Tuesday, September 15, 2020

തസ്വവ്വുഫ്



التصوف هو استرسال النفس مع الله علی ما يريد

തസ്വവ്വുഫ് എന്നാൽ അല്ലാഹു വിൻ്റ ഉദ്ദേശങ്ങൾക്ക് വിധേയമായി മനസ്സിനെ അല്ലാഹുവിനോടൊപ്പം അഴിച്ചു വിടലാണ്. 

റുവൈം (റ)ൽ നിന്നുദ്ധരിക്കപ്പെടുന്ന ഈ അഭിപ്രായം വിശദീകരിച്ചു മുസ്തഫൽ അറൂസി (റ)  പറയുന്നു;

 നഫ്സിനെ അല്ലാഹു വിനോടൊപ്പം അഴിച്ചുവിടുകയെന്നാൽ തൻ്റെ മുറാദുകൾ (ഉദ്ദേശങ്ങൾ) അല്ലാഹുവിൻ്റെ മുറാദുകളിലായിട്ട് ഫനാ ആക്കലാണ് (നശിപ്പിക്കലാണ് ).  (നതാഇജുൽഅഫ്കാർ  )

പ്രത്യേകക്കാർ അവരുടെ ജീവിതകാലത്ത് വെറുക്കപ്പെട്ടവരും മരണശേഷം അവരേ സംബന്ധിച്ച്  വിലപിക്കപ്പെടുന്നവരുമാണ്.

കവിപാടി   

     والمرء ما دام حيا يستهان به

    ويعظم الرزء فيه حين يفتقد 

( ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ അയാൾ അവഗണിക്കപ്പെടുന്നതാണ്. എന്നാൽ ആ മനുഷ്യൻ മരണപ്പെട്ടാൽ അയാളേപ്പറ്റി വലിയ വിലാപമായിരിക്കും)     

അല്ലാഹുവിൻ്റെ ഔലിയാക്കളിൽ നിന്ന് നിൻ്റെ നഫ്സ് പിന്തിരിഞ്ഞതായി നീ കണ്ടാൽ തീർച്ചയായും നീ അല്ലാഹുവിൽ നിന്നകറ്റപ്പെട്ടവനാണെന്ന് നീ അറിഞ്ഞു കൊള്ളുവിൻ. എന്ത് കൊണ്ടെന്നാൽ ഹഖ് തആലാ നിൻ്റെ മേൽ മുന്നിട്ടാൽ അവൻ അവരെ നിൻ്റെ ഇഷ്ടക്കാരാക്കുന്നതാണ്. 

(നതാഇജുൽ അഫ്കാർ  ) 

ശൈഖ് സർറൂഖ് (റ) പറയുന്നു; 

തസ്വവ്വുഫിന് 2000 ത്തോളം വരുന്ന നിർവ്വചനങ്ങളും , വ്യാഖ്യാനങ്ങളും , വിവരണങ്ങളുമുണ്ട്. അതിൻ്റെയെല്ലാം ആകത്തുക, 

   صدق التوجه الی الله  

   (സത്യസന്ധമായി അല്ലാഹുവി ലേക്ക് മുന്നിടുക ) എന്നതാണ്. അപ്പോൾ صدق التوجه ൽ നിന്ന് ഒരോഹരി ആരിലുണ്ടോ അവന്ന് തസ്വവ്വുഫിൽ നിന്നൊരോഹരിയുണ്ടെന്ന് പറയാം. അതായത് ഓരോരുത്തരുടേയും തസ്വവ്വുഫ് അവരവരുടെ صدق التوجه പോലെയാണെന്ന് മനസ്സിലാക്കാം.


സർറൂഖ് (റ) തുടരുന്നു; 

صدق التوجه

 ഹഖ്തആലാ തൃപ്തിപ്പെടുന്ന നിലക്ക് അവൻ തൃപ്തിപ്പെടുന്ന കാര്യങ്ങൾ കൊണ്ടുമാ യരിക്കേണ്ടതുണ്ട്. നിബന്ധന വക്കപ്പെട്ട ഒരു കാര്യം ആ നിബന്ധന പാലിക്കപ്പെടാതെ ശരിയാവുകയില്ല. 

