Monday, September 21, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച ) പറയുന്നതും പറയപ്പെടുന്നതും

 


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


വാജിബാത്ത് മാല -146

""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")


അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )

പറയുന്നതും പറയപ്പെടുന്നതും

സ്വർഗ്ഗാവകാശികൾ സ്വർഗ്ഗ പ്രവേശന ശേഷം പറയുന്നത് സംബന്ധിച്ച് പണ്ഡിതർ രേഖപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റുകയും ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് വസിക്കത്തക്ക രീതിയിൽ സ്വർഗ്ഗഭൂമിയെ ഞങ്ങൾക്ക് അനന്തരമാക്കിത്തരികയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതികളും. സൽകർമ്മികളുടെ പ്രതിഫലം വളരെ ഉത്തമം എന്ന് അവർ (സ്വർഗ്ഗവാസികൾ) പറയും'' (സുമർ 74). ""ഞങ്ങളിൽ നിന്ന് വ്യസനം നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതികൾ, നിശ്ചയം ഞങ്ങളുടെ രക്ഷിതാവ് കൂടുതൽ പൊറുക്കുന്നവനും അങ്ങേയറ്റം നന്ദിയുള്ളവനുമാണ് എന്ന് അവർ പറയും'' (ഫാത്വിർ 34).""ഞങ്ങളെ ഇതിലേക്ക് നേർവഴിയാക്കിയ അല്ലാഹുവിന് സ്തുതികൾ. അല്ലാഹു ഞങ്ങളെ നേർവഴിയാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് നേർവഴി സിദ്ധിക്കുമായിരുന്നില്ല. തമ്പുരാനെ തന്നെ സത്യം, നിശ്ചയം ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതർ സത്യം കൊണ്ടുവന്നു എന്ന് അവർ പറയുന്നതാണ്''. (അഅ്റാഫ് 43)

സ്വർഗ്ഗപ്രവേശനത്തിന് ശേഷം സ്വർഗ്ഗവാസികളോട് പറയപ്പെടുന്നത:് അല്ലാഹു പറയുന്നു: ""അവരെ വിളിച്ച് പറയപ്പെടും: നിങ്ങൾ ചെയ്ത കർമ്മങ്ങൾക്ക് പകരം സ്വർഗ്ഗം അനന്തരം നൽകപ്പെട്ടിരിക്കുന്നു'' (അഅ്റാഫ് 43). ""എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരോട് ചെന്ന് പറയും: നിങ്ങൾ ക്ഷമിച്ചതിന് പകരം നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ. മടക്കഭവനം വളരെ നന്നായിരിക്കുന്നു'' (റഅ്ദ് 23,24).

ദിക്ർ

സ്വർഗ്ഗവാസികളുടെ ദിക്റ് അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന തസ്ബീഹും അവനെ സ്തുതിക്കുന്ന തഹ്മീദുമാണ്. ജാബിർ (റ) ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ""ശ്വാസോച്ഛ്വാസം തോന്നിപ്പിക്കപ്പെടുന്നത് പോലെ അവർക്ക് തഹ്മീദും തസ്ബീഹും തോന്നിപ്പിക്കപ്പെടുന്നു''വെന്ന് തിരുനബി (സ്വ) പറഞ്ഞതായി കാണാം. ""മനുഷ്യന് അവശ്യമായ ശ്വാസോച്ഛ്വാസം നടത്തുന്നതിൽ അവന് യാതൊരു പ്രയാസവുമില്ലാത്തത് പോലെ സ്വർഗ്ഗവാസികളുടെ നാവുകളിലൂടെ അല്ലാഹുവിന്റെ ദിക്ർ ഉണ്ടാകുന്നതാണ്'' എന്നാണ് ഈ ഹദീസിന്റെ ആശയം. സ്വർഗ്ഗവാസികളുടെ ദിക്റ് ആയാസ രഹിതമാകുന്നതിന്റെ രഹസ്യം അല്ലാഹുവിന്റെ മഅ്രിഫത്ത് കൊണ്ട് അവരുടെ ഹൃദയങ്ങൾ പ്രകാശിക്കുകയും അവരുടെ നേത്രങ്ങൾ അവനെ കാണൽ കൊണ്ട് ആനന്ദിക്കുകയും അല്ലാഹുവിന്റെ വിശാല പൂർണ്ണ അനുഗ്രഹങ്ങൾ അവരെ പൊതിയുകയും അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ സ്നേഹം കൊണ്ട് നിറയുകയും അവരുടെ നാവുകൾ അല്ലാഹുവിന്റെ ദിക്ർ അനിവാര്യമാക്കുകയും ചെയ്തുവെന്നതാണ്''. ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്നവർ പറയും'' എന്ന് അല്ലാഹു പറഞ്ഞത് ഇവരെ സംബന്ധിച്ചാണ്. ""സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥന അല്ലാഹുവേ ! നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്നും അവരുടെ അഭിവാദ്യം സലാമുമാകുന്നു. അവരുടെ തേട്ടത്തിന്റെ അവസാനം സർവ്വസ്തുതികളും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' (യൂനുസ് 10) എന്ന ആയത്തിന്റെ വിശദീകരണങ്ങളിൽ മഹത്തുക്കൾ രേഖപ്പെടുത്തി. സ്വർഗ്ഗവാസികൾ ആശിക്കുന്നത് തേടൽ അവർ നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്ന് പറയലാണ്. അവർ അത് പറയുമ്പോൾ താമസം വിനാ അവർ തേടിയത് മുന്നിൽ സന്നിഹിതമാകുന്നതാണ്. ചില പണ്ഡിതർപറഞ്ഞു: ""ഈ വാക്ക് ( തമ്പുരാനേ, നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു) സ്വർഗ്ഗവാസികളുടെയും അവരുടെ സേവകരുടെയും ഇടയിലുള്ള അടയാളമാണ്. സ്വർഗ്ഗവാസികൾ ഭക്ഷണം ഉദ്ദേശിക്കുമ്പോൾ ഈ വാക്ക് പറയും. സേവകർ അപ്പോൾ തന്നെ സ്വർഗ്ഗവാസികൾ ആശിച്ച രീതിയിലുള്ള ഭക്ഷണം തളികകളിലായി കൊണ്ടുവന്ന് നൽകും. വിവിധ വർണ്ണങ്ങളിലുള്ള നിരവധി ഭക്ഷണങ്ങളുള്ള അനേക തളികകളുമായിട്ടാണ് സേവകർ സന്നിഹിതരാകുക. ഭക്ഷണം കഴിച്ച് വിരമിച്ചാൽ അല്ലാഹു അവർക്കത് നൽകിയതിന്റെ പേരിൽ അവർ അല്ലാഹുവിനെ സ്തുതിക്കുന്നതാണ്. അതാണ് ""അവരുടെപ്രാർത്ഥനയുടെ അവസാനം സർവ്വ സ്തോത്രങ്ങൾ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' വെന്ന് ഖുർആൻ വചനം വ്യക്തമാക്കുന്നത്.

