Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച )ചൂടും തണുപ്പും

വാജിബാത്ത് മാല -140
അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ 
 

*بسم الله الرحمن الرحيم* 
 
*""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ*

*തരത്താൽ വെളിവാക്കി പറയുന്നുണ്ടേ*

*ഉന്നൂൽ സുവർഗ്ഗവും നരകവുമേ*

*ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")*

*അസ്വ് ല് ആറ്:*  

സ്വർഗ്ഗവും നരകവും ( തുടർച്ച )

ചൂടും തണുപ്പും

അല്ലാഹു പറയുന്നു: ""അവർ വിശാലമായ തണലിലാണ്'' (വാഖിഅഃ 30), ""നാം അവരെ നിത്യമായ തണലിൽ പ്രവേശിപ്പിക്കുന്നതാണ്'' (നിസാഅ് 57). അവർ വിശാലമായ തണലിലാണ് എന്നത് സംബന്ധമായി ഉമർ ബ്നു മൈമൂനി (റ) നെതൊട്ട് ബൈഹഖി (റ) ഉദ്ധരിച്ചു: ""തണലിന്റെ വ്യാപ്തിഎഴുപതിനായിരം വർഷത്തെ വഴിദൂരമാണ്''. ശുഐബ് ബ്നുൽ ഹബ്ഹാബ് (റ)എന്നവർ പറയുന്നു: ഞാനും അബുൽ ആലിയായും സൂര്യോദയത്തിന് മുമ്പ് പുറപ്പെട്ടു. അപ്പോൾ അദ്ദേഹം സ്വർഗ്ഗം ഇപ്രകാരമാണെന്ന് പറയുകയും വാഖിഅഃ സൂറത്തിലെ ""അവർ വിശാലമായ തണലിലാണെന്ന'' 30-ാം സൂക്തം ഓതുകയും ചെയ്തു. ഇപ്രകാരം എന്നത് കൊണ്ട് അദ്ദേഹം സൂചിപ്പിച്ചത് സൂര്യോദയത്തിന് മുമ്പുള്ള സമയമാണ്. അഥവാ സൂര്യനില്ലാത്ത സമയം. മഹത്തുക്കൾ രേഖപ്പെടുത്തി: സ്വർഗ്ഗത്തിൽ ചൂടും തണുപ്പുമില്ല എന്നതിന് തെളിവ് ""അവർ സ്വർഗ്ഗത്തിൽ ചൂടും തണുപ്പും എത്തിക്കുകയില്ല'' (ഇൻസാൻ 13) എന്ന ആയത്താണ്. ഇബ്നു മസ് ഊദ് (റ) ൽ നിന്നും ഉദ്ധരണം: ""സ്വർഗ്ഗത്തിൽ ചൂടില്ല, തണുപ്പുമില്ല''.

*പരിമളം*

അബൂ ഹുറൈറ (റ) യിൽ നിന്ന് ഉദ്ധരണം: നബി (സ്വ) പറഞ്ഞു:”""500 വർഷത്തെ വഴിദൂരത്ത് സ്വർഗ്ഗപരിമളം വീശപ്പെടുന്നതാണ്. നിത്യമദ്യപാനിക്കും മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും തന്റെ കർമ്മങ്ങൾ എടുത്തു പറയുന്നവനും സ്വർഗ്ഗപരിമളം എത്തുകയില്ല''. ജാബിർ (റ) ൽ നിന്നും നിവേദനം: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗപരിമളം 1000 വർഷത്തെ വഴിദൂരത്ത് ലഭിക്കും. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും കുടുംബബന്ധം വിച്ഛേദിക്കുന്നവനും വ്യഭിചാരിയായ വൃദ്ധനും അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനും ആ പരിമളം ലഭിക്കുകയില്ല''. പണ്ഡിത ശ്രേഷ്ഠർ വ്യക്തമാക്കുന്നു: സ്വർഗ്ഗത്തിന്റെ പരിമള  ലഭ്യത സ്വർഗ്ഗവാസികളുടെ നിലയനുസരിച്ച് വ്യത്യസ്തമാണ്. അതിനാൽ 1000 വർഷത്തെ വഴിദൂരം, 500 വർഷത്തെ വഴിദൂരം എന്നിങ്ങനെവ്യത്യസ്തമായ രീതിയിൽ വന്ന നിവേദനങ്ങൾ തമ്മിൽ വൈരുദ്ധ്യമില്ല.
 
