഭാഗങ്ങളെ സംരക്ഷിക്കൽ അല്ലാഹുവിന് സാധ്യമാണ്. അങ്ങേയറ്റം പറഞ്ഞാൽ വന്യമൃഗങ്ങളുടെ വയറും അതുപോലെയുള്ളതും അവന്റെ ഖബ്ർ ആകുമെന്നാണ്. ജീവിയിൽ ശിക്ഷയുടെ വേദന അറിയുന്നത് പ്രത്യേകമായ ഭാഗങ്ങളാണ്. ആ ഭാഗങ്ങളിലേക്ക് ശിക്ഷയുടെ വേദന അറിയാനുള്ള പ്രാപ്തി മടക്കിക്കൊടുക്കാൻ കഴിവുള്ളവനാണ് അല്ലാഹു. അതിനാൽ പരാജിതരായി മരണപ്പെട്ടവർക്ക് ഖബ്ർ ശിക്ഷയുണ്ടെന്നത് അനിഷേധ്യമാണ്.
 
അല്ലാമാ ബാജൂരി (റ) പറയുന്നു: ഖബർ ശിക്ഷ ദീനിൽ സ്ഥിരപ്പെട്ടതും സാധ്യമായ കാര്യവുമാണ്. കൂടാതെ തിരുനബി (സ്വ) അറിയിച്ചതുമാണ്. ഇപ്രകാരമുള്ള കാര്യങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്. ഖബ്ർ ശിക്ഷയുണ്ടെന്നതാണ് അഹ് ലുസ്സുന്നത്തിന്റെയും ഭൂരിഭാഗം മുഅ്തിസലത്തിന്റെയും അഭിപ്രായം. വഴിപിഴച്ചവർ ഖബ്ർ ശിക്ഷ നിഷേധിക്കുന്നു. അദ്ദേഹം പറയുന്നു: ഖബ്ർ ശിക്ഷയെന്ന് ഖബ്റിലേക്ക് ചേർത്തു പറയുന്നത് മയ്യിത്ത് സാധാരണ ഖബ്റടക്കപ്പെടുന്നതിനാലാണ്. ഖബ്റടക്കപ്പെടാത്തവർക്ക് ശിക്ഷയില്ല എന്നർത്ഥത്തിലല്ല. ശിക്ഷിക്കാൻ അല്ലാഹു ഉദ്ദേശിച്ചവരെയൊക്കെ അവൻ ശിക്ഷിക്കും. ഖബ്റടക്കിയാലും ഇല്ലെങ്കിലും ശരി. കത്തിച്ച് ചാരമാക്കി കാറ്റിൽ പറത്തപ്പെട്ടാലും സമുദ്രത്തിൽ മുങ്ങിമരിച്ചാലും ജന്തുക്കൾ തിന്നാലും അതൊന്നും അല്ലാഹു ശിക്ഷിക്കുന്നതിന് തടസ്സമല്ല.
 
സത്യനിഷേധികൾ, കപടവിശ്വാസികൾ, ദോഷികളായ ചില മുഅ്മിനീങ്ങൾ എന്നിവർക്കാണ് ബർസഖിൽ ശിക്ഷയുണ്ടാകുന്നത് എല്ലാവർക്കുമല്ല. ദോഷികളായ ചില വിശ്വാസികളുടെ ശിക്ഷ ഖിയാമന്നാളിന് മുമ്പ് അവസാനിക്കുന്നതാണ്. അവർ ലഘുവായ തെറ്റുകൾ ചെയ്തവരാണ്. തെറ്റുകളുടെ നിലയനുസരിച്ചാണ് അവർ ശിക്ഷിക്കപ്പെടുന്നത്. ഇബ്നു ഖയ്യിം പറഞ്ഞത് പോലെ പ്രാർത്ഥന, ധർമ്മം തുടങ്ങിയവ മൂലം ചിലപ്പോൾ അവരുടെ ശിക്ഷ ഉയർത്തപ്പെടുകയും ചെയ്യും. ബർസഖിൽ ചോദ്യമില്ലാത്തവരെയും ദോഷികളായ ചില വിശ്വാസികളെയും ബർസഖിൽ ശിക്ഷിക്കുകയില്ല. കാരണം അല്ലാഹു ശിക്ഷിക്കാൻ ഉദ്ദേശിക്കാത്തവരാണ് അവർ. ശുഹദാക്കൾ ശിക്ഷയില്ലാത്തവരിൽ പെട്ടവരാണ്. രക്തസാക്ഷികളെ ഖബ്ർ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മിഖ്ദാദ് ബ്നു മഅ്ദീ കരിബ (റ) യിൽ നിന്ന് തുർമുദി (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. അതുപോലെ വെള്ളിയാഴ്ച മരിക്കുന്നയാൾക്ക് ഖബ്ർ ശിക്ഷയില്ലെന്ന് അനസ് (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസിലുമുണ്ട്. അപ്പോൾ മരണപ്പെട്ട എല്ലാവരേയും എല്ലാ സമയത്തും ബർസഖിൽ ശിക്ഷിക്കുകയില്ല. അതിനാലാണ് ""അത്തലത്തുണ്ട് അദാബും മിക്കാ'' (ബർസഖിൽ ശിക്ഷയുണ്ട് അധികവും) എന്ന് വന്ദ്യപിതാവ് (റ) പറഞ്ഞത്. ജലാലുദ്ദീൻ മഹല്ലി (റ) പറഞ്ഞു: ""ഖബ്ർ ശിക്ഷ കാഫിറുകൾക്കും അല്ലാഹു ശിക്ഷിക്കാനുദ്ദേശിച്ച ദോഷികൾക്കുമാണുണ്ടാകുക''. ഖബ്ർ ശിക്ഷയുടെ മേൽ അറിയിക്കുന്നതിൽ പെട്ടതാണ് ഇബ്നു അബീ ശൈബ (റ) യും ഇബ്നു മാജയും അബൂ സഈദിൽ ഖുദ്രിയിൽ നിന്ന് ഉദ്ധരിച്ചത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) പറയുന്നതായി ഞാൻ കേട്ടു. അല്ലാഹു കാഫിറിന്റെ ഖബ്റിൽ ഭീമാകാരമായ പാമ്പുകളെ നിയോഗിക്കും. ഖിയാമം നാൾ വരെ അവ അവനെ കൊത്തി ഉപദ്രവിച്ചു കൊണ്ടിരിക്കും. അവയിൽ നിന്നും ഒരു പാമ്പ് ഭൂമിയിൽ ഊതിയാൽ ഭൂമിയിൽ യാതൊന്നും മുളക്കുകയില്ല.
 
ഖബ്ർ ഇടുക്കലും ഖബ്ർ ശിക്ഷയിൽ പെട്ടതാണ്. ഖബ്റിന്റെ രണ്ട് ഭാഗങ്ങൾ വന്ന് കൂടലാണത്. വാരിയെല്ലുകൾ കോർക്കുന്നത് വരെ ഖബ്ർ മയ്യിത്തിനെ ഇടുക്കുമെന്ന് വന്നിരിക്കുന്നു. അമ്പിയാക്കൾ, ഫാത്വിമ ബിൻത് അസദ്, മരണ രോഗ സമയത്ത് സൂറത്തുൽ ഇഖ്ലാസ് ഓതിയവർ എന്നിവരല്ലാതെ ആരും തന്നെ ഖബ്റിന്റെ ഞെരുക്കലിൽ നിന്ന് രക്ഷപ്പെടുകയില്ല. ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ മരണസമയത്ത് അല്ലാഹുവിന്റെ അർശ് വിറച്ച സഅ്ദ് ബ്നു മുആദ് (റ) രക്ഷപ്പെടുമായിരുന്നു. ഇങ്ങനെ ഖബ്ർ ശിക്ഷയെ സംബന്ധിച്ച് നിരവധി ഹദീസുകൾ കാണാവുന്നതാണ്.
 
""അവരെ നാം രണ്ട് പ്രാവശ്യം ശിക്ഷിക്കുന്നതാണ്'' ( തൗബ 101). ഒരു പ്രാവശ്യം ഖബ്റിലും മറ്റൊന്ന് ഖിയാമത്ത് നാളിലും. ""വലിയ ശിക്ഷയെ കൂടാതെ (മുമ്പ്) ചെറിയ ശിക്ഷ അവർക്ക് നാം നൽകുന്നതാണ്'' ( സജദ 21). അത് ജീവിതത്തിലുള്ള ശിക്ഷയും ഖബ്റിലുള്ള ശിക്ഷയുമാണ്. ഇങ്ങനെ ധാരാളം ആയത്തുകളും ഖബ്ർ ശിക്ഷയെ സ്ഥിരീകരിക്കുന്നുണ്ട്.
 
അവിശ്വാസികൾക്കും ദോഷികളിൽ അല്ലാഹു ഉദ്ദേശിച്ചവർക്കും ബർസഖിൽ ശിക്ഷയുണ്ടെന്നത് ഇസ്ലാമിക പ്രമാണങ്ങൾ സ്ഥിരപ്പെടുത്തിയതും തിരുനബി (സ്വ) അറിയിച്ചതുമാണ്.
 
പ്രമാണങ്ങളിലൂടെ അനിഷേധ്യമായ ഖബ്ർ ശിക്ഷയെ സംബന്ധിച്ച് അത് സത്യമാണെന്നും തിരുനബി (സ്വ) അറിയിച്ചതാണെന്നും വിശ്വസിക്കണമെന്നാണ് വിശുദ്ധ കലിമയുടെ നാലാം ഫർള്വിന്റെ രണ്ടാം അസ്വ് ലിലൂടെ വന്ദ്യരായ പിതാവ് (റ) നമ്മെ പഠിപ്പിക്കുന്നത്.


(തുടരും.)

നാളെയെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത് ഇന്നത്തെ ജീവിതമാണ്..

ഉണർത്തുപെട്ടി

         ⏰21/08/2020
                   FRIDAY
        02 Muharram 1442

 നാളെയെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത് ഇന്നത്തെ ജീവിതമാണ്...

 നല്ലൊരു നാളേക്കായി വിജ്ഞാനം വേണം, ധൈര്യം വേണം, വിശ്വാസം വേണം, ശിഥിലമാകാത്ത ചിന്തകള്‍ വേണം...

പാതിവഴിയുപേക്ഷിക്കാത്ത പദ്ധതി, ഭീരുവിനെപോലെ പിന്‍മാറാത്ത നിശ്ചയദാര്‍ഢ്യം, അനുഭവങ്ങളില്‍ നിന്നാര്‍ജ്ജിച്ചെടുത്ത വിശ്വാസത്തിന്റെ കരുത്ത് ഇവയുണ്ടെങ്കിൽ പരാജയങ്ങളെ നിഴലുകള്‍ക്ക് പിന്നിലാക്കാം...

 ഇന്നത്തെ ദിവസത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കണം നാളെയെന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുക... നാഥൻ അനുഗ്രഹിക്കട്ടെ.........

മുഹർറം മാസത്തിലെ നോമ്പ്

ഹദീസുകളിലൂടെ ഇന്ന്-125
മുഹർറം മാസത്തിലെ നോമ്പ്

حَدَّثَنِي قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا أَبُو عَوَانَةَ، عَنْ أَبِي بِشْرٍ، عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ، الْحِمْيَرِيِّ عَنْ أَبِي هُرَيْرَةَ، - رضى الله عنbه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ ‏"

🖋️ അബൂ ഹുറൈറ (റ) നിവേദനം, നബി ﷺ പറഞ്ഞു: "റമളാന്‍ മാസത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് അല്ലാഹുﷻവിന്റെ മാസമായ മുഹർറം മാസത്തിൽ അനുഷ്ടിക്കുന്ന നോമ്പാണ്‌. നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം രാത്രി നമസ്കാരമാണ്."
   【മുസ്‌ലിം】

  ♥️ഗുണ പാഠം♥️

ചാന്ദ്രമാസാക്കണക്കനുസരിച്ച് ഒരു വർഷത്തിലെ ആദ്യത്തെ മാസമാണ് മുഹർറം. അല്ലാഹു പ്രത്യേകമായി ആദരിച്ച നാല് മാസങ്ങളുണ്ട്. ദുൽ ഖഅദ,  ദുൽ ഹിജ്ജ, മുഹർറം, റജബ് എന്നിവ. കലീമുല്ലാഹി മൂസ (അ) നെ ഫിർഔനിൽ നിന്നും കിങ്കരന്മാരിൽ നിന്നും രക്ഷിക്കുന്നതിന് അല്ലാഹു തെരഞ്ഞെടുത്തത് ഈ മാസത്തെയാണ്. അതുകൊണ്ട് തന്നെ ഈ മാസത്തിൽ നോമ്പ് വളരെ പ്രാധാന്യമുള്ളതാണ്.

