Friday, September 25, 2020

തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

‎‎ത്വരീഖത്ത്  തിരുത്തപ്പെടേണ്ട തെറ്റിദ്ധാരണകൾ-09
തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

തസ്വവ്വുഫിൽ പ്രതിപാദിക്കപ്പെടുന്ന സദ്ഗുണങ്ങളെല്ലാം ഖുർആൻ വ്യക്തമായി ആഹ്വാനം ചെയ്ത സ്വഭാവഗുണങ്ങളും, മാനസിക അവസ്ഥകളുമാണ്. اخلاص  ٬صدق٬توكل ٬ زهد ٬ور ع   തുടങ്ങിയവയെല്ലാം പരലോകരക്ഷക്കും, സ്വർഗ്ഗീയ പദവികൾക്കും അനിവാര്യമായിട്ടുള്ളവയാണ്. ഇവയെല്ലാം ഗ്രഹിച്ചിരിക്കേണ്ടതുണ്ടല്ലോ. എന്നാൽ സൽഗുണ സമ്പന്നമായ മനസ്സുകൊണ്ട് - സജ്ജമായ ആത്മാവ് കൊണ്ട് -പരമമായ സത്യത്തെ - തിരുദാത്തിനെ - കാണാനുള്ള പ്രയാണത്തെയും അതിൻ്റെ വിവിധ സ്റ്റെപ്പുകളേയും ,ഓരോ സ്റ്റെപ്പിലുമുണ്ടാകുന്ന അവസ്ഥാന്തരങ്ങളേയും, പദവികളേയും,  അതിശയകരമായ അനുഭവങ്ങളേയും സംബന്ധിച്ച വിവരണങ്ങളിലേക്കെത്തുമ്പോൾ ഒരാത്മീയ ഗുരുവിൻ്റെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നവർക്ക് ഈ ശാസ്ത്രം ദുർഗ്രഹവും, അപരിചിതവുമായിത്തീരും. അതീന്ദ്രിയമായ ഇത്തരം കാര്യങ്ങൾ സാമാന്യജനങ്ങളുടെ നിത്യപരിചയത്തിനും, അനുഭവത്തിനും അപ്പുറത്തുള്ള ലോകമാണല്ലോ. ഈ മേഖലയേ സംബന്ധിച്ച സാങ്കേതിക ശബ്ദങ്ങളും ഇത് പോലെ അവർക്ക് അരോചകമായി ഭവിക്കുന്നു  ഇത് തസ്വവ്വുഫിൻ്റെ കുറവല്ല. അതുൾക്കൊള്ളാൻ സാധിക്കാത്ത മാനസികാവസ്ഥയുടെ ന്യൂനതയാണ്. ഹാലും, മഖാമും, വാരി ദും, ഫനാഉം, ബഖാഉം, മറ്റും മറ്റു മാ യി ആദ്ധ്യാത്മിക ശാസ്ത്രത്തിലെ സാങ്കേതിക ശബ്ദങ്ങളെല്ലാം തന്നെ അതാതിൻ്റെ ആശയങ്ങളോട് ശരിക്കും ഇണങ്ങുന്നതും, നാമകരണത്തിൻ്റെ നിയമങ്ങളെല്ലാം ഒത്തിട്ടുള്ളതുമാണ്. പക്ഷേ ഇവയൊന്നും ശ രീഅത്ത് പഠിപ്പിക്കാത്ത കാര്യങ്ങളും, ഖുർ ആനിലും, ഹദീസിലുമില്ലാത്ത സംജ്ഞകളുമാണെന്ന് ആരോപിച്ച് കൊണ്ട് ഇൽ മുത്തസ്വവ്വുഫിനെ ആക്ഷേ പി ക്കുന്നതിൽ പലരും അകപ്പെട്ട് പോയിട്ടുണ്ട്. എന്നിരിക്കെ തങ്ങളുടെ ആത്മീയ പ്രയാണത്തിലെ വാക്കുകൾക്കതീതമായ അനുഭൂതികളേപ്പറ്റി, അവാച്യമായ അനുഭവങ്ങളേക്കുറിച്ച് പറയാൻ ഭാഷകളില്ലെന്നിരിക്കെ അപര്യാപ്തമായ ഭാഷാപ്രയോഗങ്ങളെ കൊണ്ട് അവയേപ്പറ്റി സംസാരിച്ച ഇബ്നു അറബി (റ), ഇബ്നു ൽ ഫാരിള് (റ) ,അബൂ യസീദൽ ബിസ്ത്ത്വാമി (റ), മൻസൂർ ഹല്ലാജ് (റ), പോലുള്ളവരെ സംബന്ധിച്ച് കണക്കറ്റ ആക്ഷേപങ്ങൾ ചൊരിയുകയും, കുഫ്റിൻ്റെയും, നിർമ്മത