Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച )

 വാജിബാത്ത് മാല -138

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

بسم الله الرحمن الرحيم 

 

""പെരികെ കൂർമ്മയും നേർമ്മ മികത്തുള്ളാ സ്വിറാത്വ് എന്ന്


പേര് ഉന്നും ജിസ്റിനാ ജഹന്നം എന്നേ നരക


മേൽ നാട്ടും ഇത് അഞ്ചാം അസ്വ് ല് തന്നേ"")

അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )


തിരുമാതാപിതാക്കൾ

അല്ലാഹുവിന്റെ ഔദാര്യമായ സ്വർഗ്ഗം അവന്റെ ഹബീബായ തിരുനബി (സ്വ) യുടെ മാതാപിതാക്കൾക്ക് തടയുകയും അവർ നരകത്തിലാണെന്ന് വാദിക്കുകയുംചെയ്യുന്ന ചിലരുണ്ട്. അതിഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. നിരർത്ഥകവും പിഴച്ചതുമായ ഈ വാദത്തിന്റെ പൊള്ളത്തരം ഹ്രസ്വമായി നമുക്ക് ഗ്രഹിക്കാം. ഇത്തരം വാദങ്ങളുമായി രംഗപ്രവേശനം ചെയ്യുന്നവരെ കരുതിയിരിക്കലും അത്തരക്കാരിൽ നിന്ന് വിദൂരത്താകലും വിശ്വാസിയുടെ ബാധ്യതയാണ്.


 കടുത്ത അനാദരവ്

പണ്ഡിത ശ്രേഷ്ഠർ വ്യക്തമാക്കുന്നു: തിരുനബി (സ്വ) യോടുള്ള ആദരവും മര്യാദയും നിർബന്ധമാണ്. മുസ്ലിംകളായ ആർക്കും തർക്കമില്ലാത്ത വസ്തുതയാണല്ലോ ഇത്? അതിനാൽ അവിടുത്തെ മാതാപിതാക്കൾ നരകത്തിലാണെന്ന് പറയാതിരിക്കൽ നിർബന്ധമാണ്. കാരണം ഈ ജൽപനം തിരുനബിയോടുള്ള കടുത്ത അനാദരവും ദ്രോഹവുമാണ്. തിരുനബി (സ്വ) യെ ദ്രോഹിക്കുന്നവനാകട്ടെ അല്ലാഹുവിനെദ്രോഹിക്കുന്നവനാണ്. ""അല്ലാഹുവിനെയും അവന്റെ അത്യുത്തമ സൃഷ്ടിയും ഇഷ്ടഭാജനവുമായ റസൂലിനെയും ദ്രോഹിക്കുന്നവരെ ഇഹപരങ്ങളിൽ അല്ലാഹു ശപിക്കുകയും അവർക്ക് നിന്ദ്യമായ ശിക്ഷ അവൻ തയ്യാറാക്കുകയും ചെയ്യുന്നതാണ്''. (അഹ്സാബ് 57). ഹദീസ്, കർമ്മ ശാസ്ത്ര ജ്ഞാനങ്ങളിൽ നിപുണനായ ഇമാം അബൂബക്കർ ബ്നുൽ അറബി അൽ മാലികി (റ) പറയുന്നു: ""തിരുനബി (സ്വ) യുടെ മാതാപിതാക്കൾ നരകത്തിലാണെന്ന് പറയുന്നവനേക്കാൾ തിരുനബി (സ്വ) യോട് കടുത്ത ദ്രോഹം ചെയ്യുന്നവൻ ഇല്ലെന്നാണ് എന്റെ അഭിപ്രായം''. ""മരിച്ചവർ കാരണം നിങ്ങൾ ജീവിച്ചിരിക്കുന്നവരെ ദ്രോഹിക്കരുത്''  എന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. അതിനാൽ തിരുനബി (സ്വ) യുടെ മാതാപിതാക്കൾ നരകത്തിലാണെന്ന് പറയൽ ഖണ്ഡിതമായി നിഷിദ്ധമാണ്''. ശരിയായ വിശ്വാസി പറയാൻ ധൈര്യം കാണിക്കാത്ത കാര്യമാണ് തിരുനബിയുടെ മാതാപിതാക്കൾ നരകത്തിലാണെന്ന വാദം.