റമളാൻ അല്ലാത്ത ഏതെങ്കിലും മാസം പൂർണമായി നബി (സ) നോമ്പെടുത്തതായി രേഖയില്ല. എന്നാൽ റമളാൻ മാസത്തിലെ നോമ്പിന് ശേഷം മുഹർറം മാസത്തിലെ നോമ്പിന് മഹത്വമുള്ളതായി അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. സുന്നത്തായ കർമ്മങ്ങൾ കൊണ്ട് റബ്ബിലേയ്ക്ക് കൂടുതൽ അടുക്കുവാൻ നാഥൻ നമ്മെ തുണക്കട്ടെ, ആമീൻ...

Wednesday, August 19, 2020

ഉണർത്തുപെട്ടി

ഉണർത്തുപെട്ടി

         ⏰20/08/2020
               THURSDAY
        01 Muharram 1442

 കലണ്ടറിന്റെ താളുകൾ കീറപ്പെടുന്ന പോലെ, ആയുസ്സിന്റ ഇതളുകളും കൊഴിഞ്ഞ് കൊണ്ടേയിരിക്കുന്നു...

  ഏതെങ്കിലുമൊരു കലണ്ടറിൽ പുതുവർഷം പിറന്നത് കൊണ്ട് ആകാശത്തോ ഭൂമിയിലോ യാതൊരു മാറ്റവും വരുന്നേയില്ല.., അതിൽ ആഘോഷിക്കപ്പെടാൻ മാത്രം പുതുമയും ഇല്ല...

 ആകാശഭൂമികളുടേയും കാലചക്രാദികളുടേയും പരിപൂർണ നിയന്ത്രണം അല്ലാഹുവിൽ ﷻ വിൽ മാത്രമാണ്...

 അല്ലാഹു ﷻ നമുക്ക് കനിഞ്ഞ് നൽകിയ ആയുസ്സിൽ നിന്ന് ഒരു സെക്കൻഡ് കൂട്ടാനോ കുറക്കാനോ ആരാലും സാധ്യമല്ല...

 കഴിഞ്ഞ് പോയ നാളുകളിലെ വീഴ്ച്ചകൾ, വരാനിരിക്കുന്ന നാളുകളിലെ തിരുത്തലുകളായി മാറ്റാൻ നമുക്ക് കഴിയണം... നാഥൻ അനുഗ്രഹിക്കട്ടെ......

Monday, August 17, 2020

അറിവ്നേടാൻ ലജ്ജിക്കേണ്ടതില്ല

 

ഹദീസുകളിലൂടെ ഇന്ന്-123

അറിവ്നേടാൻ ലജ്ജിക്കേണ്ടതില്ല

✒️ ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ. رضي الله عنها، ﻗَﺎﻟَﺖْ: ﺟَﺎءَﺕْ ﺃُﻡُّ ﺳُﻠَﻴْﻢٍ ﺇِﻟَﻰ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺇِﻥَّ اﻟﻠَّﻪَ ﻻَ ﻳَﺴْﺘَﺤْﻴِﻲ ﻣِﻦَ اﻟﺤَﻖِّ، ﻓَﻬَﻞْ ﻋَﻠَﻰ اﻟﻤَﺮْﺃَﺓِ ﻣِﻦْ ﻏُﺴْﻞٍ ﺇِﺫَا اﺣْﺘَﻠَﻤَﺖْ؟ ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﺫَا ﺭَﺃَﺕِ اﻟﻤَﺎءَ» ﻓَﻐَﻄَّﺖْ ﺃُﻡُّ ﺳَﻠَﻤَﺔَ، ﺗَﻌْﻨِﻲ ﻭَﺟْﻬَﻬَﺎ، ﻭَﻗَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺃَﻭَﺗَﺤْﺘَﻠِﻢُ اﻟﻤَﺮْﺃَﺓُ؟ ﻗَﺎﻝَ: «ﻧَﻌَﻢْ، ﺗَﺮِﺑَﺖْ ﻳَﻤِﻴﻨُﻚِ، ﻓَﺒِﻢَ ﻳُﺸْﺒِﻬُﻬَﺎ ﻭَﻟَﺪُﻫَﺎ»

(صحيح البخاري)

ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി തിരുനബിﷺയുടെ  അടുക്കൽ വന്ന് ചോദിച്ചു. അല്ലാഹുﷻവിന്റെ ദൂതരെ! അല്ലാഹു ﷻ സത്യം വിശദീകരിക്കുന്നതിൽ ലജ്ജിക്കുകയില്ല. സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനമുണ്ടായാൽ കുളിക്കേണ്ടതുണ്ടോ..? നബി ﷺ പറഞ്ഞു: "അതെ, അവൾ ഇന്ദ്രിയം കണ്ടാൽ കുളിക്കണം." അപ്പോൾ ഉമ്മു സലമ(റ) അവരുടെ (നാണം കാരണം) മുഖം മറയ്ക്കുകയും അല്ലാഹുﷻവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയ സ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: "അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവൾക്ക് ഇന്ദ്രിയമില്ലെങ്കിൽ അവളുടെ സന്താനം അവളുടെ രൂപസാദൃശ്യത്തിൽ ജനിക്കുന്നതെങ്ങനെ..?"

  (ബുഖാരി)

  ♥️ഗുണ പാഠം♥️

ലജ്ജ ഈമാനിന്റെ ഭാഗമാണ്. സ്ത്രീകൾക്ക് കൂടുതൽ വേണ്ടതും. അവൾക്കത് അലങ്കാരവുമാണ്. പുരുഷൻമാരോട് ചോദിക്കുന്നത് ലജ്ജിക്കേണ്ട വിഷയമാണെങ്കിൽ പ്രത്യേകിച്ചും. പക്ഷേ, അത് കാരണം ദീനിൽ വിവരമില്ലാത്തവരായിക്കൂടാ! അത്തരം കാര്യങ്ങൾ ഭർത്താവിനോടോ, വിവാഹ ബന്ധം ഹറാമായവരോടോ  ചോദിച്ച് മനസ്സിലാക്കുകയോ, ചോദിച്ച് മനസ്സിലാക്കാൻ മറ്റൊരാളെ ഏൽപ്പിക്കുകയോ ചെയ്യാം. പുരുഷൻമാർ തന്നെ ഇത്തരം കാര്യങ്ങൾ ആദരിക്കപ്പെടുന്നവരോട് ചോദിക്കാൻ ലജ്ജിക്കുന്നവരാണ്. അവരും മറ്റുള്ളവരെ ചോദിക്കാൻ ഏൽപ്പിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.

അലി (റ) പറയുന്നു:  മദിയ്യ് (വികാരമുണ്ടാകുമ്പോൾ പുറപ്പെടുന്ന ഒരു ദ്രാവകം) അധികമുള്ള ഒരാളായിരുന്നു ഞാൻ. തന്നിമിത്തം (നാണം കാരണം) നബിﷺയോട് അതിനെപ്പറ്റി ചോദിക്കാൻ മിഖ്ദാദ് (റ)വിനോട് ഞാൻ ആവശ്യപ്പട്ടു. അദ്ദേഹം നബി ﷺ യോട് ചോദിച്ചു. അപ്പോൾ തിരുമേനി ﷺ അരുളി: അങ്ങനെയുണ്ടാവുമ്പോൾ (ആ നജസ് കഴുകി വൃത്തിയാക്കിയ ശേഷം) വുളു ചെയ്താൽ മതി. (കുളിക്കേണ്ടതില്ല.)

  (ബുഖാരി)

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


തിരിഞ്ഞുനോട്ടം

 

ഉണർത്തുപെട്ടി 

                  18/08/2020

                  TUESDAY 

       28 Dhul Hijjah 1441



ചിലപ്പോഴെങ്കിലും സ്വയമൊരു തിരിഞ്ഞുനോട്ടം, ഒരു വിലയിരുത്തൽ അത് നമ്മുടെ ജീവിതത്തിൽ നല്ല രീതിയിലുള്ള  മാറ്റങ്ങൾ വരുത്തുന്നു...

സ്വന്തം കുറവുകളും, ന്യൂനതകളും, ബലഹീനതകളും അറിയുകയും ഒപ്പം തിരുത്തപ്പെടുത്താനും തയ്യാറാവണം...

കാമ്പുളള പല വിമർശനങ്ങളും ശ്രദ്ധയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ഒരു മാറ്റത്തിനുള്ള അവസരമാണ്... നാഥൻ അനുഗ്രഹിക്കട്ടെ...


ഖബ്റിലെ ചോദ്യവും ശിക്ഷയും

 

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

✦•┈•✦•┈•✦•┈•✦•┈•✦•┈•✦

 വാജിബാത്ത് മാല -112

⊱⋅─────⊱◈◈◈⊰─────⋅⊰ 

""പറഞ്ഞെ പോൽ ഉറപ്പിത്ത് നടന്നോളീൻ കലിമന്റെ

ഫർള്വിൽ നിന്ന് എനി നാലാവദയ് കവലാം

ഖാതിം മഹ്മൂദ് അന്നബി ഖൗലയ് സ്വിദ്ഖാക്കലാം

ദരിശിപ്പീൻ ഇതിന്നും പത്ത് അസ്വ് ൽ ഉണ്ട് ആയതിൽ ഒണ്ട്

ശലിപ്പിക്കും ബർസഖിൽ സുആൽ ഹഖ്ഖാം

രണ്ട് ശഖീകൾക്ക് അത്തലത്തുണ്ട് അദാബും മിക്കാ"")

നാലാം ഫർള്വ് 

മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ

അസ്വ് ല് ഒന്ന്, രണ്ട് 

ഖബ്റിലെ ചോദ്യവും ശിക്ഷയും

പറഞ്ഞതുപോലെ ഉറപ്പിച്ചു നടക്കുക. കലിമയുടെ ഫർള്വിൽ നാലാമത്തേത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകൾ വാസ്തവമാക്കലാണ്. നോക്കുക, ഇതിനും പത്ത് അസ്വ് ലുണ്ട്. അതിലൊന്ന് ഭയപ്പെടുത്തുന്ന ഖബ്റിലെ ചോദ്യം സത്യമാണെന്നും രണ്ടാമത്തേത് പരാജിതർക്ക് അവിടെ അധികവും ശിക്ഷയുണ്ടെന്നതുമാണ്.

 

വിശുദ്ധ കലിമയുടെ മൂന്ന് ഫർള്വുകളും അവയുടെ അസ്വ് ലുകളും വിശദീകരിച്ച് അവയെല്ലാം ഉറപ്പിച്ച് നടക്കുക എന്ന് പറഞ്ഞ ശേഷം നാലാം ഫർള്വും അതിന്റെ അസ്വ് ലുകളും പറയുകയാണ് വന്ദ്യരായ പിതാവ് (റ). നാലാം ഫർള്വ് അന്ത്യപ്രവാചകനായ മഹ്മൂദ് നബി (സ്വ) തങ്ങളുടെ വാക്കുകൾ വാസ്തവമാക്കലാകുന്നു. ഈ ഫർള്വിനും പത്ത് അസ്വ് ലുകളുണ്ട്. അതിൽ ഒന്ന് , ഭയമുളവാക്കുന്ന ബർസഖിൽ ചോദ്യം ചെയ്യൽ സത്യമാണെന്നും രണ്ട് പരാജിതർക്ക് ഖബ്ർ ശിക്ഷയുണ്ടെന്നുമാണ്.

