Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച ) കവാടങ്ങൾ

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


വാജിബാത്ത് മാല -135



بسم الله الرحمن الرحيم 

 

""പെരികെ കൂർമ്മയും നേർമ്മ മികത്തുള്ളാ സ്വിറാത്വ് എന്ന്


പേര് ഉന്നും ജിസ്റിനാ ജഹന്നം എന്നേ നരക


മേൽ നാട്ടും ഇത് അഞ്ചാം അസ്വ് ല് തന്നേ"")


അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )


കവാടങ്ങൾ


ഇമാം ഗസ്സാലി (റ) യും മറ്റും രേഖപ്പെടുത്തി: സ്വർഗ്ഗകവാടങ്ങൾ ധാരാളമാണ്. അടിസ്ഥാനപരമായ ആരാധനകളുടെ കണക്കിൽ സ്വർഗ്ഗകവാടങ്ങളുണ്ട്. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: സമ്പത്തിന്റെ ഏതെങ്കിലും ഒരിനത്തിൽ നിന്ന് രണ്ടെണ്ണം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നവനെ സ്വർഗ്ഗത്തിന്റെ എല്ലാ കവാടങ്ങളിൽ നിന്നും വിളിക്കപ്പെടുന്നതാണ്. സ്വർഗ്ഗത്തിന് എട്ട് കവാടങ്ങളുണ്ട്. നിസ്കാരത്തിന്റെ ആളുകളെ അതിന്റെ കവാടത്തിൽ നിന്ന് വിളിക്കപ്പെടും. നോമ്പുകാരെ അതിന്റെ കവാടത്തിൽ നിന്നും ധർമ്മിഷ്ഠരെ ധർമ്മത്തിന്റെ കവാടത്തിൽ നിന്നും ജിഹാദിന്റെ ആളുകളെ അതിന്റെ കവാടത്തിൽ നിന്നും വിളിക്കപ്പെടും''. അടിസ്ഥാനപരമായ ആരാധനകൾക്കനുസൃതമായി സ്വർഗ്ഗകവാടങ്ങൾ നിരവധിയുണ്ടെന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇതിന്റെ അവസാനത്തിൽ അബൂബക്കർ (റ) ചോദിക്കുന്നതായി കാണാം. എല്ലാ കവാടങ്ങളിൽ നിന്നും വിളിക്കപ്പെടുന്ന ആരെങ്കിലുമുണ്ടോ? അപ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞു: അതെ, ഉണ്ട്. താങ്കൾ അവരിൽ പെട്ടവരാകാൻ ഞാൻ ആഗ്രഹിക്കുന്നു'' ഇമാം മാലിക് (റ), ബുഖാരി (റ), മുസ്ലിം (റ), തുർമുദി (റ), നസാഈ (റ), ഇബ്നുഹിബ്ബാൻ (റ) എന്നിവർ ഉദ്ധരിച്ചതാണ് ഈ  ഹദീസ്. പദങ്ങളിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.

 

സ്വർഗ്ഗത്തിന്റെ കവാടങ്ങൾ എട്ടെണ്ണമെന്നാണ് പ്രസിദ്ധമായ അഭിപ്രായം. ഇതിന് തെളിവായി അനവധി ഹദീസുകൾ ഉദ്ധരിക്കപ്പെടുന്നുണ്ട്. ""സ്വർഗ്ഗത്തിന് എട്ട് കവാടങ്ങളുണ്ട്'' എന്ന ഇബ്നു മസ്ഊദിന്റെ ഹദീസാണതിൽ ഒന്ന്. മറ്റൊന്ന് സഹ് ല് ബ്നു സഅ്ദിൽ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസാണ്. ""സ്വർഗ്ഗത്തിന് എട്ട് കവാടങ്ങളുണ്ട്. "റയ്യാൻ' എന്ന് പറയപ്പെടുന്ന കവാടം അവയിൽ പെട്ടതാണ്. വ്രതാനുഷ്ഠാനികൾ മാത്രമേ അതിലൂടെ പ്രവേശിക്കൂ'' ""പരിപൂർണ്ണ വുളൂ ചെയ്യുകയും പിന്നെ ശഹാദത്ത് കലിമ ചൊല്ലുകയും ചെയ്തവന് സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടുന്നതാണ്. ഇഷ്ടമുള്ളതിലൂടെ അവന് പ്രവേശിക്കാം'' എന്ന ഉമറി (റ) ന്റെ ഹദീസും ഇതിന് തെളിവായി പറയുന്നുണ്ട്.

