Thursday, August 20, 2020

മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ


  അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
 വാജിബാത്ത് മാല -116
⊱⋅─────⊱◈◈◈⊰─────⋅⊰

 
""പറഞ്ഞെ പോൽ ഉറപ്പിത്ത് നടന്നോളീൻ കലിമന്റെ

ഫർള്വിൽ നിന്ന് എനി നാലാവദയ് കവലാം

ഖാതിം മഹ്മൂദ് അന്നബി ഖൗലയ് സ്വിദ്ഖാക്കലാം

ദരിശിപ്പീൻ ഇതിന്നും പത്ത് അസ്വ് ൽ ഉണ്ട് ആയതിൽ ഒണ്ട്*

ശലിപ്പിക്കും ബർസഖിൽ സുആൽ ഹഖ്ഖാം

രണ്ട് ശഖീകൾക്ക് അത്തലത്തുണ്ട് അദാബും മിക്കാ"")

നാലാം ഫർള്വ് [ തുടർച്ച ]

മുഹമ്മദ് നബി (സ്വ) തങ്ങളുടെ വാക്കുകളെ വാസ്തവമാക്കൽ


അസ്വ് ല് ഒന്ന്, രണ്ട്

ഖബ്റിലെ ചോദ്യവും ശിക്ഷയും  [ തുടർച്ച ]


പ്രമാണങ്ങൾ

ഖബ്റിലെ ശിക്ഷ ഖുർആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. നവീനാശയങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സമുദായ പണ്ഡിതർ ഖബ്ർ ശിക്ഷയുടെ മേൽ ഏകോപിച്ചതുമാണ്. ഫറോവയുടെ അനുയായികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ""പ്രഭാത പ്രദോഷങ്ങളിൽ അവരെ തീയുടെ മേൽ വെളിവാക്കപ്പെടുന്നതാണ്. ഖിയാമം നാളിൽ ഫറോവയുടെ അനുയായികളെ അതിശക്ത ശിക്ഷയിൽ പ്രവേശിപ്പിക്കൂ'' (എന്ന് മലക്കുകളോട് പറയും). (ഗാഫിർ 46)

തിരുനബിയും സലഫുസ്സ്വാലിഹും ഖബർ ശിക്ഷയിൽ നിന്ന് കാവൽ തേടിയത് പ്രസിദ്ധമാണ്. ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) ഇത് ആഇശാ ബീവി (റ) ൽ നിന്നും അബൂ ഹുറൈറ (റ) യിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ""നിശ്ചയം നിങ്ങൾ ഖബ്റുകളിൽ ശിക്ഷിക്കപ്പെടും, അല്ലെങ്കിൽ പരീക്ഷിക്കപ്പെടും'' എന്ന ഹദീസും അവർ ആഇശ ബീവി (റ) യിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. മുസ്ലിം (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: തിരുനബി (സ്വ) പറഞ്ഞു: ""ഖബ്ർ ശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് അഭയം തേടുക''. സലഫുസ്സ്വാലിഹിന്റെ അഭയം തേടൽ വളരെയധികമുണ്ട്. ഖബ്ർ ശിക്ഷ സാധ്യമായതാണ്. അതംഗീകരിക്കൽ നിർബന്ധമാണ്.
 
ഇസ്ലാമിക പ്രമാണങ്ങൾ സാക്ഷീകരിക്കുന്ന ഖബ്ർ ശിക്ഷയെ നിഷേധിക്കുന്ന ഒരു വിഭാഗം മുഅ്തസിലുകൾ, ള്വിറാറ് ബ്നു അംറ് തുടങ്ങിയവർക്ക് ഖണ്ഡനമായി ഇമാം ഗസ്സാലി (റ) യും മറ്റും രേഖപ്പെടുത്തി: ""വന്യമൃഗങ്ങളുടെ വയറുകളിലും പക്ഷികളുടെ അവശിഷ്ടങ്ങളിലുമായി മയ്യിത്തിന്റെ ഭാഗങ്ങൾ ഭിന്നിക്കൽ ഖബ്ർ ശിക്ഷയെ അംഗീകരിക്കുന്നതിന് തടസ്സമാകുന്നില്ല. ആഴക്കടലിലും വന്യജീവികളുടെ വയറിലുമായാലും ശരി ശിക്ഷയുടെ വേദന അറിയാൻ കഴിയുന്ന ഭാഗങ്ങളെ സംരക്ഷിക്കൽ അല്ലാഹുവിന് സാധ്യമാണ്. അങ്ങേയറ്റം പറഞ്ഞാൽ വന്യമൃഗങ്ങളുടെ വയറും അതുപോലെയുള്ളതും അവന്റെ ഖബ്ർ ആകുമെന്നാണ്. ജീവിയിൽ ശിക്ഷയുടെ വേദന അറിയുന്നത് പ്രത്യേകമായ ഭാഗങ്ങളാണ്. ആ ഭാഗങ്ങളിലേക്ക് ശിക്ഷയുടെ വേദന അറിയാനുള്ള പ്രാപ്തി മടക്കിക്കൊടുക്കാൻ കഴിവുള്ളവനാണ് അല്ലാഹു. അതിനാൽ പരാജിതരായി മരണപ്പെട്ടവർക്ക് ഖബ്ർ ശിക്ഷയുണ്ടെന്നത് അനിഷേധ്യമാണ്.
 