നബി (സ്വ) യെ വാസ്തവമാക്കൽ

വിശുദ്ധ കലിമയുടെ നാലാമത്തെ ഫർള്വ് തിരുനബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കലാണ്. പണ്ഡിതശ്രേഷ്ഠർ വ്യക്തമാക്കുന്നു: ""തിരുനബി (സ്വ) അറിയിച്ച കാര്യങ്ങളിൽ നബി (സ്വ) യെ വാസ്തവമാക്കൽ നിർബന്ധമാണ്. വിശദമായി അറിയപ്പെടുന്ന കാര്യങ്ങളിൽ വിശദമായ നിലക്ക് വിശ്വസിക്കണം. വിശദമായി അറിയപ്പെടുന്നതല്ലെങ്കിൽ അത് സംബന്ധമായി മൊത്തത്തിൽ വിശ്വസിക്കുകയും അതിന്റെ വ്യാഖ്യാനം അല്ലാഹുവിലേക്കും റസൂലിലേക്കും അല്ലാഹു അറിയിച്ചു കൊടുക്കുന്നവരിലേക്കും മടക്കുകയും വേണം''.

 തിരുനബി (സ്വ) അല്ലാഹുവിങ്കൽ നിന്നു കൊണ്ടുവന്ന എല്ലാ കാര്യങ്ങളും വാസ്തവമാക്കലാണ് ഈമാൻ. അപ്പോൾ തിരുനബി (സ്വ) യുടെ വാക്കുകൾ അംഗീകരിക്കാത്തവൻ വിശ്വാസിയാവുകയില്ല. ഈ വാസ്തവമാക്കൽ ഒഴിവാക്കാൻ യാതൊരു സാധ്യതയുമില്ലാത്തതാണ്.

 ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: ""തൗഹീദ് സാക്ഷ്യം വഹിക്കലോട് മുഹമ്മദ് നബി (സ്വ) തങ്ങൾ അല്ലാഹുവിന്റെ ദൂതനാണെന്ന സാക്ഷ്യം അന്വരിക്കുമ്പോഴേ വിശ്വാസം പൂർണ്ണമാവുകയുള്ളൂ.  തിരുനബി (സ്വ) അറിയിച്ച, ഭൗതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും നബി (സ്വ) യെ വാസ്തവമാക്കൽ അല്ലാഹു എല്ലാവർക്കും നിർബന്ധമാക്കി. തിരുനബി (സ്വ) അറിയിച്ച മരണശേഷമുള്ള കാര്യങ്ങളിൽ വിശ്വസിക്കാത്തവന്റെ ഈമാൻ അല്ലാഹു സ്വീകരിക്കുകയില്ല''.

(തുടരും.)


കർമ്മങ്ങൾ നിഷ്ഫലമാകാതെ സൂക്ഷിക്കണം...

 
ഹദീസുകളിലൂടെ ഇന്ന്-122
കർമ്മങ്ങൾ  നിഷ്ഫലമാകാതെ സൂക്ഷിക്കണം...

✒️ ﻋَﻦْ ﻣَﺤْﻤُﻮﺩِ ﺑْﻦِ ﻟَﺒِﻴﺪٍ رضي الله عنه ، ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﺇِﻥَّ ﺃَﺧْﻮَﻑَ ﻣَﺎ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢُ اﻟﺸِّﺮْﻙُ اﻷَْﺻْﻐَﺮُ " ﻗَﺎﻟُﻮا: ﻭَﻣَﺎ اﻟﺸِّﺮْﻙُ اﻷَْﺻْﻐَﺮُ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ؟ ﻗَﺎﻝَ: " اﻟﺮِّﻳَﺎءُ، ﻳَﻘُﻮﻝُ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ ﻟَﻬُﻢْ ﻳَﻮْﻡَ اﻟْﻘِﻴَﺎﻣَﺔِ: ﺇِﺫَا ﺟُﺰِﻱَ اﻟﻨَّﺎﺱُ ﺑِﺄَﻋْﻤَﺎﻟِﻬِﻢْ: اﺫْﻫَﺒُﻮا ﺇِﻟَﻰ اﻟَّﺬِﻳﻦَ ﻛُﻨْﺘُﻢْ ﺗُﺮَاءُﻭﻥَ ﻓِﻲ اﻟﺪُّﻧْﻴَﺎ ﻓَﺎﻧْﻈُﺮُﻭا ﻫَﻞْ ﺗَﺠِﺪُﻭﻥَ ﻋِﻨْﺪَﻫُﻢْ ﺟَﺰَاءً "

(مسند احمد)

 മഹ്‌മൂദിബ്നു ലബീദ് (റ) നിവേദനം ചെയ്യുന്നു: തിരുനബിﷺപറഞ്ഞു  ''നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കിനെയാണ്'' സ്വഹാബത്ത് ചോദിച്ചു: ''എന്താണ് റസൂലേ (ﷺ) ചെറിയ ശിര്‍ക്ക്..?'' നബിﷺപറഞ്ഞു: 'രിയാഅ്'(ലോകമാന്യം) അന്ത്യദിനത്തില്‍ കര്‍മങ്ങളുടെ ഫലം ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ അല്ലാഹു ﷻ പറയും: 'ദുന്‍യാവില്‍ ആരെ കാണിക്കാനായിരുന്നോ നിങ്ങള്‍ ചെയ്തിരുന്നത് അവരുടെ അടുക്കല്‍ പ്രതിഫലമുണ്ടോ എന്ന് പോയി അന്വേഷിച്ചു കൊള്ളുക'' 

  (മുസ്‌നദ് അഹ്‌മദ്)

  ♥️ഗുണ പാഠം♥️

വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് മഹത്തായ സ്വർഗീയ അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടതായി വുശുദ്ധ ഖുർആനിൽ ധാരാളം കാണാം. എന്നാൽ കർമ്മങ്ങൾ ആത്മാർത്ഥതയുള്ളതും നിഷ്കളങ്കമായതും ആയിരിക്കണമെന്ന് മാത്രം. കർമ്മങ്ങൾ കൊണ്ട് ആത്യന്തികമായി ലക്ഷ്യം വക്കുന്നത് അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കണം. അല്ലാത്ത പക്ഷം അവ പ്രതിഫലാർഹമാവുകയില്ല. മഹ്ശറയിൽ വച്ച് അല്ലാഹുവിന്റെ തണൽ അല്ലാത്ത മറ്റൊരു തണൽ ഇല്ലാത്ത ദിവസം അവന്റെ അർശിന്റെ തണൽ നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ 'വലതു കൈ കൊണ്ട് ദാനം നൽകിയത്  ഇടതു കൈ അറിയാത്തവർ' എന്നൊരു വിഭാഗത്തെ എണ്ണിയത് നമ്മുടെ മനസ്സിൽ പതിയേണ്ടതാണ്. നമ്മുടെ കർമ്മങ്ങൾ മറ്റു ജനങ്ങളിൽ നിന്നും രഹസ്യമാകാനും അവ കൊണ്ട് അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം വയ്ക്കാനും നമുക്ക് നാഥൻ അവസരം നൽകട്ടെ, ആമീൻ....

ഓരോ പുലരിയും രണ്ടാമൂഴമാണ്

🙋🏻‍♂

 ഉണർത്തുപെട്ടി 

17/08/2020

 MONDAY 

27 Dhul Hijjah 1441

വ്യക്തികളെന്ന നിലയിലും വ്യക്തികൾ ചേർന്നുള്ള കൂട്ടായ്മകളിലും വീഴ്ചകളുണ്ടാവാം, തെറ്റും കുറ്റവും കാണും.., ഓരോ പുലരിയും രണ്ടാമൂഴമാണ്. ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാമൂഴം...

തെറ്റ്‌ എന്നത്‌ ജീവിതമെന്ന പുസ്തകത്തിലെ ഒരു പേജ്‌ മാത്രമാണ്‌.., ആവിശ്യമായി വന്നാൽ തെറ്റെന്ന ഒരു പേജിനെ എടുത്ത്‌ മാറ്റാം. ആ ഒരു പേജിനായി ജീവിതമെന്ന മുഴുവൻ പുസ്തകത്തേയും വലിച്ചെറിയരുത്‌...

തെറ്റുകൾ തിരുത്താനുള്ള സന്നദ്ധതയും, ബോധപൂര്‍വമായ ശ്രമങ്ങളും മനുഷ്യന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നു.., ആദമിന്റെ സന്തതികളെല്ലാം തെറ്റുപറ്റുന്നവരാണെന്നും അവരില്‍ ഉല്‍കൃഷ്ടര്‍ പശ്ചാത്തപിക്കുന്നവരാണെന്നും നബിവചനം... നാഥൻ അനുഗ്രഹിക്കട്ടെ .......

മുത്ത്നബി (സ്വ) യും അലി (റ)യും വായിൽ തുപ്പി ക്കൊടുത്ത മഹാൻ

മുത്ത്നബി (സ്വ) യും അലി (റ)യും വായിൽ തുപ്പി ക്കൊടുത്ത മഹാൻ/ ഹസൻ ഇർഫാനി എടക്കുളം / ഖുത്വുബിയത്ത് വിശദീകരണം. Part - 12
 

മുമ്പുള്ള മതങ്ങളെ ദുർബ്ബലപ്പെടുത്തൽ

 

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

✦•┈•✦•┈•✦•┈•✦•┈•✦•┈•✦

വാജിബാത്ത് മാല -111

⊱⋅─────⊱◈◈◈⊰─────⋅⊰

 ""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം


അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ


തമ്മേ    അവസാന നബിയായിട്ട് അയക്കയ് ആമ്മായ്


ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്


ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്


ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")


അസ്വ് ല് പത്ത്: [ തുടർച്ച ]

മുമ്പുള്ള മതങ്ങളെ ദുർബ്ബലപ്പെടുത്തൽ

 അല്ലാമാ ബാജൂരി (റ) രേഖപ്പെടുത്തി: സകല സൃഷ്ടികളിലേക്ക് നിയോഗിതരായ തിരുനബി (സ്വ) യുടെ ശരീഅത്ത് മുൻകാല ശരീഅത്തുകളെ ദുർബ്ബലപ്പെടുത്തി. ""ഇസ് ലാം ഒഴികെയുള്ളത് ആരെങ്കിലും മതമായി അംഗീകരിച്ചാൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. അവൻ പരാജിതരിൽ പെട്ടവനാണ്'' (ആലു ഇംറാൻ 85)എന്ന ഖുർആൻ വചനം തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള ശരീഅത്തിനെ ദുർബ്ബലപ്പെടുത്തി എന്നതിന് തെളിവാണ്. ഇത് സംഭവിച്ചു എന്നതിന് മുസ് ലിംകളുടെ ഏകോപനവുമുണ്ട്. നിരവധി ഹദീസുകളും ഇത് സംബന്ധമായി വന്നിട്ടുണ്ട്. എതിർവാദം ഉന്നയിച്ചത് കൈ്രസ്തവ-ജൂത സമൂഹമാണ്. തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള ഒരു നബിയുടെയും ശരീഅത്തിനെ ദുർബ്ബലപ്പെടുത്തിയില്ലെന്ന് അവർ വാദിച്ചു. മുഹമ്മദ് നബി (സ്വ) യുടെ പ്രവാചകത്വം നിഷേധിക്കലാണ് അവരുടെ ഈ വാദത്തിന് പ്രേരകം. ദുർബ്ബലപ്പെടുത്തി എന്ന അഭിപ്രായ പ്രകാരം അല്ലാഹുവിന് ആദ്യം അവ്യക്തമായ ഒരു നന്മ പിന്നീട് വ്യക്തമായി എന്ന് പറയേണ്ടി വരുമെന്ന് അവർ തെളിവായി കൊണ്ടുവന്നു. അതിനുള്ള ഖണ്ഡനം പണ്ഡിതർ രേഖപ്പെടുത്തി. ഓരോ കാലങ്ങൾക്കനുസൃതമായി നന്മകൾ വ്യത്യസ്തമാകും. മുൻകാല സമുദായങ്ങളുടെ കാലത്തുള്ള നന്മ അവരുടെ ശരീഅത്തുകൾ കൊണ്ട് അവരെ അനുശാസിക്കലിനെ തേടി. നമ്മുടെ കാലത്തുള്ള നന്മ നമ്മുടെ ശരീഅത്ത് കൊണ്ട് നമ്മെ അനുശാസിക്കലിനെ തേടി.

