Monday, September 14, 2020

ചെറുപാപങ്ങളെ സൂക്ഷിക്കുക.....!

 ഹദീസുകളിലൂടെ ഇന്ന്-145


    ചെറുപാപങ്ങളെ സൂക്ഷിക്കുക.....!


✒️ عَنْ عَبْدِ اللَّهِ بْنِ عَامِرٍ أَنَّهُ قَالَ دَعَتْنِي أُمِّي يَوْمًا وَرَسُولُ اللَّهِ صلى الله عليه وسلم قَاعِدٌ فِي بَيْتِنَا فَقَالَتْ هَا تَعَالَ أُعْطِيكَ ‏.‏ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏‏ وَمَا أَرَدْتِ أَنْ تُعْطِيهِ ‏‏ ‏.‏ قَالَتْ أُعْطِيهِ تَمْرًا ‏.‏ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏‏ أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ

 അബ്ദുല്ലാഹി ബ്നു ആമിർ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (സ്വ) ഞങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം എന്റെ പ്രിയപ്പെട്ട മാതാവ് എന്നെ വിളിച്ചു പറഞ്ഞു : മോനേ...  വാ..  നിനക്ക് ഞാനൊരു സാധനം തരാം...  അപ്പോൾ നബി (സ) ചോദിച്ചു: നീ എന്താണ് അവന് നൽകാൻ ഉദ്ദേശിച്ചത്?  അവർ പറഞ്ഞു: ഒരു കാരയ്ക്ക. അപ്പോൾ നബി (സ) പറഞ്ഞു: നിശ്ചയം നീ അവന് ഒന്നും നല്‍കാതിരുന്നാൽ അത് നിന്റെ മേൽ കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് : 4991)

  ♥️ഗുണ പാഠം♥️

വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ സത്യവിശ്വാസികളില്‍ അധികപേരും  ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചെറിയപാപങ്ങള്‍ വന്നുപോകാതിരിക്കാന്‍  അധികപേരും  ശ്രദ്ധിക്കാറില്ല.

    

ചെറിയപാപങ്ങള്‍  ജീവിതത്തിലുണ്ടാകുമ്പോള്‍ അതുകാരണം നമ്മുടെ ഹൃദയത്തില്‍ പാപത്തിന്റെ ചെറിയ അടയാളം വന്നുചേരുന്നു. സുകൃതങ്ങളിലൂടെയും പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെയും  അത് മായച്ചുകളഞ്ഞിട്ടില്ലെങ്കില്‍ കാലക്രമേണ അത് വലുതായിത്തീരും. നന്‍മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് കാരണവുമാകും. അതുകൊണ്ടുതന്നെ ചെറിയ പാപങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍ അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും. അതുകൊണ്ടാണ് ചെറുപാപങ്ങളില്‍ നിരന്തരമായി തുടരുന്നത് വന്‍പാപമായിട്ട് പണ്ഢിതന്മാ൪ ഗണിച്ചിട്ടുള്ളത്. 

            

നബി (സ്വ) പറഞ്ഞു: ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. ഒരു താഴ്വരയില്‍ ഇറങ്ങിയ ഒരു വിഭാഗത്തെ പോലെയാണത്. ഒരാള്‍ ഒരു വിറകുകൊള്ളിയുമായി വന്നു. മറ്റൊരാളും ഒരു വിറകുകൊള്ളിയുമായി വന്നു. അങ്ങനെ അവരുടെ റൊട്ടി അവ൪ ചുട്ട് പാകപ്പെടുത്തി.(ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും.(അഹ്മദ്) അല്ലാഹു നമ്മെ കാക്കട്ടെ, ആമീൻ...

No comments:

Post a Comment