Tuesday, September 22, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച ) സ്വർഗ്ഗത്തിലെ ഫത് വ

 


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

വാജിബാത്ത് മാല -147

بسم الله الرحمن الرحيم 

 ""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:  

സ്വർഗ്ഗവും നരകവും ( തുടർച്ച )

സ്വർഗ്ഗത്തിലെ ഫത് വ

അറിവില്ലാത്തവർ ഭൗതിക ലോകത്ത് പണ്ഡിതരോട് ഫത് വ ചോദിക്കുന്നത് പോലെ സ്വർഗ്ഗത്തിലും ഫത് വ ചോദിക്കലും പണ്ഡിതരുടെ മറുപടിയുമുണ്ട്. സ്വർഗ്ഗത്തിൽ ഫത് വ നൽകുന്ന പണ്ഡിതരുടെ വിശേഷണം മഹത്തുക്കൾ രേഖപ്പെടുത്തിയിരിക്കുന്നു: ദുൻയാവിൽ അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ വ്യാപൃതരായിരുന്നു. ഈ അത്യുന്നത അനുഗ്രഹം നൽകിയതിൽ അവർ സന്തോഷവാന്മാരുമാകുന്നു. രക്ഷിതാവിനോട് അങ്ങേയറ്റം ഭയഭക്തിയുള്ളവരാണ്. വലിയ ജ്ഞാനികളാണെന്ന വാദം ഇല്ലാത്തവരാണ്. തന്നേക്കാൾ വലിയ അറിവുള്ളവൻ ഇല്ലെന്നുള്ള വാദം ഹഖിനെ തൊട്ട് തിരിക്കുന്നതാണ്.  സമ്പൂർണ്ണജ്ഞാനവാദം ഒരു തികഞ്ഞ പണ്ഡിതന് ഭൂഷണമല്ലെന്ന്  ഇമാം ശഅ്റാനിയും മറ്റും  രേഖപ്പെടുത്തിയിട്ടുണ്ട്.  ഉദ്ദൃത വിശേഷണങ്ങളുള്ള ഉന്നതരായ പണ്ഡിതരാണ് സ്വർഗ്ഗത്തിൽ ഫത് വ നൽകുന്നവർ.

സ്വർഗ്ഗത്തിൽ ഫത് വ നൽകലിന് തെളിവുകളായി മഹത്തുക്കൾ ഉദ്ധരിച്ച ഹദീസുകളിൽ ഒന്ന് കാണുക: ""ജാബിർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗവാസികൾ പണ്ഡിതരിലേക്ക് ആവശ്യമാകുന്നതാണ്. സ്വർഗ്ഗവാസികൾ എല്ലാ വെള്ളിയാഴ്ചയും അല്ലാഹുവിനെ ദർശിക്കും. അപ്പോൾ അല്ലാഹു പറയും: നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ തേടിക്കൊള്ളുക.  അപ്പോൾ പണ്ഡിതരിലേക്ക് തിരിഞ്ഞ് അവർ ചോദിക്കും: ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് എന്താണ് ഞങ്ങൾ തേടേണ്ടത്? ഇന്നയിന്ന കാര്യങ്ങൾ നിങ്ങൾ തേടുക എന്ന് പണ്ഡിതർ അവർക്ക് പറഞ്ഞുകൊടുക്കും. ഭൗതിക ലോകത്ത് പണ്ഡിതരെ ആവശ്യമുള്ളതു പോലെ  സ്വർഗ്ഗത്തിലും പണ്ഡിതരെ  ആവശ്യമാകുന്നതാണ്.

 അവസാനത്തെയാൾ

ഇബ്നു ഉമർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരിൽ അവസാനത്തെയാൾ ജുഹൈനയിൽ നിന്നുള്ള ഒരു പുരുഷനാണ്. "ജുഹൈന' യെന്ന് അദ്ദേഹത്തിന് പറയപ്പെടും. മുഗീറയിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും സ്ഥാനം കുറഞ്ഞയാൾ ആരാണെന്ന് മൂസാനബി (അ) അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു: സ്വർഗ്ഗവാസികളെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിച്ച ശേഷം വരുന്ന ഒരാളാണ്. അദ്ദേഹത്തോട് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പറയപ്പെടും. ജനങ്ങളെല്ലാം അവരവരുടെ സ്ഥാനങ്ങൾ പിടിച്ച് കഴിഞ്ഞല്ലോ? ഇനി ഞാനെങ്ങനെ പ്രവേശിക്കുമെന്ന് അദ്ദേഹം ചോദിക്കും. അപ്പോൾ അദ്ദേഹത്തോട് ""ദുൻയാവിലെ രാജാക്കന്മാർക്കുണ്ടായിരുന്നതിന് തുല്യമായത് ലഭിക്കൽ നിനക്ക് തൃപ്തിയാണോ? എന്ന് ചോദിക്കപ്പെടും. ഞാൻ തൃപ്തിപ്പെട്ടുവെന്ന് അദ്ദേഹം പറയും. അദ്ദേഹത്തോട് അതും അതിനോട് തുല്യമായതും   അതിനോട് തുല്യമായതുമുണ്ട് എന്നിങ്ങനെ അഞ്ച് പ്രാവശ്യം അല്ലാഹു പറയും. അഞ്ചാം പ്രാവശ്യത്തിൽ ഞാൻ തൃപ്തിപ്പെട്ടുവെന്ന് പറയുമ്പോൾ രക്ഷിതാവ് പറയും: നിനക്ക് ഇതും ഇതിന്റെ പത്തിരട്ടിയുമുണ്ട്. നിന്റെ മനസ്സ് ആശിക്കുന്നതും കണ്ണ് രസിക്കുന്നതും നിനക്കുണ്ട്.