 അവസാന നാൾ വരെയുള്ള എല്ലാവരിലേക്കും നിയോഗിക്കപ്പെട്ട നബി (സ്വ) യുടെ ശരീഅത്ത് ഏതെങ്കിലുമൊരു പ്രദേശത്തേക്കോ ഗോത്രത്തിലേക്കോ നിശ്ചിത കാലത്തേക്കോ നിയോഗിതരായ പ്രവാചകരുടെ ശരീഅത്തിനേക്കാൾ തികവും മികവുമുള്ളതായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ?

 ചുരുക്കത്തിൽ മുമ്പുള്ള ശരീഅത്തുകൾ തിരുനബി (സ്വ) യുടെ കാലത്തിന് യോജ്യമല്ലെന്നും അതിനാൽ മുമ്പുള്ളതിനേക്കാൾ ഗുണകരമായ ശരീഅത്ത് ആവശ്യമാണെന്നും വന്നതിനാലാണ് അല്ലാഹു തആല തിരുനബി (സ്വ) യുടെ ശരീഅത്ത് കൊണ്ട് മുമ്പുള്ള എല്ലാ ശരീഅത്തിനെയും ദുർബ്ബലപ്പെടുത്തിയതും തിരുനബി (സ്വ) യുടെ ശരീഅത്തിന് പ്രാബല്യം നൽകിയതും.

 

""ശറആയ് മുൻനടത്തിയ മതമെല്ലാം ഒളിപ്പിത്ത് ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്'' എന്ന വരിയിലൂടെ വന്ദ്യരായ പിതാവ് പഠിപ്പിക്കുന്നതും ഇപ്പോഴുള്ള ശരീഅത്ത് തിരുനബി (സ്വ) യുടെ ശരീഅത്ത് ആണെന്നും അത് മുമ്പുള്ളവയെ ദുർബ്ബലപ്പെടുത്തിയെന്നുമാണ്. മൂന്ന് കാര്യങ്ങളാണ് വിശുദ്ധ കലിമയുടെ പത്താം അസ്വ് ല് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് നബി (സ്വ) തങ്ങൾ അന്ത്യപ്രവാചകനാണ്. നബി (സ്വ) തങ്ങൾ എല്ലാ സൃഷ്ടികളിലേക്കും നിയോഗിതരാണ്. തിരുനബി (സ്വ) യുടെ ശരീഅത്ത് കൊണ്ട് അല്ലാഹു മുമ്പുള്ള എല്ലാ പ്രവാചകന്മാരുടെയും ശരീഅത്ത് ദുർബ്ബലപ്പെടുത്തി. ഈ മൂന്ന് കാര്യങ്ങൾ അറിയലാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വിന്റെ പത്താം അസ്വ് ൽ. ഇതോടെ മൂന്നാം ഫർള്വിന്റെ പത്ത് അസ്വ് ലുകൾ പൂർണ്ണമായി.


സംക്ഷിപ്തം

മൂന്നാം ഫർളിന്റെ പത്ത് അസ്വ് ലുകൾ: 1. ലോകം പുതുതായി ഉണ്ടായതാണെന്നും അത് അല്ലാഹുവിന്റെ പ്രവൃത്തിയും സൃഷ്ടിപ്പുമാണെന്നും യാതൊന്നിലും ഒരു തരത്തിലും ലോകം അനാദിയല്ലെന്നും അറിയൽ. 2. അല്ലാഹുവിന്റെ സർവ്വ സൃഷ്ടികളിലുമുണ്ടാകുന്ന ചലന-നിശ്ചലനങ്ങൾ അവന്റെ പ്രവൃത്തിയാണെന്നറിയൽ 3. അടിമയിലുണ്ടാകുന്ന പ്രവൃത്തികൾ അവന്റെ കസ്ബ് കൊണ്ടുണ്ടാകുന്നതാണെന്നും അതിൽ അല്ലാഹുവിന്റെ തീരുമാനവും ഉദ്ദേശ്യവുമുണ്ടെന്നും അറിയൽ 4. അല്ലാഹു അടിമകളോട് തക് ലീഫ് ചെയ്യൽ നിർബന്ധമില്ല, അനുവദനീയമാണെന്നറിയൽ 5. അസാധ്യമായ പലതുകൊണ്ടും അടിമകളോട് തക് ലീഫ് ചെയ്യൽ അല്ലാഹുവിന് ജാഇസാണെന്നറിയൽ 6. ഈ ലോകത്ത് യാതൊരു പാപവും ചെയ്യാത്ത നിർദോഷികളായവരെ പരലോകത്ത് ശക്തമായി ശിക്ഷിക്കൽ അല്ലാഹുവിന് അനുവദനീയമാണെന്നറിയൽ. 7. ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരിൽ അവനിഷ്ടമുള്ളത് പോലെ എന്നും അധികാരം നടത്താമെന്ന് ഉറച്ച് വിശ്വസിക്കലും അടിമകളെ സന്മാർഗ്ഗത്തിലാക്കൽ അവന് ഒരിക്കലും നിർബന്ധമില്ലെന്നറിയലും 8. അല്ലാഹുവിനെ അറിയലും ആരാധിക്കലും നിർബന്ധമാണെന്ന് മനസ്സിലുറപ്പിച്ച് വണങ്ങൽ 9. സകല സൃഷ്ടികളും സർവ്വ കാര്യങ്ങളിലും അല്ലാഹുവിനെ ആശ്രയിക്കുന്നുവെന്നും അവനിലേക്കുള്ള ആശ്രയം എല്ലാ സൃഷ്ടികളിലും എക്കാലവും വ്യാപകമാണെന്നും അവന്റെ പ്രവാചകന്മാരെ അടങ്കലും നിയോഗിക്കുന്നവനുമാണെന്നറിയൽ 10. സകല സൃഷ്ടികളിലേക്കും അല്ലാഹു തിരുനബി (സ്വ) യെ അന്ത്യപ്രവാചകനായി അയച്ചുവെന്നും തൗഹീദിന്റെ പ്രോജ്ജ്വല പ്രഭയോടെ പുതുക്കി വെളിപ്പെടുത്തിയ ഇസ് ലാം മതം മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബ്ബലപ്പെടുത്തിയെന്നുമറിയൽ.

(തുടരും.)


ഭൗതിക സുഖങ്ങളിൽ മുഖം കുത്തി വീഴരുത്....

 

ഹദീസുകളിലൂടെ ഇന്ന്-121

 ഭൗതിക സുഖങ്ങളിൽ മുഖം കുത്തി വീഴരുത്....

✒️ حَدَّثَنَا مُوسَى بْنُ عَبْدِ الرَّحْمَنِ الْكِنْدِيُّ، حَدَّثَنَا زَيْدُ بْنُ حُبَابٍ، أَخْبَرَنِي الْمَسْعُودِيُّ، حَدَّثَنَا عَمْرُو بْنُ مُرَّةَ، عَنْ إِبْرَاهِيمَ، عَنْ عَلْقَمَةَ، عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً ‏.‏ فَقَالَ ‌‏ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ‏" 

(رواه الترمذي


അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വില്‍ നിന്ന് നിവേദനം: ഒരവസരത്തില്‍ റസൂല്‍ ﷺ ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ ആ പായ തിരുദൂതന്റെ പുണ്യശരീരത്തിൽ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ...,  അങ്ങേയ്ക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ...? അന്നേരം തിരുദൂതന്ർ ﷺ പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്..? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലേറ്റു വിശ്രമിച്ച് പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്ത്.

   【തിർമിദി】

♥️ഗുണ പാഠം♥️

ഭൗതിക ലോകത്തെ ആഡംബരങ്ങളിൽ മതി മറക്കാൻ ഇസ്‌ലാം നമ്മുക്ക് അനുവാദം നൽകുന്നില്ല. നമ്മുടെ സമ്പത്തും ജീവിതവിഭവങ്ങളും മറ്റു സൗഭാഗ്യങ്ങളുമെല്ലാം  സ്രഷ്ടാവിൽ നിന്ന് നമ്മുടെ മനസ്സിനെ അകറ്റിക്കളയുന്നതാണെങ്കിൽ അവയെല്ലാം നമുക്ക് ദോഷമാണ്. ഭൗതിക വിഭവങ്ങൾക്ക് വേണ്ടി സ്രഷ്ടാവിനെ ഉപേക്ഷിക്കാതെ സ്രഷ്ടാവിനുവേണ്ടി അവയുടെ സുഖങ്ങളെ തിരസ്കരിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ എന്ന പാഠം ഈ സംഭവത്തിലൂടെ നബി (സ) നമ്മെ പഠിപ്പിക്കുന്നു. ഇലാഹീ സ്മരണയിലായി നിലനിൽക്കാൻ നാഥൻ നമ്മെ തുണക്കട്ടെ,  ആമീൻ...

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


Saturday, August 15, 2020

ചില കാര്യങ്ങൾ ചെയ്യാൻ മെനക്കെടുക തന്നെ വേണം...

ഉണർത്തുപെട്ടി

         ⏰16/08/2020
                  SUNDAY
       26 Dhul Hijjah 1441

 ചില കാര്യങ്ങൾ ചെയ്യാൻ മെനക്കെടുക തന്നെ വേണം...

 പ്രശ്നങ്ങളെ നേരിടാനും റിസ്കുകൾ എടുക്കാനും ഉത്സാഹം കൂടിയേ തീരൂ...

 കുഴിമടിയനായിരുന്നാൽ പ്രശ്നങ്ങൾ പർവതം പോലെ വളർന്നേക്കാം, ഒടുവിൽ അവ പരിഹരിക്കാൻ കഴിയാതെ വരും...

 ഏത് സാഹചര്യത്തിലും പ്രയത്നം ഉപേക്ഷിക്കരുത്. അല്പം മാത്രം വിജയിക്കാനേ കഴിഞ്ഞുള്ളൂ എങ്കിലും നിരാശ വേണ്ട...

 എത്ര ശ്രമിച്ചാലും വലിയ വിജയം കൈവരില്ല എന്നത് ശ്രമിക്കാതിരിക്കുന്നതിന് കാരണമാകരുത്, നാഥൻ അനുഗ്രഹിക്കട്ടെ...


സർവ്വലോകദൂതൻ


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
*✦•┈•✦•┈•✦•┈•✦•┈•✦•┈•✦*
 *🌹 വാജിബാത്ത് മാല -110🌹
*⊱⋅─────⊱◈◈◈⊰─────⋅⊰* 

 
*""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം*

*അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ*

*തമ്മേ    അവസാന നബിയായിട്ട് അയക്കയ് ആമ്മായ്*

*ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്*

*ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്*

*ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")*

*അസ്വ് ല് പത്ത്:* [ തുടർച്ച ]

സർവ്വലോകദൂതൻ

മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഈ അസ്വ് ലിൽ ഇനി മനസ്സിലാക്കാനുള്ളത് അല്ലാഹു തിരുനബി (സ്വ) യെ സകല സൃഷ്ടികളിലേക്കും പ്രവാചകനായി നിയോഗിച്ചുവെന്നതും (സർവ്വലോകദൂതനാണെന്നതും) തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള പ്രവാചകന്മാരുടെ ശരീഅത്തുകളെ ദുർബലപ്പെടുത്തിയെന്നതുമാണ്.

