Friday, August 21, 2020

മഹ്ശർ, വിചാരണ, കിതാബ്

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന്
  വാജിബാത്ത് മാല -116


بسم الله الرحمن الرحيم
 
*""ഉരുകുന്നെ കൊടും ചൂടാൽ മികപ്പിത്ത് ജനർകളാ*

*ഒരുമിത്ത് ഹിസാബിന്നായ് മഹ്ശർ എന്നേ അർള്വിൽ*

*ഉറാത്തോട് ഹുഫാത്തായി നിറുത്തും പിന്നേ*

*പരത്തും നന്മയും തിന്മാ എളുതിയ കിതാബിനെ*

*ബലം കയ്യിൽ സഈദിന്നും ശഖിയായോർക്ക് ശിമാൽ*

*വശത്തിലും കൊടുത്തിടും ഇതുകൾ ഹഖ്"")*

*അസ്വ് ല് മൂന്ന്:*  

മഹ്ശർ, വിചാരണ, കിതാബ്

അതിശക്ത ചൂടിൽ വിചാരണക്ക് വേണ്ടി ജനങ്ങളെ മഹ്ശറിൽ വിവസ്ത്രരും നഗ്നപാദരുമായി ഒരുമിച്ചു കൂട്ടുന്നതാണ്. പിന്നെ നന്മ തിന്മകൾ രേഖപ്പെടുത്തിയ കിതാബ് തുറക്കപ്പെട്ട് വിജയികൾക്ക് വലതുകയ്യിലും പരാജിതർക്ക് ഇടത് കയ്യിലും നൽകും. ഇവകൾ സത്യമാണ്.
 
വിശുദ്ധ കലിമയുടെ നാലാം ഫർള്വായ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കൽ എന്നതിന്റെ മൂന്നാം അസ്വ് ലാണ് ഇവിടെ പ്രതിപാദ്യം. ബർസഖീ ജീവിതത്തിന് ശേഷം അന്തിമ വിധി നിർണ്ണയത്തിനായി മനുഷ്യ സമൂഹത്തെയാകമാനം പുനർജീവിപ്പിച്ച് വിവസ്ത്രരും നഗ്നപാദരുമായി മഹ്ശറിൽ വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടുമെന്നതും ഓരോരുത്തരുടെയും നന്മ തിന്മകളുടെ റിക്കാർഡ് തുറക്കപ്പെട്ട് വിജയികൾക്ക് വലതുകയ്യിലും പരാജിതർക്ക് ഇടതു കയ്യിലും നൽകുമെന്നതും സത്യമാണെന്നറിയലാണ് മൂന്നാമത്തെ അസ്വ് ല്.
 
*മഹ്ശർ*

ഒരുമിച്ചു കൂട്ടപ്പെടുന്ന സ്ഥലം എന്നാണ് മഹ്ശർ എന്ന വാക്കിനർത്ഥം. സാധാരണയിൽ മഹ്ശറ എന്ന് പ്രയോഗിക്കപ്പെടുന്നത് ഇതിനാണ്. അന്ത്യനാളിൽ സകല മനുഷ്യരെയും പുനരുജ്ജീവിപ്പിച്ച് വിചാരണക്ക് വേണ്ടി ജഗന്നിയന്താവ്  ഒരുമിച്ചു കൂട്ടുന്ന സ്ഥലമെന്നാണ് മഹ്ശർ കൊണ്ട് വിവക്ഷ.
 
അല്ലാമാ താജുദ്ദീനുസ്സുബ്ക്കി (റ) യും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു: ""സൃഷ്ടികളുടെ നാശ ശേഷം അവരെ ജീവിപ്പിക്കലും വിചാരണക്ക് വേണ്ടി ഒരുമിച്ച് കൂട്ടലും സത്യമാണ്. വിവസ്ത്രരും നഗ്ന പാദരും നടക്കുന്നവരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി ജനങ്ങളെ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്'' തുടങ്ങി സ്വഹീഹായ തിരുവചനങ്ങൾ അതിന് ആധാരമാണ്.
 
ഇമാം ഗസ്സാലി (റ) മുതലായ പണ്ഡിതശ്രേഷ്ഠർ വ്യക്തമാക്കുന്നു: സൃഷ്ടികളെ മരണശേഷം ജീവിപ്പിക്കലും അവരെ വിചാരണ സ്ഥലത്തേക്കും പിന്നെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ കൊണ്ടുപോകലും ശറഅ് വ്യക്തമാക്കിയതാണ്. ഖുർആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതും തെളിവുകളുടെ ആവശ്യമില്ലാതെ തന്നെ ദീനിൽ അറിയപ്പെട്ടതുമാണ്. നിരവധി പ്രമാണങ്ങളാൽ സ്ഥിരപ്പെട്ട ഈ ഒരുമിച്ചു കൂട്ടലിനെ അംഗീകരിക്കൽ നിർബന്ധമാണ്. തന്നെയുമല്ല, ബുദ്ധിപരമായി നോക്കിയാൽ ഇത് സാധ്യമായ കാര്യവുമാണ്. കാരണം ഇതിനാൽ യാതൊരു നിലയിലും അസംഭവ്യത അനിവാര്യമാകുന്നില്ല. അസംഭവ്യത അനിവാര്യമാകാത്തത് സാധ്യമായതാണ്. അതുകൊണ്ട് ഈ ഒരുമിച്ചു കൂട്ടൽ സാധ്യമായതാണ്.

 *ഖുർആൻ*

""അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. പിന്നെ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു'' (റൂം 40). ""നിശ്ചയം ഖിയാമനാളിൽ നിങ്ങളെ യാത്രയാക്കപ്പെടുന്നതാണ്'' (മുഅ്മിനൂൻ 16). "" അവൻ ചോദിച്ചു: നുരുമ്പിയ എല്ലുകളെ ജീവിപ്പിക്കുന്നതാരാണ്? നബിയേ തങ്ങൾ പറയുക, ആദ്യം സൃഷ്ടിച്ച അല്ലാഹുവാണ് അവയെ വീണ്ടും ജീവിപ്പിക്കുന്നത്'' (യാസീൻ 78,79). ഇങ്ങനെ നിരവധി ഖുർആനിക വചനങ്ങൾ മരണശേഷമുള്ള പുനർജീവിതത്തെയും ഒരുമിച്ചു കൂട്ടലിനെയും വ്യക്തമാക്കുന്നുണ്ട്.
 
ഹദീസ്

മഹാനായ ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഇമാം ബുഖാരി (റ) യും ഇമാം മുസ്ലിം (റ) ഉം ഉദ്ധരിച്ച ഹദീസിൽ പറയുന്നു: ""നിശ്ചയം നിങ്ങൾ അല്ലാഹുവിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്''. അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ഞങ്ങളോടുള്ള പ്രഭാഷണത്തിൽ തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം നഗ്നപാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായ നിലയിൽ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു: അവരെ ആദ്യം സൃഷ്ടിച്ചതു പോലെ നാം അവരെ മടക്കുന്നതാണ്''. മഹതി ആഇശാ ബീവി (റ) യിൽ നിന്നും ഉദ്ധരണം : തിരുനബി (സ്വ) പറഞ്ഞു: ""നഗ്ന പാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്'' മുതലായ അനവധി നബിവചനങ്ങളും മരണശേഷമുള്ള പുനർജീവിതത്തിനും ഒരുമിച്ചു കൂട്ടലിനും തെളിവുകളാണ്.

(തുടരും.)

No comments:

Post a Comment