Friday, September 25, 2020

അബൂബക്കർ (റ) ( തുടർച്ച )ധീരത

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

 വാജിബാത്ത് മാല 151
بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")*


അസ്വ് ല് ഏഴ്

അബൂബക്കർ (റ) ( തുടർച്ച )
ധീരത

സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും ധീരൻ അബൂബക്കർ (റ) ആണെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു. അലിയ്യ് (റ) ൽ നിന്ന് : ""ജനങ്ങളിൽ ഏറ്റവും ധീരൻ ആരാണെന്ന് അലിയ്യ് (റ) സ്വഹാബത്തിനോട് ചോദിച്ചു"താങ്കൾ' എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ അലിയ്യ് (റ) പറഞ്ഞു: അത് അബൂബക്കർ (റ) ആണ്. കാരണം ബദ്റിൽ നബി (സ്വ) തങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു പന്തൽ കെട്ടി. മുശ്രിക്കുകൾ നബി (സ്വ) യെ ഉപദ്രവിക്കാതിരിക്കാൻ അവിടുന്നിനോടൊപ്പം നിൽക്കുന്നത് ആരാണെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ തെല്ലും ഭയമില്ലാതെ അബൂബക്കർ (റ) മുന്നോട്ട് വന്നു. അദ്ദേഹത്തെ മറികടക്കാതെ നബി (സ്വ) യെ സമീപിക്കാൻ കഴിയാത്ത വിധം ഊരിപ്പിടിച്ച വാളുമായി തിരുനബി (സ്വ) യുടെ തലഭാഗത്ത് അദ്ദേഹം നിലയുറപ്പിച്ചു. അതിനാൽ ജനങ്ങളിൽ ഏറ്റവും ധീരൻ അബൂബക്കർ (റ) ആണ്.
 
അലിയ്യ് (റ) തുടരുന്നു: ഞങ്ങളുടെ ബഹുദൈവങ്ങളെയൊക്കെ ഏകദൈവമാക്കിയില്ലേ? എന്നാക്രോശിച്ചു കൊണ്ട് തിരുനബി (സ്വ) യെ ഉപദ്രവിക്കാൻ ഖുറൈശികൾ തുനിഞ്ഞു. ഞങ്ങളിൽ നിന്ന് അബൂബക്കർ സിദ്ദീഖ് (റ) അല്ലാതെ ആരും അങ്ങോട്ടടുത്തില്ല. എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുന്ന ആളെ നിങ്ങൾ അപായപ്പെടുത്താൻ ശ്രമിക്കുന്നോ? എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം അവരെ കൈകാര്യം ചെയ്തു. പിന്നെ അലിയ്യ് (റ) സ്വഹാബത്തിനോട് ചോദിച്ചു: ഫറോവയുടെ ജനതയിലുണ്ടായിരുന്ന വിശ്വാസിയാണോ അബൂബക്കർ (റ) ആണോ ഉത്തമൻ? അവർ മൗനം പാലിച്ചു. നിങ്ങൾക്ക് മറുപടിയില്ലേ എന്ന് ചോദിച്ച ശേഷം അലിയ്യ് (റ) പറഞ്ഞു. അല്ലാഹുവാണേ സത്യം, അബൂബക്കറി (റ) ൽ നിന്നുള്ള ഒരു സമയം ഫറോവയുടെ ജനതയിലെ വിശ്വാസിയെ പോലുള്ളയാളുടെ ആയിരം സമയത്തേക്കാൾ ഉത്തമമാണ്. അദ്ദേഹം വിശ്വാസം രഹസ്യമാക്കിയ ആളും അബൂബക്കർ (റ) വിശ്വാസം പരസ്യമാക്കിയ ആളുമാണ്''. അല്ലാഹുവിലേക്കും റസൂലിലേക്കും ക്ഷണിച്ച് കൊണ്ട് ആദ്യം പ്രസംഗിച്ചത് അബൂബക്കർ (റ) ആണെന്ന് ആഇശ ബീവി (റ) യുടെ ഒരു നിവേദനത്തിൽ കാണാം. അതും മുസ് ലിംകൾ വളരെ കുറവായിരുന്ന സമയത്ത്. അലിയ്യ് (റ) പറയുന്നു: അബൂബക്കർ (റ) മുസ് ലിമായപ്പോൾ തന്റെ ഇസ് ലാമാശ്ലേഷം പരസ്യമാക്കുകയും അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കും അദ്ദേഹം ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. അബൂബക്കറി (റ) ന്റെ അതിധീരത വ്യക്തമാക്കുന്ന ഇതുപോലുള്ള സംഭവങ്ങളും ഉദ്ധരണികളും വേറെയും അദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കുന്നു. സത്യത്തിന് മുന്നിൽ ആരെയും വകവെക്കാത്ത ഉറച്ച നയനിലപാടുകളും നടപടികളും അദ്ദേഹത്തിന്റെ അതിധീരതയുടെ അടയാളങ്ങളാണ്.