ഇമാം ശഅ്റാനി (റ) പറയുന്നു: സ്വഹീഹ് മുസ് ലിമിലും മറ്റും വന്നിരിക്കുന്നു:തിരുനബി (സ്വ) പറഞ്ഞു: ""ഞാൻ സകല സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നു''.സകല സൃഷ്ടികൾ എന്നതിനെ മനുഷ്യഭൂത വർഗ്ഗങ്ങൾ എന്ന് പണ്ഡിതർ വിശദീകരിച്ചു. ""ഈ ഖുർആൻ എനിക്ക് ദിവ്യബോധനം നൽകപ്പെട്ടത്, നിങ്ങൾക്കും ഖുർആൻ എത്തിയവർക്കും ഞാൻ മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ്'' (അൻആം 19). ഈ ആയത്തിൽ പറഞ്ഞ ഖുർആൻ എത്തിയവർ എന്നാൽ മനുഷ്യനും ജിന്നുകളുമാണെന്ന് മുഫസ്സിറുകൾ വിശദീകരിച്ചു. അതുപോലെ ""ലോകർക്ക് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടി അല്ലാഹു തന്റെ ദാസന് (നബി (സ്വ) ക്ക്) ഫുർഖാൻ (ഖുർആൻ) അവതരിപ്പിച്ചു'' (ഫുർഖാൻ 1) എന്ന ആയത്തിലെ ലോകർ എന്നതിന് മനുഷ്യ ഭൂത വിഭാഗങ്ങൾ എന്നാണ് ജലാലുദ്ദീനുൽ മഹല്ലി (റ) നൽകിയ വിശദീകരണം. എല്ലാ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ മനുഷ്യനിലേക്കും ജിന്നുകളിലേക്കും അയക്കപ്പെട്ടു എന്നതാണ് സാരം. മലക്കുകളിലേക്കും മറ്റു സൃഷ്ടികളിലേക്കും നിയോഗിച്ചിട്ടുണ്ടോ എന്നതിൽ പണ്ഡിതർക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങൾ കാണാം.
 
ഇമാം ശഅ്റാനി (റ) തുടരുന്നു: മുഹമ്മദ് നബി (സ്വ) തങ്ങൾ മലക്കുകളിലേക്ക് അയക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. നിദാനശാസ്ത്രപണ്ഡിതരുടെ ചർച്ച മലക്കുകളിലേക്കും നിയോഗിക്കപ്പെട്ടു അവരിലേക്ക് നിയോഗിക്കപ്പെട്ടിട്ടില്ല എന്നീ രണ്ട് അഭിപ്രായങ്ങളിലേക്ക് മടങ്ങുന്നു. സുബുക്കി ഇമാമും (റ) മറ്റും സ്വഹീഹാക്കി പറഞ്ഞത് മലക്കുകളിലേക്കും നിയോഗിക്കപ്പെട്ടുവെന്നാണ്. ഇമാം ബാരിസി (റ) പറഞ്ഞു: ""സർവ്വ ജീവികളിലേക്കും നിർജ്ജീവികളിലേക്കും കല്ലുകളിലേക്കും വൃക്ഷങ്ങളിലേക്കുമെല്ലാം തിരുനബി (സ്വ) യെ നിയോഗിച്ചു''. ജലാലുദ്ദീൻ സുയൂഥി (റ) ഇത് തന്റെ "ഖസ്വാഇസ്വ്' എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിൽ വീണ്ടും സുബുക്കിയെ തൊട്ട് ഉദ്ധരിക്കുന്നു. സുബുക്കി ഇമാം പറയുമായിരുന്നു: നിശ്ചയം മുഹമ്മദ് നബി (സ്വ) തങ്ങൾ അമ്പിയാക്കളുടെ നബിയാണ്. അപ്പോൾ നബി (സ്വ) തങ്ങൾ അത്യുന്നത ചക്രവർത്തിയെ പോലെയും മറ്റു മുഴുവൻ പ്രവാചകരും സേനാനായകരെ പോലെയുമാണ്. എല്ലാ നബിമാരും മുഹമ്മദ് നബി (സ്വ) തങ്ങളെ എത്തിച്ചിരുന്നെങ്കിൽ തിരുനബി (സ്വ) യെ പിൻപറ്റൽ അവർക്കെല്ലാം നിർബന്ധമാകുമായിരുന്നു. കാരണം ആദം നബി (അ) മുതൽ അവസാന നാൾ വരെയുള്ള എല്ലാ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടവരാണ് മുഹമ്മദ് നബി (സ്വ). തിരുശരീരത്തിന്റെ അസാന്നിദ്ധ്യ കാലത്ത് അമ്പിയാക്കളെല്ലാം അവിടുത്തെ പകരക്കാരാണ്. തിരുനബി (സ്വ) യുടെ ശറഇൽ നിന്നുള്ള ഒരു കൂട്ടം നിയമങ്ങൾ കൊണ്ട് ഓരോ നബിയും നിയോഗിക്കപ്പെട്ടിരുന്നു. സയ്യിദ് അലിയ്യുൽ ഖവാസ്സ്വ് (റ) പറയുമായിരുന്നു: ""ആദം നബി (അ) മുതൽ ഖിയാമത്ത് നാൾ വരെയുള്ള പദാർത്ഥിക ആത്മീയ ലോകങ്ങളിലുള്ള എല്ലാ സൃഷ്ടികളിലേക്കും നിയോഗിതരാണ് മുഹമ്മദ് നബി (സ്വ). ചുരുക്കത്തിൽ എല്ലാ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടവരാണ് തിരുനബി (സ്വ). ഇസ്മാഈൽ ഹഖി രേഖപ്പെടുത്തുന്നു: നബി (സ്വ) തങ്ങൾ അത്യുത്തമ സൃഷ്ടിയാണെന്നത് സർവ്വ സൃഷ്ടികളിലേക്കും അവിടുന്നിനെ നിയോഗിച്ചിരിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നു. അതിനാലാണ് ആകാശവാസികൾക്കും ഭൂനിവാസികൾക്കും തിരുനബി (സ്വ) യുടെ ജന്മം കൊണ്ട് സന്തോഷവാർത്ത അറിയിച്ചതും നിർജ്ജീവ വസ്തുക്കളടക്കം എല്ലാ സൃഷ്ടികളും തിരുനബി (സ്വ) യുടെ മേൽ സലാം ചൊല്ലിയതും. അതുകൊണ്ട് തിരുനബി (സ്വ) സർവ്വ ലോകർക്കും അനുഗ്രഹമാണ്. സകല സൃഷ്ടികളിലേക്കുമുള്ള ദൂതനുമാണ്''.
 
""സർവ്വ ലോകർക്കും അനുഗ്രഹമായിട്ടാണ് തങ്ങളെ നാം നിയോഗിച്ചത്'' (അമ്പിയാ 107) എന്ന ഖുർആൻ വാക്യം സൂചിപ്പിക്കുന്നത് അതാണ്. അത് തന്നെയാണ് ""അയക്കയ് ആമ്മായ്'' (എല്ലാവരിലേക്കും അയച്ചു) എന്ന് വന്ദ്യരായ പിതാവ് (റ) ഇവിടെ പറഞ്ഞതിന്റെ ആശയം.
(തുടരും.)

Friday, August 14, 2020

മാതാവിനോടുള്ള കടമ

ഹദീസുകളിലൂടെ ഇന്ന്-120
 മാതാവിനോടുള്ള കടമ

✒️ *ﻋَﻦْ ﻋَﻠْﻘَﻤَﺔَ ﺑْﻦِ ﻣَﺮْﺛَﺪٍ، ﻋَﻦ ﺳُﻠَﻴﻤﺎﻥ ﺑْﻦِ ﺑُﺮَﻳﺪﺓ، ﻋَﻦ ﺃَﺑﻴﻪِ، ﺭَﺿِﻲ اﻟﻠَّﻪُ ﻋَﻨْﻪُ، ﺃَﻥَّ ﺭَﺟُﻼ ﻛَﺎﻥَ ﻓِﻲ اﻟﻄَّﻮَاﻑِ ﺣَﺎﻣِﻼ ﺃُﻣَّﻪُ ﻳَﻄُﻮﻑُ ﺑِﻬَﺎ ﻓَﺴَﺄَﻝَ اﻟﻨَّﺒِﻲّ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴﻪ ﻭَﺳَﻠَّﻢ ﻫَﻞْ ﺃَﺩَّﻳْﺖُ ﺣَﻘَّﻬَﺎ؟ ﻗَﺎﻝَ: ﻻ، ﻭﻻَ ﺑِﺰَﻓْﺮَﺓٍ ﻭَاﺣِﺪَﺓٍ، ﺃَﻭْ ﻛَﻤَﺎ ﻗَﺎﻝَ.
(مسند البزار  )

🖋️ *സുലൈമാനിബ്നു ബുറൈദ (റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കൽ ഒരാൾ തന്റെ മാതാവിനെയും ചുമന്ന് കഅബാലയത്തെ ത്വവാഫ് ചെയ്തു. ശേഷം മുത്ത്നബി (ﷺ)യുടെ അടുക്കൽ വന്ന് ചോദിച്ചു : ഞാൻ എന്റെ മാതാവിനോടുള്ള കടപ്പാട് വീട്ടിയവനാകുമോ..?

*മുത്ത്നബി (ﷺ): "ഇല്ല, ഒരിക്കലും ആവുകയില്ല. നിന്റെ മാതാവ് സഹിച്ച ഒരു പ്രസവവേദനയോട് പോലും അത് സമമാവുകയില്ല..."*
   【ബസ്സാർ】

➖➖➖➖➖➖➖➖
  ♥️ഗുണ പാഠം♥️
➖➖➖➖➖➖➖➖

*ഒരു മനുഷ്യന് ലോകത്ത് ഏറ്റവും കടപ്പാടുള്ളത് അവന്റെ മാതാവിനോടാണ്. ഏതൊരു സ്ത്രീയുടെയും ഗർഭസ്ഥാവസ്ഥയിൽ അവർ അനുഭവിച്ച ത്യാഗവും പ്രസവ വേളയിൽ അവർ സഹിച്ച വേദനയും തുടർന്നുള്ള അവരുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതാവിനോടുള്ള കടപ്പാട് ഒരിക്കലും തീരുകയില്ല. ഏത് ഘട്ടത്തിലും ആ കടപ്പാട് മറക്കാതിരിക്കാനാണ് ഒരിക്കലും നീക്കം ചെയ്യാൻ പറ്റാത്ത വിധം ഒരു അടയാളം പൊക്കിൾ കുഴിയുടെ രൂപത്തിൽ സ്രഷ്ടാവ് അവന് നൽകിയിട്ടുള്ളത്. സ്വന്തം മാതാവിൽ നിന്ന് എന്ത് പ്രയാസം തോന്നുമ്പോഴും ഓരോരുത്തരും അവന്റെ പൊക്കിൾ കുഴിയിലേക്ക് ഒന്ന് നോക്കി ചിന്തിച്ചുകൊള്ളട്ടെ. മാതാവിന്റെ പൊരുത്തം നേടാൻ നമുക്കേവർക്കും അല്ലാഹു വിധിയേകട്ടെ, ആമീൻ...

✍️ :അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

തീക്ഷ്‌ണതയോടും ഉത്സാഹപ്രഹർഷത്തോടും കൂടി ഓരോ ദിവസത്തെയും സ്വാഗതം ചെയ്യുക


🌤️☀️ ഉണർത്തുപെട്ടി ☀️🌤️

         ⏰15/08/2020
               SATURDAY
       25 Dhul Hijjah 1441

 തീക്ഷ്‌ണതയോടും ഉത്സാഹപ്രഹർഷത്തോടും കൂടി ഓരോ ദിവസത്തെയും സ്വാഗതം ചെയ്യുക...

 ഇന്ന് എന്ത് ചെയ്താലും, അത് ഇന്നലത്തേതിനേക്കാളും മെച്ചവും സുരക്ഷിതവും ആയിരിക്കണം...

 പുരോഗതി എന്ന് പറഞ്ഞാൽ മാറ്റം മാത്രമല്ല, ഇന്നലെ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്ന് ചെയ്യാം, അത് കുറച്ചുകൂടി മെച്ചമായി ചെയ്യാം എന്നാണ്...

