Saturday, September 19, 2020

സ്വർഗ്ഗവും നരകവും ( തുടർച്ച )വസീല, ഫള്വീല

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :*

\
വാജിബാത്ത് മാല-145

 
""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ
തരത്താൽ വെളിവാക്കി പറയുന്നുണ്ടേ
ഉന്നൂൽ സുവർഗ്ഗവും നരകവുമേ
ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:

സ്വർഗ്ഗവും നരകവും ( തുടർച്ച )

വസീല, ഫള്വീല

അബൂ സഈദിൽ ഖുദ്രി (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അല്ലാഹുവിന്റെയടുക്കലുള്ള ഏറ്റവും ഉയർന്ന പദവിയാണ് വസീല, അതിനാൽ എനിക്ക് വേണ്ടി അല്ലാഹുവിനോട് നിങ്ങൾ വസീല ചോദിക്കുക''. ""നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നുവെങ്കിൽ എനിക്ക് വേണ്ടി നിങ്ങൾ വസീല ചോദിക്കുക'' എന്ന് അലി (റ) യിൽ നിന്നുദ്ധരിക്കുന്ന ഹദീസിൽ കാണാം.

ഇബ്നു ഉമർ (റ) ൽ നിന്ന് ഇമാം മുസ്ലിം (റ) : നിശ്ചയം നബി (സ്വ) തങ്ങൾ പറഞ്ഞു: ""വാങ്ക് വിളിക്കുന്നയാളെ നിങ്ങൾ കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ നിങ്ങൾ പറയുക. പിന്നെ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. പിന്നെ എനിക്ക് വേണ്ടി അല്ലാഹുവിനോട് നിങ്ങൾ വസീല തേടുക. കാരണം അത് സ്വർഗ്ഗത്തിലെ ഒരു അത്യുന്നത സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസരിൽ ഒരാൾക്ക് മാത്രമേ അത് അനുയോജ്യമാകൂ. ആ ആൾ ഞാനാകുവാൻ ആഗ്രഹിക്കുന്നു. അതിനാൽ എനിക്ക് വേണ്ടി വസീല തേടുന്നവന് എന്റെ ശിപാർശ ബന്ധമായിരിക്കുന്നു''. ഇതിനോട് സമാനാശയമുള്ള ഒരു ഹദീസ് മവാഹിബുല്ലദുന്നിയ്യയിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ വിശദീകരണത്തിൽ അല്ലാമാസുർഖാനി (റ) വ്യക്തമാക്കുന്നു: നബി (സ്വ) ക്ക് വസീലത്ത്, ഫള്വീലത്ത് എന്ന ഉന്നതസ്ഥാനങ്ങൾ ലഭിക്കാൻ വേണ്ടി വാങ്കിന് ശേഷം പ്രാർത്ഥിക്കാനുള്ള കാരണം: മുഅ്മിനിന്റെ ആത്മീയാരോഹണവും അവനെഅല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമായ നിസ്കാരത്തിലേക്കുള്ള ക്ഷണമാണ് വാങ്ക്. അല്ലാഹു നമ്മെ അവനിലേക്ക് അടുപ്പിച്ചത് നബി (സ്വ) തങ്ങൾ മുഖേനെയാണ്. അപ്പോൾ അവനിലേക്ക് കൂടുതൽ നമ്മെ അടുപ്പിക്കുന്ന നിസ്കാരത്തിലേക്കുള്ള വിളിയായ വാങ്കിന് ശേഷം നബി (സ്വ) തങ്ങൾക്ക് അല്ലാഹുവിന്റരികിൽ ഉന്നത സ്ഥാനവും സാമീപ്യവും ലഭിക്കാനുള്ള പ്രാർത്ഥന തീർത്തും അനുയോജ്യമാണ്.
 
