Tuesday, September 15, 2020

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം..

ഈമാനും ഇസ് ലാമും പോലെ ദീനിൻ്റെ അനിവാര്യ ഘടകമായി അല്ലാഹു വിൻ്റെ നിർദ്ദേശപ്രകാരം ജിബ് രീലും (അ), നബി(ﷺ)യും ചേർന്ന് ഈ ഉമ്മത്തിനെ പഠിപ്പിച്ച ഇഹ്സാനിൻ്റെ വിവക്ഷ, ഇബാദത്ത് വേളയിൽ അല്ലാഹു വിനെ കൺമുന്നിൽ കാണുന്ന അനുഭവം, അതല്ലെങ്കിൽ അല്ലാഹു തന്നെ കാണുന്നുണ്ടെന്ന അവബോധം ഉണ്ടാകുക - എന്നതാണ്.

ഇഹ്സാനിൻ്റെ ഈ രണ്ട് ഭാഗവും ആത്മീയ ഗുണവും, സിദ്ധിയുമാണെന്നതിൽ തർക്കത്തിന്നവകാശമില്ലല്ലോ.

എങ്കിൽ ഈ നിലവാരത്തിലേക്ക് ആ ത്മാവിനെ ഉയർത്തുന്നതിനും പരിവർത്തിപ്പിക്കുന്നതിനു മായി എന്തെല്ലാം ചെയ്യണമെന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ദീൻ പ്രബോധനം ചെയ്യാൻ നിയുക്തരായ നബി (ﷺ) തങ്ങളിൽ നിന്നുണ്ടായിട്ടുണ്ടാകുമെന്നും വ്യക്തമാണ്. ഇവയെല്ലാം സമാഹരിച്ച്, ക്രോഢീകരിച്ച് , ഇവയെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ പ്രത്യേകം താൽപ്പര്യമുള്ള ജ്ഞാനികളായ ഇമാമുകൾ തികച്ചും ശാസ്ത്രീയമായി രൂപം നൽകിയ ഒരു വിജ്ഞാനശാഖയാണ് ഇൽ മുത്ത സ്വവ്വുഫ്(ആദ്ധ്യാത്മിക ശാസ്ത്രം).

ഈമാൻ കാര്യങ്ങൾ സംബന്ധമായ പാഠങ്ങളും, തത്വങ്ങളും മാത്രം ഖുർആനിൽ നിന്നും, സുന്നത്തിൽ നിന്നും സമർത്ഥിച്ചു വിശദീകരിച്ച വിജ്ഞാനശാഖ - അഖീദ - ദീനിൻ്റെ ഭാഗമായത് പോലെ ഇസ് ലാം കാര്യങ്ങളുടെ വിധികളും നിയമ വ്യവസ്ഥകളും ,ആചാരമര്യാദകളും വിശദമായി ക്രോഢീകരിച്ച ഇൽമുൽഫിഖ്ഹ് - കർമ്മ ശാസ്ത്രം - ദീനിൻ്റെ ഭാഗമായത് പോലെ, ഇഹ്സാനിൻ്റെ ധർമ്മങ്ങളും, അവ സ്ഥാന്തരങ്ങളും അതിന്നായി ആത്മാവിനെ സജ്ജീകരിക്കുന്നതിൻ്റെ മുറകളും, പഠിപ്പിക്കുന്ന വിജ്ഞാനശാഖയായ ഇൽ മുത്ത സ്വവ്വുഫും - ആദ്ധ്യാത്മിക ശാസ്ത്രം - ദീനിൻ്റെ ഭാഗം തന്നെ. 

അഖീദയും, ഫിഖ്ഹും ദീനിൻ്റ ഭാഗമായികാണുകയും, ഇഹ്സാനിന്റെ  ഇൽമായ തസ്വവ്വുഫിനെ മാത്രം ദീനിൻ്റെ പടിക്ക് പുറത്താക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാവതല്ല. 

തസ്വവ്വുഫിനെ തിരായ വാദഗതികൾ ദീനിൻ്റെ ശത്രുക്കളായ വഹ്ഹാബികോമരങ്ങളുടെ ജൽപ്പനങ്ങൾ മാത്രമാണ്.

