Monday, August 17, 2020

മുമ്പുള്ള മതങ്ങളെ ദുർബ്ബലപ്പെടുത്തൽ

 

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

✦•┈•✦•┈•✦•┈•✦•┈•✦•┈•✦

വാജിബാത്ത് മാല -111

⊱⋅─────⊱◈◈◈⊰─────⋅⊰

 ""അറിവീൻ ഇക്കുറിത്തുള്ള ബക ഒമ്പത് എനി പത്താം


അസ്വ് ൽ കേപ്പീൻ തിരുത്വാഹാ ശഫീഉൽ ഉമ്മ


തമ്മേ    അവസാന നബിയായിട്ട് അയക്കയ് ആമ്മായ്


ശറആയ് മുൻ നടത്തിയ മതമെല്ലാം ഒളിപ്പിത്ത്


ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്


ഏറ്റം ശറഫോടെ തൗഹീദിൻ തിരി കൊളുത്തയ്"")


അസ്വ് ല് പത്ത്: [ തുടർച്ച ]

മുമ്പുള്ള മതങ്ങളെ ദുർബ്ബലപ്പെടുത്തൽ

 അല്ലാമാ ബാജൂരി (റ) രേഖപ്പെടുത്തി: സകല സൃഷ്ടികളിലേക്ക് നിയോഗിതരായ തിരുനബി (സ്വ) യുടെ ശരീഅത്ത് മുൻകാല ശരീഅത്തുകളെ ദുർബ്ബലപ്പെടുത്തി. ""ഇസ് ലാം ഒഴികെയുള്ളത് ആരെങ്കിലും മതമായി അംഗീകരിച്ചാൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. അവൻ പരാജിതരിൽ പെട്ടവനാണ്'' (ആലു ഇംറാൻ 85)എന്ന ഖുർആൻ വചനം തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള ശരീഅത്തിനെ ദുർബ്ബലപ്പെടുത്തി എന്നതിന് തെളിവാണ്. ഇത് സംഭവിച്ചു എന്നതിന് മുസ് ലിംകളുടെ ഏകോപനവുമുണ്ട്. നിരവധി ഹദീസുകളും ഇത് സംബന്ധമായി വന്നിട്ടുണ്ട്. എതിർവാദം ഉന്നയിച്ചത് കൈ്രസ്തവ-ജൂത സമൂഹമാണ്. തിരുനബി (സ്വ) യുടെ ശരീഅത്ത് മുമ്പുള്ള ഒരു നബിയുടെയും ശരീഅത്തിനെ ദുർബ്ബലപ്പെടുത്തിയില്ലെന്ന് അവർ വാദിച്ചു. മുഹമ്മദ് നബി (സ്വ) യുടെ പ്രവാചകത്വം നിഷേധിക്കലാണ് അവരുടെ ഈ വാദത്തിന് പ്രേരകം. ദുർബ്ബലപ്പെടുത്തി എന്ന അഭിപ്രായ പ്രകാരം അല്ലാഹുവിന് ആദ്യം അവ്യക്തമായ ഒരു നന്മ പിന്നീട് വ്യക്തമായി എന്ന് പറയേണ്ടി വരുമെന്ന് അവർ തെളിവായി കൊണ്ടുവന്നു. അതിനുള്ള ഖണ്ഡനം പണ്ഡിതർ രേഖപ്പെടുത്തി. ഓരോ കാലങ്ങൾക്കനുസൃതമായി നന്മകൾ വ്യത്യസ്തമാകും. മുൻകാല സമുദായങ്ങളുടെ കാലത്തുള്ള നന്മ അവരുടെ ശരീഅത്തുകൾ കൊണ്ട് അവരെ അനുശാസിക്കലിനെ തേടി. നമ്മുടെ കാലത്തുള്ള നന്മ നമ്മുടെ ശരീഅത്ത് കൊണ്ട് നമ്മെ അനുശാസിക്കലിനെ തേടി.

 അവസാന നാൾ വരെയുള്ള എല്ലാവരിലേക്കും നിയോഗിക്കപ്പെട്ട നബി (സ്വ) യുടെ ശരീഅത്ത് ഏതെങ്കിലുമൊരു പ്രദേശത്തേക്കോ ഗോത്രത്തിലേക്കോ നിശ്ചിത കാലത്തേക്കോ നിയോഗിതരായ പ്രവാചകരുടെ ശരീഅത്തിനേക്കാൾ തികവും മികവുമുള്ളതായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ?

 ചുരുക്കത്തിൽ മുമ്പുള്ള ശരീഅത്തുകൾ തിരുനബി (സ്വ) യുടെ കാലത്തിന് യോജ്യമല്ലെന്നും അതിനാൽ മുമ്പുള്ളതിനേക്കാൾ ഗുണകരമായ ശരീഅത്ത് ആവശ്യമാണെന്നും വന്നതിനാലാണ് അല്ലാഹു തആല തിരുനബി (സ്വ) യുടെ ശരീഅത്ത് കൊണ്ട് മുമ്പുള്ള എല്ലാ ശരീഅത്തിനെയും ദുർബ്ബലപ്പെടുത്തിയതും തിരുനബി (സ്വ) യുടെ ശരീഅത്തിന് പ്രാബല്യം നൽകിയതും.