ധനവിനിയോഗം

ധനാഢ്യനായിരുന്ന അബൂബക്കർ (റ) തന്റെ ധനം ദീനീമാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. ധർമ്മത്തിൽ അദ്ദേഹത്തെ മുൻകടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സ്വഹാബത്തിൽ ഏറ്റവും അധികം ധർമ്മം ചെയ്തിരുന്നത് അബൂബക്കർ (റ) ആണ്. സൂറത്തുലൈ്ലലിലെ 17 ആയത്ത് മുതൽ അവസാനം വരെയുള്ള ആയത്തുകൾ അബൂബക്കർ (റ) നെ സംബന്ധിച്ച് അവതരിച്ചതാണെന്ന് പണ്ഡിതർ ഏകോപിച്ചിരിക്കുന്നുവെന്ന് ഇബ്നുൽ ജൗസി പറഞ്ഞിരിക്കുന്നു. വിശ്വസിച്ചതിന്റെ പേരിൽ സത്യനിഷേധിയായ തന്റെ യജമാനൻ ഉമയ്യത്തിന്റെ അക്രമങ്ങൾക്കിരയായ ബിലാലി (റ) നെ അബൂബക്കർ (റ) ഉമയ്യത്തിൽ നിന്ന് വാങ്ങി മോചിപ്പിച്ചതാണ് ഈ ആയത്തുകൾ അവതരിക്കാൻ കാരണം. അദ്ദേഹത്തിന്റെ നിഷ്ക്കളങ്കമായ ഈ ധർമ്മത്തെ പരിഹസിച്ച സത്യനിഷേധികൾക്കുള്ള മറുപടി അല്ലാഹു ഈ ആയത്തുകളിൽ നൽകുന്നുണ്ട്. അഥവാ സത്യനിഷേധികൾ പറയുന്നത് പോലെയല്ല, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇത് പോലെ വേറെയും അടിമകളെ വാങ്ങിച്ച് അദ്ദേഹം മോചിപ്പിച്ചിട്ടുണ്ട്.
 
അബൂഹുറൈറ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിന്റെ ധനം എനിക്ക് ഉപകാരപ്പെട്ടത് പോലെ ഒരു ധനവും ഉപകരിച്ചിട്ടില്ല''. അപ്പോൾ അബൂബക്കർ (റ) കരഞ്ഞ് പറഞ്ഞു: ""അല്ലാഹുവിന്റെ തിരുദൂതരേ! ഞാനും എന്റെ സമ്പത്തും അങ്ങേക്ക് മാത്രമുള്ളതല്ലേ?''. നിരവധി നിവേദനങ്ങളിൽ ഇത് വന്നിട്ടുണ്ട്. ചില നിവേദനങ്ങളിൽ ""നബി (സ്വ) അബൂബക്കർ (റ) ന്റെ മുതൽ തന്റെ സ്വന്തം മുതൽ പോലെ പെരുമാറിയിരുന്നു'' എന്ന് കൂടിയുണ്ട്. മഹതി ആഇശ (റ) യിൽ നിന്ന് : ""നാൽപതിനായിരം ദീനാർ ഉടമയിലിരിക്കെയാണ് അബൂബക്കർ (റ) മുസ് 
ലിമായത്. അവയത്രയും തിരുനബി (സ്വ) ക്ക് ചെലവഴിച്ചു''.
 
ഉമറു ബ്നുൽ ഖത്വാബി (റ) ൽ നിന്ന്: ""ധർമ്മം ചെയ്യാൻ തിരുനബി (സ്വ) ഞങ്ങളോട് കൽപിച്ചു. അപ്പോൾ എന്റെയടുക്കൽ കുറച്ച് മുതലുണ്ടായിരുന്നു. ഇന്ന് ഞാൻ അബൂബക്കറിനെ മുൻകടക്കും. ഒറ്റദിവസം പോലും ഞാൻ അദ്ദേഹത്തെ മുൻകടന്നിട്ടില്ലല്ലോ? എന്ന് വിചാരിച്ച്  എന്റെ പക്കലുണ്ടായിരുന്ന മുതലിന്റെ പകുതിയുമായി ഞാൻ തിരുനബി (സ്വ) യുടെ സവിധത്തിൽ ചെന്നു. അവിടുന്ന് ചോദിച്ചു: നിന്റെ കുടുംബത്തിന് നീ എന്ത് അവശേഷിപ്പിച്ചു? അപ്പോൾ പറഞ്ഞു: ഇത്രയും കൂടിയുണ്ട്. അബൂബക്കർ (റ) തന്റെയടുക്കലുണ്ടായിരുന്ന സർവ്വവുമായി തിരുനബി (സ്വ) യുടെ അടുക്കൽ വന്നു. തിരുനബി (സ്വ) ചോദിച്ചു: അബൂബക്കറേ! കുടുംബത്തിന് വേണ്ടി നീ എന്ത് നീക്കിവെച്ചു? അവർക്ക് അല്ലാഹുവിനെയും അവന്റെ ദൂതനെയും ഞാൻ നീക്കിവെച്ചുവെന്നാണ് അബൂബക്കർ (റ) മറുപടി പറഞ്ഞത്!. അബൂബക്കർ (റ) നെ ഒന്നിലും ഒരിക്കലും മുൻകടക്കാൻ കഴിയില്ലെന്ന് അപ്പോൾ ഞാൻ ഉറപ്പിച്ചു''. അബൂബക്കർ  (റ) ന്റെ ധർമ്മ സംബന്ധിയായി ഇങ്ങനെ നിരവധിയുണ്ട് പറയാൻ. സർവ്വതും തിരുനബി (സ്വ) ക്ക് ആദ്യമേ തന്നെ സമർപ്പിച്ച സമുന്നത മനസ്സിന്റെ ഉടമയാണ് അബൂബക്കർ (റ). ഇബ്നു അബ്ബാസി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിനേക്കാൾ അനുഗ്രഹം ചെയ്ത (ധർമ്മിഷ്ഠനായ) ആരും എന്റെയടുക്കലില്ല. സ്വശരീരവും സമ്പത്തും അദ്ദേഹം എനിക്ക് സമർപ്പിച്ചു. തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നു''.
(തുടരും.)

No comments:

Post a Comment