അധികമുള്ളവർ

ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) എന്നിവർ ഇംറാനു ബ്നു ഹുസ്വൈൻ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""എനിക്ക് സ്വർഗ്ഗം കാണിക്കപ്പെട്ടു. സ്വർഗ്ഗവാസികളിൽ ഏറ്റവുമധികമായി ഫുഖറാക്കളെ -ദരിദ്രർ- ഞാൻ കണ്ടു. എനിക്ക് നരകം ദർശിക്കപ്പെട്ടു. അപ്പോൾ നരകവാസികളിലധികമായി സ്ത്രീകളെ ഞാൻ കണ്ടു''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗകവാടത്തിൽ ഞാൻ നിന്നു. അപ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ കൂടുതലും സാധുക്കളാണ്''. അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും കൂടുതൽ സാമർത്ഥ്യം ഇല്ലാത്തവരാണ്''. പണ്ഡിത ശ്രേഷ്ഠർ വിശദീകരിക്കുന്നു:” ""ദുൻയാവിന്റെ വിഷയത്തിൽ സാമർത്ഥ്യം ഇല്ലാത്തവരാണ് ഉദ്ദേശ്യം. പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ നിപുണരും ബുദ്ധിശാലികളുമാണ്''. ഇമാം അസ്ഹരി (റ) പറഞ്ഞു: ""നന്മ പ്രകൃതിയായവനാണ് സാമർത്ഥ്യം ഇല്ലാത്തവൻ. തിന്മയെ തൊട്ട് അവൻ അശ്രദ്ധനാണ്. എന്നല്ല തിന്മ അറിയുകതന്നെയില്ല''. അല്ലാമാ ദഹബി പറയുന്നു: ജനങ്ങളെ സംബന്ധിച്ച് നല്ല ധാരണയും ഹൃദയശുദ്ധിയും മികച്ചവരാണ് സാമർത്ഥ്യം ഇല്ലാത്തവർ''. 

അബൂഹുറൈറ(റ)യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഹൃദയങ്ങളുള്ള കുറെയാളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്''.  ഇതിനെ അല്ലാമാ ഖുർത്വുബി രണ്ട് തരത്തിൽ വ്യാഖാനിച്ചു. അതിലൊന്ന് : അവരുടെ ഹൃദയങ്ങൾ ഭയത്തിൽ പക്ഷികളുടെ ഹൃദയങ്ങൾ പോലെയെന്നാണ്. കാരണം ജീവികളിൽ ഭയമധികമുള്ളവയാണ് പക്ഷികൾ. രണ്ട്: ബലഹീനതയിലും നിർമ്മലതയിലും പക്ഷികളെ പോലെയെന്നാണ്. പക്ഷികളുടെ ഹൃദയങ്ങൾ പോലെ എല്ലാ ദോഷങ്ങളിൽ നിന്ന് മുക്തവും സർവ്വ ന്യൂനതകളിൽ നിന്നും മോചിതവുമായ ഹൃദയങ്ങൾ എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഭൗതിക കാര്യങ്ങളെ സംബന്ധിച്ച് അവർക്ക് യാതൊരു ബോധവുമുണ്ടാവുകയില്ല.

നിരകൾ

അബൂ ഹുറൈറ(റ)യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗനിരകൾ നൂറ്റി ഇരുപത് സ്വഫ്ഫുകൾ (നിരകൾ) ആണ്. അവയിൽ എൺപത് നിരകൾ ഈ സമുദായത്തിൽ പെട്ടവരാണ്. നാൽപത് നിരകൾ മറ്റ് സമുദായങ്ങളിൽ നിന്നുമാണ്''. ""സ്വർഗ്ഗവാസികൾ നൂറ്റിഇരുപത് നിരകളാണ്. അതിൽ നിന്ന് നിങ്ങൾ എൺപതാണ്''. എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. അബ്ദുല്ലാഹി ബ്നു സലാമി (റ) ൽ നിന്ന് : ""സൂറത്തുൽ വാഖിഅഃ 39-40ാം ആയത്തുകൾ അവതരിച്ചപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിലൊന്നാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ പകുതിയാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിൽ രണ്ടാണ്''. തിരുനബി (സ്വ) യുടെ സമുദായമാണ് സ്വർഗ്ഗവാസികളിലധികമെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നു.

(തുടരും.)


No comments:

Post a Comment