  

തിരുനബിയുടെ മാതാപിതാക്കൾ നരകത്തിലല്ല സ്വർഗ്ഗത്തിലാണെന്നും അവർ വിജയികളാണെന്നും പണ്ഡിത കേസരികൾ വിശദമായി സമർത്ഥിച്ചിട്ടുണ്ട്. അൽ ഹാഫിള് ഇമാം ജലാലുദ്ദീൻ സുയൂഥി (റ) ക്ക് ഈ വിഷയത്തിൽ തന്നെ ആറ് രചനകളുണ്ടെന്ന് ഇമാം ശഅ്റാനി (റ) വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമും അതിന്റെ നിയമസംഹിതയായ വിശുദ്ധ ഖുർആനും വിശദീകരണമായ തിരുഹദീസുകളും ചരിത്രങ്ങളും മനസ്സിലാക്കിയ പണ്ഡിത  ശ്രേഷ്ഠരഖിലവും തിരുനബി (സ്വ) യുടെ മാതാപിതാക്കൾ നരകത്തിലാണെന്ന വാദത്തിനെതിരാണ്. ഈ വാദവുമായി രംഗത്തുള്ളവരും അവരെ താങ്ങുന്നവരും വളരെ ഗുരുതരമായ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഖുർആൻ പറഞ്ഞത് മുമ്പ് ശ്രദ്ധിച്ചുവല്ലോ?


ഇത് സംബന്ധമായി പണ്ഡിതരുടെ പ്രധാനമായ ചില വിശദീകരണങ്ങൾ മനസ്സിലാക്കാം. ഈ വിശദീകരണങ്ങൾ അവർ നരകത്തിലല്ലെന്നും ശിക്ഷിക്കപ്പെടുകയില്ലെന്നും രക്ഷപ്പെട്ടവരും വിജയികളുമാണെന്നും തെളിയിക്കുന്നു.

 

ഒന്ന് : തിരുനബിയുടെ മാതാപിതാക്കളിൽ നിന്ന് ശിർക്ക് ഉണ്ടായിട്ടില്ല. സൈദ് ബ്നു അംറ് ബ്നു നുഫൈൽ, വറഖത്ത് ബ്നു നൗഫൽ മുതലായവരുൾപ്പെട്ട ഒരു സംഘം അറബികളെ പോലെ അവരും ഇബ്റാഹിം നബി (അ) യുടെ മാർഗ്ഗത്തിലായിരുന്നു. ഇമാം ഫഖ്റുദ്ദീനുർറാസി (റ) അടക്കമുള്ള ഒരു സംഘം പണ്ഡിതർ തിരുമാതാപിതാക്കൾ രക്ഷപ്പെട്ടവരാണെന്നതിന് സ്വീകരിച്ച മാർഗ്ഗമാണിത്. വിശുദ്ധ ഖുർആനിലെ ശുഅറാഅ് സൂറത്തിലെ 19-ാം സൂക്തം തിരുനബിയുടെ എല്ലാ പിതാക്കന്മാരും മുസ്ലിംകളാണെന്നറിയിക്കുന്നു. കാരണം അതിന്റെ ആശയം തിരുനബിയുടെ ഒളിവ് സുജൂദ് ചെയ്യുന്നവരിലായി നീങ്ങിക്കൊണ്ടിരുന്നു എന്നാണ്. അപ്പോൾ ഇബ്റാഹിം നബി (അ) യുടെ പിതാവ് അവിശ്വാസിയല്ലെന്ന് ഉറപ്പിക്കൽ നിർബന്ധമാണ്,. അവിശ്വാസി പിതൃവ്യനായ ആസർ ആയിരുന്നു.  ഇത് സ്ഥിരപ്പെടുമ്പോൾ ഇബ്റാഹിം നബിയുടെ പിതാവ് വിഗ്രഹാരാധകരിൽ പെട്ടവരല്ലെന്ന് സ്ഥിരപ്പെടുന്നു. ഇമാം റാസി (റ) തുടരുന്നു: തിരുനബി (സ്വ) യുടെ പിതാക്കളാരും ബഹുദൈവ വിശ്വാസികളായിരുന്നില്ലെന്ന് ""സംശുദ്ധ മുതുകുകളിൽ നിന്ന് പരിശുദ്ധ ഗർഭാശയങ്ങളിലേക്ക് ഞാൻ നീങ്ങിക്കൊണ്ടേയിരുന്നു'' എന്ന നബിവചനം അറിയിക്കുന്നു.


