Monday, September 21, 2020

പാപമോചനം ലഭിക്കാൻ...

 

ഹദീസുകളിലൂടെ ഇന്ന്-156

 പാപമോചനം ലഭിക്കാൻ...

 وفى صحيح الحاكم عن جابر: (أن رجلا جاء إلى النبى صلى الله عليه وسلم وهو يقول: واذنوباه، مرتين أو ثلاثا. فقال له النبى صلى الله عليه وسلم: قل: اللهم مغفرتك أوسع من ذنوبى، ورحمتك أرجى عندى من عملى، فقالها ثم قال له: عد، فعاد، ثم قال له: عد، فعاد، فقال له: قم قد غفر الله لك). 

(أسباب المغفرة - ابن رجب الحنبلي)

 ഇമാം ഹാകിം (റ) അവിടുത്തെ സ്വഹീഹിൽ ജാബിർ (റ) വിൽ നിന്നുദ്ധരിക്കുന്നു : ഒരിക്കൽ  എന്റെ “പാപങ്ങളേയ്...” എന്ന് വിലപിച്ചു കൊണ്ട് ഒരു വ്യക്തി തിരുനബി ﷺ തങ്ങൾക്കരികിലെത്തി. (ഞാൻ ചെയ്തു പോയ പാപങ്ങളെയോർത്തിട്ട് പേടിയാകുന്നു, അവകൾ പൊറുപ്പിക്കാനാകുമോ) 

തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : താങ്കൾ ചൊല്ലുക : 


 اَللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذِنُوبِى، وَرَحْمَتُكَ أَرْجَى عِنْدِى مِنْ عَمَلِى 

(അല്ലാഹുവേ നിന്റെ മഗ്ഫിറത്‌ എന്റെ ദോഷത്തേക്കാൾ അതി വിശാലമാണ്, നിന്റെ കാരുണ്യം എന്റെ പ്രവർത്തനങ്ങൾക്കപ്പുറവും എനിക്ക് പ്രതീക്ഷയേകുന്നതുമാണ്) 

 അദ്ദേഹം അത് ചൊല്ലി. 

പിന്നീട് തങ്ങൾ ﷺ പറഞ്ഞു : “മടക്കിച്ചൊല്ലൂ” (ആവർത്തിച്ച് ചൊല്ലൂ) 

അദ്ദേഹം അത് മടക്കിച്ചൊല്ലി, 

പിന്നീട് തങ്ങൾ ﷺ വീണ്ടും പറഞ്ഞു : (വിണ്ടും) “മടക്കിച്ചൊല്ലൂ” 

അദ്ദേഹം വീണ്ടം  മടക്കിച്ചൊല്ലി. 

അപ്പോൾ തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : “ഇനി എഴുന്നേറ്റ് പൊയ്ക്കോളൂ അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു..."

  ♥️ഗുണ പാഠം♥️

ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധ ജലം കൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതും പരിഗണിക്കുന്നതും. ഖുര്‍ആന്‍ പറഞ്ഞു:

"തീര്‍ച്ചയായും അല്ലാഹു പശ്ചചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (അൽ ബഖറ/222)

ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്‍റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്ലാം നല്‍കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകി വൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്‍റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. ഇതൊക്കെ പറഞ്ഞു തന്നത് ലോകത്തിന്‍റെ ഗുരു മുഹമ്മദ് നബി(സ.അ) യാണ്. അനസ് ബ്നു മാലിക(റ) നിവേദനം. നബി(സ.അ) പറഞ്ഞു:" എല്ലാ ആദമിന്‍റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (തിര്‍മിദി, ഇബ് നു മാജ, അഹ്മദ്)

പാപമേശാത്ത ജീവിതത്തിന്‍റെ ഉടമയായിരുന്നിട്ടും ദിവസത്തില്‍ നൂറുതവണ അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു എന്ന് പ്രവാചക ശ്രേഷ്ഠർ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. തന്നില്‍ വിശ്വസിക്കുകയും തന്നെയനുസരിക്കുകയും ചെയ്യുന്ന അടിമകള്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളും വിഭവങ്ങളും നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന കാരുണ്യവാനായ റബ്ബിന്‍റെ ഉപദേശവും മറ്റൊന്നല്ല. ശരീരവും മനസ്സും മാലിന്യമുക്തമാക്കാൻ നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...

                                             അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


No comments:

Post a Comment