Wednesday, September 16, 2020

സ്വർഗ്ഗവും നരകവും* ( തുടർച്ച )*ഭാര്യമാർ

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
 വാജിബാത്ത് മാല-142

 بسم الله الرحمن الرحيم 
 
*""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ*

*തരത്താൽ വെളിവാക്കി പറയുന്നുണ്ടേ*

*ഉന്നൂൽ സുവർഗ്ഗവും നരകവുമേ*

*ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")*

*അസ്വ് ല് ആറ്:*

സ്വർഗ്ഗവും നരകവും ( തുടർച്ച )

ഭാര്യമാർ

അല്ലാഹു പറഞ്ഞു: ""അവർക്ക് സ്വർഗ്ഗത്തിൽ പരിശുദ്ധരായ ഭാര്യമാരുണ്ട്'' (അൽ ബഖറ 25).
 
അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: സ്വർഗ്ഗത്തിൽ ഒരാൾ എഴുപത് ഭാര്യമാരെ വിവാഹം ചെയ്യുന്നതാണ്. അപ്പോൾ അവർ ചോദിച്ചു: അവരുമായി സന്ധിക്കാൻ അവന് സാധിക്കുമോ നബിയേ? അവിടുന്ന് പറഞ്ഞു: അവന് നൂറ് പേരുടെ ശക്തി നൽകപ്പെടുന്നതാണ്''. അബൂ ഹുറൈറ (റ) യിൽ നിന്ന് : സ്വർഗ്ഗത്തിൽ പുരുഷന്മാരാണോ സ്ത്രീകളാണോ കൂടുതലെന്ന് അവർ ചർച്ചയിലാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: രണ്ട് ഭാര്യമാരുണ്ടായിട്ടല്ലാതെ സ്വർഗ്ഗത്തിൽ ഒരു പുരുഷനുണ്ടാവുകയില്ല എന്നത് തിരുനബി (സ്വ) പറഞ്ഞിട്ടില്ലേ? നിശ്ചയം അവളുടെ കാൽ തണ്ടിന്റെ മജ്ജ എഴുപത് പുടവകൾക്ക് അപ്പുറത്ത് നിന്ന്  കാണപ്പെടുന്നതാണ്. സ്വർഗ്ഗത്തിൽ അവിവാഹിതനില്ല''. അബൂ സഈദിൽ ഖുദ്രി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ പദവി കുറഞ്ഞയാൾ എൺപതിനായിരം സേവകരും എഴുപത്തിരണ്ട് ഭാര്യമാരുമുള്ളയാളാണ്. ഗോമേദകം, മാണിക്യം, മുത്ത് എന്നിവയാലുള്ള ഒരു ഖുബ്ബ അവന് വേണ്ടി ഉയർത്തപ്പെടുന്നതാണ്''.