അല്ലാഹു തആലാ പറഞ്ഞു: ولا يرضی لعباده الكفر       (അവൻ തൻ്റെ അടിമകൾക്ക് കുഫ്റ് തൃപ്തിപ്പെടുകയില്ല) അപ്പോൾ ഈമാൻ സാക്ഷാൽക്കരിക്കൽ നിർബ്ബന്ധമായി. വീണ്ടും അവൻ പറഞ്ഞു: 

وان تشكروا يرضه لكم

 (നിങ്ങൾ നന്ദി കാട്ടുകയാണെങ്കിൽ അവൻ തൃപ്തിപ്പെടുന്നതാണ്) 

അപ്പോൾ ഇസ്‌ലാം കാര്യങ്ങൾ അനുഷ്ഠിക്കൽ നിർബ്ബന്ധമായി. ഇസ്‌ലാം കാര്യങ്ങളാണ് ഫിഖ്ഹിൻ്റെ ഉള്ളടക്കം . അപ്പോൾ ഫിഖ്ഹ് അനിവാര്യമായി. ഫിഖ്ഹില്ലാതെ തസ്വവ്വുഫ് ശരിയാവില്ല. എന്ത് കൊണ്ടെന്നാൽ അല്ലാഹുവിൻ്റെ ബാഹ്യമായ വിധി വിലക്കുകൾ ഫിഖ്ഹ് കൊണ്ടല്ലാതെ അറിയാൻ പറ്റുകയില്ല. തസ്വവ്വുഫില്ലാതെ ഫിഖ്ഹും ശരിയാവില്ല. കാരണം صدق التوجه  ഇല്ലാതെ ഒരു അമലും സ്വീകരിക്കപ്പെടുകയില്ല. ഈമാനില്ലാതെ ഫിഖ്ഹും തസ്വവ്വുഫും ശരിയാവുകയില്ല.  അപ്പോൾ ഇത് മൂന്നും പരസ്പരം അനിവാര്യമായിത്തീർന്നു. ശരീരങ്ങൾക്ക് ആത്മാവ് അനിവാര്യമായത് പോലെ.   

അത് കൊണ്ടാണ് ഇമാം മാലിക് (റ) പറഞ്ഞത് ;

 من تصوف ولم يتفقه فقد تزندق، ومن تفقه ولم يتصوف  فقدتفسق ، ومن جمع بينهمافقد تحقق  


 ( ഫിഖ്ഹില്ലാത്ത തസ്വവ്വുഫുകാരൻ നിർമ്മത വാദിയാണ്. )

കാരണം അവൻ ദീനിൻ്റെ വിധി വിലക്കുകൾ നിഷേധിക്കുന്ന ജബ് രിയാണ്.

 (തസ്വവ്വുഫില്ലാത്ത ഫിഖ്ഹ്കാരൻ തെമ്മാടിയുമാണ് )

കാരണം  അവൻ അല്ലാഹുവിനോടെതിര് പ്രവർത്തിക്കുന്നതിനെ തടയുന്ന صدق التوجه  ൽ നിന്നൊഴിവായതിനാലും ,അവൻ്റെ അമലുകൾ ഇഖ്ലാസിൽ നിന്നൊഴിവായതിനാലുമാണ്. 

(രണ്ടും ഒരുമിച്ച് കൂട്ടിയവൻ യാഥാർത്ഥ്യം എത്തിച്ചവനാകുന്നു)

കാരണം അവൻ സത്യം മുറുകെ പിടിക്കുന്നതിൽ യാഥാർത്ഥ്യത്തോടെ നില കൊണ്ടതിനാലാണ്. അത് നീ മനസ്സിലാക്കിക്കോളൂ.

(ഈ ഖാളുൽ ഹിമം )

ഈമാനും, ഇസ് ലാമും, അഥവാ അഖീദയും, ഫിഖ്ഹും എത്ര മാത്രം പ്രധാന്യമർഹിക്കുന്നതാണോ അത് പോലെ തന്നെ പ്രധാനപ്പെട്ട താണ് തസ്വവ്വുഫും.

ഈ തസ്വവ്വുഫാണ് ഇമാം ബുഖാരിയും, ഇമാം മുസലിമും റിപ്പോർട്ട് ചെയ്യുന്ന , ജിബ് രീൽ (അ) മനുഷ്യരൂപത്തിൽ വന്ന് ,നബി(ﷺ)യോട് ഈ മാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവയേ സംബന്ധിച്ച് ചോദിക്കുകയും, നബി(ﷺ) മറുപടി പറയുകയും ചെയ്യുന്ന ഹദീസിൽ പരാമർശിക്കുന്ന ഇഹ്സാൻ.

പിന്നീട് അവിടുന്ന് പറഞ്ഞു :  നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിക്കാൻ വേണ്ടിയാണ് ജിബ് രീൽ(അ) നിങ്ങളുടെ യടുക്കൽ വന്നത്.                  അപ്പോൾ ഈമാൻ, ഇസ് ലാം ,ഇഹ്സാൻ എന്നീ മൂന്നും ഉൾപ്പെടുന്നതാണ് ദീനെന്നും, ഇവയിൽ ഏതെങ്കിലുമൊന്ന് മാറ്റി നിർത്തിയാൽ ദീൻ അപൂർണ്ണമാണെന്നും സുവ്യക്തം.

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲


സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

No comments:

Post a Comment