അൽഹാഫിള് ഇമാദുദ്ദീൻ ബ്നു കസീർ വ്യക്തമാക്കി : വസീല എന്നത് സ്വർഗ്ഗത്തിലുള്ള അത്യുന്നത സ്ഥാനത്തിന്റെ പേരാണ്. അത് സ്വർഗ്ഗത്തിൽ തിരുനബിയുടെ സ്ഥാനവും പദവിയുമാണ്. സ്വർഗ്ഗയിടങ്ങളിൽ നിന്ന് അർശിലേക്ക് ഏറ്റവും അടുത്തതാണത്. മറ്റുള്ളവർ പറഞ്ഞു: ""അടുക്കുക എന്നർത്ഥം വരുന്ന പദത്തിൽ നിന്നുള്ളതാണ് വസീല. ഉന്നതമായ സ്ഥാനമെന്നർത്ഥത്തിലും ഇത് പ്രയോഗിക്കലുണ്ട്. തിരുനബി (സ്വ) അല്ലാഹുവിന്റെ സൃഷ്ടികളിൽ മഹോന്നതരും അല്ലാഹുവിനെ ഏറ്റവും അറിയുന്നവരും അല്ലാഹുവിനോട് അത്യധികം ഭയഭകതിയുള്ളവരും അവനെഅങ്ങേയറ്റം സ്നേഹിക്കുന്നവരുമായപ്പോൾ അവിടുന്നിന്റെ സ്ഥാനം അല്ലാഹുവിലേക്ക് ഏറ്റവും അടുത്തതായി. അത് സ്വർഗ്ഗത്തിലെ അത്യുന്നത പദവിയാണ്. നബി (സ്വ) തങ്ങൾക്ക് വേണ്ടി അത് തേടുവാൻ തന്റെ ഉമ്മത്തിനോട് തങ്ങൾ കൽപിച്ചത് ഈ തേട്ടം മുഖേനഅവർക്കും അടുപ്പവും കൂടുതൽ ഈമാനും നേടാൻ വേണ്ടിയാണ്. മറ്റാർക്കും ലഭിക്കാത്ത ഒരു പ്രത്യേക പദവിയാണ് ഫള്വീല.  ഇത് മറ്റൊരു പദവിയാകാനും വസീല തന്നെയാകാനും സാധ്യതയുണ്ട്.

*തിരുവിവാഹം*

സ്വർഗ്ഗത്തിലെ അത്യുത്തമവും അത്യാനന്ദകരവുമായ കാര്യമാണ് തിരുനബി (സ്വ) യുടെ വിവാഹം (തൃക്കല്ല്യാണം). മർയം ബീവി (റ), ആസിയാ ബീവി (റ), മൂസാനബിയുടെ സഹോദരി ബീവി കുൽസും (റ) എന്നീ മഹതികളെയാണ് തിരുനബി (സ്വ) സ്വർഗ്ഗത്തിൽ വിവാഹം ചെയ്യുന്നത്. ഇത് സംബന്ധമായി നിരവധി ഹദീസുകൾ ഉള്ളതും അനേക പണ്ഡിതർ ഉദ്ധരിച്ചിട്ടുള്ളതുമാണ്. അതിനാൽ മഹത്തായ ഈ തൃക്കല്ല്യാണം കെട്ടുകഥയല്ലെന്ന് സ്ഥിരപ്പെടുന്നു. ഇവ്വിഷയകമായി വന്ന നിരവധി ഹദീസുകളിൽ ചിലത് കാണുക.
 
ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""മർയം ബിൻത് ഇംറാൻ, ഫിർഔനിന്റെ ഭാര്യ (ആസിയ ബിൻത് മുസാഹിം), മൂസാനബി (അ) യുടെ സഹോദരി എന്നിവരെ നിശ്ചയം അല്ലാഹു സ്വർഗ്ഗത്തിൽ എനിക്ക് വിവാഹം ചെയ്തു തരുന്നതാണ്''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാനബിയുടെ സഹോദരി കുൽസും എന്നിവരെ നിശ്ചയം അല്ലാഹു എന്റെ ഭാര്യമാരാക്കുമെന്ന് എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു''. ഇബ്നു അബ്ബാസി (റ)ൽ നിന്ന് : "" മരണാസന്ന രോഗത്തിലായ ഖദീജ ബീവി (റ) യുടെ അടുക്കൽ തിരുനബി (സ്വ) പ്രവേശിച്ചു. ബീവി ഖദീജ (റ) യോട് അവിടുന്ന് പറഞ്ഞു: നിന്റെ സഹകളത്രങ്ങളെ (ഭർത്താവിന്റെ മറ്റു ഭാര്യമാർ) കണ്ടുമുട്ടിയാൽ നീ അവർക്ക് എന്റെ സലാം പറയണം. ഖദീജ ബീവി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! അങ്ങ് എനിക്ക് മുമ്പ് വിവാഹം ചെയ്തിട്ടുണ്ടോ? തിരുനബി (സ്വ) പറഞ്ഞു: ഇല്ല, എങ്കിലും മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാ നബിയുടെ സഹോദരി കുൽസും എന്നിവരെ അല്ലാഹു എനിക്ക് വിവാഹം ചെയ്തു തരുന്നതാണ്. ഇമാം ദൈലമി (റ) ആഇശ ബീവി (റ) യിൽ നിന്ന്: മഹതി പറയുന്നു: ""നബി (സ്വ) തങ്ങൾ സന്തോഷവാനായി മഹതിയുടെ അടുക്കൽ ചെന്ന് പറഞ്ഞു: ആഇശാ! നീ അറിഞ്ഞോ? മർയം ബിൻത് ഇംറാൻ, മൂസാ നബിയുടെ സഹോദരി കുൽസും, ഫിർഔനിന്റെ ഭാര്യ ആസിയ എന്നിവരെ നിശ്ചയം അല്ലാഹു സ്വർഗ്ഗത്തിൽ എന്റെ ഭാര്യമാരാക്കിയിരിക്കുന്നു''.
 