 തെറ്റുകൾ സമ്മതിക്കുവാൻ മടിക്കുകയോ, ലജ്ജ വിചാരിക്കുകയോ ചെയ്യരുത്. ഒരു തെറ്റ് തിരുത്തുന്നതുവഴി, ഇന്നലത്തേതിനേക്കാൾ ഇന്ന് നിങ്ങൾ കൂടുതൽ ബുദ്ധിമാനാകുകയാണ് ചെയ്യുന്നത്...

തെറ്റ് തിരുത്തി ശരിയിലൂടെ മുന്നോട്ടു പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ...

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ

 ‎‎       

 ☪️ സ്വൂഫി ധാര-110 ☪️

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ


സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും. 

സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി,

 ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍. 

താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 

താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്.

 സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു. 

ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിആയ ഹസൻ ബസ്വരി (റ) ആയിരുന്നു.

അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം. 

ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്. 

ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്. 

അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്. 


മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.

 

തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് (റ) ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമി(റ)യാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല". 

 റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്. 

കുരിശുയുദ്ധവും താര്‍ത്താരികളും

കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).

നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു. 

കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം. 

ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്.

ഇന്ത്യയിലെ പ്രശസ്ത കവിയായ അല്ലാമാ ഇഖ്ബാൽ സ്വൂഫികളെ സംബന്ധിച്ച് പറയുന്നത് : സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യാ രാജ്യം ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.

ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമിൽ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതിൽ ഒട്ടും പിറകിലല്ല .തന്റെ ഫതാവയുടെ 10, 11 വാള്യങ്ങളിൽ പേരടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്.

ഇബ്നുൽ ഖയ്യിമിൽ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ വിഭാഗം യഥാർത്ഥ സ്വൂഫികളാണന്നും കർമശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചർച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണന്നും പറഞ്ഞിട്ടുണ്ട്.

സ്വൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍......

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

Thursday, August 13, 2020

സംസം വയറ് നിറയെ കുടിയ്ക്കണം

ഹദീസുകളിലൂടെ ഇന്ന്-119

സംസം വയറ് നിറയെ കുടിയ്ക്കണം

✒️ﻋَﻦْ ﻣُﺤَﻤَّﺪِ ﺑْﻦِ ﻋَﺒْﺪِ اﻟﺮَّﺣْﻤَﻦِ ﺑْﻦِ ﺃَﺑِﻲ ﺑَﻜْﺮٍ، ﻗَﺎﻝَ: ﻛُﻨْﺖُ ﻋِﻨْﺪَ اﺑْﻦِ ﻋَﺒَّﺎﺱٍ ﺟَﺎﻟِﺴًﺎ، ﻓَﺠَﺎءَﻩُ ﺭَﺟُﻞٌ، ﻓَﻘَﺎﻝَ: ﻣِﻦْ ﺃَﻳْﻦَ ﺟِﺌْﺖَ؟ ﻗَﺎﻝَ: ﻣِﻦْ ﺯَﻣْﺰَﻡَ، ﻗَﺎﻝَ: ﻓَﺸَﺮِﺑْﺖَ ﻣِﻨْﻬَﺎ، ﻛَﻤَﺎ ﻳَﻨْﺒَﻐِﻲ؟ ﻗَﺎﻝَ: ﻭَﻛَﻴْﻒَ؟ ﻗَﺎﻝَ: ﺇِﺫَا ﺷَﺮِﺑْﺖَ ﻣِﻨْﻬَﺎ، ﻓَﺎﺳْﺘَﻘْﺒِﻞِ اﻟْﻘِﺒْﻠَﺔَ، ﻭَاﺫْﻛُﺮِ اﺳْﻢَ اﻟﻠَّﻪِ، ﻭَﺗَﻨَﻔَّﺲْ ﺛَﻼَﺛًﺎ، ﻭَﺗَﻀَﻠَّﻊْ ﻣِﻨْﻬَﺎ، ﻓَﺈِﺫَا ﻓَﺮَﻏْﺖَ، ﻓَﺎﺣْﻤَﺪِ اﻟﻠَّﻪَ ﻋَﺰَّ ﻭَﺟَﻞَّ، ﻓَﺈِﻥَّ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ ﺁﻳَﺔَ ﻣَﺎ ﺑَﻴْﻨَﻨَﺎ، ﻭَﺑَﻴْﻦَ اﻟْﻤُﻨَﺎﻓِﻘِﻴﻦَ، ﺇِﻧَّﻬُﻢْ ﻻَ ﻳَﺘَﻀَﻠَّﻌُﻮﻥَ، ﻣِﻦْ ﺯَﻣْﺰَﻡ.(سنن إبن ماحة )



മുഹമ്മദിബ്നു അബ്ദുറഹ്മാൻ (റ) പറയുന്നു: ഞാനൊരിക്കൽ ഇബ്നു അബ്ബാസ് (റ)ന്റെ അരികിൽ ഇരുക്കുകയായിരുന്നു. അപ്പോൾ അവിടെ ഒരാൾ വന്നു.
ഇബ്നു അബ്ബാസ് (റ) അയാളോട് ചോദിച്ചു : എവിടുന്നാ വരുന്നത്..?

അയാൾ: ഞാൻ  സംസം കിണറിന്റെ സമീപത്തിൽ നിന്ന്.

ഇബ്നു അബ്ബാസ് (റ) : സംസം വെള്ളം  നിങ്ങൾ കുടിക്കേണ്ടത് പോലെ കുടിച്ചോ..?

അയാൾ : അതെങ്ങനെയാണ്..?

ഇബ്നു അബ്ബാസ് (റ) : സംസം വെള്ളം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്‌ലക്ക് അഭിമുകമായി (ഇരുന്ന്), ബിസ്മി ചൊല്ലി വയറ് നിറയുവോളം മൂന്നു ശ്വാസത്തിലായി കുടിക്കണം. കുടിച്ച് കഴിഞ്ഞാൽ അൽഹംദുലില്ലാഹ് എന്നും പറയണം.

നബി (ﷺ) പറഞ്ഞിരിക്കുന്നു : "നമ്മളും കപടവിശ്വാസികളും തമ്മിലുള്ള വിത്യാസം അവർ സംസം വെള്ളം വയറ് നിറയേ കുടിക്കുകയില്ല"
  (ഇബ്നു മാജ)


  ഗുണ പാഠം


സംസം ജലത്തിനെ സംബന്ധിച്ച മഹത്‌ഭുതം നമുക്ക് സുപരിചിതമാണ്. മക്കയിൽ പോയോ അല്ലാതെയോ സംസം കുടിക്കാൻ ഭാഗ്യം ലഭിക്കാത്തവർ ഇന്ന് വളരെ വിരളമായിരിക്കും. ഇതുവരെ കുടിക്കുമ്പോൾ ഈ നിയമങ്ങൾ പാലിക്കാൻ സാധിക്കാത്തവരുണ്ടെങ്കിൽ ഇനിയുള്ള അവസരത്തിൽ കൃത്യമായി അത് പാലിക്കാൻ ശ്രദ്ദിക്കുക. സംസം കുടിക്കുന്നത് നിന്നുകൊണ്ടായിരിക്കണം എന്നൊക്കെ ചിലർ പറയാറുണ്ട്. എന്നാൽ നിന്ന് വെള്ളം കുടിക്കുന്നതിനെ വിരോധിക്കുന്ന അനവധി ഹദീസുകൾ കാണാം. അതിൽ എവിടെയും സംസം വെള്ളത്തെ ഒഴിവാക്കിയതായി കാണുന്നില്ല. സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെങ്കിൽ എല്ലാം പഠിപ്പിച്ച മുത്തുനബി (ﷺ) അതും നമ്മെ പഠിപ്പിക്കുമായിരുന്നു. സത്യം മനസ്സിലാക്കി പ്രവർത്തിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ...

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

സൽകർമ്മങ്ങളിൽ പ്രതീക്ഷ...


 ഉണർത്തുപെട്ടി 

         14/08/2020
                   FRIDAY 
       24 Dhul Hijjah 1441

 സൽകർമ്മങ്ങളിൽ പ്രതീക്ഷ...

 ദുനിയാവിന്റെ പിന്നാലെയാണ് മനുഷ്യൻ ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്...

 പക്ഷെ, എന്തിനു വേണ്ടി ദുനിയാവ് സമ്പാദിക്കുന്നു എന്ന് അവൻ ചിന്തിക്കുന്നില്ല...

 അവന്റെ കൈകളിലേക്ക് വരുന്നത് ഹലാലായ സമ്പത്താണോ, ഹറാമായ സമ്പത്താണോ എന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ ദുനിയാവിന്റെ മേൽ മുഖം കുത്തി വീഴുകയാണ്...
 
 സ്വത്തും സമ്പത്തും ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു...

 എന്നാൽ നിലനിൽക്കുന്ന സൽകർമ്മങ്ങൾ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും പ്രതീക്ഷ നൽകുന്നതുമാണ്...


അന്ത്യപ്രവാചകൻ

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
  വാജിബാത്ത് മാല -108
⊱⋅─────⊱◈◈◈⊰─────⋅⊰
 
""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം

അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ

തമ്മേ    അവസാന നബിയായിട്ട് അയക്കയ് ആമ്മായ്

ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്

ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്

ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")

അസ്വ് ല് പത്ത്:

അന്ത്യപ്രവാചകൻ

അറിയുക, ഇക്കുറിച്ചത് ഒമ്പതാം അസ്വ് ലാണ്. ഇനി പത്താം അസ്വ് ൽ കേൾക്കുക. തിരുത്വാഹാ മുഹമ്മദ് (സ്വ) തങ്ങളെ എല്ലാ സൃഷ്ടികളിലേക്കുംഅവസാന നബിയായി അല്ലാഹു അയച്ചിരിക്കുന്നു. മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബലപ്പെടുത്തി ഇസ് ലാം ദീനിനെ പുതുതാക്കി അല്ലാഹു വെളിപ്പെടുത്തുകയും ഏറ്റവും മഹത്വത്തോടെ തൗഹീദിന്റെ തിരി തെളിക്കുകയും ചെയ്തു.
 
വിശുദ്ധകലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഒമ്പതാം അസ്വ് ൽ പറഞ്ഞതിന് ശേഷം പത്താമത്തെ അസ്വ് ൽ പ്രതിപാദിക്കുകയാണിവിടെ. ശഫീഉൽ ഉമ്മഃ തിരുത്വാഹാ മുഹമ്മദ് (സ്വ) തങ്ങളെ അന്ത്യപ്രവാചകനായി സകല സൃഷ്ടികളിലേക്കും അല്ലാഹു അയച്ചുവെന്നും തൗഹീദിന്റെ പ്രോജ്ജ്വല പ്രഭയോടെ പുതുക്കിവെളിപ്പെടുത്തിയ ഇസ് ലാം മതം മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബ്ബലപ്പെടുത്തിയെന്നും അറിയലാണ് പത്താം അസ്വ് ല്.
 
തിരുനബി (സ്വ) : കുടുംബപരമ്പര

അബ്ദുല്ല, അബ്ദുൽമുത്ത്വലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുർറത്ത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ർ, മാലിക്, നള്വ്ർ, കിനാന, ഖുസൈമ, മുദ്രിക, ഇൽയാസ്, മുള്വർ, നിസാർ, മുഅദ്ദ്, അദ്നാൻ. ഇതാണ് പിതൃപരമ്പര. ഇസ്മാഈൽ നബിയുടെ സന്താന പരമ്പരയിൽ പെട്ടതാണ് അദ്നാൻ. മാതാവിന്റെ പരമ്പര ഇങ്ങനെ: ആമിന, വഹബ്, അബ്ദുമനാഫ്, സഹ്റ, കിലാബ്. കുടുംബപരമ്പരയിൽ മാതാവും പിതാവും കിലാബിൽ ഒരുമിക്കുന്നു.
 