ഇമാം ജലാലുദ്ദീൻ സുയൂഥി (റ) രേഖപ്പെടുത്തുന്നു: ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദും (പരിഷ്കർത്താവും) അക്കാലത്തെ അഹ് ലുസ്സുന്നയുടെ നേതാവും പുത്തനാശയക്കാരുടെ വികലവാദങ്ങൾക്ക് സമർത്ഥമായ ഖണ്ഡനം നൽകുന്നവരുമായിരുന്ന ഇമാം റാസി (റ) യുടെ ഈ വഴിയും വിശദീകരണവും തന്നെ ധാരാളം. അദ്ദേഹത്തിന്റെ ഈ നിലപാടിന് ചില പ്രമാണങ്ങൾ കൊണ്ട് ഞാൻ ശക്തി പകരുന്നു. അതിൽ ഒന്നാം പ്രമാണം രണ്ട് പ്രമേയങ്ങളിലൂടെ മനസ്സിലാക്കേണ്ടതാണ്. ഒന്ന്: ""ആദം നബി (അ) മുതൽ അബ്ദുല്ല (റ) വരെ തിരുനബി (സ്വ) യുടെ എല്ലാ ഓരോ പിതാക്കന്മാരും അതാത് കാലത്തെ ഉത്തമരിലും ശ്രേഷ്ഠരിലും പെട്ടവരാണ്''. രണ്ട്: ""നൂഹ് നബിയുടെ അല്ലെങ്കിൽ ആദം നബിയുടെ കാലം മുതൽ തിരുനബിയുടെ നിയോഗം വരെയും പിന്നെ ലോകാവസാനം വരെയും അല്ലാഹുവിനെമാത്രം ആരാധിക്കുന്ന, ഏകദൈവ വിശ്വാസികളായ നേർമാർഗ്ഗത്തിലുള്ള ജനങ്ങളുണ്ടെന്നും അവരാണ് ഭൂമിയുടെ സംരക്ഷണമെന്നും അവരില്ലായിരുന്നെങ്കിൽ ഭൂമിയും അതിലുള്ളവരും നശിക്കുമായിരുന്നെന്നും നിരവധി ഹദീസുകളും മഹദ്വാക്യങ്ങളും അറിയിക്കുന്നു''


നിരവധി തെളിവുകളിലൂടെ സ്ഥിരപ്പെട്ട ഈ രണ്ട് പ്രമേയങ്ങൾ അന്വരിക്കുമ്പോൾ തിരുനബി (സ്വ) യുടെ പിതാക്കളിൽ ആരും ബഹുദൈവവിശ്വാസിയില്ലെന്ന് ഖണ്ഡിതമായി തെളിയുന്നു. കാരണം അവരിൽ ഓരോരുത്തരും അവരുടെ കാലത്തെ ഉത്തമരിൽ പെട്ടവരാണെന്ന് സ്ഥിരപ്പെട്ടു. എല്ലാ കാലത്തും സന്മാർഗ്ഗമായ ഇസ്ലാമിലുള്ളവർ അവരാണെങ്കിൽ നമ്മുടെ വാദം (തിരുനബി (സ്വ) യുടെ പിതാക്കളിലാരും മുശ്രിക്കുകളില്ല) സുവ്യക്തമായി. ഇനി അവരല്ലാത്തവരാണ് ഇസ്ലാമിലുള്ളതെന്നും അവർ ശിർക്കിലുള്ളവരാണെന്നും ആയാൽ ഒന്നുകിൽ മുസ്ലിമിനേക്കാൾ ഉത്തമൻ മുശ്രിക്കാണെന്നോ  തിരുനബിയുടെ പിതാക്കൾ അല്ലാത്തവർ അവരേക്കാൾ ഉത്തമരെന്നോ രണ്ടിലൊരു കാര്യം അനിവാര്യമാകും. പണ്ഡിത ഏകോപനം കൊണ്ട് ആദ്യത്തേതും സ്വഹീഹായ ഹദീസുകളോട് എതിരായത് കൊണ്ട് രണ്ടാമത്തേതും ബാത്വിലാണ്. അപ്പോൾ തിരുനബി (സ്വ) യുടെ മാതാപിതാക്കളിൽ ആരും മുശ്രിക്കുകളാകാതിരിക്കൽ ഉറപ്പായും നിർബന്ധമായി. അതിനാൽ അവർ നരകത്തിലുമല്ല.