*ഉറക്കം*

സ്വർഗ്ഗവാസികൾക്ക് ഉറക്കമില്ല. ഇത് സംബന്ധമായി ധാരാളം ഹദീസുകളുണ്ട്. ചിലത് കാണുക. ജാബിർ (റ) ൽ നിന്നും നിവേദനം: ""സ്വർഗ്ഗവാസികൾ ഉറങ്ങുമോ എന്ന് തിരുനബി (സ്വ) യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു. ഉറക്കം മരണത്തിന്റെ കൂടപ്പിറപ്പാണ്. സ്വർഗ്ഗവാസികൾ മരിക്കുകയില്ല''.  അബ്ദുല്ലാഹി ബ്നു അബീ ഔഫി (റ) ൽ നിന്നും ഉദ്ധരണം : ""ഒരാൾ വന്ന് തിരുനബി (സ്വ) യോട് ചോദിച്ചു: തിരുദൂതരേ! ഭൗതിക ലോകത്ത് ഉറക്കം ഞങ്ങളുടെ നേത്രങ്ങൾക്ക് കുളിർമ നൽകുന്ന കാര്യങ്ങളിൽ പെട്ടതാണല്ലോ? സ്വർഗ്ഗത്തിൽ ഉറക്കമുണ്ടോ? അവിടുന്ന് പറഞ്ഞു: ഉറക്കം മരണത്തിന്റെ കൂട്ടുകാരനാണ്. സ്വർഗ്ഗത്തിൽ മരണമില്ലതാനും. വന്നയാൾ ചോദിച്ചു: അപ്പോൾ സ്വർഗ്ഗവാസികളുടെ സുഖം എന്തുകൊണ്ടാണ്? അവിടുന്ന് പറഞ്ഞു: സ്വർഗ്ഗത്തിൽ ക്ഷീണമില്ല. സ്വർഗ്ഗവാസികളുടെ എല്ലാ കാര്യവും സുഖവും സന്തോഷവുമാണ്''. അല്ലാഹു പറയുന്നു: ""സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് യാതൊരു അദ്ധ്വാനവും ക്ഷീണവും ബാധിക്കുകയില്ല'' (ഫാത്വിർ 35). ""അവർക്ക് ത്വൂബാ എന്ന വൃക്ഷവും നല്ല മടക്കസ്ഥലവുമുണ്ട്''
 
*വൃക്ഷം*

അല്ലാഹു പറഞ്ഞു: ""അവർ മുള്ളില്ലാത്ത ഇലന്ത വൃക്ഷത്തിലാണ്'' (വാഖിഅഃ 28). ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) അബൂ ഹുറൈറ (റ) യിൽ നിന്ന് ഉദ്ധരിക്കുന്നു: ""തിരുനബി (സ്വ) പറഞ്ഞു: നിശ്ചയം  സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്. ഒരു യാത്രികൻ അതിന്റെ തണലിലൂടെ 100 വർഷം സഞ്ചരിക്കും''. അസ്മാഅ് ബീവി (റ) യിൽ നിന്ന് ഉദ്ധരണം:”മഹതി പറയുന്നു: ""നബി (സ്വ) തങ്ങൾ സിദ്റത്തുൽ മുൻതഹായെ പറ്റി പറയുന്നത് ഞാൻ കേട്ടു. അവിടുന്ന് പറഞ്ഞു: അതിന്റെ ശിഖരങ്ങളുടെ തണലിലൂടെ യാത്ര ചെയ്യുന്നയാൾ 100 വർഷം സഞ്ചരിക്കും. അതിൽ സ്വർണ്ണപ്പറവകളുണ്ട്. അതിലെ ഫലം വലിയ മൺഭരണിക്ക് സമാനമാണ്''. അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം: ""തടി സ്വർണ്ണത്താലുള്ളതായിട്ടല്ലാതെ ഒരു വൃക്ഷവും സ്വർഗ്ഗത്തിലില്ല''.
 
*ഭക്ഷണം*

അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് ഉദ്ധരണം: തിരുനബി (സ്വ) പറഞ്ഞു:”""വിശന്ന വിശ്വാസിയെ ഭക്ഷിപ്പിച്ച വിശ്വാസിക്ക് സ്വർഗ്ഗീയ പഴങ്ങളിൽ നിന്ന് അല്ലാഹു ഭക്ഷിപ്പിക്കുന്നതാണ്. ദാഹിച്ച വിശ്വാസിയെ കുടിപ്പിച്ച വിശ്വാസിക്ക് റഹീഖുൽ മഖ്തൂമിൽ (സീൽ വെക്കപ്പെട്ട ശുദ്ധമായ മദ്യം) നിന്ന് അല്ലാഹു കുടിപ്പിക്കുന്നതാണ്. വിവസ്ത്രനായ വിശ്വാസിയെ ധരിപ്പിച്ച വിശ്വാസിക്ക് അല്ലാഹു സ്വർഗ്ഗീയ വസ്ത്രങ്ങളിൽ നിന്ന് ധരിപ്പിക്കുന്നതാണ്''. ഇബ്നു മസ് ഊദി (റ) ൽ നിന്നും ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗത്തിൽ ഒരു പക്ഷിയിലേക്ക് നിങ്ങൾ നോക്കുകയും അതിനെആഗ്രഹിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾക്ക് മുന്നിൽ വേവിക്കപ്പെട്ടതായി അത് വീഴുന്നതാണ്.''.സംശുദ്ധവും ആസ്വാദ്യവും ആനന്ദകരവുമായ വിവിധ സ്വർഗ്ഗീയ ഭക്ഷണങ്ങൾ സ്വർഗ്ഗവാസികൾക്ക് നൽകപ്പെടുമെന്ന്  നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. അവർ കഴിക്കുന്ന ഭക്ഷണ പാനീയങ്ങൾ ദുൻയാവിലേത് പോലെ വിസർജ്ജിക്കപ്പെടുകയില്ലെന്നും സുഗന്ധപൂരിതമായ കസ്തൂരിയുടെ വാസനപോലെയായി അത് പരിണമിക്കുമെന്നും അനസ് (റ) ൽ നിന്നും മറ്റും ഉദ്ധരിക്കുന്ന ഹദീസുകളിൽ കാണാം. സ്വർഗ്ഗവാസികൾക്ക് നൽകപ്പെടുന്ന ആദ്യഭക്ഷണം മത്സ്യത്തിന്റെ (രുചികരമായ) ഒരു ഭാഗമാണെന്ന് മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാവുന്നതാണ്.

*(തുടരും.)*


No comments:

Post a Comment