Monday, September 14, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച )സ്വർഗ്ഗീയ സുഖം

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


വാജിബാത്ത് മാല -136

بسم الله الرحمن الرحيم 

 

""പെരികെ കൂർമ്മയും നേർമ്മ മികത്തുള്ളാ സ്വിറാത്വ് എന്ന്


പേര് ഉന്നും ജിസ്റിനാ ജഹന്നം എന്നേ നരക


മേൽ നാട്ടും ഇത് അഞ്ചാം അസ്വ് ല് തന്നേ"")



അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )


സ്വർഗ്ഗീയ സുഖം

ഇമാം മുസ്ലിം (റ) അബൂ ഹുറൈറ (റ) യിൽ നിന്ന് ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""അല്ലാഹു പറയുന്നു: ""ഒരു നേത്രവും കാണാത്ത, ഒരു കാതും ശ്രവിക്കാത്ത, ഒരു മനുഷ്യ ഹൃദയത്തിലും തോന്നാത്തതുമായ സുഖാനന്ദങ്ങൾ എന്റെ സജ്ജനങ്ങളായ ദാസന്മാർക്ക് വേണ്ടി ഞാൻ സൂക്ഷിപ്പായി തയ്യാറാക്കിയിരിക്കുന്നു. പക്ഷെ, അത് നിങ്ങൾക്ക് ഞാൻ വെളിവാക്കിയിട്ടില്ല. പിന്നെ തിരുനബി (സ്വ) സജദഃ സൂറത്തിലെ 17-ാമത്തെ ആയത്ത് (അവർക്ക് വേണ്ടി മറച്ച് വെക്കപ്പെട്ട കൺകുളിർമ ആരും അറിയുകയില്ല) ഓതി''. സ്വർഗ്ഗീയ സുഖങ്ങളും ആനന്ദങ്ങളും അപാരവും അവർണ്ണനീയവുമാണെന്നും അനുഭവത്തിൽ വരുമ്പോഴേ അത് അറിയൂ എന്നും  ഈ വിശുദ്ധ വചനം വ്യക്തമാക്കുന്നു.

 

അവകാശികൾ

ഭയഭക്തിയുള്ളവരായ (മുത്തഖീങ്ങൾ) സത്യവിശ്വാസികളാണല്ലോ സ്വർഗ്ഗത്തിന് അവകാശികൾ. ഇത് വിശുദ്ധ ഖുർആനും തിരുഹദീസുകളും അറിയിച്ചിട്ടുണ്ട്. ""നമ്മുടെ ദാസരിൽ നിന്ന് തഖ്വയുള്ളവർക്കാണ് ആ സ്വർഗ്ഗം നാം അനന്തരം നൽകുന്നത്' എന്ന ആയത്ത് ഒരുദാഹരണം. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരിൽ വിചാരണ ചെയ്യപ്പെടുന്നവരും അല്ലാത്തവരുമുണ്ട്.  അന്തിമ വിധി നിർണ്ണയത്തിന്റെയുടനെതന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരും വിധി നിർണ്ണയത്തിൽ ശിക്ഷ വിധിക്കപ്പെട്ടവരാണെങ്കിൽ അത് കഴിഞ്ഞ് പ്രവേശിക്കുന്നവരും സ്വർഗ്ഗാവകാശികളിലുണ്ട്. ചില തെറ്റുകൾ ചെയ്തവരെ സംബന്ധിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് ഹദീസുകളിൽ വന്നത് ഈ അർത്ഥത്തിലാണ്. അതായത് അന്തിമതീർപ്പ് കഴിഞ്ഞയുടനെഅവർ കടക്കുകയില്ല. മറിച്ച് അവരുടെ ശിക്ഷ കഴിഞ്ഞതിന് ശേഷമേ പ്രവേശിക്കൂ എന്നാണ്. അല്ലാതെ തീരെ കടക്കുകയില്ല എന്നല്ല. ""നികുതി പിരിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല' എന്ന ഹദീസ് ഉദാഹരണം.

  