അല്ലാമാ ബാജൂരി (റ) പറയുന്നു: ഖബർ ശിക്ഷ ദീനിൽ സ്ഥിരപ്പെട്ടതും സാധ്യമായ കാര്യവുമാണ്. കൂടാതെ തിരുനബി (സ്വ) അറിയിച്ചതുമാണ്. ഇപ്രകാരമുള്ള കാര്യങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്. ഖബ്ർ ശിക്ഷയുണ്ടെന്നതാണ് അഹ് ലുസ്സുന്നത്തിന്റെയും ഭൂരിഭാഗം മുഅ്തിസലത്തിന്റെയും അഭിപ്രായം. വഴിപിഴച്ചവർ ഖബ്ർ ശിക്ഷ നിഷേധിക്കുന്നു. അദ്ദേഹം പറയുന്നു: ഖബ്ർ ശിക്ഷയെന്ന് ഖബ്റിലേക്ക് ചേർത്തു പറയുന്നത് മയ്യിത്ത് സാധാരണ ഖബ്റടക്കപ്പെടുന്നതിനാലാണ്. ഖബ്റടക്കപ്പെടാത്തവർക്ക് ശിക്ഷയില്ല എന്നർത്ഥത്തിലല്ല. ശിക്ഷിക്കാൻ അല്ലാഹു ഉദ്ദേശിച്ചവരെയൊക്കെ അവൻ ശിക്ഷിക്കും. ഖബ്റടക്കിയാലും ഇല്ലെങ്കിലും ശരി. കത്തിച്ച് ചാരമാക്കി കാറ്റിൽ പറത്തപ്പെട്ടാലും സമുദ്രത്തിൽ മുങ്ങിമരിച്ചാലും ജന്തുക്കൾ തിന്നാലും അതൊന്നും അല്ലാഹു ശിക്ഷിക്കുന്നതിന് തടസ്സമല്ല.
 
സത്യനിഷേധികൾ, കപടവിശ്വാസികൾ, ദോഷികളായ ചില മുഅ്മിനീങ്ങൾ എന്നിവർക്കാണ് ബർസഖിൽ ശിക്ഷയുണ്ടാകുന്നത് എല്ലാവർക്കുമല്ല. ദോഷികളായ ചില വിശ്വാസികളുടെ ശിക്ഷ ഖിയാമന്നാളിന് മുമ്പ് അവസാനിക്കുന്നതാണ്. അവർ ലഘുവായ തെറ്റുകൾ ചെയ്തവരാണ്. തെറ്റുകളുടെ നിലയനുസരിച്ചാണ് അവർ ശിക്ഷിക്കപ്പെടുന്നത്. ഇബ്നു ഖയ്യിം പറഞ്ഞത് പോലെ പ്രാർത്ഥന, ധർമ്മം തുടങ്ങിയവ മൂലം ചിലപ്പോൾ അവരുടെ ശിക്ഷ ഉയർത്തപ്പെടുകയും ചെയ്യും. ബർസഖിൽ ചോദ്യമില്ലാത്തവരെയും ദോഷികളായ ചില വിശ്വാസികളെയും ബർസഖിൽ ശിക്ഷിക്കുകയില്ല. കാരണം അല്ലാഹു ശിക്ഷിക്കാൻ ഉദ്ദേശിക്കാത്തവരാണ് അവർ. ശുഹദാക്കൾ ശിക്ഷയില്ലാത്തവരിൽ പെട്ടവരാണ്. രക്തസാക്ഷികളെ ഖബ്ർ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മിഖ്ദാദ് ബ്നു മഅ്ദീ കരിബ (റ) യിൽ നിന്ന് തുർമുദി (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. അതുപോലെ വെള്ളിയാഴ്ച മരിക്കുന്നയാൾക്ക് ഖബ്ർ ശിക്ഷയില്ലെന്ന് അനസ് (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസിലുമുണ്ട്. അപ്പോൾ മരണപ്പെട്ട എല്ലാവരേയും എല്ലാ സമയത്തും ബർസഖിൽ ശിക്ഷിക്കുകയില്ല. അതിനാലാണ് ""അത്തലത്തുണ്ട് അദാബും മിക്കാ'' (ബർസഖിൽ ശിക്ഷയുണ്ട് അധികവും) എന്ന് വന്ദ്യപിതാവ് (റ) പറഞ്ഞത്. ജലാലുദ്ദീൻ മഹല്ലി (റ) പറഞ്ഞു: ""ഖബ്ർ ശിക്ഷ കാഫിറുകൾക്കും അല്ലാഹു ശിക്ഷിക്കാനുദ്ദേശിച്ച ദോഷികൾക്കുമാണുണ്ടാകുക''. ഖബ്ർ ശിക്ഷയുടെ മേൽ അറിയിക്കുന്നതിൽ പെട്ടതാണ് ഇബ്നു അബീ ശൈബ (റ) യും ഇബ്നു മാജയും അബൂ സഈദിൽ ഖുദ്രിയിൽ നിന്ന് ഉദ്ധരിച്ചത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) പറയുന്നതായി ഞാൻ കേട്ടു. അല്ലാഹു കാഫിറിന്റെ ഖബ്റിൽ ഭീമാകാരമായ പാമ്പുകളെ നിയോഗിക്കും. ഖിയാമം നാൾ വരെ അവ അവനെ കൊത്തി ഉപദ്രവിച്ചു കൊണ്ടിരിക്കും. അവയിൽ നിന്നും ഒരു പാമ്പ് ഭൂമിയിൽ ഊതിയാൽ ഭൂമിയിൽ യാതൊന്നും മുളക്കുകയില്ല.
 
