Monday, August 10, 2020

സുൽത്വാനുൽ ഉലമയും ഹുജ്ജത്തുൽ ഇസ് ലാമും

‎‎         ☪️ സ്വൂഫി ധാര-04 ☪️

സുൽത്വാനുൽ ഉലമ (പണ്ഡിതചക്രവർത്തി )എന്ന അപരനാമത്തിൽ അറിയപ്പെട്ട മഹാനാണ് ഇബ്നു അബ്ദിസ്സലാം (റ).

കർമ്മ ശാസ്ത്രത്തിൽ നിസ്തുല പണ്ഡിതനായിരുന്നു മഹാനവർകൾ.അവസാനം ശൈഖ് അബുൽ ഹസനുശ്ശാദുലി (റ) യുമായി ബൈഅത്ത് ചെയ്ത് അദ്ധ്യാത്മമേഖലയിൽ അനുഭവജ്ഞാനം കരസ്ഥമാക്കി.

ത്വരീഖത്തിൽ കടക്കുന്നതിനു മുമ്പ് മഹാനവർകൾ പറയുമായിരുന്നു,'' അല്ലാഹുവിൻ്റെ സാമീപ്യം കരസ്ഥമാക്കാൻ നമ്മുടെ കൈവശമുള്ള ശരീഅത്തിൻ്റെ വിജ്ഞാനമല്ലാതെ മറ്റൊന്നില്ല''
ത്വരീഖത്തിൽ കടന്ന് ആത്മീയാനുഭൂതി കരസ്ഥമാക്കാൻ തുടങ്ങിയപ്പോൾ മഹാനവർകൾ പറഞ്ഞു:
''പരിപൂർണ്ണമായ ഇസ് ലാമിനെ ഞാൻ മനസ്സിലാക്കിയത് എൻ്റെ ശൈഖായ അബുൽ ഹസനുശ്ശാദുലി (റ) യുമായി ഒരുമിച്ചുകൂടിയതിന് ശേഷമാണ്''

ഇവിടെയാണ് പരിപൂർണ്ണ ദീനുൽ ഇസ്‌ലാമിനെ സ്വൂഫികളിൽ നിന്നേ മനസ്സിലാക്കാൻ സാധിക്കൂ എന്ന് ബോധ്യമാകുന്നത്.

ഹുജ്ജത്തുൽ ഇസ് ലാം (ഇസ്ലാമിൻ്റെ പ്രമാണം) എന്ന അപരനാമത്തിൽ അറിയപ്പെട്ട അബൂ ഹാമിദുൽ ഗസ്സാലി (റ) വൈജ്ഞാനിക ലോകത്തെ സ്വൂഫി പ്രതിഭയാണ്. മഹാനവർകൾ പറയുമായിരുന്നു:**''സ്വൂഫി മാർഗ്ഗത്തേക്കാൾ ഉന്നതമായ മറ്റൊരു സരണിയും ആത്മാന്വേഷണ വഴിത്താരയിൽ വേറെയില്ല''*

 ഇസ് ലാമിലെ ഏത് വിജ്ഞാന ശാഖകളിലും ഇമാം ഗസ്സാലി (റ) യുടെ തീക്ഷണമായ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ആദ്യകാലങ്ങളിൽ സ്വൂഫിസത്തെ എതിർത്തിരുന്ന മഹാനവർകൾ ശൈഖ് മുഹമ്മദുൽ ബദിഗാനി (റ)യെ ബൈഅത്ത് എടുക്കലോട് കൂടെ ആത്മജ്ഞാന ലോകത്തെ ഉന്നതാവസ്ഥയിലേക്ക് എത്തിച്ചേരാൻ മഹാനവർകൾക്ക് സാധിച്ചു.

ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കാത്ത നിഗൂഢമായ വിജ്ഞാനത്തിൻ്റെ മാധുര്യം ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയപ്പോൾ അറിയാതെ ഇമാം ഗസ്സാലി (റ) പറഞ്ഞു പോയി.*
''ഇത്രയും കാലം ഞാൻ എൻ്റെ ആയുസ്സ് അനാവശ്യമായി പാഴാക്കിക്കളഞ്ഞല്ലോ''*

ഈചരിത്രവും നമ്മെ പഠിപ്പിക്കുന്നത് എത്ര ബാഹ്യ ജ്ഞാനങ്ങൾ കരസ്ഥമാക്കിയാലും ഒരു സ്വൂഫിവര്യനിൽ നിന്ന് ഇൽമ് നുകർന്ന് ആനന്ദം കണ്ടില്ലെങ്കിൽ അവൻ്റെ ദീൻ പരിപൂർണ്ണമാകില്ല എന്നാണ്...*
ഈ രണ്ട് മഹാൻമാരുടെ ഈ ചരിത്രം ഉദ്ധരിച്ച് ഇമാം അൽ ഖുത്വ് ബുശ്ശ അറാനി (റ) തൻ്റെ മിനനുൽ കുബ്റയിൽ പറയുന്നു:
''ഈ രണ്ട് പണ്ഡിത പടുക്കളും ഒരു സ്വൂഫിവര്യനെ സമീപിച്ചിട്ടുണ്ടെങ്കിൽ നമ്മെ പോലോത്തവർ എന്തായാലും സമീപിക്കണമല്ലോ?

ദീനിൻ്റെ പരിപൂർണ്ണത എങ്ങനെ മനസ്സിലാക്കണം എന്ന മാർഗ്ഗരേഖ ഈ പണ്ഡിത മഹത്തുകൾ വരച്ച് കാണിക്കുകയാണിവിടെ.*.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് ദീനിനെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കേണ്ടത് സ്വൂഫികളിലൂടെയാണന്ന് മനസ്സിലായി.അത് കൊണ്ടാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) പറഞ്ഞത്:'
'' വിജ്ഞാനം സ്വീകരിക്കേണ്ടത് സ്വൂഫികളിൽ നിന്നാണ്''

ഗ്രന്ഥങ്ങളിലൂടെ വിജ്ഞാനം കരസ്ഥമാക്കിയാൽ ഇസ് ലാമിൻ്റെ വിശാല മുഖത്തെയും സുന്ദരമായ ശൈലിയെയും മനസ്സിലാക്കാൻ സാധിക്കുകയില്ല.അതു കൊണ്ടാണ് ഏതു കാലത്തും അഭിനവ ഫുഖഹാക്കൾ ( യഥാർത്ഥ ഫുഖഹാക്കളല്ല) സ്വൂഫികളെ എതിർക്കുന്നത്. ഇഹ്സാൻ(ത്വരീഖത്ത്) എന്താണന്ന് മനസ്സിലാക്കാതെ ഫിഖ്ഹിൻ്റെ പരിധിക്കുള്ളിൽ മാത്രം ദീനിനെ കെട്ടിയിട്ടവരാണവർ...

അതിനപ്പുറത്ത് ആര് ദീന് പറഞ്ഞാലും അതല്ലാം ഇസ് ലാമിനപ്പുറത്താണെന്ന് അവർ വിധി പറയുകയും ദീനിൽ സങ്കുചിതത്വം സൃഷ്ടിക്കുകയും ചെയ്തവരാണവർ...
മഹത്തുക്കൾ കാണിച്ചു തന്ന ഇസ് ലാമിൻ്റെ ഋജുവായ പാതയിലൂടെ ജീവിതം നയിച്ച് ദീനിൻ്റെ പരാപൂർണ്ണത ഉൾകൊണ്ട് ശാശ്വത വിജയം നേടാൻ നാഥൻ നമ്മെ തുണക്കട്ടെ.... ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനിഎടക്കുളം

No comments:

Post a Comment