തിരുനബി (സ്വ): ജനനം, വഫാത്ത്

ആനക്കലഹം നടന്ന് ഒരു മാസം കഴിഞ്ഞ് റബീഉൽ അവ്വൽ മാസം 12 തിങ്കളാഴ്ച ദിവസം മക്കയിലെ ശിഅ്ബ് അബീത്വാലിബിൽ ലോകാനുഗ്രഹി മുഹമ്മദ് മുസ്ഥഫാ (സ്വ) തങ്ങൾ ഭൂജാതരായി. പിതാവ് അബ്ദുല്ല (റ) നബി (സ്വ) തങ്ങളുടെ ഗർഭാവസ്ഥയിലും നബി (സ്വ) തങ്ങൾക്ക് ഏഴ് വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മാതാവ് ആമിന  ബീവി (റ) അബവാഅ് എന്ന സ്ഥലത്ത് വെച്ചും  ഇഹലോകവാസം വെടിഞ്ഞു. ശേഷം ഉപ്പാപ്പ അബ്ദുൽമുത്ത്വലിബിന്റെ സംരക്ഷണയിലും അദ്ദേഹത്തിന്റെ വിയോഗശേഷം പിതൃസഹോദരൻ അബൂത്വാലിബിന്റെ തണലിലുമാണ് തിരുദൂതർ വളർന്നത്. നാൽപതാം വയസ്സിൽ പ്രവാചകനായി നിയോഗിക്കപ്പെട്ട തിരുനബി (സ്വ) മക്കയിൽ 13 വർഷം ദൗത്യജീവിതം നയിച്ചു. ശേഷം മദീനയിലേക്ക് ഹിജ്റ പോകുകയും അവിടെ പത്ത് വർഷം താമസിക്കുകയും ചെയ്തു. 63-ാം വയസ്സിൽ ആഇശ ബീവി (റ) യുടെ വസതിയിൽ വെച്ച് അവിടുന്ന് വഫാത്തായി. അത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായിരുന്നു. ബുധനാഴ്ച മറവ് ചെയ്യപ്പെട്ടു.
 
തിരുനബി (സ്വ) യുടെ പ്രവാചകത്വം

ശർഹുൽ അഖാഇദിൽ പറയുന്നു: മുഹമ്മദ് നബി (സ്വ) യുടെ നുബുവ്വത്ത് വളരെ വ്യക്തമായതും സ്ഥിരപ്പെട്ടതുമാണ്. കാരണം നബി (സ്വ) തങ്ങൾ നുബുവ്വത്ത് വാദിക്കുകയും മുഅ്ജിസത്ത് പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. നുബുവ്വത്ത് വാദം അനിഷേധ്യമായി അറിയപ്പെട്ടതാണ്. മുഅ്ജിസത്ത് പ്രകടമാക്കൽ രണ്ട് രീതിയിൽ തെളിയപ്പെട്ടതാണ്. അതിലൊന്ന് അല്ലാഹുവിന്റെ കലാമായ ഖുർആൻ വെളിവാക്കുകയും സാഹിത്യത്തിന്റെ പരമോന്നതി പ്രാപിച്ച ജനതയോട് ഖുർആൻ കൊണ്ട് വെല്ലുവിളിക്കുകയും ചെയ്തു. സാഹിത്യസാമ്രാട്ടുകളായ അവർക്ക് ഖുർആനിലെ ഏറ്റവും ചെറിയ ഒരു അദ്ധ്യായത്തോട് കിട പിടിക്കുന്നത് പോലും കൊണ്ടുവരാൻ കഴിഞ്ഞില്ല. അക്ഷരങ്ങൾ കൊണ്ട് നേരിടാൻ സാധിക്കാതെ വന്ന അവർ വാള് കൊണ്ട് ഏറ്റുമുട്ടാനാണ് തുനിഞ്ഞത്. ഉത്തരം മുട്ടുമ്പോഴുള്ള താഴ്ന്ന നടപടി! ഖുർആനിന് സമാനമായത് പോയിട്ട് അതിനോടടുക്കുന്നത് പോലും കൊണ്ടു വരാൻ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും അവർക്ക് സാധിച്ചില്ല. സാഹിത്യനിപുണരുടെ ഈ അശക്തി ഖുർആൻ അല്ലാഹുവിൽ നിന്നാണെന്ന് അറിയിക്കുകയും അതുവഴി നബിയുടെ പ്രവാചകത്വവാദം സത്യമാണെന്ന് അറിയപ്പെടുകയും ചെയ്തു. രണ്ട് : നബിയുടെ അസാധാരണതകൾ നിഷേധിക്കാൻ പറ്റാത്ത രീതിയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചരിത്രഗ്രന്ഥങ്ങളിലും മറ്റും അവ വിശാലമായി പ്രതിപാദിക്കുന്നുണ്ട്.
 
ഉൾക്കാഴ്ചയുള്ളവർ തിരുനബി (സ്വ) യുടെ പ്രവാചകത്വത്തിന് രണ്ട് നിലക്ക് തെളിവ് പിടിക്കാറുണ്ട്. ഒന്ന് : നുബുവ്വത്തിന് മുമ്പും പ്രബോധന കാലത്തുമുള്ള നബി (സ്വ) യുടെ അവസ്ഥകൾ, മഹത്തരമായ സ്വഭാവങ്ങൾ, തത്വാധിഷ്ഠിത തീരുമാനങ്ങളും നിയമങ്ങളും, മുഴുസമയങ്ങളിലും അല്ലാഹുവിന്റെ സംരക്ഷണം കൊണ്ടുള്ള ഉറപ്പ്, ധീരർ പിന്മാറുന്നിടത്ത് നബി (സ്വ) തങ്ങൾ മുന്നിടൽ; തുടങ്ങി അനിഷേധ്യമായി സ്ഥിരപ്പെട്ട ഇത്തരം ഉന്നതമായ കാര്യങ്ങൾ ഒരു നബിയിൽ നിന്നല്ലാതെ ഉണ്ടാകൽ ബുദ്ധി സമ്മതിക്കുകയില്ല. അല്ലാഹുവിന്റെ മേൽ കളവ് പറയുമെന്ന് അവൻ അറിയുന്ന ഒരാളിൽ ഇത്തരം പരിപൂർണ്ണതകൾ സമ്മേളിപ്പിക്കലും ഇരുപത്തിമൂന്ന് വർഷം നിലനിർത്തലും മറ്റു മതങ്ങളേക്കാൾ അദ്ദേഹത്തിന്റെ മതത്തെ ഉയർത്തലും ശത്രുക്കൾക്കെതിരെ അല്ലാഹു സഹായിക്കലും മരണശേഷം ഖിയാമത്ത് നാൾ വരെ അദ്ദേഹത്തിന്റെ ചര്യകൾ ജീവിപ്പിക്കലും അസംഭവ്യമാണ്. ചുരുക്കത്തിൽ അമ്പിയാക്കളിലുണ്ടാകേണ്ട പൂർണ്ണതകൾ തിരുനബിയിൽ സമ്മേളിച്ചിരിക്കുന്നതിനാൽ അവിടുന്ന് പ്രവാചകനാണ്.
 
രണ്ട് : ഗ്രന്ഥവും അറിവുമില്ലാത്ത ജനതക്ക് മുമ്പിൽ തിരുനബി പ്രവാചകത്വം വാദിക്കുകയും അറിവും ഖുർആനാകുന്ന ഗ്രന്ഥവും വ്യക്തമാക്കി കൊടുക്കുകയുംചെയ്തു. നബി (സ്വ) തങ്ങൾ അവർക്ക് ചട്ടങ്ങളും നിയമങ്ങളും പഠിപ്പിച്ചു. ഹലാലും ഹറാമും വാജിബും സുന്നത്തുമെല്ലാം മനസ്സിലാക്കിക്കൊടുത്തു. ധർമ്മം, ലജ്ജ, അതിഥി സൽക്കാരം, കുടുംബബന്ധം ചേർക്കൽ തുടങ്ങി സൽസ്വഭാവങ്ങൾ പൂർത്തീകരിച്ച് കൊടുത്തു. വൈജ്ഞാനികവും കർമ്മപരവുമായി അവിടുന്ന് ജനതയെ സംസ്കരിച്ചു. ഈമാനും സൽകർമ്മങ്ങളും കൊണ്ട് തിരുനബി (സ്വ) ലോകത്തെ പ്രശോഭിതമാക്കി. മറ്റെല്ലാ മതങ്ങളേക്കാളും തിരുനബി (സ്വ) പ്രബോധനം ചെയ്ത വിശുദ്ധ ഇസ് ലാമിനെ അല്ലാഹു വളർത്തി, ഉയർത്തി. അത് അവൻ വാഗ്ദാനം ചെയ്തതുമാണ്. ചുരുക്കിപ്പറഞ്ഞാൽ നബി (സ്വ) തങ്ങളുടെ സംസ്കരണ പ്രബോധന പ്രവർത്തനം അമ്പിയാക്കൾ ചെയ്യുന്ന പ്രവർത്തനമാണ്. അതിനാൽ അവിടുന്ന് പ്രവാചകനാണ്. തിരുനബി (സ്വ) യുടെ കലാമും തങ്ങളുടെ മേൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധകലാമും തിരുനബി (സ്വ) അന്ത്യപ്രവാചകനാണെന്ന് അറിയിച്ചിരിക്കുന്നു. അതിനാൽ തിരുനബി (സ്വ) അന്ത്യപ്രവാചകനാണെന്ന് സ്ഥിരപ്പെട്ടു.

(തുടരും.)

Wednesday, August 12, 2020

വിശ്വാസവും ഇച്ഛാശക്തിയും നല്ല ചിന്തകളുമാവട്ടെ നമ്മുടെ മുദ്രാവാക്യം..


ഉണർത്തുപെട്ടി

        13/08/2020
          THURSDAY
       23 Dhul Hijjah 1441

 വിശ്വാസവും ഇച്ഛാശക്തിയും നല്ല ചിന്തകളുമാവട്ടെ നമ്മുടെ  മുദ്രാവാക്യം...

പുതിയ ലോകത്തേക്ക് ചെയ്യാൻ പറ്റുന്ന നന്മകൾ ആർജവത്തോടെ ചെയ്യാനുള്ള ഒരു പുത്തൻപാത വെട്ടിയൊരുക്കേണ്ടാതാവണം നമ്മുടെ ചിന്തകൾ...

അടിസ്ഥാനപരമായി നമ്മുടെ വിശ്വാസവും, ഇച്ഛാശക്തിയും, ചിന്തയുമാണ് പരമപ്രധാനമായി നമ്മെ വിജയത്തിലേക്കെത്തിക്കുന്ന പ്രധാനബിന്ദു...

നമ്മിൽ വിശ്വാസമില്ലാത്ത നാം എടുത്തുവെക്കുന്ന ഏതൊരു കാൽവെപ്പും നമ്മെ പരാജയത്തിലേക്കാണ് നയിക്കുന്നത്...

അതിൽനിന്ന് നമ്മുടെ ചിന്തയെ നല്ലവഴിക്ക് തിരിച്ച് വിടാനും ഇച്ഛാശക്തിക്ക് ഊർജം പകരുന്നതുമാവട്ടെ നമ്മുടെ നല്ല ചിന്തകൾ, നാഥൻ അനുഗ്രഹിക്കട്ടെ...


വെറുതെ കാലം കളയരുത്, സൂക്ഷിക്കുക!

ഹദീസുകളിലൂടെ ഇന്ന്-118

വെറുതെ കാലം കളയരുത്, സൂക്ഷിക്കുക!