ഖബ്ർ ഇടുക്കലും ഖബ്ർ ശിക്ഷയിൽ പെട്ടതാണ്. ഖബ്റിന്റെ രണ്ട് ഭാഗങ്ങൾ വന്ന് കൂടലാണത്. വാരിയെല്ലുകൾ കോർക്കുന്നത് വരെ ഖബ്ർ മയ്യിത്തിനെ ഇടുക്കുമെന്ന് വന്നിരിക്കുന്നു. അമ്പിയാക്കൾ, ഫാത്വിമ ബിൻത് അസദ്, മരണ രോഗ സമയത്ത് സൂറത്തുൽ ഇഖ്ലാസ് ഓതിയവർ എന്നിവരല്ലാതെ ആരും തന്നെ ഖബ്റിന്റെ ഞെരുക്കലിൽ നിന്ന് രക്ഷപ്പെടുകയില്ല. ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ മരണസമയത്ത് അല്ലാഹുവിന്റെ അർശ് വിറച്ച സഅ്ദ് ബ്നു മുആദ് (റ) രക്ഷപ്പെടുമായിരുന്നു. ഇങ്ങനെ ഖബ്ർ ശിക്ഷയെ സംബന്ധിച്ച് നിരവധി ഹദീസുകൾ കാണാവുന്നതാണ്.
 
""അവരെ നാം രണ്ട് പ്രാവശ്യം ശിക്ഷിക്കുന്നതാണ്'' ( തൗബ 101). ഒരു പ്രാവശ്യം ഖബ്റിലും മറ്റൊന്ന് ഖിയാമത്ത് നാളിലും. ""വലിയ ശിക്ഷയെ കൂടാതെ (മുമ്പ്) ചെറിയ ശിക്ഷ അവർക്ക് നാം നൽകുന്നതാണ്'' ( സജദ 21). അത് ജീവിതത്തിലുള്ള ശിക്ഷയും ഖബ്റിലുള്ള ശിക്ഷയുമാണ്. ഇങ്ങനെ ധാരാളം ആയത്തുകളും ഖബ്ർ ശിക്ഷയെ സ്ഥിരീകരിക്കുന്നുണ്ട്.
 
അവിശ്വാസികൾക്കും ദോഷികളിൽ അല്ലാഹു ഉദ്ദേശിച്ചവർക്കും ബർസഖിൽ ശിക്ഷയുണ്ടെന്നത് ഇസ്ലാമിക പ്രമാണങ്ങൾ സ്ഥിരപ്പെടുത്തിയതും തിരുനബി (സ്വ) അറിയിച്ചതുമാണ്.
 
പ്രമാണങ്ങളിലൂടെ അനിഷേധ്യമായ ഖബ്ർ ശിക്ഷയെ സംബന്ധിച്ച് അത് സത്യമാണെന്നും തിരുനബി (സ്വ) അറിയിച്ചതാണെന്നും വിശ്വസിക്കണമെന്നാണ് വിശുദ്ധ കലിമയുടെ നാലാം ഫർള്വിന്റെ രണ്ടാം അസ്വ് ലിലൂടെ വന്ദ്യരായ പിതാവ് (റ) നമ്മെ പഠിപ്പിക്കുന്നത്.


(തുടരും.)

No comments:

Post a Comment