 

ഇതേ ആശയം വരുന്ന ഹദീസ് തുർമുദി (റ) ഉദ്ധരിച്ചിട്ടുണ്ട്. ""സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങൾ'' എന്നുള്ളിടത്ത് ""സ്വർഗ്ഗകവാടങ്ങളിൽ നിന്ന് എട്ട്'' എന്നാണ് അദ്ദേഹത്തിന്റെ ഉദ്ധരണിയിലുള്ളത്. അല്ലാമാ ഖുർതുബി (റ) പറഞ്ഞു: ഈ ഉദ്ധരണി സ്വർഗ്ഗകവാടങ്ങൾ എട്ടിലധികമുണ്ടെന്ന് അറിയിക്കുന്നു. മുഹമ്മദ് നബി (സ്വ) യുടെ സമുദായത്തിന്റെ കവാടം, വലതു കവാടം (വിചാരണയും ശിക്ഷയുമില്ലാത്തവരുടെ കവാടം), തിരുനബിയുടെ കവാടം (ബാബുർറഹ്മ), തൗബയുടെ കവാടം, ളുഹായുടെ കവാടം എന്നിങ്ങനെഅഞ്ച് കവാടങ്ങളെ സംബന്ധിച്ചും ഹദീസുകളിലുണ്ട്. അതനുസരിച്ച് സ്വർഗ്ഗകവാടങ്ങൾ പതിമൂന്നാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ സ്വർഗ്ഗ കവാടങ്ങളെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്.

 

വിശേഷണം


സ്വർഗ്ഗത്തിന്റെ രൂപവും വിശേഷണവും അത്യത്ഭുതകരമാണ്. സ്വർഗ്ഗത്തിന്റെ നിർമ്മിതിയെ സംബന്ധിച്ച് സ്വഹാബാക്കൾ തിരുനബി (സ്വ) തങ്ങളോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞതായി അബൂദാവൂദും (റ) തുർമുദി (റ) യും ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെകാണാം: തിരുനബി (സ്വ) പറഞ്ഞു: സ്വർഗ്ഗഭിത്തികൾ സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയുമാണ്. അതിന്റെ സിമന്റ് കഠിനസുഗന്ധമുള്ള കസ്തൂരിയാണ്. അതിന്റെ ചരൽക്കല്ലുകൾ മുത്തും മാണിക്യവുമാണ്. അതിന്റെ മണ്ണ് കുങ്കുമവും. അതിൽ പ്രവേശിക്കുന്നവൻ സന്തോഷവാനാകും. നിരാശനാവുകയില്ല. ശാശ്വതനാകും, മരിക്കുകയില്ല. അവന്റെ വസ്ത്രങ്ങൾ നുരുമ്പുകയോ യുവത്വം നശിക്കുകയോ ഇല്ല.'' ഇബ്നു ഹിബ്ബാൻ (റ) തന്റെ സ്വഹീഹിൽ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.


ഇബ്നു മാജ (റ) ഉസാമത്ത് ബ്നു സൈദി (റ) ൽ നിന്ന് ഉദ്ധരിക്കുന്നു: ""തിരുനബി (സ്വ) ഒരു ദിവസം സ്വഹാബാക്കളോട് ചോദിച്ചു: സ്വർഗ്ഗത്തിന് വേണ്ടി പരിശ്രമിക്കുന്നവരുണ്ടോ? നിശ്ചയം സ്വർഗ്ഗത്തിന് തുല്യമായ ഒന്നില്ല. കഅ്ബയുടെ രക്ഷിതാവിനെതന്നെ സത്യം, അനുഗ്രഹത്തിലും സന്തോഷത്തിലും നിത്യമാക്കപ്പെട്ട സ്ഥലത്ത് അന്യൂനവും പ്രശോഭിതവും ഉന്നതവുമായ  ഭവനത്തിലായി തിളങ്ങുന്ന പ്രകാശവും ചാഞ്ചാടുന്ന റൈഹാനും ബലവത്താക്കപ്പെട്ട മാളികയും ഒഴുകുന്ന നദിയും  പാകമായ ധാരാളം പഴങ്ങളും സുന്ദരിയും സുശീലയുമായ ഭാര്യയും നിരവധി പുടവകളുമാണ് സ്വർഗ്ഗം.  സ്വഹാബാക്കൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ അതിന് വേണ്ടി പരിശ്രമിക്കുന്നവരാണ്.  സ്വർഗ്ഗത്തിന്റെ രൂപവും വിശേഷണവുമൊക്കെ വിശദീകരിക്കുന്ന ഹദീസുകൾ ഇത് പോലെ നിരവധി കാണാവുന്നതാണ്.

No comments:

Post a Comment