 

""ശറആയ് മുൻനടത്തിയ മതമെല്ലാം ഒളിപ്പിത്ത് ജദീദായിട്ട് ഇസ് ലാം ദീൻ വെളിപ്പെടുത്തയ്'' എന്ന വരിയിലൂടെ വന്ദ്യരായ പിതാവ് പഠിപ്പിക്കുന്നതും ഇപ്പോഴുള്ള ശരീഅത്ത് തിരുനബി (സ്വ) യുടെ ശരീഅത്ത് ആണെന്നും അത് മുമ്പുള്ളവയെ ദുർബ്ബലപ്പെടുത്തിയെന്നുമാണ്. മൂന്ന് കാര്യങ്ങളാണ് വിശുദ്ധ കലിമയുടെ പത്താം അസ്വ് ല് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് നബി (സ്വ) തങ്ങൾ അന്ത്യപ്രവാചകനാണ്. നബി (സ്വ) തങ്ങൾ എല്ലാ സൃഷ്ടികളിലേക്കും നിയോഗിതരാണ്. തിരുനബി (സ്വ) യുടെ ശരീഅത്ത് കൊണ്ട് അല്ലാഹു മുമ്പുള്ള എല്ലാ പ്രവാചകന്മാരുടെയും ശരീഅത്ത് ദുർബ്ബലപ്പെടുത്തി. ഈ മൂന്ന് കാര്യങ്ങൾ അറിയലാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വിന്റെ പത്താം അസ്വ് ൽ. ഇതോടെ മൂന്നാം ഫർള്വിന്റെ പത്ത് അസ്വ് ലുകൾ പൂർണ്ണമായി.


സംക്ഷിപ്തം

മൂന്നാം ഫർളിന്റെ പത്ത് അസ്വ് ലുകൾ: 1. ലോകം പുതുതായി ഉണ്ടായതാണെന്നും അത് അല്ലാഹുവിന്റെ പ്രവൃത്തിയും സൃഷ്ടിപ്പുമാണെന്നും യാതൊന്നിലും ഒരു തരത്തിലും ലോകം അനാദിയല്ലെന്നും അറിയൽ. 2. അല്ലാഹുവിന്റെ സർവ്വ സൃഷ്ടികളിലുമുണ്ടാകുന്ന ചലന-നിശ്ചലനങ്ങൾ അവന്റെ പ്രവൃത്തിയാണെന്നറിയൽ 3. അടിമയിലുണ്ടാകുന്ന പ്രവൃത്തികൾ അവന്റെ കസ്ബ് കൊണ്ടുണ്ടാകുന്നതാണെന്നും അതിൽ അല്ലാഹുവിന്റെ തീരുമാനവും ഉദ്ദേശ്യവുമുണ്ടെന്നും അറിയൽ 4. അല്ലാഹു അടിമകളോട് തക് ലീഫ് ചെയ്യൽ നിർബന്ധമില്ല, അനുവദനീയമാണെന്നറിയൽ 5. അസാധ്യമായ പലതുകൊണ്ടും അടിമകളോട് തക് ലീഫ് ചെയ്യൽ അല്ലാഹുവിന് ജാഇസാണെന്നറിയൽ 6. ഈ ലോകത്ത് യാതൊരു പാപവും ചെയ്യാത്ത നിർദോഷികളായവരെ പരലോകത്ത് ശക്തമായി ശിക്ഷിക്കൽ അല്ലാഹുവിന് അനുവദനീയമാണെന്നറിയൽ. 7. ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരിൽ അവനിഷ്ടമുള്ളത് പോലെ എന്നും അധികാരം നടത്താമെന്ന് ഉറച്ച് വിശ്വസിക്കലും അടിമകളെ സന്മാർഗ്ഗത്തിലാക്കൽ അവന് ഒരിക്കലും നിർബന്ധമില്ലെന്നറിയലും 8. അല്ലാഹുവിനെ അറിയലും ആരാധിക്കലും നിർബന്ധമാണെന്ന് മനസ്സിലുറപ്പിച്ച് വണങ്ങൽ 9. സകല സൃഷ്ടികളും സർവ്വ കാര്യങ്ങളിലും അല്ലാഹുവിനെ ആശ്രയിക്കുന്നുവെന്നും അവനിലേക്കുള്ള ആശ്രയം എല്ലാ സൃഷ്ടികളിലും എക്കാലവും വ്യാപകമാണെന്നും അവന്റെ പ്രവാചകന്മാരെ അടങ്കലും നിയോഗിക്കുന്നവനുമാണെന്നറിയൽ 10. സകല സൃഷ്ടികളിലേക്കും അല്ലാഹു തിരുനബി (സ്വ) യെ അന്ത്യപ്രവാചകനായി അയച്ചുവെന്നും തൗഹീദിന്റെ പ്രോജ്ജ്വല പ്രഭയോടെ പുതുക്കി വെളിപ്പെടുത്തിയ ഇസ് ലാം മതം മുമ്പുള്ള എല്ലാ മതങ്ങളെയും ദുർബ്ബലപ്പെടുത്തിയെന്നുമറിയൽ.

(തുടരും.)


No comments:

Post a Comment