*ഭർത്താവ് ആര്?*

ദുൻയാവിൽ ഒന്നിലധികം ഭർത്താക്കന്മാരുണ്ടായിരുന്ന സ്ത്രീക്ക് ആഖിറത്തിൽ ഭർത്താവാകുന്നത് ആരാണെന്നതിൽ വ്യത്യസ്ത ഹദീസുകളുണ്ട്. അല്ലാമാ ഇബ്നു ഹജറുൽ ഹൈതമി (റ) വ്യക്തമാക്കുന്നു: ഉമ്മുസലമ (റ) യിൽ നിന്ന് ത്വബ്റാനി ഉദ്ധരിക്കുന്ന ദീർഘമായ ഹദീസിൽ കാണാം: ""ഉമ്മുസലമ (റ) പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഒരു സ്ത്രീ ദുൻയാവിൽ രണ്ടോ മൂന്നോ നാലോ ആളുകൾക്ക് വിവാഹിതയാവുകയും പിന്നെ അവൾ മരിക്കുകയും അവളും ഭർത്താക്കന്മാരും സ്വർഗ്ഗത്തിൽ കടക്കുകയും ചെയ്താൽ അവരിൽ നിന്നാരാണ് അവളുടെ ഭർത്താവാകുക? തിരുനബി (സ്വ) പറഞ്ഞു: അവരിൽ നിന്ന് ഭർത്താവിനെതിരഞ്ഞെടുക്കാൻ അവൾക്ക് അവകാശം നൽകപ്പെടും. അവരിൽ ഏറ്റവും നല്ല സ്വഭാവക്കാരനെഅവൾ തിരഞ്ഞെടുക്കും. അവൾ അല്ലാഹുവിനോട് പറയും: ഇയാൾ ദുൻയാവിൽ എന്നോട് ഏറ്റവും നല്ലരീതിയിൽ പെരുമാറിയിരുന്ന ആളാണ്. അതുകൊണ്ട് എന്നെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കൂ രക്ഷിതാവേ!''. സമാനാശയം കുറിക്കുന്ന ഹദീസ് അനസ് (റ) ൽ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് എതിരായി തോന്നുന്ന ഒരു ഹദീസ് അബുദ്ദർദാഅ് (റ) വിൽ നിന്ന് ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നു. അബുദ്ദർദാഅ് (റ) പറയുന്നു:” റസൂലുല്ലാഹി (സ്വ) പറയുന്നതായി ഞാൻ ശ്രവിച്ചു. ദുൻയാവിലുള്ള അവസാനത്തെ ഭർത്താവാണ് ആഖിറത്തിൽ സ്ത്രീയുടെ ഭർത്താവ്. ഈ ഹദീസ് മുമ്പ് ഉദ്ധരിച്ച ഹദീസിനോട് എതിരാകുന്നില്ല. കാരണം ഇവ തമ്മിൽ സമന്വയിപ്പിക്കാൻ സാധിക്കും. ആദ്യം പറഞ്ഞ ഹദീസിലുള്ളത്  എല്ലാ ഭർത്താക്കന്മാരും ത്വലാഖ് ചൊല്ലിയ സ്ത്രീയെ സംബന്ധിച്ചാണ്. അവസാനത്തെ ഭർത്താവാണെന്ന് രണ്ടാമത്തെ ഹദീസിൽ പറഞ്ഞത് അയാളുടെ ഭാര്യയായി മരിച്ചതോ ഭർത്താവ് മരിച്ച ശേഷം തീരെ വിവാഹിതയാകാത്തതോ ആയ സ്ത്രീയെ സംബന്ധിച്ചുമാണ്. അസ്മാഅ് (റ) ൽ നിന്ന് ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്ന ഹദീസ് ഇതിന് ശക്തി പകരുന്നുണ്ട്.. സുബൈറു ബ്നുൽ അവ്വാമിന്റെ ഭാര്യയായിരുന്ന അസ്മാഅ് (റ) അദ്ദേഹത്തോടൊപ്പം കഴിയാൻ പ്രയാസം നേരിട്ടപ്പോൾ തന്റെ പിതാവായ അബൂബക്കർ സിദ്ദീഖ് (റ) നെസമീപിച്ച് വിവരം ധരിപ്പിച്ചു. അപ്പോൾ അബൂബക്കർ (റ) മകളോട് പറഞ്ഞു: പൊന്നുമോളേ! നീ ക്ഷമിക്കുക, കാരണം ഒരു സ്ത്രീക്ക് സദ്വൃത്തനായ ഒരു ഭർത്താവുണ്ടാവുകയും പിന്നെ മരിക്കുകയും ശേഷം ആ സ്ത്രീ മറ്റാർക്കും വിവാഹിതയാകാതിരിക്കുകയും ചെയ്താൽ അവർ രണ്ട് പേരും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്''. പണ്ഡിതരുടെ ഈ സമന്വയിപ്പിക്കൽ വ്യക്തമാക്കുന്നത് ഹദീസുകളിൽ വന്നത് ഒരേ അവസ്ഥയിലുള്ള സ്ത്രീകളെ സംബന്ധിച്ചല്ല എന്നാണ്. മറിച്ച് സൽസ്വഭാവിയായ ഭർത്താവിനെതിരഞ്ഞെടുക്കുമെന്ന് പറഞ്ഞത് ദുൻയാവിൽ ഒന്നിലധികം ആളുകളുടെ ഭാര്യയാവുകയും എല്ലാവരും ത്വലാഖ് ചൊല്ലുകയും ചെയ്ത സ്ത്രീയെ സംബന്ധിച്ചാണ്. ഈ സ്ത്രീക്ക് അവരോടെല്ലാവരോടുമുള്ള ബന്ധം തുല്യമാണ്. ആരുടെയും ഭാര്യയായിരിക്കെയല്ല അവൾ മരിച്ചതും. അതുകൊണ്ട്  സ്വഭാവം മാനദണ്ഡമാക്കി സൽസ്വഭാവിയായ ഭർത്താവിനെഅവൾ തിരഞ്ഞെടുക്കുന്നു. അവസാനത്തെ ഭർത്താവായിരിക്കുമെന്നത് ഈ അവസ്ഥയിലുള്ള സ്ത്രീയെക്കുറിച്ചല്ല, മറിച്ച് പലർക്കും വിവാഹിതയാവുകയും അവസാനത്തെയാളുടെ ഭാര്യയായി മരിക്കുകയും ചെയ്ത സ്ത്രീയെ സംബന്ധിച്ചാണ്. അവസാനത്തെ ഭർത്താവ് മരിക്കുകയും ശേഷം വിവാഹം കഴിക്കാതെ മരിക്കുകയും ചെയ്ത സ്ത്രീയും ഇപ്രകാരമാണ്.

സംയോഗം

അല്ലാഹു പറയുന്നു: ""നിശ്ചയം സ്വർഗ്ഗവാസികൾ അന്നേ ദിവസം മറ്റുള്ളവയെ തൊട്ട് തിരിക്കുന്ന അത്യാനന്ദ സുഖത്തിലാണ്'' (യാസീൻ - 55). ഇബ്നു അബിദ്ദുൻയാ, ഇബ്നു അബീ ഹാതിം എന്നിവർ ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഈ വചനത്തിന്റെ വിശദീകരണത്തിൽ ഉദ്ധരിക്കുന്നു: ""അവർ കന്യകാത്വം നീക്കുന്നതിൽ വ്യാപൃതരാണ്''. അബൂ സഈദിൽ ഖുദ്രി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികൾ അവരുടെ ഭാര്യമാരെ  സംയോഗം ചെയ്താൽ അവർ കന്യകമാരായി മടക്കപ്പെടുന്നതാണ്''

(തുടരും.)

No comments:

Post a Comment