രണ്ട് : തിരുനബി (സ്വ) യുടെ ഉമ്മത്തിൽ പെടുന്നതിന് വേണ്ടി അവിടുന്നിന്റെ മാതാപിതാക്കളെ മരണശേഷം അല്ലാഹു ജീവിപ്പിക്കുകയും അവർ പ്രവാചകനെ വിശ്വസിക്കുകയും ചെയ്തു. ഇമാം അൽഹാഫിള് ജലാലുദ്ദീൻ സുയൂഥി (റ) രേഖപ്പെടുത്തി: ""നിശ്ചയം, തിരുനബി (സ്വ) യുടെ മാതാപിതാക്കളെ മരണശേഷം അല്ലാഹു ജീവിപ്പിക്കുകയും അവർ നബിയെ വിശ്വസിക്കുകയും ചെയ്തു'' എന്ന് ഹദീസിൽ വന്നിരിക്കുന്നു. ഖത്വീബുൽ ബഗ്ദാദി, ഇബ്നു അസാക്കിർ, ഇബ്നു ഷാഹീൻ, സുഹൈലി, ഖുർത്വുബി, ത്വിബ്രി, ഇബ്നുൽ മുനീർ തുടങ്ങിയ ഹാഫിളുകളായ പണ്ഡിത സംഘം ഇതംഗീകരിച്ചു. ഇമാം ശൈഖ് മുഹിബ്ബുത്ത്വിബ്രി (റ) പറയുന്നു: ""തിരുനബി (സ്വ) യുടെ മാതാപിതാക്കളെ ജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവനാണ്. അവർ വിശ്വസിക്കുകയും ശേഷം മരണപ്പെടുകയും ചെയ്യാം. ഈ നടപടി തിരുനബിയോടുള്ള അല്ലാഹുവിന്റെ ആദരവാണ്''. അല്ലാമാ ഖുർത്വുബി (റ) പറയുന്നു: തിരു മാതാപിതാക്കളെ അല്ലാഹു ജീവിപ്പിക്കലും അവർ വിശ്വസിക്കലും മതപരവും ബൗദ്ധികവുമായി അസംഭവ്യമല്ല. ബനൂ ഇസ്റാഈലരിൽ നിന്ന് കൊല്ലപ്പെട്ട ഒരാളെ ജീവിപ്പിച്ചതും അയാൾ തന്റെ ഘാതകനെ വ്യക്തമാക്കിയതും വിശുദ്ധ ഖുർആനിലുണ്ട്. ഇങ്ങനെ നിരവധി തെളിവുകളിലൂടെ തിരുമാതാപിതാക്കൾ നരകാർഹരല്ലെന്ന പണ്ഡിത കേസരികളുടെ സമർത്ഥനം എതിർവാദക്കാരുടെ മുനയൊടിക്കുന്നു.