 എന്നാൽ തസ്വവ്വുഫിനെ മാത്രമല്ല, ഫിഖ്ഹ്, അഖീദ: തുടങ്ങിയ ഇസ് ലാമിക ശാസ്ത്രങ്ങളെയെല്ലാം തള്ളിപ്പറയുന്ന കേരള മോഡൽ വഹ്ഹാബികളാകട്ടെ ദീനിൻ്റെ പേരിലുള്ള എല്ലാം വലിച്ചെറിഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരുമാണ്. ഇവരാണ് ഏറ്റവും അപകടകാരികൾ.

ഖുർആനും, സുന്നത്തും, ധാരാളം വിജ്ഞാന ശേഖരങ്ങളുൾക്കൊള്ളുന്ന അക്ഷയഖനികളാണെന്ന സത്യം ഈ നിഷേധികൾക്കറിയില്ല. ഏതാനും പേജുകളിൽ വരച്ചിട്ട അക്ഷരങ്ങളും, അവയുടെ പരിഭാഷകളും മാത്രമാണിവരുടെ ഖുർആനും, സുന്നത്തും.ഇത്തരക്കാർ പറഞ്ഞു പരത്തുന്ന അബദ്ധങ്ങളും, അത് കൊണ്ടുണ്ടാകുന്ന പുകിലുകളും നീക്കണമെങ്കിൽ കുറച്ച്  വസ്തുതകൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. 

ഖുർആൻ എന്നത് അല്ലാഹുവിൻ്റെ കലാമാണല്ലോ. " അല്ലാഹു വിൻ്റെ കലാം  ഭൂമിയിലുള്ള വൃക്ഷങ്ങൾ മുഴുവൻ പേനയായും, സമുദ്രം മുഴുവനും, പിന്നെയും ഏഴ്സമുദ്രങ്ങളും മഷിയായി ഉപയോഗിച്ചാലും അല്ലാഹു വിൻ്റെ വചനങ്ങൾ എഴുതിത്തീരുകയില്ല" ( ലുഖ്മാൻ - 27) 

ഇത് വിശുദ്ധ ഖുർആനിലെ അക്ഷരങ്ങളേക്കുറിച്ചാണോ.?

ബിസ്മിയിലെ ബാഇൻ്റ വ്യാഖ്യാനം മാത്രം തനിക്കറിയാവുന്നതെഴുതിയാൽ എൺപത് ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രം ഗ്രന്ഥക്കെട്ടുകളെഴുതാൻ പറ്റുമെന്ന് അലിയ്യ് (റ) പറഞ്ഞത് പ്രസിദ്ധമാണല്ലോ. 

നൂറ് കണക്കിന് വാള്യങ്ങളുള്ള തഫ്സീറുകൾ ( വിശുദ്ധ ഖുർആൻ വ്യാഖ്യാനങ്ങൾ)ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടിരുന്നു. നിലവിലുള്ള ഖുർആൻ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രാമാണികവും, പഴക്കവുമുള്ള ത്വബ്രിയുടെ തഫ്സീർ മഹാനവർകൾ എഴുതാൻ വിചാരിച്ചതിൻ്റെ പത്തിലൊന്നു മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. ബാക്കിയുള്ള ഒൻപതു ഭാഗവും അദ്ദേഹത്തോടൊപ്പം ഖബറിന്നടിയിൽ പോയി. ഇതെല്ലാം ഖുർആനിലെ വിജ്ഞാനങ്ങളാണ്. 

ഒരു ലക്ഷത്തിൽപ്പരം വരുന്ന സ്വഹാബാക്കളിൽ ഖുർആൻ വ്യഖ്യാതാക്കളായിരുന്ന വിജ്ഞൻമാർ ഒരേ ആയത്തിനെത്തന്നെ വ്യത്യസ്ഥമായിട്ടാണ് വ്യാഖ്യാനിച്ചത്.സ്വഹാബത്തിൻ്റെ വ്യാഖ്യാനങ്ങളിൽ നിന്ന് വളരേക്കുറച്ച് മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ള തഫ്സീറു കളിലുള്ളൂ. ഖുർആനിലേക്കും ഹദീസിലേക്കും ക്ഷണിക്കുന്നവർ ഇപ്പറഞ്ഞ ഖുർആനിക വിജ്ഞാനങ്ങളെയൊന്നും കണക്കിലെടുക്കുന്നേയില്ല. ആറായിരത്തിൽപ്പരം സൂക്തങ്ങൾക്ക് അത്രയും സൂക്തങ്ങളിലൊതുങ്ങുന്ന പരിഭാഷയാണ് ഇവരുടെ ഖുർആൻ......

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲

【തുടരും...】

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

No comments:

Post a Comment