ത്വത്തിൻ്റെയും ഫത് വകളിറക്കുകയും ചെയ്യുന്നതിൽ പല ശരീഅത്ത് പണ്ഡിതൻമാർ പോലും അകപ്പെട്ട് പോയത് ആ മഹത്തുക്കളെ മനസ്സിലാക്കുന്നതിൽ പിണഞ്ഞ അബദ്ധങ്ങൾ മൂലമായിരുന്നല്ലോ. ഇൽ മുത്തസ്വവ്വുഫിലെ ആശയങ്ങളെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനമുള്ളവയും, ഖുർആനിലെയും, ഹദീസിലെയും പാഠങ്ങളുമാണ്. പക്ഷേ തങ്ങൾക്ക് പിടിക്കാത്തതിൻ്റെ പേരിലോ, ദഹിക്കാത്തതിൻ്റെ പേരിലോ മാത്രം ഒരു വിജ്ഞാനശാഖയെ അനിസ്ലാമികമെന്നും, ഖുർആനിനും, സുന്നത്തിനും നിരക്കാത്തതെന്നും പഴിപറയുന്നവർ തസ്വവ്വുഫിൻ്റെ സാങ്കേതിക ശബ്ദങ്ങളേയും ആക്ഷേപത്തിനിരയാക്കിയതിൽ അതിശയപ്പെടാനൊന്നുമില്ല. ചുരുക്കത്തിൽ മഹത്തുക്കളായ ഇമാമുകളാൽ പല നിലക്കും ആക്ഷേപിക്കപ്പെട്ട ഇബ്നുൽ ജൗസി, ഇബ്നു തീമിയ്യ തുടങ്ങിയവരേ പോലുള്ള ചില ഒറ്റപ്പെട്ട പണ്ഡിതൻമാരും, അവരുടെ അനുഗാമികളുമല്ലാതെ സൂഫികളേയും, തസ്വവ്വുഫിനേയും ഇകഴ്ത്തിയിട്ടില്ല. ഇൽ മുത്തസ്വവ്വുഫ്, ദീനീ വിജ്ഞാനത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന വസ്തുത മുൻകാല ഇമാമുകളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. കിത്താബും, സുന്നത്തുമാണ് ഇതിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ. അതിന് പുറമേ ആരിഫീങ്ങളായ അല്ലാഹുവിൻ്റെ ഇഷ്ടദാസൻമാർക്ക് ഇൽഹാമുകളിലൂടെയും, കശ്ഫുകളിലൂടെയും അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് തുറന്ന് കിട്ടുന്ന വിജ്ഞാനമുത്തുകളും ഈ ശാസ്ത്രത്തിൻ്റെ അവലംബങ്ങളാണ്. ഇത്തരം ഇൽഹാമുകളും, കശ്ഫുകളും പരിശുദ്ധൻമാരായ അല്ലാഹുവിൻ്റെ ദാസൻമാർക്ക് ലഭിക്കുമെന്നത് സത്യപ്രമാണങ്ങൾ - ഖുർആനും, സുന്നത്തും, ഇജ്മാഉം - കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്. ദീനിൻ്റെ വിധി വിലക്കുകളോ, വിശ്വാസതത്വങ്ങളോ സമർത്ഥിക്കുവാൻ ഇത് മതിയാവുകയില്ലെന്നല്ലാതെ ആത്മാവും, മനസ്സും ശുദ്ധീകരിക്കുവാനും, അല്ലാഹുവിലേക്കുള്ള ആത്മീയയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങളായി കാണുവാനും ഇഹാമും, കശ്ഫും കൊള്ളുകയില്ലെന്ന് സ്വീകാര്യരായ പണ്ഡിതൻമാരാരും പറഞ്ഞിട്ടല്ല. അതിനാൽ ഇവയെ തസ്വവ്വുഫ് ശാസ്ത്രത്തിൽ അവലംബമാക്കിയതിൽ യാതൊരു പന്തികേടുമില്ല.

സംശയ നിവാരണം
 By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ, 
+91 97475 84167

No comments:

Post a Comment