 

മൂന്ന് : തിരുനബിയുടെ മാതാപിതാക്കൾ പ്രവാചകനിയോഗമില്ലാത്ത (ഫത്റത്തിന്റെ) കാലക്കാരാണ്. അവർ രക്ഷപ്പെട്ടവരും വിജയികളുമാണ്. ഇമാം ജലാലുസ്സുയൂഥി (റ) പറഞ്ഞു: തിരുനബി (സ്വ)യുടെ മാതാപിതാക്കൾ പ്രബോധനമെത്താത്തവരാണെന്നാണ് നിരവധി പണ്ഡിത സംഘങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രബോധനമെത്താത്തവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ""ദൂതനെ നിയോഗിക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുകയില്ല'' (ഇസ്റാഅ് 15). പ്രബോധനമെത്താത്തവരുടെ വിധി അവർ രക്ഷപ്പെട്ടവരായി മരിക്കുമെന്നും ശിക്ഷിക്കപ്പെടുകയില്ലെന്നും സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നുമാണ്'', മഹാനവർകൾ പറഞ്ഞു: ഇതാണ് നമ്മുടെ അഭിപ്രായം. ശാഫീഈ കർമ്മശാസ്ത്ര പണ്ഡിതരിൽ നിന്നും അശാഇറത്തിൽ നിന്നുമുള്ള അഗ്രഗണ്യരായ പണ്ഡിതർക്കിടയിൽ ഇതിൽ എതിരഭിപ്രായമില്ല. മാത്രമല്ല ഇമാം ശാഫിഈ (റ) ഇത് വ്യക്തമാക്കുകയും അസ്വ്ഹാബ് അത് പിന്തുടരുകയും ചെയ്തിരിക്കുന്നു.

 

ഇമാം അബ്ദുൽ വഹ്ഹാബുശ്ശഅ്റാനി (റ) പറയുന്നു: ദൂതർ നിയോഗിക്കപ്പെടാത്ത ഫത്റത്തിന്റെ ആളുകളുടെ ഒരു കൂട്ടം വിധി ഞാൻ പറയാം. തിരുനബിയുടെ മാതാപിതാക്കൾ അവരിലെ ഉന്നതവിഭാഗത്തിൽ പെടുന്നതാണ്. ഒരു ഏകദൈവ വിശ്വാസി അവൻ കിതാബിനെയോ റസൂലിനെയോ വിശ്വസിച്ചില്ലെങ്കിലും ശരി അവന്റെ തൗഹീദ് ഏത് വിധത്തിലാകട്ടെ (ഹൃദയത്തിന് ലഭിക്കുന്ന നൂറ് മുഖേനെയോ മറ്റോ) അവൻ വിജയിയാണ്. സ്വർഗ്ഗത്തിൽ കടക്കുന്നവനുമാണ്. കാരണം അല്ലാഹുവിങ്കൽ നിന്ന് അമ്പിയാക്കൾ കൊണ്ട് വരുന്ന വിവരമാണ് ഈമാനിന്റെ ബന്ധം. ഫത്റത്തിന്റെ ആളുകൾക്ക് മുന്നിൽ അവർക്ക് വിശ്വസിക്കാൻ ഒരു റസൂലോ കിതാബോ ഇല്ല. തന്റെ ഹൃദയത്തിന് ലഭിച്ച നൂറ് കൊണ്ട് ഏകദൈവ വിശ്വാസിയാവുകയും അതിന്മേൽ മരിക്കുകയും ചെയ്തയാളെ സംബന്ധിച്ച് ഈമാനില്ലാതെ മരിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന വ്യക്തി ആരെന്ന് കടംകഥയായി ചോദിക്കപ്പെടാവുന്നതാണ്. ശൈഖ് മുഹ്യിദ്ദീൻ ഇബ്നു അറബി (റ) ഫത്റത്തിന്റെ ആളുകളെ 13 വിഭാഗമായി തിരിച്ചു. അവയിൽ ആറ് വിഭാഗം വിജയികളും നാല് വിഭാഗം പരാജിതരും മൂന്ന് വിഭാഗം അല്ലാഹുവിന്റെ ഉദ്ദേശ്യത്തിൻ കീഴിലും എന്നിങ്ങനെയാണത്. ഫത്റത്തിന്റെ കാലത്തുള്ള എല്ലാവരുടെയും വിധി ഒന്നല്ലെന്നും തിരുനബിയുടെ മാതാപിതാക്കൾ വിജയികളുടെ വിഭാഗത്തിലാണെന്നും ഇത്രയും വിശദീകരിച്ചതിൽ നിന്നും സുവ്യക്തമാണ്.


(തുടരും.

No comments:

Post a Comment