അല്ലാഹു തആല ഇവരെ സ്വർഗ്ഗത്തിൽ വെച്ച് വിവാഹം ചെയ്തു കൊടുക്കുമെന്ന് ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. നൂഹ് നബിയുടെ സഹോദരിയും സ്വർഗ്ഗത്തിൽ അവിടുന്നിന്റെ ഭാര്യയാകുമെന്നും ചില പണ്ഡിത ശ്രേഷ്ഠർ ഉദ്ധരിക്കുന്നു. മൂസാനബിയുടെ സഹോദരിയുടെ പേര് കുൽസും എന്നാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ചില നിവേദനങ്ങളിൽ ഹലീമ എന്ന് കാണാം. മുആദ് ബ്നു ജബൽ (റ) ൽ നിന്ന്: നിശ്ചയം നബി (സ്വ) തങ്ങൾ ഖദീജ ബീവി (റ) യുടെ അടുക്കൽ ചെന്നു. ബീവി അവർകൾ മരണാസന്നയായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. വിഷമമുണ്ടോ ഖദീജാ! നിശ്ചയം വിഷമങ്ങളിൽ അല്ലാഹു ധാരാളം നന്മകൾ നിശ്ചയിച്ചിരിക്കുന്നു. നിന്റെ സഹകളത്രങ്ങളെ കണ്ടാൽ നീ അവരോട് എന്റെ സലാം പറയണം. അപ്പോൾ ഖദീജ ബീവി (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ ആരൊക്കെയാണ്? അവിടുന്ന് പറഞ്ഞു: അവർ മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാ നബി (അ) യുടെ സഹോദരി ഹലീമ എന്നിവരാണ്. സന്താന സമൃദ്ധിയും രഞ്ജിപ്പുമുണ്ടാകട്ടെ എന്ന് ഖദീജ ബീവി (റ) മംഗളമാശംസിച്ചു''.

സൂറത്തുത്തഹ്രീം അഞ്ചാം ആയത്തിലെ അവസാനത്തെ ഭാഗമായ ""കന്യകകളെയും വിധവകളെയും തങ്ങൾക്ക് അല്ലാഹു പകരമാക്കിയേക്കാം'' എന്നതിന്റെ വ്യാഖ്യാനത്തിൽ മഹാരഥന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾ ഇവ്വിഷയകമായി പരാമർശം നടത്തിയിട്ടുണ്ട്. ചില പണ്ഡിത കേസരികൾ പറയുന്നു: ""ഈ വാചകത്തിലെ "വിധവകൾ' എന്നത് കൊണ്ട് ഉദ്ദേശ്യം ആസിയ ബീവി (റ) യും നൂഹ് നബി (അ) യുടെ സഹോദരിയുമാണ്. "കന്യകകൾ' എന്നത് കൊണ്ട് ഉദ്ദേശ്യം മർയം ബീവി (റ) യും മൂസാനബി (അ)യുടെ സഹോദരിയുമാണ്. തിരുനബി (സ്വ) ക്ക്  ഇവരെ സ്വർഗ്ഗത്തിൽ വിവാഹം ചെയ്ത് കൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു''. ഹദീസുകൾക്ക് പുറമെ, തൃക്കല്ല്യാണത്തിലേക്ക് ഖുർആനും സൂചിപ്പിക്കുന്നുവെന്നാണ് ഈ മഹത്തുക്കൾ പറഞ്ഞതിന്റെ സാരം. അബുലൈ്ലസ് (റ) പറഞ്ഞു: സ്വർഗ്ഗത്തിൽ വിവാഹസദ്യ ഉണ്ടാകുകയും അതിനായി സ്വർഗ്ഗീയവാസികൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്''.
 
തിരുനബി (സ്വ) യുടെ സ്വർഗ്ഗത്തിലുള്ള തൃക്കല്ല്യാണം ഖുർആനും നിരവധി ഹദീസുകളും സ്ഥിരപ്പെടുത്തുന്ന യാഥാർത്ഥ്യവും സ്വർഗ്ഗവാസികൾക്ക് മുഴുവൻ സന്തോഷദായകവുമാണെന്ന് ചുരുക്കം.

(തുടരും.)

No comments:

Post a Comment