വിചാരണയില്ലാതെ

ഇമാം മുസ്ലിം (റ) ഇംറാന് ബ്നു ഹുസൈ്വൻ (റ) എന്നവരിൽ നിന്നുദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""എന്റെ സമുദായത്തിൽ നിന്ന് എഴുപതിനായിരം പേർ വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ (സ്വഹാബത്ത്) ചോദിച്ചു: അവർ (വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ) ആരാണ് തിരുദൂതരേ! അവിടുന്ന് പറഞ്ഞു: അവർ മന്ത്രിക്കാത്തവരും പക്ഷി ലക്ഷണം നോക്കാത്തവരും ചൂട് വെക്കാത്തവരുമാണ്''. അല്ലാമാ ഖുർത്വുബി (റ) വിശദീകരിക്കുന്നു: ""മന്ത്രം സ്വീകരിച്ചവരും ചൂട് വെച്ചവരും വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്ന് ധരിക്കണ്ട. കാരണം തിരുനബി (സ്വ) സ്വയം മന്ത്രിക്കുകയും മന്ത്രിക്കാൻ കൽപിക്കുകയും ചെയ്തിട്ടുണ്ട്. ചൂട് വെക്കലും അപ്രകാരം തിരുനബിയും പ്രമുഖരായ സ്വഹാബാക്കളും ചെയ്തിട്ടുണ്ട്. അതിനാൽ തിരുനബി (സ്വ) മന്ത്രിക്കരുതെന്ന് പറഞ്ഞത് പ്രത്യേക മന്ത്രമാണ്. അംറ് ബ്നു ഹസ്മിന്റെ കുടുംബത്തോട് തിരുനബി (സ്വ) പറഞ്ഞു:” ""നിങ്ങളുടെ മന്ത്രം എന്നെ കാണിക്കുക. ശിർക്കില്ലാത്ത മന്ത്രം വിരോധമില്ല''. ശരിയായ മന്ത്രം ഹിസാബില്ലാതെ സ്വർഗ്ഗത്തിൽ കടക്കുന്നതിന് തടസ്സമില്ല. ചൂട് വെക്കലും ഇതു പോലെയാണ്. അഥവാ ഒഴിവാക്കാൻ നിവൃത്തിയില്ലാത്തപ്പോൾ അതിന്റെ നിബന്ധനപ്രകാരം ചെയ്യൽ മോശമോ ഒരാളുടെ മഹത്വം കുറക്കുന്നതോ അല്ല. 

തിരുനബി (സ്വ)യും സ്വഹാബത്തും ഇവ രണ്ടും ചെയ്തുവെന്നിരിക്കെ അവരാരും ഈ എഴുപതിനായിരത്തിൽ പെടാൻ പറ്റിയവരല്ല എന്ന് വാദിക്കുന്നവന്റെ വാദം ശരിയല്ല, ദുഷിച്ചതാണ്. എഴുപതിനായിരമെന്നും അതിനോട് കൂടെ എഴുപതിനായിരമെന്നും തുടങ്ങി വിചാരണയില്ലാതെ സ്വർഗ്ഗ പ്രവേശനം ലഭിക്കുന്നവരുടെ വിഷയത്തിൽ വ്യത്യസ്ത കണക്കുകൾ ഹദീസുകളിൽ കാണാം. ഇതിന്റെ ആശയം ധാരാളം ആളുകൾ വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ കടക്കുമെന്നാണ്.

 ചിലരെ പ്രത്യേകം പറഞ്ഞതായും ഹദീസുകളിൽ കാണാം. അബൂ അയ്യൂബിൽ അൻസ്വാരി (റ) യിൽ നിന്ന് നിവേദനം: ""അറിവ് പഠിക്കുന്ന വിദ്യാർത്ഥി, ഭർത്താവിനെഅനുസരിക്കുന്ന സ്ത്രീ, മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന സന്താനം ഇവർ വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്''. ഇബ്നു മസ്‌ ഊദ് (റ) പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലകാംക്ഷയോടെയും വിജനമായ ഭൂമിയിൽ കിണർ കുഴിച്ചു നൽകിയവൻ വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അനസ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ്വ) പറഞ്ഞു: ""അല്ലാഹു മുൻഗാമികളും പിൻഗാമികളുമായ എല്ലാവരേയും മഹ്ശറിൽ ഒരുമിച്ച് കൂട്ടിയാൽ അർശിന്റെ താഴെ നിന്നൊരാൾ വിളിച്ച് പറയും: അല്ലാഹുവിനെഅറിഞ്ഞവർ എവിടെ? ഇഹ്സാന്റെ ആളുകൾ എവിടെ? അപ്പോൾ ഒരു കൂട്ടം ആളുകൾ എഴുന്നേറ്റ് അല്ലാഹുവിന്റെ മുമ്പിൽ വന്ന് നിൽക്കും. അല്ലാഹു ചോദിക്കും: നിങ്ങൾ ആരാണ്? നീ ഞങ്ങൾക്ക് നിന്നെ അറിയിച്ചു തരികയും നീ അതിന് അർഹരാക്കുകയും ചെയ്ത നിന്റെ മഅ് രിഫത്തുള്ളവരാണ് ഞങ്ങൾ എന്ന് അവർ പറയും. അപ്പോൾ അല്ലാഹു പറയും: ""നിങ്ങൾ സത്യം പറഞ്ഞു. നിങ്ങൾക്കെതിരിൽ യാതൊരു വഴിയുമില്ല. നിങ്ങൾ എന്റെ കാരുണ്യം കൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കൂ. പിന്നെ തിരുനബി (സ്വ) പുഞ്ചിരിക്കുകയും ഖിയാമം നാളിന്റെ ഭയാനതകളിൽ നിന്ന് അല്ലാഹു അവരെ രക്ഷിച്ചു എന്ന് പറയുകയും ചെയ്തു''. ഇങ്ങനെവ്യത്യസ്ത തരത്തിലായി വിചാരണ കൂടാതെ സ്വർഗ്ഗ പ്രവേശനം ലഭിക്കുന്നവർ നിരവധിയുണ്ടെന്ന് ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.


(തുടരും.)

No comments:

Post a Comment