✒️ *حَدَّثَنَا أَبُو مُصْعَبٍ الْمَدَنِيُّ، عَنْ مُحَرَّرِ بْنِ هَارُونَ، عَنْ عَبْدِ الرَّحْمَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ بَادِرُوا بِالأَعْمَالِ سَبْعًا هَلْ تَنْظُرُونَ إِلاَّ فَقْرًا مُنْسِيًا أَوْ غِنًى مُطْغِيًا أَوْ مَرَضًا مُفْسِدًا أَوْ هَرَمًا مُفَنِّدًا أَوْ مَوْتًا مُجْهِزًا أَوِ الدَّجَّالَ فَشَرُّ غَائِبٍ يُنْتَظَرُ أَوِ السَّاعَةَ فَالسَّاعَةُ أَدْهَى وَأَمَرُّ ‏"



അബൂഹുറൈറ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ഏഴുകാര്യങ്ങള്‍ക്ക് മുമ്പായി നിങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ധൃതി കാണിക്കുക. (ആരാധനകളെ) മറപ്പിച്ചു കളയുന്ന ദാരിദ്ര്യമോ അതല്ലെങ്കില്‍ അതിരു വിട്ട സമ്പന്നതയോ, ക്ഷയിപ്പിച്ചു കളയുന്ന രോഗമോ, അവശനാക്കി തീര്‍ക്കുന്ന വാര്‍ദ്ധക്യമോ, പെട്ടന്നുളള മരണമോ അതല്ലെങ്കിൽ ദജ്ജാലിനേയോ ആണോ നിങ്ങൾ കാത്തിരിക്കുന്നത്? എങ്കില്‍ അത് വളരെ മോശമായ കാത്തിരിപ്പുതന്നെയാണ്. അന്ത്യദിനത്തെ കാത്തിരിക്കുന്നുവെങ്കില്‍ അത് ഭയാനകവും കഠിനവുമാണ്.*
   【തിര്‍മിദി】


  ♥️ഗുണ പാഠം♥️


കഠിനമായ ദാരിദ്ര്യവും അമിതമായ സമ്പത്തും സ്രഷ്ടാവിനെ തന്നെ മറക്കാൻ കാരണമായേക്കാവുന്ന പരീക്ഷണങ്ങളാണ്. ശരീരത്തെയും ആരോഗ്യത്തെയും തളർത്തിക്കളയുന്ന രോഗവും പഞ്ചേന്ദ്രിയങ്ങളെ നിഷ്ഫലമാക്കുന്ന വാർദ്ധക്യവും അങ്ങനെ തന്നെ. ഈ അവസ്ഥകളിലേക്ക് എത്തുന്നതിന് മുമ്പ് ആരോഗ്യവും ബുദ്ധിയും മനസ്സെത്തുന്നിടത്ത് ശരീരം എത്തിക്കാൻ സാധിക്കുന്ന പ്രാപ്തിയും ഉള്ളപ്പോൾ സ്രഷ്ടാവായ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ സാധിക്കണം. പിന്നീടാവട്ടെ എന്ന് കരുതി കാത്തിരുന്നാൽ ചിലപ്പോൾ പെട്ടെന്നുള്ള മരണമോ നിനച്ചിരിക്കാതെയുള്ള രോഗമോ പിടിപെട്ടാൽ നമ്മുടെ ജീവിതം പരാജയവും നമുക്ക് തന്നെ ദോഷവുമായി ഭവിക്കും.  അല്ലാഹു കാക്കട്ടെ, ആമീൻ...


✍️ : അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

പ്രവാചകന്മാരെ നിയോഗിക്കൽ, വാജിബാത്ത് മാല വിശദീകരണം -107


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :

 വാജിബാത്ത് മാല-107 



 
""ചരാചരം സകലത്തിൽ വ്യാപിത്ത് സദാകാലം

സ്വമദെന്നെ ഇസ്മോടെ നിലക്കുന്നോനാം ദീർഘ

ദർശികൾ അടങ്കലയ് അയക്കുന്നോനാം"")

അസ്വ് ല് ഒമ്പത്:

പ്രവാചകന്മാരെ നിയോഗിക്കൽ [ തുടർച്ച ]

അല്ലാഹു അമ്പിയാക്കളെ നിയോഗിക്കുന്നത് സംബന്ധിച്ച് വിഭിന്ന വീക്ഷണങ്ങളുണ്ട്. തെറ്റായ വീക്ഷണങ്ങളെ തള്ളുകയാണ് ഈ അസ്വ് ല് വിവരിക്കുന്നതിലൂടെ. അമ്പിയാക്കളെ അയക്കൽ അല്ലാഹുവിന് അനുവദനീയമാണെന്നും അയച്ചിട്ടുണ്ടെന്നും വിശ്വസിക്കലാണ് ശരിയായ വീക്ഷണം. ഇതിനെതിരായി പ്രധാനമായും രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. ഒന്ന് മുഅ്തസിലത്തിന്റെയും ഫലാസിഫത്തിന്റെയും വാദമാണ്. അവരുടെ വാദം മുർസലുകളെ നിയോഗിക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്നാണ്. നിർബന്ധമാണെന്നതിൽ രണ്ട് വിഭാഗവും യോജിക്കുന്നുവെങ്കിലും ഫലാസിഫത്ത് ഒരുപടി കൂടി കടന്ന് അല്ലാഹുവിന് ഒഴിവാക്കാൻ പറ്റാത്ത നിർബന്ധമെന്ന് വാദിച്ചു. അവർ പറയുന്നു: അല്ലാഹുവിന്റെ വുജൂദിനാൽ ലോകം ഉണ്ടാകൽ നിർബന്ധമാകുന്നു. ലോകം ഉണ്ടാകുന്നതിനാൽ അതിനെ നന്നാക്കുന്നവർ ഉണ്ടാകൽ നിർബന്ധമാകുന്നു. അതിന് മുർസലുകളെ അയക്കൽ അല്ലാഹുവിന് നിർബന്ധമായിത്തീർന്നു. ഇത് ശരിയായ വാദമല്ലെന്ന് വളരെ വ്യക്തമാണ്. കാരണം അല്ലാഹു സ്വയേഷ്ടം പ്രവർത്തിക്കുന്നവനാണ്. നിർബന്ധിതമായി പ്രവർത്തിക്കുന്നവനല്ല.
 
മനുഷ്യർക്ക് ഉത്തമമായത് ചെയ്യൽ അല്ലാഹുവിന് നിർബന്ധമാണെന്ന തത്വപ്രകാരമാണ് മുഅ്തസിലത്തിന്റെ വാദം വരുന്നത്. ഭൗതിക പാരത്രിക വിഷയങ്ങളിൽ സകല മനുഷ്യവിഭാഗത്തെയും നന്മയിലേക്ക് ചേർക്കുന്ന സംവിധാനം മുർസലുകളെ നിയോഗിക്കൽ കൊണ്ടേ പൂർത്തിയാകൂ. അതിനാൽ മുർസലുകളെ അയക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണ്. ഈ വാദവും ശരിയല്ല. കാരണം അല്ലാഹുവിന് നിർബന്ധമായി യാതൊന്നുമില്ല. ഈ വാദത്തിന്റെ നിരർത്ഥകത ഏഴാം അസ്വ് ലിൽ മുമ്പ് സമർത്ഥിച്ചിട്ടുണ്ട്.
 
ഈ വിഷയത്തിലുള്ള രണ്ടാമത്തെ വാദം സുമനിയ്യ, ബറാഹിമത്ത് തുടങ്ങിയവരുടെതാണ് (ഇന്ത്യയിലെ സോമനാഥ് എന്ന ഗ്രാമത്തിലേക്ക് ചേർത്തിയാണ് സുമനിയ്യ എന്ന് പറയപ്പെടുന്നത്. സുമനിയ്യാക്കൾ വിഗ്രഹാരാധകരാണ്. ബറാഹിമത്തും ഇന്ത്യക്കാരിൽ പെട്ട അവിശ്വാസികളാണ്). ഇവരുടെ നേതാവ് ബർഹമൻ അല്ലെങ്കിൽ ബർഹാം എന്നതിലേക്ക് ചേർത്താണ് ബറാഹിമഃ എന്ന് പറയപ്പെടുന്നത്. അല്ലാഹു മുർസലുകളെ നിയോഗിക്കൽ അസംഭവ്യമാണെന്ന് ഇവർ വാദിക്കുന്നു. അവർ പറഞ്ഞു: ഹിക്മത്തുള്ളവനോട് യോജിച്ചതല്ല ഇത്. മുർസലുകളെ അയക്കൽ പാഴ്വേലയാണ്. കാരണം ബുദ്ധിയുള്ളപ്പോൾ മുർസലുകളുടെ ആവശ്യമില്ല. ബുദ്ധി ഒരു കാര്യം നല്ലതാണെന്ന് മനസ്സിലാക്കിയാൽ മുർസലുകൾ പറഞ്ഞില്ലെങ്കിലും അത് ചെയ്തിരിക്കും. ഇനി ഒരു കാര്യം ബുദ്ധിക്ക് മോശമായി തോന്നിയാൽ മുർസലുകൾ വിരോധിച്ചില്ലെങ്കിലും അത് ഒഴിവാക്കുകയും ചെയ്യും. ഇനി ഒരു കാര്യം ബുദ്ധിയുടെ അടുക്കൽ നല്ലതുമല്ല മോശവുമല്ലായെങ്കിൽ ആവശ്യം വന്നാൽ അത് പ്രവർത്തിക്കും, ആവശ്യമില്ലെങ്കിൽ ഒഴിവാക്കും. ചുരുക്കത്തിൽ ബുദ്ധിയുള്ളപ്പോൾ മുർസലുകളുടെ ആവശ്യമില്ല. അതിനാൽ മുർസലുകളെ അയക്കൽ മുഹാലാണെന്ന് ഇവർ വാദിക്കുന്നു. ഇവർക്ക് ഖണ്ഡനമായി ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി. അമ്പിയാക്കളെ നിയോഗിക്കൽ മുഹാലല്ല. കാരണം പാരത്രികത്തിൽ രക്ഷ നൽകുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ ബുദ്ധിക്ക് സാധ്യമല്ല. ആരോഗ്യം പ്രദാനം ചെയ്യുന്ന ഔഷധങ്ങൾ ബുദ്ധി എത്തിക്കാത്തത് പോലെ. അപ്പോൾ സൃഷ്ടികൾക്ക് വൈദ്യനെ കൊള്ളെയുള്ള ആവശ്യം പോലെയാണ് അവർക്ക് അമ്പിയാക്കളിലേക്കുള്ള ആവശ്യവും. എങ്കിലും വൈദ്യന്റെ സത്യസന്ധത ശരിയായ അനുഭവത്തിലൂടെ അറിയുമ്പോൾ അമ്പിയാക്കളുടെ സത്യസന്ധത അവരുടെ മുഅ്ജിസത്ത് കൊണ്ട് അറിയപ്പെടുന്നു. അമ്പിയാക്കളെ നിയോഗിക്കുന്നതിനാലുളള ഫലം മനസ്സിലാക്കാൻ ഈ വാചകങ്ങൾ ധാരാളം മതിയാകുന്നതാണ്.
ഹാജിബിയ്യായുടെ വ്യാഖ്യാനത്തിൽ കാണാം: അമ്പിയാക്കളെ നിയോഗിക്കൽ ബുദ്ധിപരമായി അനുവദനീയവും നിയോഗം സംഭവിച്ചുവെന്നത് ഖണ്ഡിതവുമാണെന്ന് അഹ് ലുസ്സുന്നത്ത് ഏകോപിച്ചിരിക്കുന്നു. മുർസലുകളെ നിയോഗിക്കൽ അല്ലാഹുവിന് നിർബന്ധമില്ല. അത് അവന്റെ തനിച്ച ഔദാര്യമാണ്. അവന്റെ മേൽ മുഹാലല്ല, അനുവദനീയമാണ്. അല്ലാഹു മുർസലുകളെ അയച്ചുവെന്ന് വിശ്വസിക്കൽ നിർബന്ധവുമാണ്. ഇതാണ് യഥാർത്ഥ വീക്ഷണവും വിശ്വാസവും. പ്രാമാണിക പിന്തുണ ഇതിനാണ്. അതാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വിന്റെ ഒമ്പതാം അസ്വ് ലിൽ വന്ദ്യരായ പിതാവ് (റ) നമ്മെ പഠിപ്പിക്കുന്നത്.


(തുടരും.)