Monday, August 17, 2020

അറിവ്നേടാൻ ലജ്ജിക്കേണ്ടതില്ല

 

ഹദീസുകളിലൂടെ ഇന്ന്-123

അറിവ്നേടാൻ ലജ്ജിക്കേണ്ടതില്ല

✒️ ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ. رضي الله عنها، ﻗَﺎﻟَﺖْ: ﺟَﺎءَﺕْ ﺃُﻡُّ ﺳُﻠَﻴْﻢٍ ﺇِﻟَﻰ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺇِﻥَّ اﻟﻠَّﻪَ ﻻَ ﻳَﺴْﺘَﺤْﻴِﻲ ﻣِﻦَ اﻟﺤَﻖِّ، ﻓَﻬَﻞْ ﻋَﻠَﻰ اﻟﻤَﺮْﺃَﺓِ ﻣِﻦْ ﻏُﺴْﻞٍ ﺇِﺫَا اﺣْﺘَﻠَﻤَﺖْ؟ ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﺫَا ﺭَﺃَﺕِ اﻟﻤَﺎءَ» ﻓَﻐَﻄَّﺖْ ﺃُﻡُّ ﺳَﻠَﻤَﺔَ، ﺗَﻌْﻨِﻲ ﻭَﺟْﻬَﻬَﺎ، ﻭَﻗَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺃَﻭَﺗَﺤْﺘَﻠِﻢُ اﻟﻤَﺮْﺃَﺓُ؟ ﻗَﺎﻝَ: «ﻧَﻌَﻢْ، ﺗَﺮِﺑَﺖْ ﻳَﻤِﻴﻨُﻚِ، ﻓَﺒِﻢَ ﻳُﺸْﺒِﻬُﻬَﺎ ﻭَﻟَﺪُﻫَﺎ»

(صحيح البخاري)

ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി തിരുനബിﷺയുടെ  അടുക്കൽ വന്ന് ചോദിച്ചു. അല്ലാഹുﷻവിന്റെ ദൂതരെ! അല്ലാഹു ﷻ സത്യം വിശദീകരിക്കുന്നതിൽ ലജ്ജിക്കുകയില്ല. സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനമുണ്ടായാൽ കുളിക്കേണ്ടതുണ്ടോ..? നബി ﷺ പറഞ്ഞു: "അതെ, അവൾ ഇന്ദ്രിയം കണ്ടാൽ കുളിക്കണം." അപ്പോൾ ഉമ്മു സലമ(റ) അവരുടെ (നാണം കാരണം) മുഖം മറയ്ക്കുകയും അല്ലാഹുﷻവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയ സ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: "അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവൾക്ക് ഇന്ദ്രിയമില്ലെങ്കിൽ അവളുടെ സന്താനം അവളുടെ രൂപസാദൃശ്യത്തിൽ ജനിക്കുന്നതെങ്ങനെ..?"

  (ബുഖാരി)

  ♥️ഗുണ പാഠം♥️

ലജ്ജ ഈമാനിന്റെ ഭാഗമാണ്. സ്ത്രീകൾക്ക് കൂടുതൽ വേണ്ടതും. അവൾക്കത് അലങ്കാരവുമാണ്. പുരുഷൻമാരോട് ചോദിക്കുന്നത് ലജ്ജിക്കേണ്ട വിഷയമാണെങ്കിൽ പ്രത്യേകിച്ചും. പക്ഷേ, അത് കാരണം ദീനിൽ വിവരമില്ലാത്തവരായിക്കൂടാ! അത്തരം കാര്യങ്ങൾ ഭർത്താവിനോടോ, വിവാഹ ബന്ധം ഹറാമായവരോടോ  ചോദിച്ച് മനസ്സിലാക്കുകയോ, ചോദിച്ച് മനസ്സിലാക്കാൻ മറ്റൊരാളെ ഏൽപ്പിക്കുകയോ ചെയ്യാം. പുരുഷൻമാർ തന്നെ ഇത്തരം കാര്യങ്ങൾ ആദരിക്കപ്പെടുന്നവരോട് ചോദിക്കാൻ ലജ്ജിക്കുന്നവരാണ്. അവരും മറ്റുള്ളവരെ ചോദിക്കാൻ ഏൽപ്പിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.

അലി (റ) പറയുന്നു:  മദിയ്യ് (വികാരമുണ്ടാകുമ്പോൾ പുറപ്പെടുന്ന ഒരു ദ്രാവകം) അധികമുള്ള ഒരാളായിരുന്നു ഞാൻ. തന്നിമിത്തം (നാണം കാരണം) നബിﷺയോട് അതിനെപ്പറ്റി ചോദിക്കാൻ മിഖ്ദാദ് (റ)വിനോട് ഞാൻ ആവശ്യപ്പട്ടു. അദ്ദേഹം നബി ﷺ യോട് ചോദിച്ചു. അപ്പോൾ തിരുമേനി ﷺ അരുളി: അങ്ങനെയുണ്ടാവുമ്പോൾ (ആ നജസ് കഴുകി വൃത്തിയാക്കിയ ശേഷം) വുളു ചെയ്താൽ മതി. (കുളിക്കേണ്ടതില്ല.)

  (ബുഖാരി)

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


No comments:

Post a Comment