 സന്ദർശനം

അനസ്(റ)ൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ സഹോദരങ്ങളെ കാണാൻ ആഗ്രഹിക്കും. അപ്പോൾ അവരിലൊരാളുടെ കട്ടിൽ മറ്റെയാളുടെ കട്ടിലിനടുത്തേക്ക് വന്ന് അഭിമുഖമായി നിൽക്കുകയും അവർ പരസ്പരം സംസാരിക്കുകയും ചെയ്യും. ദുൻയാവിൽ വെച്ചുണ്ടായ കാര്യങ്ങളും മറ്റും അവർ സംഭാഷണ വിധേയമാക്കും. ഇന്ന സ്ഥലത്ത് ഇന്ന ദിവസം നമ്മൾ പൊറുക്കൽ തേടിയതും അല്ലാഹു പൊറുത്തു തന്നതുമൊക്കെ നീ അറിയുമോ? എന്ന് ഒരാൾ തന്റെ ചങ്ങാതിയോട് ചോദിക്കും''. അയ്യൂബി (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ ""നിശ്ചയം സ്വർഗ്ഗവാസികൾ മാണിക്യസമാനമായ വെളുത്ത ഒട്ടകങ്ങളിലായി പരസ്പരം സന്ദർശനം നടത്തുമെന്ന്""വന്നിട്ടുണ്ട്.

 തിരുനബി (സ്വ) യോടൊപ്പം

മഹതി ആഇശ(റ)യിൽ നിന്ന്: ഒരാൾ തിരുനബി (സ്വ) യുടെ അടുക്കൽ വന്ന് പറയുകയാണ്. അല്ലാഹുവിന്റെ ദൂതരേ! അങ്ങയെ, ഞാൻ എന്നേക്കാളും എന്റെ കുടുംബത്തേക്കാളും സന്താനങ്ങളേക്കാളുമധികം സ്നേഹിക്കുന്നു. ഞാൻ വീട്ടിലാകുമ്പോൾ അങ്ങയെ ഞാനോർത്തുപോകും. പിന്നെ അങ്ങയെ വന്ന് കണ്ടാലല്ലാതെ എനിക്ക് സമാധാനം വരികയില്ല. എന്റെയും അങ്ങയുടെയും വേർപാട് ഞാനോർത്തപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽ അമ്പിയാക്കളോടൊപ്പം അത്യുന്നത സ്ഥാനത്തായിരിക്കുമെന്ന് മനസ്സിലാക്കി. ഞാൻ സ്വർഗ്ഗത്തിൽ കടന്നാൽ തന്നെ എനിക്ക് അങ്ങയെ കാണാൻ കഴിയില്ലല്ലോ എന്ന് ഭയക്കുന്നു. നബി (സ്വ) തങ്ങൾ മറുപടി പറഞ്ഞില്ല. ഉടനെ ജിബ് രീൽ (അ) ഇറങ്ങി: ""അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുന്നവർ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സജ്ജനങ്ങൾ എന്നിവരോടൊപ്പമാണ്. അവരത്രെ ഉത്തമകൂട്ടുകാർ''.

സ്വർഗ്ഗത്തിൽ കടന്നാൽ പോരാ അവിടെയും തിരുനബി (സ്വ) യുടെ സഹവാസം അതാണ് സ്വഹാബത്താഗ്രഹിച്ചത്. ഇഹത്തിലും പരത്തിലും എല്ലായ്പ്പോഴും തിരുനബി (സ്വ) കൂടെ വേണം. വളരെ വിലപ്പെട്ട ആഗ്രഹം തന്നെ. ആ ആഗ്രഹ സഫലീകരണത്തിന് മാർഗ്ഗവും അല്ലാഹു ഉടനെ നിർദ്ദേശിച്ചു. ""നീ ആരെ സ്നേഹിക്കുന്നുവോ അവരോട് കൂടെയാണ്'' എന്ന തിരുഹദീസും ഉപര്യുക്ത ഖുർആൻ വചനത്തോടൊപ്പം ചേർക്കുമ്പോൾ കാര്യം കൂടുതൽ വ്യക്തമാണ്. തിരുനബി (സ്വ) യെ യഥാവിധി സ്നേഹിച്ചും അനുസരിച്ചും അവിടുന്ന് കാണിച്ചുതന്ന മാർഗ്ഗത്തിൽ പൂർണ്ണമായി ചലിച്ച് തിരുനബി (സ്വ) യോടൊപ്പമുള്ള സ്വർഗ്ഗവാസം കരസ്ഥമാക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ.

No comments:

Post a Comment